Wednesday, 27 August 2014

മുന്നറിയിപ്പ് . . . മലയാള സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും.


സിനിമ കണ്ടിറങ്ങി കുറച്ച് സമയമെടുത്തു സ്ഥലകാല ബോധം വീണ്ടെടുക്കാന്‍. പഴുതുകളില്ലാത്ത സ്‌ക്രിപ്റ്റും, വേണു എന്ന സംവിധായകന്റെ അസാധാരണ ക്രാഫ്റ്റും, മ്മൂട്ടിയിലെ അതുല്ല്യ നടന വൈഭവവും ഒത്തു ചേര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ പിറന്ന മികച്ചൊരു ദൃശ്യസംസ്‌കാരം തന്നെയായിരുന്നു മുന്നറിയിപ്പ്. വേണുവിലെ ഛായാഗ്രാഹകന്‍ ചിത്രത്തിലെ ഒരു രംഗത്ത് പോലും പരീക്ഷിക്കപ്പെട്ടിട്ടില്ല. വേണു എടുത്ത ഓരോ ഫ്രെയിമും അടുത്തതിലേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നു. കാഴ്ചയുടെ തുടര്‍ച്ചയും, ദൃശ്യങ്ങളിലെ നിമഗ്നതയും ആദിയോടന്തം നിലനിര്‍ത്താന്‍ വേണുവിനായി. മലയാളത്തില്‍ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങല്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നടിയാണ് താനെന്ന് അപര്‍ണ്ണ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം കൂടിയാണ് മുന്നറിയിപ്പ്.
വേണുവിന് പുറമെ ചിത്രത്തില്‍ ഏറെ കൈയ്യടി അര്‍ഹിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച സി കെ രാഘവന്‍. മമ്മൂട്ടിയെ ചിത്രത്തിലെവിടെയും കാണാനാവുന്നില്ലായിരുന്നു. കാരണം രാഘവേട്ടന്‍ എന്ന് അഞ്ജലി അറയ്ക്കല്‍(അപര്‍ണ്ണ ഗോപിനാഥ്)സംബോധന ചെയ്യുന്ന വ്യക്തി ചിത്രത്തിനവസാനം വരെയും ഓരോ പ്രേക്ഷകന്റെയും മനസിലും രാഘവേട്ടനായിരുന്നു. താരപ്രഭാവങ്ങളില്ലാതെ സി കെ രാഘവനെന്ന തടവുകാരനെ അവതരിപ്പിക്കാന്‍ മമ്മൂട്ടി കാണിച്ച മനസ് തന്നെ അഭിനന്ദനാര്‍ഹമാണ്. ജയിലറായ നെടുമുടി വേണു രാഘവനെ അഞ്ജലിക്ക് പരിചയപ്പെടുത്തുന്ന രംഗം ശ്രദ്ധേയമാണ്. തീയ്യറ്ററുകളിലെ സ്ഥിരം കയ്യടികളോ വരവേല്‍പ്പോ ഇല്ലാതെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി രാഘവന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുകയാണ്. ആദ്യ സീന്‍ മുതല്‍ തന്നെ രാഘവന്റെ മുഖത്തെ നിഗൂഢത അയാളുട െകണ്ണുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ മുഖത്താണ് അഭിനയമെന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിച്ച സംവിധായകനാണ് വേണു. അത് കൊണ്ടാണ് മമ്മൂട്ടിയുടെ മുഖത്തെ ക്ലോസുകള്‍ ചിത്രത്തിന്റെ പലയിടത്തും തെളിഞ്ഞു നില്‍ക്കുന്നത്. അപരിചിതത്വവും, നിഗൂഢതകളും നിറഞ്ഞ ആ മുഖത്ത് എക്‌സ്പ്രഷന്‍സ് മാറിമറിയുന്നത് ഏതൊരു പ്രേക്ഷകനേയും കോള്‍മയിര്‍ കൊള്ളിക്കും. സസ്പന്‍സ് നിഞ്ഞ ക്ലൈമാക്‌സില്‍ മ്മൂട്ടി എന്ന മഹാനടനെ പ്രേക്ഷകന്‍ തിരിച്ചറിയും, തീര്‍ച്ച. അഭിനയം എന്താണെന്ന് ആ മുഖം പറഞ്ഞ് തരും.
നല്ല സിനിമയ്ക്കായി പണമിറക്കിയ രന്‍ജിത്തും സൃഹൃത്തുക്കളും, ഗസറ്റ് റോളിലെത്തിയ പൃഥ്വിരാജും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിനായി അണിനിരന്ന മറ്റ് സീനിയര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റാകര്‍ഷണങ്ങള്‍. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും തന്റെ കഥാപാത്രത്തിലൂടെ സിനിമയുടെ ഗതിയില്‍ സുപ്രധാന പങ്കു വഹിച്ച കൊച്ചുപ്രേമനും, സുധീഷും, മുത്തുമണിയും എല്ലാം മികച്ചു നിന്നു.
ജോയ് മാത്യുവിന്‍രെ ചന്ദ്രാജി ഇന്ന കാണുന്ന പല സീനിയര്‍ മാധ്യമപ്രവര്‍ത്തകരേയും അനുസ്മരിപ്പിക്കുന്നു. നവ മാധ്യമപ്രവര്‍കരെ കണ്ണടച്ച് വിമര്‍ശിക്കാന്‍ ചന്ദ്രാജി മടിക്കുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളേയും, പുതിയ മാധ്യമപ്രവര്‍ത്തകരുടെ കാട്ടിക്കുട്ടലുകളേയും വിമര്‍ശിക്കുന്നതില്‍ ആ കഥാപാത്രം പിശുക്ക് കാട്ടുന്നില്ല. ആ കഥാപാത്രം ഒരു  പഴയ മാധ്യമപ്രവര്‍ത്തകനാണെന്നതും, തിരക്കഥ ഒരുക്കിയ ഉണ്ണി ആര്‍ കേരളത്തിലെ മറ്റൊരു മികച്ച മാധ്യമപ്രവര്‍ത്തകനാണെന്നതും ഈ മാധ്യമ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
ചിത്രത്തിന്റെ ലൊക്കേഷനാണ് എടുത്തു പറയേണ്ടമറ്റൊരു സംഗതി. മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം താവളങ്ങളും, കോഴിക്കോടിന്റെ തെരുവുകളും, ബീച്ചും എല്ലാം ചെര്‍ന്ന് ഒരു ദൃശ്യ വിരുന്നു തന്നെ ആയിരുന്നു മുന്നറിയിപ്പിലേത്. രാഘവനെ താമസിപ്പിക്കാനായി അഞ്ജലി ഒരുക്കുന്ന രണ്ട് സ്ഥലങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. തെരുവിലെ രണ്ടാം നിലവീടും, പുഴയോരത്തെ പഴമ നിറഞ്ഞ കൊച്ചു വീടും കാഴ്ച്ചക്ക് ഹൃദ്യമായിരുന്നു.
ചിത്രത്തിലെ പഞ്ച് ഡയലോഗുകള്‍ പലതും സാധാരണങ്ങളായിരുന്നു എങ്കിലും ഇതു വരെ പലരും ചിന്തിക്കാന്‍ മറന്നവയായിരുന്നു. അര്‍ത്ഥവത്തായ ചോദ്യങ്ങളും ചിന്തകളും. അത് സിനിമ കണ്ട് തന്നെ മനസിലാക്കണം. മമ്മൂട്ടിയിലെ നടന്‍ മരിച്ചിട്ടില്ലന്നതിന്റെ തെളിവ് കൂടിയാണ് ഈ ചിത്രം. ദയ എന്ന ഒറ്റച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വേണുവിലെ സംവിധായകന്റെ ക്രാഫ്റ്റും, മികച്ച കഥാപാത്രങ്ങള്‍ക്കും, ആകര്‍ഷണീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ജന്‍മം നല്‍കുന്ന തിരക്കഥ ഒരുക്കിയ ഉണ്ണി ആറിന്റെ സൃഷ്ടിപാടവവും വ്യകാതമാക്കുന്ന ചിത്രമെന്ന വിശേഷണവും മുന്നറിയിപ്പിന് നന്നായിണങ്ങും. കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ ഉണ്ണി ആറിനും, അതിനെ വെള്ളിത്തിരയില്‍ അന്വര്‍ത്ഥമാക്കാന്‍ വേണുവിനും, നടനവൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മമ്മൂട്ടിക്കും ഇനിയും കഴിയട്ടെ എന്നാശംസിക്കാം.

