പത്ത് എണ്ണുന്നതിനുള്ളില്‍ എന്ത് പ്രശ്‌നവും പരിഹരിക്കുന്ന നായകന്‍, പത്ത് നിമിഷത്തിനുള്ളില്‍ തീയ്യേറ്റര്‍ വിട്ടിറങ്ങി പോകാന്‍ കൊതിക്കുന്ന പ്രേക്ഷകര്‍. പാഞ്ഞു പോകുന്ന കാറുകള്‍ കണ്ടാല്‍ അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ചിത്രത്തിലെ നായകനുണ്ടാകുമെന്ന് തീര്‍ച്ച. അമാനുഷിക പ്രകടനങ്ങളും, കാറിന്‍രെ കാതടപ്പിക്കുന്ന ഒച്ചയും, നിര്‍ത്താതെയുള്ള ഇടിയും പിന്നെ സമാന്തരമായ ഒരു പ്രണയവും ഇതാണ് പത്ത് എണ്ണുന്നതിനുള്ളില്‍ പ്രേക്ഷകനെ ഒരേ പോലെ വെറുപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യാന്‍ പോന്ന പത്ത് എണ്‍റതുക്കുളഅളൈ.
ഗോലി സോഡ എന്ന വ്യത്യസ്ത വിരുന്നൊരുക്കിയ വിജയ് മില്‍ട്ടണ്‍ ഇവിടെയും വ്യത്യസ്തതയ്ക്ക് കുറവ് വരുത്തിയില്ല. തനി തമിഴ് പടമാകാതെ കടുത്ത വിക്രം ആരാധകര്‍ക്ക്, അല്ലെങ്കില്‍ തമിഴ് സിനിമകളിലെ അതിമാനുഷിക പ്രകടനങ്ങള്‍ ആസ്വദിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. മിനിട്ടു വച്ച് പ്രേക്ഷകരെ മടുപ്പിക്കാനെത്തുന്ന പാട്ടുകള്‍ എന്ന പതിവ് തമിഴ് ശൈലിയ്ക്ക് മാറ്റം വരുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെയു വിജയ് മില്‍ട്ടന്‍ വ്യത്യസ്തനായി. ചാര്‍മിയുടെ ഐറ്റം ഡാന്‍സ് ചിത്രത്തില്‍ അധികപറ്റായി അവതരിപ്പിച്ചു. ഒരാവശ്യവുമില്ലാതെ. മേനി പ്രദര്‍ശനമാണ് ഉദ്ദേശിച്ചതെങ്കില്‍ ഓകെ. ചാര്‍മിയും സംഘവും തകര്‍ത്തു. പിഴവുകളില്ലാത്ത തിരക്കഥ എന്നൊന്നും പറയാനാകില്ല, കാരണം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത, പ്രേക്ഷകരെ വിദഗ്ധമായി പറ്റിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള കാര്‍ യാത്രയും, റെയില്‍വേ പാളത്തിലൂടെ കാറോടിക്കുന്നതും, മരത്തിന് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന നായികയുടെ അസാമാന്യ പ്രകടനും, അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകന് കല്ലു കടിയ്ക്കുന്നുണ്ട്. മാസ് എന്റര്‍ടൈനര്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്ന എന്നാല്‍ വിക്രമിന്റെ ഗ്ലാമറും, ഡാന്‍സും ആവോളം ഉപയോഗിക്കാന്‍ പാകത്തില്‍ ഒരുക്കിയ തിരക്കഥയായിരുന്നു പത്ത് എന്‍ട്രതുക്കുള്ളൈയുടേത്. വിജയ് മില്‍ട്ടന്‍ എന്ന സംവിധായകന്‍ കാര്യമായി പരീക്ഷിക്കപ്പെടാത്ത ചിത്രം കൂടിയാണിത്. വേറിട്ടൊരു പ്രമേയം കൊണ്ടു വരാന്‍ ശ്രമിക്കുന്നുണടെങ്കിലും അതൊരു അടിത്തറ മാത്രമായി അവശേഷിക്കുന്നു. ബാക്കിയെല്ലാം സ്ഥിരം സ്റ്റണ്ടും, ഡയലോഗും, പ്രണയവും, പാട്ടുകളുമായി