Saturday, 26 April 2014

പോരാട്ടങ്ങളുട രാഷ്ട്രീയം



'ഞങ്ങളുടെ കിളിര്‍പ്പുകള്‍ക്ക്
ഒരാകാശം കിട്ടുന്നു
ഉഷ്ണ വേദനകള്‍ക്ക്
ഒരു തണല്‍ കിട്ടുന്നു.
പിന്നെയും പിന്നെയും പിമ്പെ വരുന്നവര്‍ക്ക്
ഒരു ജീവന്‍ സ്മൃതി കിട്ടുന്നു
പൂര്‍വ്വ ശേഷിപ്പായി
ഒരു തരി മണ്ണു കിട്ടുന്നു.'

    ഒരു തരി മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ഭൂസമരമെന്നും, ഭൂപരിഷ്‌കരണമെന്നും വിളിക്കുമ്പോഴും മലയാളി അടുത്തിടെ ശ്രദ്ധിച്ച ഒരു വാക്കാണു ഹരിതരാഷ്ട്രീയം എന്നത്. ഏതാനും യുവ രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒന്നല്ല ഹരിതരാഷ്ട്രീയം. രാഷ്ട്രത്തെ സംബന്ധിക്കുന്നതെല്ലാം  രാഷ്ട്രീയമാണന്നത് പോലെ ഹരിതാഭമായ രാജ്യത്തെ സംബന്ധിക്കുന്നത് ഹരിതരാഷ്ട്രീയവുമാകാം. എന്നാല്‍ അടിസ്ഥാന പക്ഷത്ത് നിന്നു കൊണ്ട് പൊതു രാഷ്ട്രീയത്തെ നിര്‍ണ്ണായകമാക്കുന്നത് എന്തോ അത് ഹരിതരാഷ്ട്രീയമാണ്. ഊര്‍ജ്ജത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഊര്‍ജ്ജരാഷ്ട്രീയമാണങ്കല്‍ പരിസ്ഥിതിയെ സംബന്ധിക്കുന്നത് തീര്‍ച്ചയായും ഹരിതരാഷ്ട്രീയം തന്നെയാണ്. ഭാരതത്തിലങ്ങോളമിങ്ങോളം ഹരിതരാഷ്ട്രീയത്തിന്റെ അലയൊലികള്‍ ആഞ്ഞടിച്ചിട്ടുണ്‍്. നര്‍മ്മദ ബച്ചാവോ ആന്തോളന്‍, സൈലന്റ് വാലി സമരം, ആതിരപ്പള്ളി, ചാലക്കുടി പുഴ പ്രശ്‌നം തുടങ്ങി നെല്ലിയാമ്പതിയിലുമെത്തി ആ രാഷ്ട്രീയ അലകള്‍. പരിസ്ഥിതിയെന്നാല്‍ പ്രകൃതി മാത്രമാണോ? അങ്ങനെ കരുതുന്നവര്‍ക്ക് തെറ്റി. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളെല്ലാം ഹരിതരാഷ്ട്രീയ സമരങ്ങളാണ്.
    ഉടമസ്ഥനില്ലാത്തതിന് ഉടമസ്ഥാവകാശം, കൈയടക്കുന്നവനോടുള്ള പ്രതിരോധം, അരാഷ്ട്രീയവല്‍ക്കരണം കാരണം പ്രാദേശവല്‍ക്കരിച്ച് പോയ പ്രതിഭാസം, സ്വയം ചരിത്രവും സ്വഭാവതനിമയുമുള്ള സമര മാര്‍ഗ്ഗം, അധിനിവേശത്തിനെതിരായുള്ള അടരാട്ടം, അധികാരത്തിനും വര്‍ഗ്ഗവിവേചനത്തിനും വംശീയ വിധ്വേഷത്തിനുമെതിരായി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സാധാരണക്കാരന്റെ ആര്‍ത്തനാദം ഇവയെല്ലാം ഹരിത രാഷ്ട്രായത്തിന്റെ അലയൊലികളാണ്.