Saturday, 9 August 2014

മംഗ്ലീഷ്.


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മംഗ്ലീഷ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ അത്രക്കങ്ങോട്ട് തൃപ്തിപ്പെടുത്തിയുമില്ല.സലാം ബാപ്പുവിന്റെ രണ്ടാമത്തെ ചിത്രം എന്നതിലുപരി മമ്മൂട്ടിയുടെ തുടര്‍ക്കഥയായ പരാജയങ്ങള്‍ക്ക് വിരാമമിട്ട ചിത്രമെന്ന വിശേഷണമാകും മംഗ്ലീഷിന് കൂടുതല്‍ ചേരുക. മമ്മൂട്ടി എന്ന പ്രതിഭയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ്. ഒരു കംപ്ലീറ്റ് മമ്മൂട്ടി ചിത്രമാണ് മംഗ്ലീഷ്. സലാം ബാപ്പുവിന്റെ ക്രാഫ്റ്റ് കൂടി ചേര്‍ന്നതോടെ ഒരു മികച്ച എന്റര്‍ടൈനര്‍ പിറക്കുകയായിരുന്നു. ഹോളണ്ടുകാരി കരോളിന്‍ ബെക്കിന്റെ മംഗ്ലീഷ് ഇത്തിരി അധികമായോ എന്ന സംശയമൊഴിച്ചാല്‍ കണ്ടിരിക്കുവുന്ന ഒരു ചിത്രമാണ് മംഗ്ലീഷ്.
ചിത്രത്തില്‍ കൊച്ചി നഗരം അടക്കി ഭരിക്കുന്ന ഒരു ഡോണാണ് മമ്മൂട്ടി എന്ന ധാരണയുണ്ടെങ്കില്‍ തെറ്റി. കൊച്ചിന്‍ ഹാര്‍ബറിലെ ഒരു മത്സ്യ കച്ചവടക്കാരനാണ് മാലിക് ഭായ് (മമ്മൂട്ടി). പക്ഷെ മട്ടാഞ്ചേരിയിലും, ഫോര്‍ട്ടു കൊച്ചിയിലും എന്തിന് കൊച്ചി നഗരത്തില്‍ പോലും മാലിക് ഭായ് അറിയാതെ ഒരീച്ച പോലും പറക്കില്ല. ഹാര്‍ബറും നഗരവും ഭരിക്കാന്‍ വേറെ ആളുണ്ടെങ്കിലും മാലിക് ഭായിയാണ് ഇതൊക്കെ ചെയ്യുന്നത്. കടലില്‍ കിടക്കുന്ന മീനിന് കരയില്‍ വിലപറയുന്ന ഹാര്‍ബറിന്റെ ഹീറോയാണ് മാലിക് ഭായ്. രാഷ്ട്രീയക്കാര്‍ക്കും, സമൂഹത്തിലെ ഉന്നതര്‍ക്കും എന്താവശ്യത്തിനും മാലിക് ഭായി ഉണ്ടാവണം തുടങ്ങിയ ക്ലീഷേ ഹീറോ പരിവേഷങ്ങളാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെ നിഴലായി എത്തുന്നത് ടിനി ടോമാണ്. മാലിക് ഭായിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത ഭാര്യ അച്ഛന്റെ ആവശ്യപ്രകാരം ഭായിയെ ഉപേക്ഷിച്ച് പോകുന്നു. മറ്റൊരാളെ നിക്കാഹ് ചെയ്ത അവളുടെ മനസിലും, ഭായിയുടെ മനസിലും ഇപ്പോഴും പഴയ സ്‌നേഹം ബാക്കി നില്‍ക്കുന്നുണ്ട. അത് ചിത്രത്തിന്റെ പല രംഗങ്ങളിലും നിഴലിക്കുന്നുമുണ്ട്. നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്താനായി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരായി എത്തുന്ന ജോജു ജോര്‍ജ്ജും, പി ബാലചന്ദ്രനും കലക്കി. സാഹചര്യങ്ങള്‍ക്കനുസരിച്ച്  ഇരുവരും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടായിരുന്നു. തുടക്കം മുതലെ നായിക കരോളിന്‍ ബെക്ക് ചിത്രത്തിലുണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് കുറെ കഴിഞ്ഞാണ്. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും, കള്ളത്തരങ്ങളും അവതരിപ്പിക്കാന്‍ സലാം ബാപ്പു ശ്രമിക്കുന്നുണ്ട്.
ഏറെ രസകരമായത് ശ്രിന്ദ അഷാബിന്റെ സംഭാഷണങ്ങളായിരുന്നു. കൊച്ചി സ്ലാംങ്ങില്‍ ഇടതടവില്ലാതെ വഴക്കടിക്കുന്ന ശ്രിന്ദയുടെ മുംതാസ് എന്ന കഥാപാത്രം സിനിമ അവസാനിച്ചാലും പ്രേക്ഷകരുടെ മനസില്‍ നിന്നും മായില്ല. കൊച്ചിയുടെ പശ്ചാത്തലത്തില്‍ പ്രണയ ജോഡികളായ അന്നയുടേയും റസൂലിന്റെയും കഥ പറഞ്ഞ ചിതച്രത്തില്‍ എന്താ ഇക്ക നോക്കി നില്കുന്നത്, അടിക്കിക്ക എന്നു പറഞ്ഞ് പ്രേക്ഷകരുടെ മനസിലേക്ക് ഓടിക്കയറിയ ശ്രിന്ദ 1983 ല്‍ ആരാണ് സചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് നിഷ്‌കളങ്കമായി ചോദിച്ച് പ്രേക്ഷക മനസില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ശ്രിന്ദയുടെ മുംതാസ്.
ചിത്രം തികഞ്ഞ മമ്മൂട്ടി ഷോ ആയിരുന്നു എന്നത് യാഥാര്‍ത്ഥ്യം. എങ്‌ലും ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. മാലിക് ഭായിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ മമ്മൂട്ടിക്കായി. ആവശ്യത്തിന് നര്‍മവും, സ്റ്റണ്ടും, സെന്റിമെന്‍സും എല്ലാം സമം ചാലിച്ച മാലിക് ഭായിയെ പ്രേക്ഷകര്‍ വെറുക്കാനിടയില്ല.
കരോളിന്‍ ബെക്ക് വെള്ളിത്തിരയില്‍ ചലനമുണ്ടാക്കിയാണ് മടങ്ങുന്ന്ത്.  കരോളിന്റെ മിഷേല്‍ എന്ന കഥാപാത്രത്തിന്റെ മംഗ്ലീഷ് മോശമല്ലാത്ത കൈയ്യടി നേടി. പക്ഷെ മിഷേലിന്റെ മംഗ്ലീഷ് ഇത്തിരി കൂടി പോടെ എന്ന് സംശയം ബാക്കിയാകുന്നുണ്ട്.
കുറച്ച് സ്വീക്ക്വലുകള്‍ മാത്രമാണ് സ്‌ക്രീനിലുള്ളതെങ്കിലും വിനയ് ഫോര്‍ട്ടും നിരാശപ്പെടുത്തിയില്ല.
വിദേശികള്‍ കേരളത്തില്‍ വന്നപ്പോള്‍ ഉ്ണ്ടാക്കിയ കസാലിന്‍ഡ കള്ളക്കളികളിലൂടെ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്‍ സ്വന്തമാക്കുന്നു. അത് കച്ചവടമാക്കാന്‍ ശ്രമിക്കുന്നതിനിടെ കസാലിന്‍ഡയുടെ യഥാര്‍ത്ഥ അവകാശി മിഷേല്‍ മടങ്ങിയെത്തുന്നതും സ്വത്ത് തിരിച്ചു പിടിക്കാന്‍ സ്വയമായും മാലിക് ഭായിയെ കൂട്ടു പിടിച്ചും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒപ്പം നിന്നവരെയെല്ലാം പിണക്കി മാലിക് ഭായി കസാലിന്‍ഡ മിഷേലിന് നേടിക്കൊടുക്കുന്നിടത്ത് പടം ഫിനിഷാണ്.
ഭാ.യറിയാത്ത മാലിക് ഭായുടെ പരാക്രമങ്ങളോ, അമരത്തിന് ശേഷം മമ്മൂട്ടിയുടെ തീരദേശ ശൈലിയോ, ബെസ്റ്റ് ആക്ടറിലെപ്പോലുള്ള എന്റര്‍ടൈന്‍മെന്റോ, രാജമാണിക്യത്തിലെ ഹീറോയിസമോ പ്രതീക്ഷിച്ച് തീയ്യറ്ററില്‍ പോയവര്‍ക്ക് തെറ്റിയെന്നുറപ്പ്. ഇതൊന്നുമല്ലാത്ത് ഒരു മമ്മൂട്ടിയെയാണ് സലാം ബാപ്പു മംഗ്ലീഷിലൂടെ അവതരിപ്പിക്കുന്നത്.  നേരം പോക്കായി കണ്ടിരിക്കാവുന്ന ഒരു ചിത്രം, അതാണ് മംഗ്ലീഷ്.

Friday, 8 August 2014

ഞാന്‍ സ്റ്റീവ് ലോപ്പസ് അഥവാ പുതുമകള്‍ നിറഞ്ഞ കവിത.


ഈ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ആദ്യ ചിത്രം, അറുപതു പേരടങ്ങുന്ന കളക്ടീവ് ഫേസിന്റെ രണ്ടാമത്തെ സംരംഭം, ഒരു പിടി പുതുമുഖങ്ങള്‍ക്കൊപ്പം തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചിത്രം, പൂര്‍ണ്ണമായും തിരുവനന്തപുരം ലൊക്കേഷനാക്കിയ ചിത്രം ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് തീയ്യറ്ററുകളിലെത്തിയത്. രാജീവ് രവിയും, രാജേഷ് രവിയും, ഗീതു മോഹന്‍ദാസും, സന്തോഷ് എച്ചിക്കാനവും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ വെള്ളിത്തിരയില്‍ വരച്ചിട്ട ഹൃദ്യമായ വരികളായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്. കളക്ടീവ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷഹബാസ് അമനും, തൈക്കുടം ബ്രിഡ്ജും ചേര്‍ന്നായിരുന്നു.
സംഗീതത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്ന രാജീവ് രവി ഈ ചിത്രത്തിലും മ്യൂസിക്കിനും ഗാനങ്ങള്‍ക്കും അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തെരുവുകളില്‍ എന്നു തുടങ്ങുന്ന ഗാനവും അതിന്റെ ഫീമെയ്ല്‍ വേര്‍ഷനും ചിത്രത്തെ കൂടുതല്‍ കാവ്യാത്മകമാക്കി. തീരദേശത്തിന്റെ തനതായ ശൈലിയില്‍ ഒരുങ്ങിയ ഗാനവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ജാസിഗിഫ്റ്റിന്റെ ആലാപനം ഗാനത്തെ കൂടുതല്‍ മനോഹരമാക്കി. ഇനി ചിത്രത്തിലേക്ക് വരാം.
സ്റ്റീവും (ഫര്‍ഹാല്‍ ഫാസില്‍) അഞ്ജലിയുമാണ് (അഹാന കൃഷ്ണകുമാര്‍) ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തിരുവന്തപുരം നഗരത്തില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ആധുനിക യുവത്വത്തിന്റെ പ്രതിനിധിയാണ് സ്റ്റീവ്. പ്രണയത്തിനപ്പുറത്ത് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങുന്ന സ്റ്റീവിന്റെ ജീവിതമാമ് ചിത്രം. അഞ്ജലിയില്ലാതെ സ്റ്റീവ് പൂര്‍ത്തിയീകുന്നില്ല. ചിത്രത്തിന്റെ നേര്‍ പാതിയാണ് അഞ്ജലി. തിരുവന്തപുരം ലൊക്കേഷനായിട്ടും പ്രാദേശികതയോ, സംസാര ശൈലിയുടെ അഭംഗികളോ ചിത്രത്തില്‍ നിഴലിച്ചിരുന്നില്ല.
 2013 ല്‍ പുറത്തിറങ്ങിയ രാജീവ് രവിയുടെ ആദ്യ ചിത്രമായ അന്നയും റസൂലുമിന്റെ മറ്റൊരു പതിപ്പാണ് ഞാന്‍ സ്റ്റീവ് ലേപ്പസ്. പ്രണയം, ക്വട്ടേഷന്‍, അടി പിടി, ദുരന്ത ക്ലൈമാക്‌സ് എല്ലാം ചേര്‍ത്തു വായിച്ചാല്‍ പ്രമേയത്തിന് വലിയ വ്യത്യാസമൊന്നും കമ്‌ടെത്താമാകില്ല. എന്നാല്‍ അവിടെയും ഒരു പുതുമ കണ്ടെത്താന്‍ രാജീവ് രവിക്കായി. കണ്ടു മടുത്ത പ്രണയങ്ങളല്ല സ്‌ക്രീനില്‍ തെളിഞ്ഞത്. മലയാളത്തില്‍ പ്രണയം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സ്റ്റീവിന്റെയും അഞ്ജലിയുടേയും പ്രണയം തികച്ചും വ്യത്യസ്തമായിരുന്നു. നിഷ്‌കളങ്കമായ പ്രണയ രംഗങ്ങള്‍ സാധാരണ യുവാക്കളുടെ മനസില്‍ ചെറിയൊരു തരംഗം സൃഷ്ടിച്ചു. (എന്റേയും). എനിക്ക് നിന്നോട് ഐ ലവ് യൂ എന്ന് മടിച്ചു മടിച്ചാണെങ്കിലും നിഷ്‌കളങ്കമായി പറയുന്ന സ്റ്റീവിനെ ഇഷ്ടമല്ലെന്ന് പറയാന്‍ അഞ്ജലിക്കെന്നല്ല ഒരു പെണ്‍കുട്ടിക്കും കഴിയില്ല എന്നാണ് എനിക്ക് തോന്നിയത്. കോംപിനേഷന്‍ സീനുകള്‍ വളരെ കുറവാണെങ്കിലും ഇരുവരും തമ്മിലുള്ള കെമ്‌സ്ട്രി നന്നായി വര്‍ക്കായിട്ടുണ്ട്. അന്നയുടേയും റസൂലിന്റെയും പ്രണയത്തിലൂടെ  പ്രണയത്തിന് പുതിയ മാനം നല്‍കിയ രാജീവ് രവിയുടെ സ്റ്റീവും, അഞ്ജലിയും പ്രേക്ഷകന് സമ്മാനിച്ചത് കാഴ്ചയുടെ നവ്യാനുഭവം തന്നെയായിരുന്നു. ക്ലൈമാക്‌സ് ദുരന്തമാണെേേന്നാ അല്ലെന്നോ പറയാനാകാത്ത തരത്തില്‍ അവസാനിച്ച ചിത്രം ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്നതായിരിക്കും. മനോഹരമായ ഒരു കവിത കേട്ട്ു തീര്‍ന്ന അനുഭൂതി സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട. സ്‌ക്രീനില്‍ എന്‍ഡ് ടൈറ്റില്‍ എഴുതു കാണിച്ചിട്ടും തീയ്യറ്ററില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരാകര്‍ഷണീയത ചിത്രത്തിനുണ്ടായിരുന്നു. വിനായകന്‍ ഒഴിയുള്ള മിക്ക അഭിനേതാക്കളും പുതുമുഖങ്ങളോ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകളോ ആയിരുന്നു എന്നതും ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. കണ്ടു മടുത്ത മുഖങ്ങളുടെ ക്ലീഷേ അഭിനയമോ, ജാഡകളോ കാണേണ്ടി വന്നില്ല എന്നത് തന്നെ വലിയ കാര്യം.
ചിത്രത്തില്‍ സിങ്ക് സൗണ്ട് ഉപയോഗിച്ചതാണ് മറ്റൊരു പ്രത്യേകത. സ്വാഭാവികമായുള്ള സംഭാഷണങ്ങള്‍ ചിത്രത്തിന് പൂര്‍ണ്ണത നല്‍കി. പാരിസ് ചന്ദ്രന്റെ പശ്ചാത്തല സംഗീതവും ചേര്‍ന്നപ്പോള്‍ കവിത പൂര്‍ത്തിയായി. സ്‌ക്രീനില്‍ മാത്രമല്ല പ്രേക്ഷകന്റെ മനസിലും കോറിയിട്ട മനോഹരമായ  ഒരു കവിതയായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്.
നിഷ്‌കളങ്കത മരിക്കുമ്പോഴാണ് എല്ലാ കലാപങ്ങളും തുടങ്ങുന്നത് എന്ന ടൈറ്റിലോടെയാണ് ചിത്രം തുടങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയൊരാശയത്തെ ചിത്രം അന്വര്‍ത്ഥമാക്കുന്നുണ്ട്. സിനിമയെ സ്‌നേഹിക്കുന്നവരും അല്ലാത്തവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്റ്റീവ് ലോപ്പസ്.

