ഇത് പ്രണയത്തിന് വേണ്ടി ജീവന് വെടിയേണ്ടി വന്ന സലീം, അനാര്‍ക്കലി അനശ്വര പ്രണയമല്ല. ശാന്തനു- നാദിറ പ്രണയമാണ്. കാത്തിരിപ്പിനെ പ്രണയിക്കുന്നവരുടെ പ്രണയം. പ്രണയം മരണം പോലെ സത്യമാണെന്ന് വിശ്വസിക്കുന്നവരുടെ പ്രണയം. അകമ്പടിയായി ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയുടെ കാണാക്കാഴ്ചകളും, ആഴക്കടലിന്റെ മനോഹാരിതയും, ചില വിസ്മയ പ്രകടനങ്ങളും, മനം കുളിര്‍പ്പിക്കുന്ന മാസ്മരിക സംഗീതവുമാകുമ്പോള്‍ അത് അനാര്‍ക്കലിയായി.
നിരവധി ഹിറ്റ് തിരക്കഥകളൊരുക്കിയ ടീമിലെ അംഗമായിരുന്ന സച്ചിയുടെ തിരക്കഥയും സംവിധാനവും പിഴച്ചില്ല. പ്രണയമെന്ന പറഞ്ഞു പഴകിയ പ്രമേയത്തെ സച്ചി സമീപിച്ച രീതിക്ക് കൈയ്യടി അര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു പ്രണയ കഥയുടെ തീവ്രത പല സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പ്രേക്ഷകന് വെറും കാഴ്ചക്കാരനല്ലാതെയാകുന്നു. ഇന്ത്യന്‍ നേവിയിലെ രണ്ടുദ്യോഗസ്ഥരിലൂടെ കഥ പറയുന്ന ചിത്രം പ്രണയത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ച് എത്തി നില്‍ക്കുന്നത് മലയാളം കണ്ടിട്ടില്ലാത്ത കവരത്തിയിലാണ്. കൊട്ടകയില്ലാത്ത നാട്ടിലേക്ക് ഒരു സംഘം സിനിമാക്കാര് ചെന്നു ദ്വീപിന്റെ മനസ് കീഴടക്കിയ കാഴ്ച കൂടിയാണ് അനാര്‍ക്കലി. ചിത്രത്തില്‍ തന്നെ അത് പറയുന്നുണ്ട്, കവരത്തിക്കാര്‍ സിനിമ കാണണമെങ്കില്‍ 300 കിലോമീറ്റര്‍ സഞ്ചരിച്ച് കൊച്ചിയിലെത്തണം. ദ്വീപുകാര്‍ക്ക് സിനിമ ടിവിയില്‍ മാത്രമാണ്. സിനിമയോടുള്ള അവരുടെ ബന്ധം അതാണ്. കരയിലുള്ള അതായത് കേരളത്തിലുള്ള പലതും കവരത്തിയിലില്ല പോലും. കളവ്, അക്രമം, മദ്യം, പാമ്പ്, നായ തുടങ്ങി ചിലത്. കാണാത്ത് ദ്വീപാകുമ്പോള്‍ കാഴ്ചക്കാരന് അതൊരു പുതിയ അനുഭവം തന്നെ. ദ്വീപിലെ ഭാഷയും വേറിട്ടത്. മലയാളവും, തമിഴും, അറബിയും ചേര്‍ന്ന ഇസരിയാണ് അവരുടെ ഭാഷ. ചിലപ്പോള്‍ അത് പ്രേക്ഷകനെ കബളിപ്പിക്കും. ഒന്നും മനസിലാകില്ല. പ്രണയത്തിന് വേണ്ടി ജീവന് കളയേണ്ടി വന്ന അനാര്‍ക്കലിയുടെ കഥ തന്നെയാണ് ഇവിടെയും പറയുന്നത്. കാരണം പ്രണയമെന്നത് പൊതുവായ വികാരമാണല്ലോ. ആദ്യ പകുതിയില്‍ ദൃശ്യ ഭംഗി കൊണ്ടും അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ അനാര്ക്കലിയ്ക്കായി. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെ കഥയും സിനിമയും അല്പമൊന്ന് പരുങ്ങി. അവസാനിപ്പിക്കാനുള്ള ഒരു വഴി തേടി അലയും പോലെ. പക്ഷെ വല്ല്യ തട്ടുകേടില്ലാതെ സിനിമ പറഞ്ഞവസാനിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ചലച്ചിത്ര പിന്നണിയില്‍ സുപരിചിതനെങ്കിലും നവാഗത സംവിധായകനെന്ന നിലയില്‍ സച്ചിക്ക് ലഭിച്ചത് മികച്ച തുടക്കം തന്നെ. ഒപ്പമുണ്ടായിരുന്ന മുഴുവന്‍ ക്രൂവും അനാര്‍ക്കലി സാധ്യമാക്കാന്‍ എടുത്ത പരിശ്രമങ്ങള്‍ ചിത്രത്തില്‍ വ്യക്തം. ഗാനരചയിതാവില്‍ നിന്നും നിര്‍മ്മാണ രംഗത്തെത്തിയ രാജീവ് നായര്‍ ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന ഗാനങ്ങളത്രയും പ്രേക്ഷക മനസുകളില്‍ ഇടം നേടുന്നവയായി. വരികള്‍ കാഴ്ചക്കാരനെ പലതും ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ ഗാനങ്ങള്‍ക്ക് ഇത്രമേല്‍ വശ്യത കൈവരരാന് കാരണക്കാരനായത് സംഗീതമൊരുക്കിയ വിദ്യാസാഗറിന്റെ മായാജാലം തന്നെ. ചിലയിടങ്ങളില്‍ പശ്ചാത്തല സംഗീതം മുഴച്ചു നിന്നെങ്കിലും ഗാനങ്ങളോരോന്നും ഒന്നിനൊന്ന് മികച്ചു നിന്നു.
