Saturday, 4 October 2014

ഞാന്‍, നല്ല സിനിമകളുടെ പ്രതിനിധി


 ഞാന്‍ കണ്ടിറങ്ങിയപ്പോള്‍ ഒരു നല്ല സിനിമ കണ്ടിറങ്ങിയതിന്റെ സന്തോഷം പലരുടേയും മുഖത്തുണ്ടായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോടൊപ്പമിരുന്നാണ് സിനിമ കണ്ടത്. ഒരു ജീനിയസിന്റെ സിനിമ മറ്റൊരു ജീനിയസിനോടൊപ്പമിരുന്ന് കാണുക. അതൊരു ഭാഗ്യമായി ഞെളിഞ്ഞിരുന്ന് കണ്ടു. സിനിമ തുടങ്ങിപ്പോള്‍ പഴയ നാടക കാലമാമ് ഓര്‍മ്മ വന്നത്. മുഖത്ത് ചായം തേച്ചും തേക്കാതെയും വേദിയിലും അല്ലാതെയും പകര്‍ന്നാടിയ വേഷങ്ങള്‍. അവകാശപ്പെടാന്‍ ഒരുപാടൊന്നുമില്ലെങ്കിലും ഒരു ചെറിയ ഗൃഹാതുരത്വം നല്‍കിയ, മനസിന് ഒരു ആഗ്രഹവും, കുളിരും സമ്മാനിച്ച രഞ്ജിത്തിന് ആദ്യമേ നന്ദി.
ഒരു നാടകത്തിലൂടെ കഥ പറയാന്‍ തുടങ്ങിയ സിനിമ അതിന്റെ ടെംപോ ആദിയോടന്തം നിലനിര്‍ത്തി. കോട്ടൂര്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന യുവാവ് നാടകത്തിനായി കോട്ടൂരിന്റെ വേരുകള്‍ തേടി യാത്രയാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1947 ന് മുന്‍പ് മലബാറില്‍ ജീവിച്ചിരുന്ന എഴുത്തുകാരനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അതിലുപരി ജീവിതത്തില്‍ ഒന്നുമാകാതെ പോയ പരാജയങ്ങളുടെ തോഴനായിരുന്ന ഒരു വ്യക്തിയായിരുന്നു കോട്ടൂര്‍ എന്ന് സിനിമ കാണിച്ചു തരുന്നു. രണ്ട് കാലഘട്ടങ്ങളെ പകര്‍ന്നാടുന്നതില്‍ ദുല്‍ഖര്‍ ഏറെക്കുറെ വിജയിച്ചു എന്നു തന്നെ പറയാം. ടി പി രാജീവന്റെ കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിന്റെ ചലച്ചിത്രാവനിഷാകാരമായ ചിത്രം എല്ലാ പ്രേക്ഷകരേയും ഒരു പോലെ രസിപ്പിക്കുന്ന ഒന്നായിരുന്നില്ല.
പലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രവും ഞാനും തമ്മില്‍ ഏറെ സാമ്യങ്ങളുണ്്. രണ്ട് ചിത്രങ്ങളും ടി പി രാജീവന്റെ കഥയാണ്. സംവിധാനം ചെയ്തത് രന്‍ജിത്താണ്. പലേരി മാണിക്യം ഒരന്വേഷണമാണ്, ചരിത്രാന്വേഷണം. ഞാനും അങ്ങനെ തന്നെ. പലേരി മാണിക്യത്തില്‍ മമ്മൂട്ടി വിവിധ കാലഘട്ടത്തിലെ വിവിധ കഥാപാത്രങ്ങലെ അവതരിപ്പിച്ചു. ഞാനിലെത്തിയപ്പോള്‍ ദുല്‍ഖര്‍ ആ ജോലി ഭംഗിയാക്കി. കഥ പറയുന്ന രീതിയിലും, പശ്ചാത്തലത്തിലും, താരങ്ങളിലും കണ്ട താരതമ്യങ്ങള്‍ സ്വാഭാവികം മാത്രം.