Monday, 28 July 2014

ഹായ് ആം ടോണി.


സൈക്കോ ത്രില്ലറെന്നു പറഞ്ഞാല്‍ ഇതാണോ ? ചിലപ്പോ ആയിരിക്കും. ലാലിനെ സംവിധാനം ചെയ്യാന്‍ ജൂനിയര്‍ ലാലിന് ഒരവസരം, സിനിമയുടെ സാങ്കേതികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ചിത്രം, ആദിയോടന്തം ഭീതി നിറഞ്ഞു നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്നതിനാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാനാവാത്ത ചിത്രം അങ്ങനെയൊക്കെ വിശേഷിപ്പിക്കാം ടോണിയെ. സബ്ജക്ട് പഴയത് തന്നെ, അവതരണത്തില്‍ നേരിയ പുരോഗതിയൊക്കെയുണ്ട്, ടെക്‌നോളജീസിന്റെ അമിതമായ ഉപയോഗം ചിത്രത്തിന് ഏറെക്കുറെ പൂര്‍ണ്ണത നല്‍കിയിട്ടുണ്ട്. മികച്ച ആര്‍ട്ട് വര്‍ക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാല്‍, ആസിഫ് അലി, മിയ ജോര്‍ജ്ജ് എന്നിവര്‍ മാത്രമാണ് ചിത്രത്തിന്റെ സിംഹഭാഗവും സ്‌ക്രീനിലുള്ളത്. ഇടക്കിടെ വന്നു പോയ ലെനയും, ബിജുമേനോനും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.
ഒളിച്ചോടി ബാഗ്ലൂരിലെത്തുന്ന സമീര്‍ (ആസിഫ് അലി) ടീന (മിയ ജോര്‍ജ്ജ്) ദമ്പതികളുടെ ആദ്യ രാത്രിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ടോണി (ലാല്‍) ഒറ്റ രാത്രി കൊണ്ട് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ പകുതി നന്നായി ലാഗ് ചെയ്യുന്നുണ്ടെങ്കിലും രണ്ടാം പകുതി വയലന്‍സ് കൊണ്ട് രക്ഷിച്ചെടുത്തു. ക്രൂരമായ മര്‍ദ്ദനങ്ങളും, കുറെ രക്തവും മാത്രമായിരുന്നു രണ്ടാം പകുതിയില്‍ ഉണ്ടായിരുന്നത്. പലതവണ പേടിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. സ്വന്തം ജീവിതത്തിനേറ്റ പരാജയം സമ്മാനിച്ച സൈക്കിക്ക് ഡിസോര്‍ഡറുമായെത്തുന്ന ടോണിയുടെ വൈകൃതങ്ങളെ അവതരിപ്പിക്കുന്നതില്‍ ലാല്‍ ഏറെക്കുറെ വിജയിച്ചു. മറ്റു ചിത്രങ്ങളിലേത് പോലെ ഇവിടെയും മിയക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ആസിഫ് അലിയുടെ വികാരാവേശങ്ങള്‍ കാണേണ്ടി വരില്ലെന്ന് കരുതിയെങ്കിലും അവസാനം പേടിച്ചത് തന്നെ സംഭവിച്ചു. പതിവ് അലര്‍ച്ചകളും, ഞരക്കങ്ങളും, നിലവിളികളുമായി ആസിഫ് അരങ്ങു തകര്‍ത്തു. അത് കഥാപാത്രത്തിന് എത്രമാത്രം അനിവാര്യമായിരുന്നുവെന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ഇപ്പോഴുള്ള മലയാള സിനിമകളില്‍ ഒഴിച്ചു കൂടാനാവാത്ത കഥാപാത്രങ്ങളിലൊരാളായ ലെന ഇവിടെയും നിരാശപ്പെടുത്തിയില്ല. വളരെ കുറച്ചു മാത്രമാണ് രംഗത്തുണ്ടായിരുന്നതെങ്കിലും ചിത്രത്തിന്റെ മര്‍മ്മ പ്രധാനമായ കഥാപാത്രം തന്നെയായിരുന്നു ലെനയുടേത്. പുതുതലമുറ ചിത്രങ്ങളുടെ അനിവാര്യതയായ അശ്ലീല സംഭാഷണങ്ങളില്‍ ചിലത് ചിത്രത്തിലും ഇടക്കിടെ തലയുയര്‍ത്തിയെങ്കിലും അത് ചിത്രത്തിന്റെ ഭീകരതയ്ക്കിടയില്‍ മുങ്ങിപ്പോയി.
രണ്ടാം പകുതിയില്‍ മുഴുവന്‍ സമയവും ആസിഫ് അലി ഇഴഞ്ഞു  മാത്രമാണ് നീങ്ങിയിരുന്നത്. ഭ്രാന്തമായ ചില മൂവ്‌മെന്റുകളൊഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തില്‍ ആസിഫിനും അവകാശപ്പെടാന്‍ കാര്യമായൊന്നുമില്ല.
ടൈറ്റില്‍ കാര്‍ഡിനൊപ്പം വന്ന മ്യൂസുക്കിലെ ഭീകരതയുടെ ടെമ്പോ അവസാനം വരെ നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. ചിത്രം തുടങ്ങിയതു മുതല്‍ അവസാനം വരെ ഒരു നിഗൂഡത നിഴലിക്കുന്നുണ്ടായിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നല്‍ ഓരോ പ്രേക്ഷകനിലും ഉണ്ടാക്കിയെടുക്കാന്‍ ചിത്രത്തിലെ ഓരോ സീനിനും കഴിഞ്ഞു. അതില്‍ സംവിധായകന്‍ ലാല്‍ ജൂനിയര്‍ വിജയിച്ചു എന്നതില്‍ സംശയമില്ല. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച ആല്‍ബിയും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കാത്ത ചിത്രം സിനിമയുടെ സാങ്കേതികത ഇഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തും. മികച്ച സൈക്കോ ത്രില്ലറെന്ന് പറയാനാവില്ലെങ്കിലും ടിക്കറ്റു മുതലാകും. ലാല്‍ ജൂനിയര്‍ എന്ന സംവിധായകന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. അത് പൊന്‍തൂവലാകണോ എന്ന് തീരുമാനിക്കേണ്ടത് ഞാന്‍ മാത്രമല്ലല്ലോ . . .  അത് പ്രേക്ഷകര്‍ക്കു വിടുന്നു. . . . .

