വനത്തിനുള്ളില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്ന, മനോഹരമായ ട്രക്കിംഗ് നടത്താനിഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനും കണ്ടിരിക്കാവുന്ന മനോഹരമായ കാഴ്ചാ വിരുന്നാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി. നിലവാരമുള്ള സിനിമകളുടെ പ്രതിനിധി. കാഴ്ചകളൊരുക്കുന്നെങ്കില്‍ ഇങ്ങനെ വേണം. കാരണം സിനിമ ദൃശ്യ മാധ്യമമാണല്ലോ. വനനശീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവും നല്‍കിയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രേക്ഷകരെ മടക്കി അയക്കുന്നത്.
കാടും, നാടും, എന്തിന് പരസ്പം വില്പന ചരക്കാക്കുന്ന നെറികെട്ട മനുഷ്യന്റെ ചെയ്തികള്‍ക്കെതിരെയുള്ള ശബ്ദമാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. തീയ്യേറ്ററിലിരുന്നാല്‍ ശാന്തമായി ഒഴുകുന്ന അരുവിയുടെ ഒച്ച കേള്‍ക്കാം, കാചിന്റെ സ്വച്ഛത ആസ്വദിക്കാം, ചെവിയോര്‍ത്താല്‍ കാടിന്റെ ശബ്ദം കേള്‍ക്കാം, ഇലകളുടെ മര്‍മ്മരം കേള്‍ക്കാം, പേടിപ്പിക്കുമെന്ന് തോന്നുന്ന എന്നാല്‍ കാടിന്റെ വന്യത അടുത്തു നിന്നാസ്വദിക്കാം. ഒരു സിനിമ ഇതില്‍ കൂടുതലായി എന്താണ് പ്രദാനം ചെയ്യേണ്ടത്. നാടും നഗരവും തീര്‍ന്നപ്പോള്‍ കാടിനുള്ളിലേക്ക് കയറി അതും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള ത്വരയും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കൂട്ടരുടെ പരിശ്രമവുമാണ് ചിത്രത്തിന്റെ ആകെയൊരു വണ്‍ലൈന്‍. സംവിധായകന്‍ ഇതിനെ സമീപിച്ചിരിക്കുന്ന രീതിയാണ് എടുത്തു പറയേണ്ടത്. തികച്ചും വ്യത്യസ്തമായി എന്നാല്‍ പ്രേക്ഷകനോട് അടുത്തു നിന്നു കൊണ്ട്. തിരക്കഥയിലുടനീളം തിരക്കഥാകാരന്‍ കൂടിയായ സംവിധായകന്‍ പ്രകൃതിയിലേക്കിറങ്ങിചെല്ലാന്‍ ശ്രദ്ധിച്ചിരുന്നു. ശ്വാസമചക്കി പിടിച്ച് കാണേണ്ട ഒന്നല്ല ഈ ചിത്രം. മറിച്ച് റിലാക്‌സ്ഡ് ആയി തീയ്യേറ്ററില്‍ ഇരുന്ന് ആസ്വദിച്ച് കാണാനാകുന്ന ഒന്ന്. സാധാരണക്കാര്‍ കടന്നു ചെല്ലാത്ത കാട്, അവിടെ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍, നൃത്തം ചെയ്യുന്ന, പീലികള്‍ പൊഴിക്കുന്ന ആണ്‍ മയിലുകള്‍, രാത്രിയെ പകലാക്കുന്ന മിന്നാമിന്നിക്കൂട്ടങ്ങള്‍, കാടിന് മുഴുവന്‍ കുട പിടിക്കുന്ന കൂറ്റന്‍ മരത്തലപ്പുകള്‍, ആരോരുമറിയെ കാടിനുള്ളില്‍ കിടക്കുന്ന ഏഴായിരം കണ്ടി ഗ്രാമം, അവിടുത്തെ പ്രാചീന മനുഷ്യര്‍, അവരുടെ വ്യത്യസ്തമായ ആചാരങ്ങള്‍, ജാതി വ്യത്യാസങ്ങള്‍ , നിഷ്‌കളങ്കത. അങ്ങനെ ശ്രദ്ധിച്ചിരുന്നാല്‍ കാണാനാകുന്നത് വ്യത്യസ്തമായ വിസ്മയങ്ങളാണ്. ശത്രുക്കള്‍ക്ക് കീഴടങ്ങാതിരിക്കാനായി 500 വര്‍ഷം മുന്‍പ് കാട് കയറിയ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു ഗ്രാമത്തിലെ ജനത. അവര്‍ ശരിക്കും പ്രേക്ഷകര്‍ക്ക് അപരിചിതരാണ്. അവര്‍ക്ക് ഏഴായിരം കണ്ടി സമ്മാനിച്ച ജീവിതം വളരെ വിലപ്പെട്ടതായിരുന്നു. കാലമെത്ര മാറിയിട്ടും രൂപത്തിലോ ഭാവത്തിലോ ആചാരങ്ങളിലോ യാതൊരു മാറ്റവും ഇല്ലാത്ത ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍. ശത്രുക്കള്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയാനോഅവര്‍ ശത്രുക്കളാണെന്ന് തിരിച്ചറിയാനോ അവര്‍ തങ്ങളുടെ ആവാസ വ്യവസ്ഥ കവരുമെന്നോ അറിയാതെ ജീവിക്കുന്ന അവര്‍ക്ക് പകഗ്‌ഷെ നിലനില്പിന് വേണ്ടി പോരാടേണ്ടി വരുന്നു. അതിന് കൂട്ടു നില്‍ക്കുന്നതാകട്ടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഒരു കൂട്ടായ്മയും. ഒരു കഥയ്ക്കപ്പുറം പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങലെയാമ് സംവിധായകന്‍ വരച്ചു കാട്ടിയത്. ഇത്രയങികം വൈവിധ്യങ്ങലെ കാണാക്കാഴ്ച്ചകളെ നിലവാരത്തോടെ അവതരിപ്പിക്കണമെഹ്കില്‍ഡ സംവിധായകന്‍ നടത്തിയ റിസേര്‍ച്ച് കുറച്ചൊന്നുമല്ലെന്ന് വ്യക്തം. മുന്‍ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന്‍ സംവിധായകനില്‍ അര്‍പ്പിച്ച വിശ്വാസം സംവിധായകന്‍ കാത്തു സംരക്ഷിച്ചു. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാന മികവ് കാണാനാകാതെ പോകുന്നത് ന്യായമല്ല. അത്രയ്ക്കും മനോഹരമായാണ്, സൂഷ്മതയോടെയാണ് ചിത്രത്തിനായി ഓരോ വസ്തുക്കളും ഒരുക്കിയിരിക്കുന്നത്. കാടിനുള്ളില്‍ മരത്തിന് മുകളില്‍ സൃഷ്ടിച്ച ഒരു ഗ്രാമം. മൂന്ന തട്ടുകളായി ജീവിക്കുന്ന പ്രാകൃത മനുഷ്യര്‍. ഇതിനായി പണിയെടുത്തവര്‍ ഈ ചിത്രത്തിനായി കാഴ്ച വച്ച അര്‍പ്പണം, പ്രതിഭ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ.
അപരിചിതരായ കുറച്ച് ആളുകള്‍ ഒരുമിച്ച് കൂടുന്നു, അവരൊന്നിച്ച് ഒരേ ലക്ഷ്യത്തിനായി യാത്ര ചെയ്യുന്നു. ജീവിത യാത്ര, അല്ലെങ്കില്‍ യഥാര്‍ത്ഥ യാത്ര. ഇത് അനില്‍ രാധാകൃഷ്ണ മേനോന്റെ മൂന്ന് ചിത്രങ്ങളുടേയും പൊതു സ്വഭാവമായിരുന്നു. അവിടെയൊരു കാഴ്ചാ വിരുന്നും സമൂഹത്തിനായി ഒരു മുന്നറിയിപ്പുമുണ്ടെങ്കില്‍ ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടിയായി. ഗംഭീര വിഷ്വല്‍ ട്രീറ്റ്‌മെന്റ് കൂടിയാണ് ഈ അനില്‍ രാധാകൃഷ്ണ മേനോന്‍ ചിത്രം.