    കേരളത്തില്‍ ചില വക്താക്കള്‍ മുന്നോട്ടുവച്ച ഹരിത രാഷ്ട്രീയത്തിന്റെ വീണ്ടുവിചാരങ്ങള്‍ എന്തെല്ലാമാണ്? ഭരണവര്‍ഗ്ഗത്തില്‍ സ്വാധീനം ചെലുത്താനാകുന്നവന്‍,  പരിസ്ഥിതി വാദികള്‍ രാഷ്ട്ര -പരിസ്ഥിതി സംരക്ഷണത്തിന് ഒരുമ്പെടുകയായിരുന്നു. കേരള രാഷ്ട്രീയത്തിലെ ' പുലിക്കുട്ടി 'കളുടേത് സദുദ്ദേശപരമായ നീക്കമായിരുന്നോ എന്നറിയാന്‍ അവരോട് തന്നെ ചോദിക്കണം. ഭരണകൂടത്തില്‍ സ്വാധീനമുള്ളതിനാല്‍ സമ്മദിദാന അവകാശം നല്‍കി നിയമസഭയുടെ അകത്തളങ്ങളിലേക്കയച്ചവര്‍ക്ക് മുന്‍പില്‍ ഒന്നു ഷൈന്‍ ചെയ്യണമെങ്കില്‍ എന്തങ്കിലുമൊക്കെ ചെയ്യണ്ടെ? . . . തങ്ങളുടെ മാതൃസംഘടനയുടെ തലപ്പത്തിരിക്കുന്നവരെല്ലാം പോഷക സംഘടനകളിലെ വിഖ്യാതമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരായിരുന്നു.  ഭാവിയിലെങ്കിലും നേതാവാകണമെങ്കില്‍ ഏതെങ്കിലും സമരം നയിക്കണ്ടെ? . . . ഇതൊന്നുമില്ലങ്കിലും വിഷയം പരിസ്ഥിതിയാകുമ്പോള്‍ നാലാള്‍ ശ്രദ്ധിക്കും, മന്ത്രിസഭയില്‍ വല്ല ഒഴിവും വന്നാല്‍ ആ വിടവില്‍ കയറിപ്പറ്റാന്‍ തലമൂത്ത നേതാക്കന്‍മാര്‍ അനുവദിച്ചാലോ? . . . എന്തൊക്കെയായാലും ഇവയൊന്നും നോക്കിയിട്ടല്ല നല്ല ഉദ്ദേശ്യത്തോടുകൂടി പ്രകൃതിസംരക്ഷണമായിരുന്നു കുട്ടിനേതാക്കളുടെ ലക്ഷ്യമെങ്കില്‍ അവര്‍ക്കും കേരളപരിസ്ഥിതിക്കും കൊള്ളാം.
    ഭരണവും നിയമ നിര്‍മാണവും മാത്രമല്ല സാമൂഹികപ്രതിബദ്ധതയും നിറഞ്ഞതാണ ് രാഷ്ട്രീയം എന്നതിന്റെ അനന്തരഫലമാണ് ഹരിത രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങള്‍. നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല അവ നടപ്പിലാക്കാനും, അതിന് കഴിഞ്ഞില്ലങ്കില്‍ നിയമധ്വംസനത്തിനെതിരായി ശക്തമായ ശബ്ദമുയര്‍ത്താനും, ജനപിന്തുണ നേടാനുമാവുക എന്നത് ചെറിയകാര്യമല്ല. 1964 മുതലുള്ള ഭൂപരിഷ്‌കരണ നിയമവും, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും, കാര്‍ഷിക ബില്ലുകളുമെല്ലാം കേരളത്തിലുള്ളപ്പോഴും ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല എന്നതാണ് ഹരിത രാഷ്ട്രീയത്തിന്റെ ആപ്തവാക്യം. ഭാരതത്തിലെവിടെയും സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നുണ്ട്. കേരളത്തില്‍നിന്നും കുടിയാന്‍ വ്യവസ്ഥയും കുടിയിറക്കലും തുടച്ച് മാറ്റിയതുമാണ്. കുമളിക്കടുത്തുള്ള അമരാവതിയില്‍ സംഭവിച്ചതും, മറ്റ് അതിദാരുണമായ കുടിയിറക്കലുകളും മലയാളി മറക്കാറായിട്ടുമില്ല. അങ്ങനെയുള്ളപ്പോഴാണ് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച്‌കൊണ്ട് കുടിയിറക്കലുകള്‍ ആഘോഷമായി നടക്കുന്നത്. അവിടെ നിലനില്‍പ്പിനായ് പോരടിക്കുന്നവര്‍, ജീവരക്ഷക്കായും മൗലീക അവകാശ സംരക്ഷണത്തിനുമായി അവസാന ശ്വാസം വരെ പ്രതിഷേധത്തിന്റെ പ്രതിരോധം തീര്‍ക്കുന്നവര്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കാനൊരുങ്ങി നില്‍ക്കുന്നത്.