Friday, 25 July 2014

വിക്രമാദിത്യന്‍.


സിനിമ ആത്യന്തികമായി സിനിമ തന്നെയാണ്. ഫീല്‍ ഗുഡ് മൂവി എന്ന് ഒറ്റ വാക്കില്‍ പറഞ്ഞവസാനിപ്പിക്കാം. എന്നാല്‍ പറഞ്ഞാലും തീരാത്ത എന്തൊക്കെയോ ചിത്രത്തിലുണ്ടായിരുന്നു. ഹിറ്റ് മേക്കേഴ്‌സായ ലാല്‍ ജോസ്- ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്റെ ചിത്രം, ഏഴ് ഗാനരചയിതാക്കള്‍സ ചേര്‍ന്നൊരുക്കിയ വ്യത്യസ്തമായ ഏഴ് ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് തുടങ്ങിയ മലയാളത്തിലെ യുവതാര നിര ഒന്നിക്കുന്ന ചിത്രം, ബാഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം, അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ വേഷത്തിലെത്തുന്ന ചിത്രം, ദുല്‍ഖറിന്റെ മെട്രോ ബോയ് ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം ഇങ്ങനെ ഏറെ അവകാശവാദങ്ങളുമായാണ് വിക്രമാദിത്യന്‍ തീയ്യറ്ററുകളിലെത്തിയത്. എന്നാല്‍ പതിവ് പോലെ തന്നെ പ്രതീക്ഷകള്‍ കുറെയൊക്കെ തെറ്റി. എന്നും അങ്ങനെ തന്നെയാണല്ലോ, അമിത പ്രതീക്ഷയുമായി തീയ്യറ്ററുകളിലെത്തുമ്പോഴെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്.
ചെറുപ്പം മുതലേ കൂട്ടുകാരായ മൂന്ന് സൃഹൃത്തുക്കള്‍. വിക്രം ഷേണായി (ഉണ്ണി) ആദിത്യ മേനോന്‍ (ദുല്‍ഖര്‍) ദീപിക പൈ (നമിത). അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളുമായി കാലം കടന്നു പോകുന്നു. വിക്രമനും ആദിത്യനും സൃഹൃത്തുക്കളാണെങ്കിലും പരസ്പരം ശത്രുക്കളെപ്പോലെയാണ്. എപ്പോഴും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കും. തോല്ക്കുന്നയാള്‍ ജയിക്കുന്നയാളെ സല്യൂട്ട് ചെയ്യണം. ഇരുവരുടേയും മത്സരങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്നത് ദീപിക എന്ന കൊങ്കിണി കുട്ടിയും. മത്സരങ്ങളില്‍ എപ്പോഴും പരാജയപ്പെടുന്നത് ആദിത്യനാണ്. ചിത്രത്തിന്റെ കാതലെന്നു പറയാവുന്ന രണ്ടു പരീക്ഷകള്‍, ഒന്ന് ദീപികയും, മറ്റൊന്ന് ഒരു എസ് ഐ ടെസ്റ്റുമാണ്. എസ് ഐ ടെസ്റ്റില്‍ വിക്രമന്‍ പാസാകുമ്പോള്‍ ദീപിക എന്ന പരീക്ഷ പാസാകുന്നത് ആദിത്യനാണ്. മലയാലത്തില്‍ പല ചിത്രങ്ങളില്‍ കണ്ടു പഴകിയ ക്ലൈമാക്‌സ്. ആദിത്യന് പിന്നിലായിപ്പോയ വിക്രം ദീപികയെ അവന് നല്‍കുന്നു. ആദ്യം ഓര്‍മ്മ വന്നത് വിനയന്‍ ചിത്രം അത്ഭുത ദ്വീപിന്റെ ക്ലൈമാക്‌സാണ്. പുറത്തു നിന്നെത്തിയ നായകന് ദ്വീപിലെ രാജകുമാരന്‍ നല്‍കുന്നത് നായികയെ തന്നെയാണ്.
1992 ല്‍ സംഗീത് ശിവന്‍ ഒരുക്കിയ യോദ്ധയും വിക്രമാദിത്യനില്‍ എവിടെയൊക്കെയോ നിഴലിക്കുന്നുണ്ടായിരുന്നു. രണ്ട് ബാല്ല്യകാല സൃഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന പിണക്കങ്ങള്‍ മലയാള സിനിമയില്‍ ചിത്രീകരിക്കുന്നത് ഇതാദ്യമായല്ല. അതുകൊണ്ടു തന്നെ ചിത്രത്തില്‍ പലയിടത്തും കണ്ടു മടുത്ത കുറെ കാഴ്ചകള്‍ നിഴലിക്കുന്നുണ്ടായിരുന്നു.
തീരെ സഹിക്കാന്‍ കഴിയാതിരുന്നത് ക്ലൈമാക്‌സ് തന്നെയായിരുന്നു. ആരോ തീയ്യറ്ററിലിരുന്ന് കഥ പറഞ്ഞു തരും പോലെ ചിത്രം എങ്ങോട്ടു പോകുന്നുവെന്ന് മനസിലാകുന്നുണ്ടായിരുന്നു. ഈ തിരക്കഥ ഞാന്‍ മുന്‍പ് വായിച്ചുള്ളത് പോലെ തോന്നി. എസ് ഐ ആകാന്‍ കവിയാതിരുന്ന നായകന്‍, ഐ പി എസ് ഉദ്യോഗസ്ഥനായി മടങ്ങിയത്തുന്നത് അത്രക്ക് സ്വീകാര്യമായി തോന്നിയില്ല. ഇങ്ങനെ അപ്രതീക്ഷിത സ്വപ്‌നങ്ങള്‍ പലതും ഞാന്‍ കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതു കൊണ്ടായിരിക്കും. പിന്നെ ദുല്‍ഖറിനേക്കാള്‍ അല്പം പ്രാധാന്യം ഉണ്ണിക്കു കൂടുതലുണ്ടോയെന്ന് സംശയിച്ചാലും കുറ്റം പറയാനാകില്ല. നമിതയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. ജോയ് മാത്യുവിന്റെ ഹോമിയോ ഡോക്ടര്‍ കഥാപാത്രത്തോട് ഏറെക്കുറെ നീതി പുലര്‍ത്തിയെന്ന് തോന്നുന്നു. ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ട ലെനയുടെ കഥാപാത്രം എടുത്തു പറയേണ്ടതാണ്. 2010 ന് ശേഷമിറങ്ങിയ മിക്ക ചിത്രങ്ങളിലും കറിയില്‍ ഉപ്പു പോലെയുണ്ടായിരുന്ന ലെന വിക്രമാദിത്യനിലും തന്റെ കഥാപാത്രം മനോഹരമാക്കി. കഥയിലെ പ്രധാന ട്വിസ്റ്റായതും ലെനയുടെ കഥാപാത്രം തന്നെയാണ്.
സ്‌നേഹമുള്ള കുറച്ചു പിണക്കങ്ങളും, ഇണക്കങ്ങളുമായി എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷികക്കുന്ന ഒരു ചിത്രം. ഒരു മഹാ സംഭവമൊന്നുമല്ലെങ്കിലും കണ്ടിരിക്കാം. കുറെ നല്ല ഫ്രെയിമുകള്‍, പുതിയ കാഴ്ചകള്‍, ആരേയും ആകര്‍ഷിക്കുന്ന പ്രണയം, ഗാനങ്ങള്‍. ഏഴ് ഗാനരചയിതാക്കള്‍ ചേര്‍ന്നൊരുക്കിയ ഏഴ് ഗാനങ്ങള്‍. ബിജിബാവലിന്റെ സംഗീതത്തില്‍ അവയൊരോന്നും മികച്ചു നിന്നു. ഗാനരംഗത്തിലും ദൃശ്യവത്ക്കരണത്തിന് കോംപ്രമൈസിന് തയ്യാറാകാത്ത ലാല്‍ ജോസിന്റെ വിഷ്വലൈസേഷന്‍, കഥ പറച്ചില്‍ രീതി ഇവയൊക്കെ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. ക്ലാസ്‌മേറ്റ്‌സില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച നൊസ്റ്റാള്‍ജിയ ഫാക്ടര്‍ വിക്രമാദിത്യനിലും ഉള്‍പ്പെടുത്താന്‍ ലാല്‍ ജോസ് ശ്രമിച്ചിട്ടുണ്ട്. വിക്രമാദിത്യന്‍ ഒരു മാസ് എന്റര്‍ടൈനറാണ് എന്നതില്‍ സംശയമില്ല.


