Friday, 5 June 2015

പ്രേമം




 പ്രേമം : സാധാരണക്കാരന്റെ മനസ് നിറക്കുന്ന ചിത്രം 

സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ആകെയൊരു സംതൃപ്തി. പ്ലസ്ടു കാലത്ത് ഞാന്‍ എന്താണ് ചെയ്തത്, ഡിഗ്രി കാലത്ത് എന്താണ് ചെയ്യാന്‍ ആഗ്രഹിച്ചത് ഇനിയുള്ള കാര്യം പറയാനാകില്ലല്ലോ. അത് കൊണ്ട് ഇതായിരുന്നു പ്രേമത്തിന്റെ ആകെത്തുക. ഞാന്‍ എന്ന് പറഞ്ഞതേ എന്റെ പ്രായത്തിലുള്ള നിരവധി യുവാക്കളുടെ പ്രതിനിധിയായിട്ടാണ്. ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന നിവിന്‍ പോളി കഴിഞ്ഞാല്‍ ഒരു സീനില്‍ മാത്രമെത്തുന്ന രഞ്ജി പണിക്കര്‍, രമ്‌ടോ അതിലധികമോ സീനിലെത്തുന്ന മണിയന്‍പിള്ള രാജു, വിനയ് ഫോര്‍ട്ട് എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ വെള്ളിത്തിരയിലെത്തിയവരെല്ലാം അപരിചിത മുഖങ്ങളായിരുന്നു. എന്നിട്ടും അല്‍ഫോണ്‍സ് പുത്രന്റെ ഈ സിനിമ പ്രേക്ഷക മനസില്‍ ഇടം നേടണമെങ്കില്‍ അതിലെന്തൊക്കെയോ ഉണ്ടായിരുന്നു. അതില്‍ എന്റേയും ഓരോ സാധാരണക്കാരന്റേയും ജീവിതം ഉണ്ടായിരുന്നു. നാട്ടുമ്പുറത്തിന്റെ നന്‍മ ഉണ്ടായിരുന്നു. ജീവിതത്തിന്റെ യാതാര്‍ത്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. ഓരോ സീനിലും ഓരോ കഥാപാത്രത്തിലും ഓരോ ഡയലോഗിലും ഒരു പ്രത്യേക സൗന്ദര്യം ഉണ്ടായിരുന്നു.
ജോര്‍ജ്ജിന്റെ മൂന്ന് പ്രണയങ്ങള്‍ കണ്ടെങ്കിലും ഏറ്റവും ആകര്‍ഷിച്ചത് മലര്‍ ടീച്ചറുമായുള്ള പ്രണയം തന്നെയാണ്. മലര്‍ ചീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവി എന്ന അബിനേതാവ് ശരിക്കും ഞെട്ടിച്ചു. മലര്‍ ജോര്‍ജ്ജിനോട് ചിരിച്ച ഓരോ ചിരിയും ഓരോ പ്രേക്ഷകന്റേയും മനസില്‍ ഓരോ സുഖമുള്ള മുറിവുകള്‍ സൃഷ്ടിച്ചു. തീയ്യറ്റര്‍ വിട്ടിട്ടും ആ മുറിവുകള്‍ പ്രേക്ഷക മനസുകളെ നീറ്റിക്കൊണ്ടിരുന്നു. നിഷ്‌കളങ്കതയുടെ പ്രതിരൂപമായിരുന്ന മലരിന്റെ ഒരു ഡാന്‍സ് തീയ്യറ്രറുകളെ ഇളക്കി മറിച്ചു, അതിനൊപ്പം സിനിമ കമ്ടിരുന്ന ഓരോ പ്രേക്ഷകന്റേയും മനസിനേയും ആ ചടുല ചുവടുകള്‍ ഇളക്കി മറിച്ചിട്ടുണ്ട് തീര്‍ച്ച. ചിത്രത്തെ ഏറ്റവും അധികം ആകര്‍ഷിച്ചതും ആ പ്രണയം തന്നെയായിരുന്നു. പറിച്ചെടുക്കാന്‍ കഴിയുന്നില്ല. പറഞ്ഞും കേട്ടും കണ്ടും മടുത്ത പ്രണയത്തെ കാഴ്ചക്കാരന്റെ മനസിലേക്ക് ഇത്ര ആഴത്തില്‍ പതിപ്പിക്കാന്‍ കഴിഞ്ഞ അല്‍ഫോണ്‍സ് പുത്രന്‍ എന്ന പ്രതിഭാധനന്റെ കഴിവിനെ അംഗീകരിച്ചേ മതിയാകൂ. പ്രേമമ പ്രത്യേകമായ ഒരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല. പ്രണയം മാത്രമാണ് ഇതിന്റെ രാഷ്ട്രീയം. അതിന്റെ വിവിധ തലങ്ങളെ, ബുദ്ധിജീവികള്‍ക്കും, പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്കും പൈങ്കിളിയായിരുന്ന പ്രണയത്തെ ഓരോ കാഴ്ചക്കാരന്റേയും ജീവിതമാക്കി മാറ്റിയ രാഷ്ട്രീയമായിരുന്നു ചിത്രത്തിനുള്ളത്. ചിത്രത്തിമ് ഒരാത്മാവുണ്ടെന്ന് തോന്നി. അത് അല്‍ഫോണ്‍സ് പുത്രന്റെ ആത്മാവാണ്. നിവിന്‍ പോളിയുടെ പ്രകടവം എടുത്ത് പറയേണ്ടതാണ്. വിവിധ കാലഘട്ടങ്ങളെ 1983 ല്‍ അവതരിപ്പിച്ച നിവിന്‍ ഇവിടെയും ആ വൈദഗ്ദ്യം ആവര്‍ത്തിച്ചു. പ്രീഡിഗ്രിക്കാരനും കോളജ് ക്യംപസിലെ ചട്ടമ്പിയായ കൗമാരക്കാരനേയും കഫേ ഉടമസ്ഥനായ ഉത്തരവാദിത്വമുള്ള യുവാവിനേയും തന്‍മയത്വത്തോടെ നിവിന്‍ അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ കൂടുമാറ്റം നിവിന് നന്നായി ചെയ്യാന്‍ കഴിയുന്നത് നിവിന്റെ അഭിനയ മികവും, ഫ്‌ലക്‌സിബിലിറ്രിയും കൊണ്ടായിരിക്കണം. നിവിന്‍ ഹിറ്റാക്കിയ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു ഗൃഹാതുരത്വത്തിന്റെ അകമ്പടി ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യം.  ഇവിടേയും അത് തന്നെ വര്‍ക്കൗട്ട ചെയ്തു.
ചിത്രത്തിലെ ആദ്യ ഭാഗം മടുപ്പിച്ചെങ്കിലും സൈക്കിളിന്റെ രാഷ്ട്രീയം പ്രേക്ഷകനെ സ്വാധീനിച്ചിട്ടുണ്ടാവണം. സൈക്കിളിന്റെ ക്രോസ് ബാറില്‍ നായികയെ ഇരുത്തി നാട്ടിടവഴികഴിലൂടെ സഞ്ചരിക്കുന്ന യുവാക്കളുടെ കാഴ്ച ഇന്നന്യമാണ്. ആ പ്രണയം കാണാക്കാഴ്ചയുമാണ്. എന്നാല്‍ അങ്ങനെയൊരു സീന്‍ സൃഷ്ടിക്കാതെ തന്നെ പ്രണയത്തിന് കൂട്ടുപോകുന്ന സൈക്കിളുകളെ അവതരിപ്പിച്ച സംവിധായകന്‍ പഴയ കാലത്തിന്റെ പ്രതീതിയും ഞാനടക്കമുള്ള യുവാക്കളുടെ പഴയ സൈക്കിള്‍ കാലവും പുനര്‍ജനിപ്പിച്ചു. കനാലും, അതിന്റെ പുറത്തു കൂടിയുള്ള യാത്രകളും, ആ ഷോട്ടുകളും പ്രേക്ഷകനെ തൃപ്തരാക്കുന്നതായിരുന്നു. ആദ്യ പ്രണയം ചിലപ്പോഴൊക്കെ മടുപ്പുളവാക്കുന്നതായിരുന്നു. ചില സീനുകളെങ്കിലും ആവര്‍ത്തിച്ചത് വല്ലാത്തൊരു ലാഗ് അനുഭവപ്പെട്ടു.
