Monday, 16 November 2015

പോകാം റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം ഒരു ഹിമാലയന് യാത്ര

വീണ്ടുമൊരു യാത്രാ സിനിമ. അതെ റാണിയുടേയും പദ്മിനിയുടേയും കഥ ഒരു യാത്രയാണ്. അല്ലെങ്കില്‍ യാത്രയിലൂടെയാണ് റാണിയുടേയും പദ്മിനിയുടേയും കഥ പറയുന്നത്. ശക്തരായ രണ്ട് നായികാ കഥാപാത്രങ്ങള്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ചിത്രം. വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്ന ചിലതുണ്ടായിരുന്നു. സമാനതകളില്ലാത്ത, തികച്ചും വ്യത്യസ്തമായ ജീവിതം നയിക്കുന്ന രണ്ട് പേരുടെ ഹിമാലയന്‍ യാത്ര മടുപ്പിക്കാതെ അവതരിപ്പിച്ച ഫീല്‍ ഗുഡ് മൂവിയാണ് റാണി പദ്മിനി.

മലയാള സിനിമയെ കൊച്ചിയിലേക്ക് കൈപിടിച്ച് നടത്തിയ സംവിധായകരില്‍ പ്രമുഖനായ ആഷിഖ് അബു ഇവിടെയും വ്യത്യസ്തത കൈവിട്ടില്ല. മനകളില്‍ നിന്നും മലയാള സിനിമയെ വിളിച്ചിറക്കിയ സംവിധായകന്റെ മിക്ക ചിത്രങ്ങളും മലയാളിക്ക് വ്യത്യസ്ത കാഴ്ചാനുഭവം പകര്‍ന്നിരുന്നു. റാണി പദ്മിനിയും അങ്ങനെ തന്നെ. മലയാളം വീണ്ടും വടക്കേ ഇന്ത്യയിലേക്ക് യാത്ര പോകുന്നു. ഹൈവേയ്ക്കും, ക്യൂനിനും ശേഷമെത്തിയെങ്കിലും ഈ യാത്രാ ചിത്രം പക്ഷെ അവയ്ക്ക് സമാനമല്ല. ഇത് മലയാളത്തിന്റെ യാത്രയാണ്. സിനിമയുടെ വേറിട്ട തലത്തിലേക്കുള്ള യാത്ര. സ്ത്രീകളുടെ സിനിമയെന്നും പറയാം. ഒരു മുഴുനീള മഞ്ജുവാര്യര്‍, റിമകല്ലിംഗല്‍ സിനിമ. സിനിമ തുടങ്ങുന്നത് തന്നെ ഒരു ഹിമാലയന്‍ റാലിയിലാണ്. കണ്ടിരിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഒരു പോലെ സിരകളില്‍ ഹരം പടര്‍ത്തുന്ന റാലി. ആ റാലിക്ക് സമാന്തരമായി രണ്ട് സ്ത്രീകള്‍ നടത്തുന്ന യാത്ര. അവര്‍ വെല്ലുവിളിക്കുന്നത് ലോകത്തെയോ, ആണ്‍ മേല്‍ക്കോയ്മയെയോ അല്ല. മറിച്ച് സ്ത്രീയുടെ അടക്കിപ്പിടിച്ച സ്വാതന്ത്ര്യത്തെയാണ്. ചിറകടക്കി പിടിച്ച് ജീവിക്കാനായി സമൂഹം പെണ്‍കുട്ടികള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന അടക്കവും ഒതുക്കവും എന്ന ചട്ടക്കൂടിനെയാണ് റാണിയും പദ്മിനിയും ചേര്‍ന്ന് വെല്ലുവിളിക്കുന്നത്. അടുക്കളയ്ക്കുള്ളില്‍ മാത്രം അടങ്ങിയൊതുങ്ങി കഴിയാനല്ല,  ചിറകു വിടര്‍ത്തി പറക്കാനാണ് ചിത്രം സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നത്. സ്വന്തം സ്വത്വത്തെ മറച്ചു പിടിക്കാതെ സ്ത്രീയെന്ന പേരില്‍ സ്വയം വേലിക്കെട്ടുകള്‍ തീര്‍ക്കാതെ പറന്നോളൂ, സമൂഹമല്ല നിങ്ങളെ നിയന്ത്രിക്കുന്നത്. അത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ മാത്രമാണ്. ഇനി ഇതൊരു സ്ത്രീ പക്ഷ ചിത്രമാണോയെന്നു ചോദിച്ചാലോ, അല്ല, കാരണം ചിത്രം നല്‍കുന്ന സന്ദേശം മുഴുവന്‍ സമൂഹത്തിനുമുള്ളതാണ്. സ്വാതന്ത്ര്യം ആസ്വദിക്കാനുള്ളതാണ്. അത് അടക്കിവയ്ക്കാനുള്ളതല്ല. പ്രകടിപ്പിക്കാനുള്ളതാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെ.

യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് ദിവസങ്ങള്‍ നീണ്ടും നില്‍ക്കുന്ന വടക്കേ ഇന്ത്യന്‍ സൗന്ദ്ര്യം ആസ്വദിക്കാനുള്ള യാത്ര പോകാനാഗ്രഹിക്കുന്നവര്‍ക്ക് മലയാളത്തിന് അപരിചിതമായിരുന്ന ഈ വഴിയെ പോകാം. കണ്‍നിറയെ കാണാം. എന്ത് കാണാമെന്ന് ചോദിക്കരുത്. വഴി തെളിച്ചിട്ടുണ്ട്, പോകേണ്ടവര്‍ക്ക് പോകാം. പിന്നെ മറ്റുള്ളവര്‍ക്ക് നല്ലത് വരുന്നു എന്നു കേള്‍ക്കുമ്പോള്‍ മനസിലുണ്ടാകുന്ന വിങ്ങലിനെ ചിത്രം ഒരു കഥാപാത്രത്തെ കൊണ്ട് പ്രേക്ഷകനോട് പറയിക്കുന്നുമുണ്ട്.

ചിത്രത്തോട് ആഷിഖ് അബു പുലര്‍ത്തിയ അര്‍പ്പണവും, ആത്മാര്‍ത്ഥതയും കാണാതിരിക്കാനാവില്ല. സംവിധായകന്‍ എന്ന നിലയില്‍ ആഷിഖിന്റെ വിജയമാണ് റാണി പദ്മിനി. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്തു കൊണ്ടുള്ള ഒരു ബലൂണ്‍ യാത്ര തന്നെ പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം കൂടാന്‍ പ്രേരിപ്പിക്കുന്നു. സാധാരണയിലും താഴ്ന്ന ഒരു പ്രമേയത്തെ തിരക്കഥാകാരന്‍മാരായ ശ്യം പുഷ്‌ക്കരനും രവിശങ്കറും ചേര്‍ന്ന് പഴുതുകളില്ലാതെ എന്നാല്‍ ചില ചേരായ്മകളുമായി സിനിമയുടെ വഴിയിലെത്തിച്ചു. സംവിധായകന്‍ പരീക്ഷിക്കപ്പെടുമെന് തോന്നിയിടത്തെല്ലാം പക്ഷെ മികച്ച കൈയ്യടക്കത്തോടെ ആഷിഖ് മികവ് പുലര്‍ത്തി. തുടക്കത്തിലെ ഗാനത്തിലൂടെ രണ്ട് നായികമാരുടെ സ്വഭാവ സവിശേഷതകള്‍ പരിചയപ്പെടുത്തുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് കൗതുകമായി. സമാനതകളില്ലാത്ത രണ്ട് പെണ്‍കുട്ടികളുടെ സ്വഭാവ പ്രകടനങ്ങള്‍ ഒരു പീട്ടിലൂടെ എത്തുമ്പോള്‍ പക്ഷെ അത് സിനിമയ്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് പ്രേക്ഷകന്‍ അപ്പോല്‍ കരുതുന്നില്ല. പത്മിനിയുടെ കല്ല്യാണം പഴയ കല്ല്യീണ വീഡിയോയുടെ ശൈലിയില്‍ അവതരിപ്പിച്ചതും കൗതുകമായി. ഇനി യാത്രയിലേക്ക് വീണ്ടും. രണ്ട് പെണ്‍കുട്ടികള്‍ ഹിമാലയന്‍ യാത്രയ്‌ക്കൊരുങ്ങണമെങ്കില്‍ എന്തെങ്കിലും കാരണം വേണമല്ലോ. ഉണ്ട് ഇവിടെ കാരണം ഉണ്ട്. പത്മിനിയുടെ കാരമം ഓകെ, മനസിലാക്കാം. പക്ഷെ റാണിയെ ഹിമാലയന്‍ പാതയിലെത്തിച്ച വഴികളത്രയും പ്രേക്ഷകനങ്ങോട്ട് ദഹിച്ചില്ല. കോമഡിക്കു വേണ്ടിയുള്ള കോമഡികളും, കാരണത്തിന് വേണ്ടിയുള്ള