Saturday, 12 July 2014

മലയാള സിനിമ.



പൂരപ്പറമ്പില്‍ നിന്നാണ് മലയാളിയുടെ സിനിമാകാഴ്ചയുടെ ചരിത്രം തുടങ്ങുന്നത് . തേക്കിന്‍ കാട്ടിലെ മൈതാനത്ത് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് വലിച്ചു കെട്ടിയ തിരശ്ശീലയില്‍ പതിഞ്ഞ ചലനചിത്രങ്ങളുടെ ചുവടു പിടിച്ചാണ് മലയാള സിനിമ വളരുന്നത്. ലൈംലൈറ്റിന് പകരം വിദ്യുച്ചക്തി ഉപയോഗിച്ച് വാറുണ്ണി ജോസഫ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ബയോസ്‌കോപ്പിന്റെ ഉപയോഗവും,  അന്യഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളുമായിരുന്നു മലയാളത്തിന്റെ കാഴ്ചാനുഭവമായത് . മലയാള ഭാഷയിലെ ആദ്യ ചലന ചിത്രമായ വിഗതകുമാരന്‍ പുറത്തിറക്കിയത്  1928 നവംബര്‍ ഏഴിനാണ് . അഗസ്തീശ്വരം സ്വദേശിയായ ജോസഫ് ചെല്ലയ്യ ഡാനിയേല്‍ അങ്ങനെ മലയാള സിനിമയുടെ പിതാവെന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് വെറും അഞ്ച് സിനിമകള്‍ മാത്രം പുറത്തിറക്കാനായ മലയാള സിനിമാ ചരിത്രത്തില്‍ വിഗതകുമാരനും, ജെ സി ഡാനിയേലും തലയുയര്‍ത്തി നില്‍ക്കുന്നു.
 
1933 ല്‍ വി വി റാവു- സുന്ദരംപിള്ള കൂട്ടുകെട്ടിലിറങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ സി വി രാമന്‍ പിള്ളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു. സാഹിത്യ കൃതിയെ അധികരിച്ചുള്ള ആദ്യ ചിത്രവും, മലയാളത്തിലെ രണ്ടാമത്തെ ചിത്രവുമായി ഇതു മാറി. ആദ്യ രണ്ട് ചിത്രങ്ങളും നിശബ്ദങ്ങളായിരുന്നെങ്കില്‍ 1938 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ ബാലന്‍ മലയാളത്തിലെ ശബ്ദ സിനിമകള്‍ക്ക് തുടക്കം കുറിച്ചു.  1940 ല്‍ എസ് നൊട്ടാണിയുടെ ജ്ഞാനാംബിക, കെ സുബ്രഹ്മണ്യത്തിന്റെ പ്രഹഌദ, പി ജെ ചെറിയാന്റെ നിര്‍മ്മല, കെ വി കോശിയും കുഞ്ചാക്കോയും ചേര്‍ന്നു രൂപം നല്‍കിയ ഉദയ സ്റ്റുഡിയോയുടെ ആഭിമുഖ്യത്തില്‍ പൂര്‍ണ്ണമായും കേരളത്തില്‍ നിര്‍മ്മിച്ച വെള്ളിനക്ഷത്രം, നല്ലതങ്ക,തുടങ്ങിയവ മലയാളത്തിലെ ആദ്യകാല ചിത്രങ്ങളായി. വന്‍ പ്രദര്‍ശന വിജയം നേടിയ ഉദയായുടെ ജീവിത നൗകയാണ് മലയാളത്തിലെ ആദ്യ ഹിറ്റു ചിത്രം.

ആദ്യമായി ഒരു ദേശീയ പുരസ്‌ക്കാരം നേടുന്ന ദക്ഷിണേന്ത്യന്‍ ചിത്രവും മലയാളത്തില്‍ നിന്നായിരുന്നു. 1954 ല്‍ മികച്ച രണ്ടാമത്തെ ചിത്രമെന്ന ദേശീയ ബഹുമതി നേടിയ നീലക്കുയില്‍. സാമൂഹിക പ്രശ്‌നങ്ങളെയും ദുരവസ്ഥകളേയും സിനിമ വിഷയമാക്കിത്തുടങ്ങിയ കാലം . ലോകസിനിമയിലെ മാറ്റങ്ങള്‍ സാവധാനം മലയാളത്തിലും എത്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സിനിമയെ സ്വാധീനിച്ച നവതരംഗം മലയാളത്തിലുമെത്തുന്നത് 1955ലാണ് .  പി രാംദാസിന്റെ ന്യൂസ് പേപ്പര്‍ ബോയിലൂടെ. 1961 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ കണ്ടം ബച്ച കോട്ട് മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഒരേടു കൂടി ചേര്‍ത്തു വച്ചു. മലയാളത്തിലെ ആദ്യ വര്‍ണ്ണ ചിത്രം. 1965ല്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ്ണ മെഡല്‍ മലയാളത്തിലെത്തിക്കാന്‍ രാമു കാര്യാട്ടിന്റെ ചെമ്മീന് കഴിഞ്ഞത് മലയാള ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നു.