സലീമിന് വേണ്ടി കാത്തിരുന്ന അനാര്‍ക്കലി, സലീം എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ ഇവിടെ കാത്തിപ്പിന് ഒരവസാനമുണ്ട്. അര്‍ത്ഥമുണ്ട്. നാദിറയും ശാന്തനുവും കാത്തിരിക്കുന്നത് ഒരു വികാര പൂര്ണ്ണത്യ്ക്ക് വേണ്ടി മാത്രമല്ല. അതാണ് പ്രമേയം പ്രണയമാണെങ്കിലും മറ്റു പ്രണയചിത്രത്തില്‍ നിന്നും അനാര്‍ക്കലിയെ വ്യത്യസ്തമാക്കുന്നത്. ഇത്ര അനശ്വര പ്രണയമാണ് അവരുടേതെങ്കില്‍ പിന്നെ ഈ ചിത്രപം പറയുന്നതെന്താണ്. നാദിറയ്ക്കും ശാന്തനുവിനും എന്തു സംഭവിച്ചു. ഇതൊക്കെയറിയണമെങ്കില് അനാര്ക്കലിയൊന്ന് കണ്ടു തന്നെ നോക്കണം.
ചിത്രത്തെ ഇത്രമേല്‍ മനോഹരമാക്കുന്നത് സുജിത് വാസുദേവിന്റെ ക്യാമറ ചലനങ്ങള്‍ തന്നെയാണ്. കണ്ടു പരിചയമില്ലാത്ത ഫ്രെയിമുകളും പ്രകൃതിയുടെ സ്വാഭാവീക ഭംഗിയും കൂടിയായപ്പോള്‍ ഫ്രെയിമുകളങ്ങ് കസറി. പക്ഷെ സുജിത് വാസുദേവ് ഇത്തിരി കൂടി
ശ്രദ്ധിച്ചിരുന്നെങ്കില്‍ കവരത്തിയുടെ ദൃശ്യഭംഗി ഇനിയും കൂട്ടാമായിരുന്നു എന്നു തോന്നുന്നു. കടലിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുജിത് വാസുദേവന്‍ ലഭിച്ച അംഗീകാരങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള സമ്മാനമായിരുന്നു. 2 മണിക്കൂര്‍ 47 മിനിറ്റ് പ്രപേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിച്ച ചിത്ര സംയോജകന്‍ രഞ്ജന്‍ ഏബ്രഹാം തന്റെ പണി ഭംഗിയായി ചെയ്തെങ്കിലും ദൈര്‍ഘ്യത്തിന്റെ കാര്യം അല്പം ശ്രദ്ധിക്കാമായിരുന്നു. സംഗീതം ആദ്യമേ പറഞ്ഞല്ലോ. ചിത്രം ഒരു സംഗീത സാന്ദ്രമായ പ്രണയ ചിത്രമാക്കിയത് വിദ്യാസാഗറിന്റെ കഴിവ് തന്നെ. ഇരുപത്തിയഞ്ചുകാരനായും മുപ്പത്തിയഞ്ചുകാരനായും പകര്‍ന്നാടിയ പൃഥ്വിരാജ് വീണ്ടും വിസ്മയിപ്പിച്ചു. നേവി ഓഫീസറായും, ഡൈവിംങ് ഇന്‍സ്ട്രക്ടറായും, കാമുകനായും എത്തിയ ശാന്തനുവിനെ പൃഥ്വിരാജ് ഗംഭീരമാക്കി. ഡ്യൂപ്പില്ലാതെ കടലിനടിയിലേക്ക് ഡൈവിംങ് നടത്തിയ പൃഥ്വി പാട്ടിലും, ഡാന്‍സിലും മാത്രമല്ല, കോമഡിയിലും, റൊമാന്റ്സിലും എല്ലാം മികവ് പുലര്‍ത്തി. തീയ്യേറ്ററുകളില്‍ തുടര്‍ച്ചയായ മൂന്നാം ഹിറ്റിലേക്ക് കടന്ന പൃഥ്വിരാജ് ഈ സിനിമ വര്‍ഷം തന്റേതാക്കി മാറ്റുകയാണ്. ബിജു മേനോന് പതിവ് തെറ്റിച്ചില്ല. പ്രത്യേകിച്ച് ക്ലൈമാക്സിലെ പ്രകടനം പ്രേക്ഷകന് നന്നായി ചിരിച്ചു. അതെ ചിരിച്ചു മറിഞ്ഞു. ലെഫ്റ്റനന്റ് സക്കറിയയും ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരനും മോശമാക്കിയില്ല. ജാഫര്‍ ഇമാം എന്ന