    പാട്ട വ്യവസഥ ലംഘിച്ച തോട്ടങ്ങളും, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടക്കുമ്പോള്‍ ഒരു വിഭാഗത്തിനു സന്തോഷമാകും. ഉടമസ്ഥനില്ലാത്ത ഭൂമിക്ക് സ്വയം ഉടമസ്ഥാവകാശം സൃഷ്ടിച്ച ഭൂസ്വാമിമാര്‍ക്ക് തക്കതായ പ്രതിഫലം കിട്ടിയല്ലോ എന്നോര്‍ത്ത് പ്രകൃതി സ്‌നേഹികളാണ് അവിടെ സന്തോഷിക്കുന്നത്. എന്നാല്‍ 2011 ലെ കണക്കനുസരിച്ച് 15 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്നത്. തോട്ടമായ തോട്ടമെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പിന്നെ ഈ തൊഴിലാളികള്‍ എന്തു ചെയ്യും? ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താതെ തോട്ടം ഏറ്റെടുക്കലും ഒഴിപ്പിക്കലും നടന്നാല്‍ വീണ്ടും പട്ടിണി  മരണങ്ങള്‍ക്കും, സമരങ്ങള്‍ക്കും, തോട്ടം തൊഴിലാളികളുടെ രോദനങ്ങള്‍ക്കും നമ്മള്‍തന്നെ സാക്ഷിയാകേണ്ടി വരും. സര്‍ക്കാര്‍ തോട്ടങ്ങള്‍ മിച്ചഭൂമിയായി കണ്ട് തോട്ടങ്ങള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കിയാല്‍ ലക്ഷക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികള്‍ എന്ത് ചെയ്യും?. അവരെങ്ങോട്ട് പോകും?
    സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വനഭൂമിയല്ലാത്ത തോട്ടങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലോ, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതെങ്കിലും വ്യക്തിയോ, സഥാപനമോ, അതുമല്ലങ്കില്‍ തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് രൂപം കൊടുക്കുന്ന സഹകരണ സംഘങ്ങളോ, വീണ്ടും തോട്ടമായിത്തന്നെ സംരക്ഷിക്കട്ടെ. പ്രകൃതിയും രക്ഷപെടും, തോട്ടം തൊഴിലാളികള്‍ക്ക് അന്നവും കിട്ടും.
    കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന തോട്ടങ്ങളും കേരളത്തിലുണ്ട്. ഇത് പാട്ടക്കരാറിന് വിരുദ്ധമാണന്ന് മാത്രമല്ല  പ്രകൃതിക്കും, ഒരു നേരത്തെ ആഹാരത്തിനും ഒരു കൂരക്കും കൊതിക്കുന്ന സാധാരണക്കാരന് ദോഷവുമാണ്. അവരോടുള്ള ക്രൂരതയുടെ മുഖമാണ് തരിശ് നിലങ്ങള്‍. ചില തോട്ടങ്ങളില്‍ ഭൂമിയുയെ വിസ്തീര്‍ണ്ണവും തൊഴിലാളികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തില്‍ വൈരുധ്യമേറെയാണ്. അതിനര്‍ത്ഥം ധാരാളം ഭൂമി തരിശായി കിടക്കുന്നു എന്നാണ്. ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കട്ടെ. (വാസയോഗ്യമാണങ്കില്‍) ആ തരിശ് ഭൂമികളല്ലെ യഥാര്‍ത്ഥത്തില്‍ മിച്ചഭൂമി. ഇവിടെ മറ്റൊരു പ്രശ്‌നം ഉദിക്കുന്നത് വനഭൂമി കൈയ്യേറി തോട്ടമുണ്ടാക്കിയ കേരളത്തിലെ മാന്യരായ ഭൂപ്രഭൂക്കന്‍മാരാണ്. തിന്ന് തിന്ന് ഭൂമിയെ അപ്പാടെ വിഴുങ്ങാന്‍ യാതൊരു മടിയുമില്ലാത്തവര്‍. ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങള്‍ ചെയ്തത് പോലെ അവിടെയുള്ള ഗ്രാമീണര്‍ ആ വനഭൂമി കൈയ്യേറി അവിടെ നഷ്ടപ്പെട്ട വനസൗന്ദര്യം പുനസൃഷ്ടിക്കാന്‍ ഒരുങ്ങിയാല്‍ അതിനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഒത്താശയോടെ ഭൂപ്രഭൂക്കന്‍മാര്‍ ശ്രമിക്കും. പിന്നെയുള്ള ഏക പോംവഴി അധികാര ധന മോഹമില്ലാത്ത കേരളത്തിലെ പണച്ചാക്കുകളുടെ മുന്നില്‍ പതറാത്ത സംസ്‌കാര സമ്പന്നരായ അധികാരി വര്‍ഗ്ഗം രുപം കൊള്ളുകയും നഷ്ടപ്പെട്ട വന മേഖലയില്‍ വനവല്‍ക്കരണം നടത്താനുള്ള ആര്‍ജ്ജവം കാണിക്കുകയും ചെയ്യുക എന്നതാണ്.
     ഹരിത രാഷ്ട്രീയക്കാരും മറ്റനവധി സമുന്നത നേതാക്കളും ശക്തമായി എതിര്‍ക്കുന്ന ഒന്നായിരുന്നു ഭൂപരിഷ്‌കരണ നിയമത്തില്‍ 2002 ല്‍ കൊണ്ടുവന്ന ഭേദഗതി. 1964 ല്‍ നിയമത്തില്ലിലാതിരുന്ന കശുമാവും, വാനിലയും ഔഷധസസ്യങ്ങളും തോട്ടങ്ങളുടെ പരിധിയില്‍ എത്തിച്ചതാണ് 2002 ലെ പ്രധാന ഭേദഗതി. കേരളത്തിന് കയറ്റുമതിയിനത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന കശുമാവും, വാനിലയും തോട്ടത്തിന്റെ പരിധിയില്‍ വരുന്നത് അത്ര വലിയ അപരാധമാണോ? കടല്‍ കടന്നെത്തിയ വിദേശി അകൃഷ്ടനായ കശുവണ്ടി കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ഇടം നേടിയ കാര്‍ഷിക വിളയാണ്. ചെറുകിട കര്‍ഷകന്‍ 5 ഏക്കറില്‍ കശുമാവ് കൃഷി ചെയ്താല്‍ അത് തോട്ടമാകില്ലെ? 76,000 ല്‍ അധികം ഏക്കര്‍ (രേഖകളില്‍)ഭൂമി കൈവശമുള്ള കേരളത്തിലെ ഏറ്റവും വലിയ ഭൂഉടമയായ ഹാരിസണ്‍ മാത്രമല്ലല്ലോ തോട്ടക്കാരന്‍. ഔഷധസസ്യങ്ങളെ തോട്ടങ്ങളുടെ പരിധിയില്‍പ്പെടുത്തിയത് നന്നായി എന്നാണ് നമ്മ്ുടെ പരിസ്ഥിതി വിളിച്ച് പറയുന്നത്. കാരണം വംശനാശം സംഭവിക്കുന്നതും എന്നാല്‍ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഗുണം ചെയ്യുന്നതുമായ  ഔഷധസസ്യങ്ങല്‍ അങ്ങനെയെങ്കിലും സംരക്ഷിക്കപ്പെടട്ടെ. അതിന്റെ മറവിലുള്ള ചൂഷണം തടയാന്‍ ശ്രമിക്കുന്നതായിരിക്കും വിമര്‍ശനങ്ങളെക്കാള്‍ നല്ലത്. അത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും. കുടിയിറക്കലുകള്‍ കേരളത്തിന് പുതിയ അനുഭവമല്ല. ഇനി ഏതെങ്കിലും ആവശ്യത്തിനായി (ആവശ്യത്തിന് മാത്രം) കുടയിറക്കേണ്ടി വന്നാല്‍ അത് പുനരധിവാസത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയതിന് ശേഷമാകണം. അതും പരിസ്ഥിതി സംരക്ഷണമാണ്. അതിനായുള്ള ശബ്ദമുയര്‍ത്തലും ഹരിത രാഷ്ട്രീയമാണ്.