കാരണങ്ങളും. തനി ഗ്രാണീണ പെണ്‍കുട്ടിയായ പത്മിനിയായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനടിച്ചു. താന്‍ ചെയ്യേണ്ടതെല്ലാം മഞ്ജു വാര്യര്‍ ഭംഗിയാക്കി. ആ പൊട്ടിപ്പെണ്ണിനെ പ്രേക്ഷകന്‍ വെറുക്കില്ലെന്നുറപ്പ്. കൂട്ടിന് സാഹസികയായ, അണ്‍കുട്ടിയാകാനാഗ്രഹിക്കുന്ന റാണിയായി റിമ കല്ലിംഗലും എത്തുന്നതോടെ ചിത്രം ഒഴുക്കിനെതിരെ നീന്തി തുടങ്ങി. റിമയുടെ റാണി മോശമാക്കിയില്ല. ചില സാഹസികതകള്‍ പ്രേക്ഷകരെ ത്രസിപ്പിച്ചു എന്നും പറയാം. പത്മിനിയുടെ ഭര്‍ത്താവായ റാലി ചാമ്പ്യനായി എത്തിയ ജിനു ജോസഫ് വേറിട്ട അനുഭവമായി. അമ്മാവിയമ്മയായി സജിത മഠത്തിലും, റാലിയില്‍ ഗരിയുടെ നാവിഗേറ്ററായി ബിനു പപ്പുവും റാണിയുടെ ജീവിതത്തിലെ വില്ലനായി ഹരീഷ് ഖന്നയും, ട്രക്കിംഗ് ടീമംഗമായി ശ്രീനാഥ് ഭാസിയും, മലയാളം മാധ്യമപ്രവര്‍ത്തകനായി ദിലീഷ് പോത്തനുമെല്ലാം മടുപ്പിക്കാതെ വന്നു പോയി. ഇവരില്‍ ചിലരെങ്കിലും അത്യാവശ്യമില്ലാത്ത ചില കഥാപാത്രങ്ങളായിരുന്നു. പക്ഷെ അതൊക്കെ സംവിധായകന്റെ ഇഷ്ടം. ഇനി ഈ ചിത്രമൊരു മനോഹര വിഷ്വല്‍ ട്രീറ്റ്‌മെന്റാണെങ്കില്‍ പ്രേക്ഷകന്‍ സിനിമയ്‌ക്കൊപ്പം ഹിമാലയത്തിലേക്ക് പോകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ ചിത്രത്തിന്‍രെ ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ തന്നെ. ഹിമാചലിനെ മലയാള സിനിമയ്ക്കും പ്രേക്ഷകനും പരിചയപ്പെടുത്തുകയാണ് ഛായാഗ്രാഹകന്‍. പ്രേക്ഷകന് സങ്കോചമില്ലാതെ കാണാന്‍ പാകത്തിന്. ബിജിബാലിന്‍രെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

ഹോര്‍ലിക്‌സ് വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്നതല്ല പോലും ഭാര്യ. വീടിന്റെ നാലാ ചുവരുകളക്കുള്ളില്‍ മാത്രം ഒതുങ്ങി കഴിയേണ്ടവളല്ല സ്ത്രീയെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. അതെ സിനിമ പറയാനുള്ളതൊക്കെ പറഞ്ഞേച്ചും പോയി, ഇനിയൊക്കെ പ്രേക്ഷകന് തീരുമാനിക്കാം. ആണത്തമുള്ള റാണിക്കും, പെണ്ണത്തമുള്ള പദ്മിനിയ്ക്കുമൊപ്പം ഹിമാലയം കയറണോ വേണ്ടയോ എന്ന്. പക്ഷെ തീയ്യേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നഷ്ടബോധമുണ്ടാകില്ലെന്നുറപ്പ്.


No comments:

Post a Comment