രണ്ടാമത്തെ പ്രണയത്തെപ്പറ്റി ഇനി പറയേണ്ടല്ലോ. മനസ് പറിച്ചെടുത്തു, ആ ചിരിയും, ജോര്‍ജ്ജും മലര്‍ ടീച്ചറും തമ്മിലുള്ള കെമിസ്ട്രിയും എല്ലാം കൂടി സിനിമയെ ഹൃദയത്തില്‍ നിറച്ചു. കൊടൈക്കനാല്‍ യാത്രയും വിദ്യാര്‍ത്ഥി-അദ്ധ്യാപക ബന്ധവും, ഡാന്‍സ് പ്രോഗ്രാമും, പിന്നെ ആ ചിരിയും. സായ് പല്ലവി അബിനയ ലോകത്തിന് ലഭിച്ച ഒരു വരദാനം തന്നെ. കോളജിലെ കുടിപ്പകയും, വില്ലത്തരങ്ങളും, അടിപിടിയും നടത്തിയിട്ടുള്ളവരും അതിനവസരം കിട്ടിയില്ലെങ്കില്‍ അത് ആസ്വദിച്ചിട്ടുള്ളവരും മാത്രമാണ് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആ ക്യാംപസ് എന്റേത് കൂടിയായിരുന്നു. പ്രണയത്തിന് അകമ്പടിയായെത്തിയ ചിത്രശലഭങ്ങളും, മഴയും, പ്രണയ ഭംഗമുണ്ടാകുമ്പോഴുള്ള അലറിക്കരച്ചിലും, സൃഹൃത്തുക്കളുടെ സമാധാനിപ്പിക്കലും അനുഭവിച്ചിട്ടുള്ളവരുമാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും. ആ പള്‍സ് തൊട്ടറിഞ്ഞതാണ് സംവിധായകന്റെ വിജയം. മൂന്നാം പ്രണയം അത്ര സ്വാധീനിച്ചില്ലെങ്കിലും അത് ആ സിനിമയ്ക്ക് അനിവാര്യമായിരുന്നു. മഡോണ സെബാസ്റ്റ്യന്‍ എന്ന നടിയുടെ സംഭാഷണ അവതരണത്തില്‍ ചെരിയ പിശക് തോന്നിയെങ്കിലും ആ പ്രണയം സിനിമ അവസാനിപ്പിക്കാന്‍ വേണ്ടതായിരുന്നു. അവസാനം പ്രണയം വേണ്ട എന്നു പറയാന്‍ അവതരിപ്പിച്ച ആ പാട്ട് ഇത്തിരി ബോറായി തോന്നി, ആകെയൊരു ബഹളമയം. പിന്നെ റോണി എന്ന നവവരനായെത്തിയ അല്‍ഫോണ്‍സ് ഇത്തിരി മടുപ്പിച്ചു. ക്ലൈമാക്‌സായി എന്ന് പലതവണ തോന്നിയെങ്കിലും അതായിരുന്നില്ല. അത്ര തന്നെ. എന്നാലും ശുഭപര്യവസാനിയായി പ്രേമം. പ്രണയിക്കാനും പ്രണയിക്കാതിരിക്കാനും ഒരു ബോധം സൃഷ്ടിച്ച ചിത്രം.

താരങ്ങളുടെ പ്രകടനം നോക്കിയാല്‍ മികച്ചും മുഴച്ചും നില്‍ക്കുന്നുണ്ടായിരുന്നു. ഒരു സീന്‍ മാത്രമായിരുന്നെങ്കിലും രഞ്ജി പണിക്കര്‍ പൊളിച്ചു. ആ അച്ഛന്‍ ഓരോ പ്രേക്ഷകനും രസിക്കുന്ന അച്ഛനായിരുന്നു. ഡാന്‍സ് മാസ്റ്ററായെത്തിയ ജൂഡ് ആന്റണി ജോസഫും അത്ര മോശമാക്കിയില്ല. ജാവ പഠിപ്പിക്കാനെത്തിയ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം ഏറെ രസിപ്പിച്ചു. മലര്‍ ടീച്ചറെ പ്രണയിക്കാന്‍ പല പണി പയറ്റുന്ന വിമല്‍ സാറിന്‍രെ കഥാപാത്രം ചില കോളജുകള്‍ക്കെങ്കിലും സുപരിചിതമാണ്. ആ പിടി മാസ്റ്ററെയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. അതാണ് ആ കഥാപ്ത്രങ്ങള്‍ക്ക് ഇത്ര സ്വീകാര്യത ലഭിച്ചത്. മൂന്ന് നായികമാരില്‍ മൂന്നാമത്തെ നായികയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ആദ്യ നായിക മടുപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ രണ്ടാമത്തെ നായികയുടെ കാര്യം മുന്‍പ് പറഞ്ഞല്ലോ.
എന്തായാലും വളരെ സിംപിളായി പ്രണയം പറഞ്ഞ ഒരു ചിത്രം പ്രേക്ഷകനെ കൈയ്യിലെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകന്‍ എന്താഗ്രഹിക്കുന്നു എന്ന് മനസിലാക്കി സിനിമയെടുക്കാന്‍ അല്‍ഫോണിസിനായി. കുറവ് കണ്ടെത്താന്‍ വേണ്ടി മാത്രം കണ്ടാല്‍ തെറ്റുകളുണ്ടാകും. എന്നാലും വളരെ കാലത്തിന് ശേഷം തീയ്യറ്ററുകള്‍ നിറഞ്ഞ് കവിയുന്ന ഒരു കാഴ്ച കണ്ടപ്പോള്‍ തന്നെ മനസ് നിറഞ്ഞു.