മാറഉന്നു. സംവിധായകന്‍ ആഗ്രഹിച്ച വ്‌യത്യസ്തത ഇതാണോ എന്തോ. പ്രേക്ഷകരെ പിടിച്ചിരുത്താനോ ചിന്തിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിലും കാര്യായി ബോറടിപ്പിക്കാതെ എന്നാല്‍ ഒരു ആവറേജ് ചിത്രമായി അവശേഷിച്ചു. പ്രണയം ചിത്രീകരിച്ചിടത്തൊന്നും ഒരു ഫീല്‍ കൊണ്ടുവരാനായില്ല എന്നത് പരാജയം തന്നെ. പിന്നെ കാറിന്റെ സ്പീഡല്ലാതെ സിനിമയിലൊരിടത്തും പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം ഓടിക്കാനും കഴിഞ്ഞില്ല. മടുപ്പിക്കുന്ന ചില രംഗങ്ങളില്‍ പ്രേക്ഷകന്‍ അന്തം വിടും. എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത്. പക്ഷെ അതൊക്കെ അല്പ നേരത്തേക്ക് മാത്രമാണ്. പിന്നെ ഇടയ്ക്കിടെ ഇടി, കിടിലന്‍ ഡയലോഗുകള്‍. അത് സംവിധായകനും തിരക്കഥാകൃത്തുമായ വിജയ് മില്‍ട്ടന്റെ തന്ത്രമായിരുന്നിരിക്കണം. പ്രേക്ഷകനെ ശബ്ദം കൊണ്ടും, കാഴ്ചകള്‍ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തി. പക്ഷെ വിഎഫ്എക്‌സ് ശരിക്കും മടുപ്പിച്ചു. വിക്രമിന്റെ എന്‍ട്രിയടക്കമുള്ള രംഗങ്ങള്‍ വിഷ്വല്‍ ഇഫക്ട്‌സില്‍ നശിപ്പിച്ചു.
വടക്കേ ഇന്ത്യയില്‍ മാത്രമല്ല കേരളത്തിലടക്കം രാജ്യത്താകമാനം അസിഷ്ണുത സൃഷ്ടിക്കുന്ന ജാതിക്കോമരങ്ങളുടെ ദുഷ്പ്രവണതകള്‍ തന്നെയായിരുന്നു ചിത്രം ചര്‍ച്ച ചെയ്ത രാഷ്ട്രീയം. മേല്‍ജാതിക്കാരനും കീഴ്ജാതിക്കാരനും തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. പക്ഷെ അത് പ്രമേയത്തില്‍ മാത്രകമായി ഒതുങ്ങിയപ്പോള്‍ ചിത്രം പതിവ് എന്റര്‍ടൈനര്‍ മൂഡില്‍ യാത്ര ചെയ്തു. അതെവിടേയും ഇടിച്ചു നില്‍ക്കാതിരുന്നത് ഭാഗ്യം.
ജാതി പ്രശ്‌നത്തില്‍ അടിത്തറയിട്ട് അമാനുഷീകതയില്‍ പടുത്തുയര്‍ത്തിയ ഒരു അസ്വഭാവീക ചിത്രം. അതാണ് പത്ത് എന്‍ട്രതുക്കുള്ളൈ. പ്രായത്തില്‍ കവിഞ്ഞ പ്രകടനച്ചിലൂടെ ഒരിക്കല്‍ കൂടി വിക്രം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. താരത്തിന്റെ മുന്‍ പ്രകടനങ്ങളോട് താരതമ്യപ്പെടുത്താനാകില്ലെങ്കിലും ഭേദം തന്നെ. പിന്നെ അഭിനയത്തിന്റെ കാര്യം, അതിന് തിരക്കഥ വിക്രത്തെ അനുവദിക്കുന്നില്ല. കാരണം അതിനും മാത്രമുള്ള രംഗങ്ങളൊന്നും തിരക്കഥയിലില്ല എന്നത് തന്നെ. പക്ഷെ ഉള്ളത് വൃത്തിയാക്കി സ്‌ക്രീനിലെത്തിക്കാന്‍ ചീയാനായി. ഇനി സമാന്തയാണെങ്കിലോ പതിവില്‍ നിന്നും വ്യത്യസ്തമായ വേഷം തന്നെ. ഷക്കീല എന്ന പേരും തികച്ചും വ്യത്യസ്തമായ ഇരട്ട വേഷവും. പതിവ് ശൈലികളില്‍ നിന്നും മാറി പ്രാധാന്യമുള്ള നായിക വേഷം തന്നെ. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിലെ കീ റോള്‍ ചെയ്തിരിക്കുന്നത് സമാന്ത തന്നെയാണ്. പിന്നെ സമാന്തയുടെ അല്ലറ ചില്ലറ ഗ്ലാമറസ് രംഗങ്ങള്‍, അല്ലെങ്കില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ചില രംഗങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. ചില സ്പര്‍ശനങ്ങള്‍, ചില ചുംബനങ്ങള്‍. പ്രേക്ഷകര്‍ക്ക് സുപരിചിതവും അല്ലാത്തതുമായി മറ്റ് നിരവധി താരങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നു. തമിഴ്‌നാടിന് പുറമെ വടക്കേ ഇന്ത്യയും കുറച്ച് നേപ്പാളും ചിത്രത്തിലെത്തുന്നുണ്ട്. നേപ്പാളിന്റെ ദൃശ്യഭംഗി തനിമ ചോരാതെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ കെ എം ഭാസ്‌ക്കരന്റെ ഛായാഗ്രഹണം ശ്രദ്ധിച്ചു. നേപ്പാളിലെ ക്ഷേത്രങ്ങളുടേയും തനത് നേപ്പാള്‍ വീടുകളുടേയും ചാരുതയും, ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള യാത്രയും, മസൂറിയുടെ മനോഹര ദൃശ്യങ്ങളും കെ എം ഭാസ്‌ക്കരന്‍ എന്ന ക്യാമറാമാന്റെ കൈയ്യില്‍ ഭദ്രം. ഐറ്റം ഗാനമടക്കമുള്ള സംഗീതവും മടുപ്പിച്ചില്ല. ഡി ഇമ്മന്റെ സംഗീതം ചിത്രത്തിന് മിഴിവ് കൂട്ടി. പക്ഷെ ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന കാതടപ്പിക്കുന്ന ടൈറ്റില്‍ സോംഗ് അരോചകമായി. ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനം എടുത്തു പറയേണ്ടത് തന്നെ. നിലവാരം പുലര്‍ത്തിയ എഡിറ്റിംഗ്. രംഗങ്ങളില്‍ നിന്നും രംഗങ്ങളിലേക്കുള്ള കൂടുമാറ്റവും, ഗാനരംഗങ്ങളും ശ്രീകര്‍ പ്രസാദിന്റെ മിടുക്കില്‍ മികവ് കാട്ടി. സ്റ്റണ്ടും നിലവാരം പുലര്‍ത്തി. ഓരോ വിഭാഗം വില്ലന്‍മാര്‍ക്കും ഓരോ തരത്തിലുള്ള ഇടി. അത് കൊള്ളാം, പിന്നെ കോട്ടും സ്യൂട്ടുമിട്ട വില്ലന്‍മാരെല്ലാം കത്തിയും, വടിവാളുമായി സ്റ്റണ്ടിനിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ ഒന്നമ്പരക്കും. എന്നാലും പോട്ടെ. ഇടിയല്ലെ.
ജാതി പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ പത്ത് എന്‍ട്രതുക്കുള്ളൈ, ഒരു മാസ് എന്റര്‍ടൈനര്‍ ഗണത്തില്‍ പെടുത്താനാവില്ല. ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള യാത്ര എന്ന തരത്തില്‍ ഒരു ട്രാവല്‍ മൂവി ഗണത്തില്‍ പെടുത്താമോ എന്നു ചോദിച്ചാല്‍ ഇതൊരു കംപ്ലീറ്റ് ട്രാവല്‍ മൂവിയുമല്ല. എന്നാലും അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ ചില അമാനുഷിക പ്രകടനങ്ങള്‍ക്ക് കണ്ണടച്ചാല്‍ വിജയ് മില്‍ട്ടനെ കുറ്റം പറയാതെ സിനിമ കണ്ടിറങ്ങാം.
No comments:
Post a Comment