നീലക്കുയിലിന്റെ വെള്ളിത്തിളക്കത്തില്‍ നിന്നും അറുപതുകളിലേക്ക് കടന്ന മലയാള സിനിമ ചെമ്മീന്റെ സുവര്‍ണ്ണ ശോഭയില്‍ ഏറെ നാള്‍ കുരുങ്ങിക്കിടന്നു.  തകഴിയും, പാറപ്പുറവും, കേശവദേവും, ബഷീറുമടങ്ങുന്ന എഴുത്തുകാരിലേക്ക് മലയാള സിനിമ പരകായപ്രവേശം നടത്തി. എന്നാല്‍ എഴുപതുകള്‍ മലയാളത്തില്‍ മുഴക്കിയത് മാറ്റത്തിന്റെ കാഹളമായിരുന്നു. ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമ മലയാളിയ്ക്കു കാഴ്ചയുടെ അനന്തമായ ആകാശങ്ങള്‍ തുറന്നു കാട്ടി. എ. വിന്‍സെന്റ് , പി എന്‍ മേനോന്‍, അടൂര്‍ ഗോപാലകൃഷണന്‍ , ജി അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, കെ പി കുമാരന്‍, പി എ ബക്കര്‍, കെ ജി ജോര്‍ജ്ജ് കെ എസ് സേതുമാധവന്‍, തുടങ്ങിയ സംവിധായകര്‍ ലോക സിനിമാഭൂപടത്തില്‍ കൊച്ചുമലയാളത്തിനേയും അടയാളപ്പെടുത്തി. ആ സുവര്‍ണ്ണകാലം എണ്‍പതുകളിലേയ്ക്കും നീണ്ടു. എം ടി വാസുദേവന്‍ നായര്‍ , പത്മരാജന്‍ , ജോണ്‍പോള്‍ തുടങ്ങിയ പ്രതിഭകളുടെ വരവോടെ മലയാള സിനിമ സാഹിത്യവുമായി കൂടുതല്‍ അടുത്തു. ഹരിഹരന്‍, ഭരതന്‍, മോഹന്‍ , ഐ വി ശശി തുടങ്ങിയവര്‍ ദൃശ്യഭാഷ ഒരുക്കാന്‍ രംഗത്തെത്തുകയും ചെയ്തപ്പോള്‍ സാഹിത്യാംശം മലയാള സിനിമയുടെ ആത്മാവായി മാറുകയായിരുന്നു. കാന്‍ ചലച്ചിത്രമേളയിലുള്‍പ്പടെ ഷാജി എന്‍ കരുണ്‍ ഒരുക്കിയ പിറവി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയുടെ അഭിമാനമായതും ഇക്കാലത്താണ്.

90കളിലും എണ്ണം പറഞ്ഞ ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. ടി വി ചന്ദ്രന്‍, സിബിമലയില്‍, കമല്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മദ്ധ്യവര്‍ത്തി സിനിമകളുടെ ശക്തമായ വക്താക്കളായി. എന്നാല്‍ സിദ്ധിക്-ലാല്‍ ദ്വയം തുടങ്ങിവച്ച ഹാസ്യതരംഗം അമിതാനുകരണത്തിലും കോമാളിസിനിമകളിലേയ്ക്കും വഴിമാറിയപ്പോള്‍ മലയാള സിനിമ പ്രതിസന്ധിയിലേയ്ക്ക് നയിക്കപ്പെട്ടു. ആവര്‍ത്തനവിരസമായ ചിത്രങ്ങള്‍ കമ്പോളങ്ങളിലും പരാജയപ്പെട്ടു. മലയാള സിനിമ സ്വത്വപരമായ പ്രതിസന്ധി നേരിട്ട നാളുകളിലായിരുന്നു പുതിയ നൂറ്റാണ്ടു പിറന്നത്.

പുതിയ നൂറ്റാണ്ടില്‍ മലയാള സിനിമയ്ക്ക് പുതു ജീവന്‍ നല്കിയത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ടെലിവിഷനുമായിരുന്നു. സിനിമയുടെ നിര്‍മ്മാണ ചെലവുകളുടെ ഗണ്യമായ ഭാഗവും ചാനലുകള്‍ ഏറ്റെടുത്തതോടെ പുതിയ സാദ്ധ്യതകളും തുറന്നു. ലോകത്തെ ഏതു രാജ്യത്തേയും സിനിമകള്‍ ഇന്റര്‍നെറ്റിലും സിഡി-ഡിവിഡി വിപണിയിലും ലഭ്യമായതോടെ പുതിയൊരു ആസ്വാദകവൃന്ദവും ഉടലെടുത്തു. ഏതു പ്രമേയത്തേയും ഉള്‍ക്കൊള്ളാനാവുന്ന തരത്തില്‍ സാങ്കേതികരംഗവും വളര്‍ന്നു. ന്യൂ ജനറേഷന്‍ തരംഗമെന്ന് അതിനെ കേരളം വിശേഷിപ്പിച്ചു.

ഫിലിം റോളുകളുടേയും കാലം അവസാനിക്കുകയാണ്. ഡിജിറ്റല്‍ യുഗത്തിലാണ് സിനിമ.  കാലത്തിനനുസരിച്ച് സിനിമയും, സങ്കല്പങ്ങളും, ആസ്വാദനവുമെല്ലാം മാറിക്കൊണ്ടിരിക്കുന്നു. പ്രമേയത്തിലെ പുത്തന്‍ പരീക്ഷണങ്ങളിലേക്കും, താരസിംഹാസനങ്ങളിലല്ലാത്ത അഭിനയ പ്രതിഭകളിലേക്കും, മികച്ച അണിയറ പ്രവര്‍ത്തകരിലേക്കും സിനിമ വളരട്ടെ.