ഞാനിലെ കരുത്ത് അഭിനയ പ്രതിഭകളും പ്രതിഭകള്‍ക്ക് മാറ്റ് കൂട്ടുന്ന പ്രകടനവും തന്നെയാണ്. ജോയ് മാത്യുവായി തന്നെ എത്തിയ ജോയ് മാത്യുവിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാലും തഴക്കം ചെന്ന ഒരു നാടകക്കാരനെ അവതരിപ്പിക്കാന്‍ ജോയി മാത്യുവിലും നല്ലൊരു അഭിനേതാവ് വേറെ ഇല്ലെന്നു തന്നെ പറയാം. അനുമോളുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അഭിനയിച്ച ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചതാക്കാന്‍ കഴിഞ്ഞ നടിയാണ് അനുമോള്‍.  ഞാനിലെ കഥാപാത്രത്തില്‍ വന്നു പോകുന്ന ദാസ്യവും, പ്രേമവും, കാമവും, നിരാശയും, ശാരീരിക-മാനസിക വേദനയും പക്വതയാര്‍ന്ന പ്രകടനത്തിലൂടെ ജീവസുറ്റതാക്കാന്‍ അനുമോള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തീയ്യറ്റര്‍ നിശബ്ദമായ നിമിഷങ്ങള്‍ പലതിലും അനുമോള്‍ സ്‌ക്രീനിലുണ്ടായിരുന്നു. അന്‍പതുകള്‍ക്കു മുന്‍പുള്ള സ്വാതന്ത്ര്യ സമര സേനാനിയായ ജന്‍മിയെ അവതരിപ്പിച്ച സുരേഷ് കൃഷ്ണ കൈയ്യടി അര്‍ഹിക്കുന്നു. രന്‍ജി പണിക്കരാമ് പ്രശംസ അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. അസൂയയും, ധാര്‍ഷ്ട്യവും, അധികാര പ്രമത്തതയും നിറഞ്ഞ, കാലഘട്ടങ്ങള്‍ക്കു മുന്‍പുള്ള ഭൂവുടമയെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ മലയാളത്തിലെ തീയ്യറ്ററുകളില്‍ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത ഈ തിരക്കഥാകൃത്തിനായി. സജിത മഠത്തില്‍, അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊരു താരം. രണ്ട് കാലഘട്ടങ്ങളെ അതരിപ്പിക്കുന്നതില്‍ സജിത വിജയിച്ചു. ചിത്രത്തില്‍ ജോയ് മാത്യു പറയുന്നത് പോലെ നില്‍ക്കുന്നയിടം വേദിയാക്കുന്ന നാടകം പോലെ അഭിനയിച്ച് തകര്‍ക്കാന്‍ സജിതയ്ക്കായി. മുത്തുമണി മോശമാക്കിയില്ലെങ്കിലും കാലഘട്ടത്തിനനുസരിച്ച് കോസ്റ്റിയൂം അനുയോജ്യമാക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു പരാജയം തന്നെയാണ്. ജ്യോതി കൃഷ്ണയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും തന്റെ റോള്‍ ഭംഘിയാക്കാന്‍ ജ്യോതിക്കുമായി. എടുത്തു പറയേണ്ട മറ്റൊരു താരമാണ് ഹരീഷ് പേരടിയുടേത്. ഒരു തികഞ്ഞ നാടകക്കാരന്റെ എല്ലാ ഭാവങ്ങളും പേരടിയുടെ ഓരോ ചലനങ്ങളിലും നിഴലിക്കുന്നുണ്ടായിരുന്നു. അമ്മത്തെയ്യം കെട്ടിയെത്തുന്ന പേരടി ഓരോ പ്രേക്ഷകനേയും വിസ്മയിപ്പിച്ചു. താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചത്.
ബിജിബാലിന്റെ സംഗീതം ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ഓരോ രംഗത്തിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  പശ്ചാത്തല സംഗീതം.