കുഞ്ചാക്കോ ബോബന്റെ വളരെ വ്യത്യസ്തമായ വേഷം, ഒരു പക്ഷെ കരിയറിലെ നാഴികക്കല്ലായേക്കാവുന്ന ഒരു കഥാപാത്രം. ഒരു കൂട്ടം അപരിചിതരെ ഒന്നിച്ച് കൂട്ടി ഒരു ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ട ഒരു പ്രകൃതി സ്‌നേഹി. പ്രകൃതിയുടെ ശബ്ദങ്ങളും ചലനങ്ങളും ഒപ്പിയെടുത്ത് പ്രകൃതിയോട് സംവദിക്കുന്ന ഫിലിപ്പോസ് ജോണ്‍ വര്‍ക്കി. മലയാളത്തിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴഉവന്‍ ചോക്ലേറ്റ് ഹീറോ ആയിരുന്ന ചാക്കോച്ചന്‍ വളരെ പക്വതയോടെ ഫിലിപ്പോസ് ജോണ്‍ വര്‍ക്കിയെ പകര്‍ന്നാടിയ പ്പോള്‍ ഇത്തരം വേഷങ്ങള്‍ തനിക്ക് നന്നായിണങ്ങുമെന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിക്കുകയായിരുന്നു. സംവിധായകന്റെ മൂന്ന് ചിത്രങ്ങളിലും ആവര്‍ത്തിച്ച ചെമ്പന്‍ വിനോദ്, കാഷ്ഠങ്ങളില്‍ ഗവേഷണം നടത്തുന്ന പ്രൊഫ. നീലകണ്ഠനെ വളരെ ഭംഗിയായി അവതരിപ്പിച്ചു. സ്വാഭാവികമായ അഭിനയത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകന്റെ ആസ്വാദന തലത്തില്‍ഡ കയറിക്കൂടിയ ചെമ്പന്‍ ഇവിടെയും പതിവ് തെറ്റിച്ചില്ല. നെടുമുടി വേണുവാണ് മൂന്ന് ചിത്രങ്ങളിലും ആവര്‍ത്തിച്ച മറ്റൊരു കഥാപാത്രം. റിട്ടയര്‍ഡ് ഐപിഎസ് ഓഫീസറായ സികെഎകെ മേനോനായി നെടുമുടി വേണുവും കസറി. മുന്‍ചിത്രങ്ങളിലെ യാത്രയുടെ പൊതു സ്വഭാവം പ്രേക്ഷകന് വേഗം മനസിലാക്കാന്‍ വേണുച്ചേട്ടന്റെ കഥാപാത്രത്തിനായി. രണ്ട് ചിത്രങ്ങളില്‍ ആവര്‍ത്തിച്ച ഗണ്‍ടെസ്റ്ററുടെ റോളിലെത്തിയ റീനുമാത്യൂസ്, തെരുവ് മജീഷ്യനെ അവതരിപ്പിച്ച സണ്ണി വെയ്ന്‍, അഡ്വഞ്ചറിസ്റ്റങായ സാമിനെ സ്‌ക്രീനിലാക്കിയ ഭഗത് മാനുവല്‍, കെമിസ്റ്റായ അനന്തകൃഷ്ണ അയ്യരായെത്തിയ ജേക്കബ് ഗ്രിഗറി, തുടങ്ങി എല്ലാവരും തങ്ങളഉടെ വേഷം മനോഹരമാക്കി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന സുധീര്‍ കരമന ഇത്തവണയും ഞെട്ടിച്ചു. കോസ്റ്റ്യൂംസില്‍ മാത്രമല്ല പ്രകടനത്തിലും സുധീര്‍ കരമന പ്രേക്ഷകര്‍ക്ക് തന്നിലെ പ്രതിഭയുടെ മറ്റൊരു മുഖം കാട്ടി തന്നു. ജയേഷ് നാരായണന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. കാടിന്റെ കാഴ്ചകളെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ച ജയേഷിന്റെ മിടുക്കാണ് ഇത് കാഴ്ചയുടെ സിനിമയാക്കി മാറ്റിയത്. ചിത്രത്തിനൊപ്പം നീങ്ങുന്ന സംഗീതമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ചിത്രത്തിന്‍രെ യാത്രയ്ക്കനുസരിച്ചുള്ള പാട്ടുകള്‍ ഒരുക്കിയത് റെക്‌സ് വിജയനാണ്. അഭിനന്ദനമര്‍ഹിക്കുന്ന പാട്ടുകള്‍ തന്നെ.
നിരവധി പ്രതിഭകളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായ ഒരു കാഴ്ചാ ചിത്രമാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ, കുടുകുടെ ചിരിപ്പിക്കുന്ന തമാശകളോ ഇല്ലാത്ത, എന്നാല്‍ കുറഞ്ഞ ചെലവില്‍ ഒരുക്കിയ ഒരു ലോക നിലവാരത്തിലുള്ള ചിത്രമാണ് ഇത്. ബോറടിപ്പിക്കാത്ത ഈ സിനിമ ശരിക്കും പ്രേക്ഷകനെ ആസ്വാദ്യകരമായ ഒരു യാത്രചെയ്യിച്ച് മടക്കിയെത്തിക്കും. കാണുന്നെങ്കില്‍ തീയ്യേറ്ററില്‍ പോയി തന്നെ ഇത് കാണണം, തീര്‍ച്ചയായും ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും.
No comments:
Post a Comment