Monday, 7 July 2014

cr no 89; ഒരു സമാന്തര സിനിമ


സമാന്തര സിനിമപ്രസ്ഥാനങ്ങല്‍ മലയാളത്തില്‍ ആദ്യമായല്ല. 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം,  ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ പാതയാണ്  പെരിങ്ങോട്ടുകാരന്‍ സുദേവനും പിന്‍തുടര്‍ന്നതെന്നാണ് നിരൂപക വിദ്വാന്‍മാരുടെ പക്ഷം. എന്നാല്‍ മലയാള ചലച്ചിത്ര മേഖല എന്നും സമാന്തര സിനിമകളോട് ചിറ്റമ്മ നയം മാത്രമാണ് കാണിച്ചിരുന്നത്. പ്രതിഭ കൊണ്ട് മാത്രം പിടിച്ചു നിന്നവരാണ് ഇന്ന് പ്രഗത്ഭരായ സംവിധായക പ്രമുഖരെല്ലാം. സുദേവനും അതേ പാതയിലാണെന്നാണ് ചിത്രം തെളിയിക്കുന്നത്. ഏഴ് ലക്ഷം മുതല്‍മുടക്കി, ഏഴ് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സി ആര്‍ നമ്പര്‍ 89 മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള സംസ്ഥാന പുരസ്‌കാരം, നാറ്റാപ്ാക്ക് പുരസ്‌കാരം, അരവിന്ദന്‍ പുരസ്‌കാരം, ജോണ്‍ ഏബ്രഹാം പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് നേടിയെട
ുത്തത്. രണാടാളുകള്‍ ചേര്‍ന്ന് ഒരു ജീപ്പില്‍ ഗ്രാമത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ജീപ്പ് കേടാകുന്നതും, അതേതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന് പക്ഷെ പരിമിതികള്‍ ഏറെയില്ല. ബുദ്ദിയുടേയും, പരസ്പര വിദ്വേഷത്തിന്റെയും പരീക്ഷണ ഘട്ടില്‍ കൂടി കടന്നു പോകുന്ന കഥാസന്ദര്‍ഭങ്ങള്‍ ശരിക്കും ഒഴുകി നടക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിയുന്നത് അറിയാനാകില്ലെന്ന് ചുരുക്കം. ചിത്രത്തില്‍ വര്‍ക്ക്‌ഷോപ്പ് പണിക്കാരനായെത്തുന്ന അശോകന്‍ മുന്‍നിര നായകന്‍മാരെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വര്‍ക്ക് ഷോപ്പിലെ സ്റ്റൂളിന്‍മേല്‍ സഹായിയുമൊത്ത് സ്‌ക്രൂ കളിക്കുന്ന കതാനായകനെ കാണുമ്പോള്‍ തന്നെ അയാളെക്കുറിച്ച് ഒരു ദിശാബോധം കാണികള്‍ക്കു ലഭിക്കുന്നു. കണിശതയോടെയെങ്കിലും ഏകാഗ്രനായി കളിയില്‍ മുഴുകുന്ന നായകന്‍ ഒരു തലമുറയുടെ പ്രതീകമായി പിന്നീട് വിലയിരുത്തപ്പെടുന്നു. നന്നാക്കാനായി എത്തുന്ന ജീപ്പില്‍ നിറയെ ആയുധങ്ങളാണെന്നറിയുമ്പോള്‍ മാനസികമായി കരുത്തനാകുന്ന തനി നാട്ടുമ്പുറത്തുകാരന്‍. ആയുധക്കടത്തിന് കൂട്ടു നില്‍ക്കാതെ വരുമ്പോള്‍ കൈ വെട്ടാനൊരുങ്ങുന്ന പ്രതിനായകന്റെ മുന്‍പില്‍ ഇരു കൈയ്യും നീട്ടിക്കൊടുക്കുന്ന ധീരനായ മനുഷ്യന്‍. ദൃശ്യത്തില്‍ നിശബ്ദതയുടെ സംഭാഷണമാണെങ്കിലും, എന്റെ രണ്ട് കൈയ്യും വെട്ടിയിട്ട് നീ മറ്റുള്ളവന്റെ തല വെട്ടിയാല്‍ മതിയെന്ന ധീരമായി ഉറക്കെ പറയുമ്പോലെ തോന്നും. നാട്ടിന്‍പുറത്തുകാരനാണെങ്കിലും ദേശീയ ബോധവും, സഹജീവി സ്‌നേഹവും ഉള്ള ഒരു പഴയ തലമുറക്കാന്‍. പഴഞ്ചനെങ്കിലും മനസില്‍ ധൈര്യം നിറച്ച, മനക്കരുത്തിന്റെ ആള്‍രൂപമായ കേവലമൊരു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍. തല്ലിച്ചതച്ചിട്ടും, ഭീഷണിപ്പെടുത്തിയിട്ടും ആയുധക്കടത്തു പോലെയുള്ള രാജ്യദ്രോഹത്തിന് കൂട്ടു നില്‍ക്കാന്‍ മടിക്കുന്ന സാധാരണക്കാരന്‍. യാതനകളേറെ സഹിച്ചെങ്കിലും ഒടുവിലയാള്‍ വിജയിക്കുന്നു. പ്രതിനായകന്‍മാര്‍, ആയുധക്കടത്തുകാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. ജീപ്പിന്റെ നാല് ചക്രത്തിന്റെയും കാറ്റൂരിവിട്ട് സംഭവ സ്ഥലത്ത് നിന്നും പിന്‍വാങ്ങുമ്പോഴും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന് അതൊരു സാധാരണ സംഭവം മാത്രം. യഥാര്‍ത്ഥ പൗരന്‍, മൂല്ല്യ ബോധമുള്ള പഴയ തലമുറയുടെ പ്രതീകം.
ക്ലൈമാക്‌സാണെന്നു തോന്നിച്ചില്ലെങ്കിലും അവസാന രംഗത്ത് ചിത്രത്തിലതു വരെ ഇല്ലാതിരുന്ന ഒരു സാധാരണക്കാരനെത്തുന്നു. കേടായിക്കിടക്കുന്ന ജീപ്പില്‍ ആകമാനം പരതുമ്പോള്‍ ലഭിക്കുന്ന കുറച്ച് തക്കാളിയും(ആയുധം കടത്തുന്നത് തക്കാലി നിറച്ച പെട്ടികളിലാണ്), ഒരു വടുവാളുമെടുത്ത് സ്ഥലം വിടുന്നു. വീട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനുള്ള തക്കാളിയും, പരിസരത്ത് വളരുന്ന അടിക്കാടുകള്‍ വെട്ടാനായി ഒരു വടിവാളും. സാധാരണക്കാരില്‍ സാധാരണക്കാരനായ അയാള്‍ക്ക് ആ വാഹനെ അത്ര മാത്രമായിരുന്നു.
മലയാള സിനിമയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്‍രെയും, അസഹിഷ്ണുതയുടേയും അടിക്കാടുകള്‍ വെട്ടാന്‍ ചിത്രത്തിനായെന്നാണ്ചിലരുടെ പക്ഷം. ചിത്രത്തില്‍ പിന്നീടെന്തുണ്ടായി എന്ന സംശയം ബാക്കി നിര്‍ത്താതെ അവസാന സീനില്‍ ക്രൈം നമ്പരും, ആയുധക്കടത്തില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന സെക്ഷന്‍സും, കേരളാ പോലീസിന് എട്ടിന്റെ പണി കൊടുക്കുന്ന രീതിയില്‍ അണ്‍ ഡിക്റ്റക്റ്റഡ് എന്ന തലവാചകവുമാണ് തെളിയുന്നത്. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇനിയും ആയുധപ്പുരകള്‍ അവശേഷിക്കുന്നുണ്ടെന്നും, പോലീസ് രജിസ്റ്റര്‍ ചെയ്ത ഏറിയ കേസും വഴിയില്‍ അവസാനിക്കുകയാണെന്നും ചിത്രം പറയാതെ പറയുന്നു. ഏതെങ്കിലുമൊരു സംഘടനയെയോ പ്രസ്ഥാനത്തേയോ, മതത്തേയോ പ്രതിയാക്കിയാല്‍ കുറ്റക്കാരായ മറ്റുള്ളവര്‍ രക്ഷപെടുമെന്നാണ് സംവിധായകന്റെ പക്ഷം. അതാണ് പോലും ചിത്രം അര്‍ത്ഥോക്തിയില്‍ നിര്‍ത്തി പോയത്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്നറിഞിട്ടും അതിനെ വെള്‌ളിത്തിരയിലെത്തിക്കാന്‍ സുദേവനും, പെരിങ്ങോട്ടുകാരും, പെയ്‌സ് ട്രസ്റ്റും കാണിച്ച ചങ്കൂറ്റം അംഗീകരിക്കാതെ വയ്യ. സിനിമ മനസിലാക്കാന്‍ എളുപ്പമായതിനാല്‍ വിശദീകരിക്കാന്‍ പ്രയാസമാണല്ലോ. അത് കൊണ്ട് ഇത്തവണത്തേക്ക് പോട്ടെ.
നിലവിലുള്ള വ്യവസ്ഥകളെ വെല്ലുവിളിക്കാന്‍ മുന്‍പും പലരും മുതിര്‍ന്നിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട ചുവട് വയ്പ് തന്നെ. ചിത്രത്തിന്റെ ഫ്രെയിമുകള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. വൈഡ് ഫ്രെയിമില്‍ പ്രകൃതിയെ പകര്‍ത്തുന്ന പാശ്ചാത്ത്യ ശൈലി തന്നെയാണ് സി ആര്‍ നമ്പറിലും ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ഫ്രെയിമില്‍ഡ ഒന്നിലധികം സ്വീക്വന്‍സുകള്‍ കാണിക്കുന്ന മികച്ച രീതി. ചിത്രത്തില്‍ സ്വാഭാവികത മാത്രമാണുണ്ടായിരുന്നത്. അഭിനയവും, പ്രകൃതിയും എന്തിന് ഇടക്കിടെ എത്തിയ കാറ്റ് പോലും. സകലതിനെയും വെല്ലു വിളിച്ച സുദേവന്റെ ലൊക്കേഷന്‍ പോലും വേറിട്ട പാതയാണ് തിരഞ്ഞെടുത്തത്. എന്തായാലും ചിത്രം കൊള്‌ളാം.  സിനിമ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. സ്‌പെഷല്‍ സ്്ക്രീനിംഗുകള്‍ മാത്രം. ഒരു വേദിയിവല്‍ പ്രദര്‍ശിപ്പിക്കാന്‍ 10,000 രൂപ നല്‍കണം. ടിക്കറ്റില്ല. അങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ചിത്രത്തിനായി സമാഹരിക്കും.
ട്രസ്റ്റായാലും, സമാന്തര സിനിമയായാലും മലയാള സിനിമയെന്ന വല്ല്യേട്ടനോടാണ് പോരിനിറങ്ങുന്നതെന്ന സത്യം സുദേവന്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ മനസിലാക്കിയാല്‍ കൊള്ളാം. നിലനില്പ് അവനവന്റെ തന്നെ ഉത്തരവാദിത്വമാണെന്ന്  . . .. .