കോട്ടൂരിനെ അവതരിപ്പിക്കാനുള്ള പക്വത ദുല്‍ഖറിനില്ല എന്ന പലരും പറഞ്ഞു. പക്ഷെ രന്‍ജിത്ത് ദുല്‍ഖറിന്‍രെ പരമാവധി കഴിവിനെ പിഴിഞ്ഞെടുത്തു എന്ന് സിനിമയില്‍ വ്യക്തമാണ്. ദുല്‍ഖറിന്റെ പതിവ് ഇമേജില്‍ നിന്നു മാറി തികഞ്ഞ ഒരു നടനായി എന്ന് പറയാറായിട്ടില്ല എങ്കിലും ദുല്‍ഖറിലെ നടനെ പുറത്തെടുക്കാന്‍ കഴിഞ്ഞു.
എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ലെങ്കിലും ഒരു മികച്ച ചിത്രം കണ്ടസന്തോഷത്തിലാമ് തീയ്യറ്റര്‍ വിട്ടത്.
തീയ്യറ്ററില്‍ ഒപ്പമുണ്ടായിരുന്ന ജീനിയസ് സംവിധായകനോട്  സിനിമ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അല്പമൊന്ന് ആലോചിച്ചിട്ടാണെങ്കിലും നാടകമൊക്കെയായി ഒരു ഇന്റലെക്ച്വല്‍ ജാഡ ഫീല്‍ ചെയ്‌തെന്നും, മികച്ച സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Friday, 3 October 2014

ഓണത്തിനെത്തിയ കള്ളന്‍മാരും പെരുച്ചാഴിയും


ആഘോഷമായെത്തിയ ചിത്രങ്ങളൊരോന്നും നിലവാരത്തകര്‍ച്ചയ്ക്ക് മത്സരിക്കുകയായിരുന്നു. കള്ളന്‍മാര്‍ തമ്മിള്‍ ഭേദമാണെന്ന് പറയുമ്പോള്‍ മറ്റു ചിത്രങ്ങളുടെ അവസ്ഥ എത്ര ദയനീയമാരിക്കണം.
അമേരിക്കയിലടക്കം കൊട്ടിഘോഷങ്ങളോടെ എത്തിയത് പെരുച്ചാഴി ആണെങ്കിലും പ്രേക്ഷക മനസ് തുരന്നത് കള്ളന്‍മാരായിരുന്നു. തീയ്യറ്ററിലിരിക്കുന്നത്ര സമയം ബോറടിപ്പിക്കാതെ കൊണ്ടു പോകുന്നതില്‍ സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ വിജയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ അനിലിന്റെ പ്രതിങയ്ക്ക് മങ്ങലേല്‍ക്കാനും ഈ ചിത്രം കാരണമായി എന്നു പറയുന്നതില്‍ അത്ഭുതമില്ല. സംവിധായകന്റെ ക്രാഫ്റ്റ് എടുത്തു പറയുന്നതിനോടൊപ്പം ആദ്യ ചിത്രത്തിന്റെ മഹിമ നിലനിര്‍ത്താനായില്ല എന്ന് സിനിമ കണ്ട ഏതൊരാളും സമ്മതിക്കും. അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. മലയാളത്തിലെ പല കഥാപാത്രങ്ങള്‍ക്കും ബ്രേക്കായ ഓരോ ചിത്രങ്ങളുണ്ട്. അങ്ങനെയാണെങ്കില്‍ ഈ ചിത്രം ബ്രേക്കായത് ചെമ്പന്‍ വിനോദിനാണ്. തനി തൃശൂര്‍ ഭാഷ സംസാരിക്കുന്ന നാടന്‍ കള്ളനായ മാര്‍ട്ടി എന്ന കഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ ചെമ്പന് കഴിഞ്ഞു. ഓര്‍ഡിനറിയിലെ പരുക്കനായ പോലീസുകാരനായെത്തിയ ചെമ്പന് തീര്‍ച്ചയായും മാര്‍ട്ടി ഒരു മുതല്‍കൂട്ടു തന്നെയായിരിക്കും. ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അച്ചന്‍ കഥാപാത്രം. ആമേനില്‍ ജോയ് മാത്യുവിന്റെ അച്ചന്‍ ശ്രദ്ധേയമായത് പോലെ പെല്ലിശ്ശേരിയും തകര്‍ത്താടുകയായിരുന്നു. എവിടെയൊക്കെയോ പഴയ ഇന്നസെന്റിനെ അനുസ്മരിപ്പിച്ച കഥാപാത്രം സിനിമ കണ്ടിരുന്ന പ്രേക്ഷക മനസില്‍ തീര്‍ച്ചയായും ഇടം നേടിയിട്ടുണ്ട്. സാത്വികനായ കൃഷ്ണനുണ്ണിയെ പൃഥ്വിരാജും, പരുക്കനായ ഷബാബിനെ ആസിഫ് അലിയും ഗംഭീരമാക്കിയപ്പോള്‍, ജോയ് മാത്യു, നെടുമുടി വേണു തുു്ങിയ സീനിയര്‍ താരങ്ങളും നീരജ് മാധവ്, നിഥിന്‍ കോപ്പ, റീനു മാത്യൂസ്, സനൂഷ സന്തോഷ് തുടങ്ങിയ ജൂനിയര്‍ താരങ്ങളും അവരവരുടെ റോള്‍ മോശമാക്കിയില്ല. സിനിമയില്‍ നിര്‍ണ്ണായകമായ റോള്‍ കൈകാര്യം ചെയ്ത സലാം ബുക്കാരിയുടെ വേഷവും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ആര്‍ക്കും മനസിലാകാതെ പോയത് സിനിമയുടെ ക്ലൈമാക്‌സ് മാത്രമാണ്. സത്യത്തില്‍ പൃഥ്വിരാജ് ആരാണ് ? കള്ളനോ ? പോലീസോ ? എന്തായാലും ആദ്യവും അവസാനവും ഭൂമി തുരക്കുന്ന കള്ളന്‍മാര്‍ തുരന്ന് കയറിയത് പ്രേക്ഷകരുടെ മനസിലേക്കാണെന്ന് സംശയമില്ല. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന് പറയുന്നില്ല. എന്നാലും കണ്ടിരിക്കാവുന്ന ഒരു ചിത്രം.
ഏറെ ആഘോഷങ്ങളോടെയെത്തിയ  പെരുച്ചാഴിക്ക് കാര്യമായി തുരക്കാന്‍ കഴിഞ്ഞില്ല. ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ചിത്രം.  ഹാസ്യം ചെയ്യാന്‍ ഇപ്പോഴും തനിക്ക് കഴിയുമെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം. അത്ര മാത്രം. മോഹന്‍ലാലിന്റെ മികച്ച പ്രകടനം ഒരിക്കല്‍ കൂടി മലയാളി കണ്ടപ്പോള്‍ അജു വര്‍ഗീസും ബാബുരാജും തങ്ങളുടെ വേഷവും ഗംഭീരമാക്കി. വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മ്മാതാക്കളുടേയും അഭിനേതാക്കളുടേയും ഇരട്ടറോളുകളിലാമ് തിളങ്ങിയത്. നായികാ പ്രാധാന്യമില്ലാത്ത ചിത്രമായത് കൊണ്്വും രാഗിണിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയത്. മുകേഷും, പിഷാരടിയും മോശമാക്കിയില്ല.
പക്ഷെ ഹോളിവുഡില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ, ബിഗ് ബജറ്റിലൊരുങ്ങിയ മെച്ചപ്പെട്ടൊരു മലയാള ചിത്രം തുടങ്ങിിയ ലേബലുകളോടെയെത്തിയ ചിത്രം പക്ഷെ നിരാശപ്പെടുത്തുകയായിരുന്നു. ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ ചിത്രം വിജയമായിരിക്കാം പക്ഷെ ഒരു നല്ല സിനിമ എന്ന പേര് സമ്പാദിക്കാന്‍ അന്യ സംസ്ഥാനക്കാരനായ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന് കഴിഞ്ഞില്ല.
ഓണത്തിന് വിരുന്നെത്തിയ രാജയും, വില്ലാളിവീരനും, ഭയ്യമാരും, പെരുച്ചാഴിയും നിരാശപ്പെടുത്തിയപ്പോള്‍ പരസ്യവാചകത്തില്‍ പറഞ്ഞത് പോലെ ഓണം കള്ളന്‍ാമാര്‍ കൊണ്ടു പോയി.