കര്‍ക്കശക്കാരനായ നേവി ഓഫീസറേയും കഠിന ഹൃദയനായ അച്ഛനേയും അവതരിപ്പിച്ച കബീര്‍ ബേദി ശബ്ദം കൊണ്ടും ആകാരം കൊണ്ടും പ്രകടനം കൊണ്ടും മലയാളത്തിലെ അരങ്ങേറ്റം മനോഹരമാക്കി. ചിത്രത്തില്‍ നായികയായെത്തിയ അന്യഭാഷാ നായിക പ്രിയാല്‍ ഗോര്‍ മടുപ്പിച്ചില്ല. ചന്തത്തിലും, പ്രണയത്തിലും, നിലപാടിലും വേറിട്ടു നിന്ന പ്രിയാലിന്റെ നാദിറയെ അത്ര പെട്ടന്നൊന്നും മനസീന്ന് ഇറക്കി വിടാന്‍ പ്രേക്ഷകനാവില്ല. കവരത്തിയിലെ എല്ലാമെല്ലാമായ ജസ്രി ഭാഷ സംസാരിക്കുന്ന ആറ്റക്കോയ്ക്ക് ജീവന് നല്കിയ സുരേഷ് കൃഷ്ണ കൈയ്യടക്കമുള്ള മികച്ച നടനാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഡോ ഷെറിന് എന്ന ഡോക്ടര്‍ മിയ ജോര്‍ജ്ജിന്റെ കൈകളില്‍ ഭദ്രം. ഇടയ്ക്ക് ചിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചില നിലപാടുകളെടുത്ത മിയയുടെ ഡോ ഷെറിന് നേടിയ കൈയ്യടി കുറച്ചൊന്നുമല്ല. ജയരാജ് വാര്യര്‍, അരുണ്‍, സംസ്കൃതി ഷേണായി എന്നിവരാരും മോശമാക്കിയില്ല. അഞ്ച് സംവിധായകരാണ് വിവിധ വ്യത്യസ്ത വേഷങ്ങളില്‍ ചിത്രത്തില്‍ അണിനിരന്നത്. രഞ്ജി പണിക്കര്‍, മധുപാല്‍, മേജര്‍ രവി, ശ്യമപ്രസാദ്, വികെ പ്രകാശ് എന്നിവര്‍. ചിത്രം ക്ലൈമാക്സിലെത്തുമ്പോള്‍ കഥയുടെ ഗതി മാറിമറിയുമ്പോള്‍ മേജര്‍ രവി അവതരിപ്പിച്ച നേവി ഓഫീസര്‍ ഇന്ത്യന്‍ നേവിയെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന ചില വാചകങ്ങള്‍ തീയ്യേറ്ററിനെ ഇളക്കി മറിച്ചു. കോരിത്തരിപ്പിച്ചു. വികാരം മുറ്റിയ രംഗങ്ങളോ, ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ അല്ല സിനിമകളെ നിയന്ത്രിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. അനാര്‍ക്കലിയെ പ്രണയിച്ച സലീമിനെപ്പോലെ നാദിറയെ പ്രണയിച്ച ശാന്തനുവിന്റെ കഥ ആസ്വാദ്യകരമാകുന്നത് ഇങ്ങനെയൊക്കെയാണ്.
പ്രണയം മരണം പോലെ സത്യമാണത്രേ. കാത്തിരിക്കാം എന്ന വാക്ക് കമിതാക്കള്‍ക്ക് ജീവിക്കാന്‍ നല്കുന്ന പ്രേരണ കുറച്ചൊന്നുമല്ല. പ്രണയം സത്യമാകുമ്പോള്‍ ആ കാത്തിരിപ്പിന് സുഖം കൂടും. ആ പ്രണയം സ്വന്തമാക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ ആരും മടിക്കുന്നില്ല. മരണം വരെ കാത്തിരിക്കാന്‍ പോലും. ഇത് സ്ഥിരം കാവ്ചകള്‍ തന്നെ. പക്ഷെ സിനിമയിലാകുമ്പോള്‍ അത് സമീപിച്ച രീതി വ്യത്യസ്തമാകുമ്പോള് അത് പ്രേക്ഷകന് ആസ്വാദ്യകരമാകുന്നു. കാത്തിരിക്കാന്‍ മനസുണ്ടെങ്കില്‍ ദൈര്യമായി പോയി കാണാം, ശാന്തനു-നാദിറ പ്രണയം പറഞ്ഞ അനാര്‍ക്കലി.