    ശ്രദ്ധേയമായ മറ്റൊരു നിലപാടാണ് നദീതടങ്ങളിലേക്ക് ഇറങ്ങി വരുന്ന ഹരിത രാഷ്ട്രീയം. ചാലക്കുടിപുഴയും, ആതിരപ്പള്ളി പദ്ധതിയും പറയുന്നതും ഇതു തന്നെയാണ്. അവസാന ശ്വാസത്തിനായി കേഴുന്ന ജലസ്രോതസ്സുകള്‍ക്ക് വേണ്ടിയുള്ള ശബ്ദം കേവലം ഒരു സുഗതകുമാരിയിലൊതുങ്ങിപ്പോവരുത്. ഖദറിനുള്ളിലെ ' പച്ച 'മനുഷ്യന്‍ മറ്റൊരു സുഗതകുമാരിയാകട്ടെ. പ്രകൃതിയുടെ ജീവനാഡികളാണ് ജലസ്രോതസ്സുകള്‍. അതിനെ സംരക്ഷിക്കാതെ എന്ത് ഹരിതരാഷ്ട്രീയം?എന്ത് പരിസ്ഥിതി വാദം. നദീസംയോജനത്തിന് സുപ്രീം കോടതി വിധി നിലവിലുണ്ട്. എന്നാല്‍ കേരളത്തിലെ പമ്പയും അച്ചന്‍കോവിലും സംയോജിപ്പിച്ച് തമിഴ്‌നാടിന് ജലസേചനം ഒരുക്കിയാല്‍ വേമ്പനാട്ടുകായല്‍മറ്റൊരു ദുരന്തത്തിന് പാത്രമാകും. കേരളത്തിന്റെ നല്ലൊരു ഭാഗം മരുഭൂമിക്ക് തുല്യമാകും. തോട്ടം ഏറ്റെടുക്കാനും, തൊഴിലാളികളെയും, ആദിവാസികളെയും, ദളിതനെയും കുടിയിറക്കാനും വെമ്പല്‍ കൊള്ളുന്ന ഹരിതരാഷ്ട്രീയക്കാരാ ഇങ്ങോട്ടു നോക്ക്! ഈ നദികള്‍ മരണ ശയ്യയിലാണ്. ജീവാവുഷധം സംരക്ഷണം മാത്രമാണ്. അധികാരത്തിന്റെയും  ഭരണവര്‍ഗ്ഗത്തിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും കറപിടിച്ച് കറുത്ത് പോയ നിന്റെ പുറം കുപ്പായം ഊരിയെറിഞ്ഞ് മരിക്കാന്‍ കിടക്കുന്ന നിന്റെ ജീവന്റെ ആധാരമായ, നിന്റെ നിലനില്‍പ്പിന്റെ, കാലിനടിയിലെ അവസാന തരിമണ്ണായ ഈ ജലസ്രോതസ്സുകള്‍ക്ക്
വേണ്ടി നിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഉയരട്ടെ, കിരാതമായ ചിന്തകളാലും പൈശാചികമായ പ്രവര്‍ത്തികളാലും മനുഷ്യത്യരഹിതമായ നടപടികളാലും നെറികെട്ട് പോയ നിന്റെ പ്രവൃത്തികളും ഉപേക്ഷിച്ച താഴേക്കിറങ്ങി വാ. അതാണ് ഹരിതരാഷ്ട്രീയം. അലക്കി തേച്ച ഖദറിനുള്ളില്‍ ഇരുന്ന് അലങ്കാരിക ഭാഷാപ്രയോഗവും നാവിലേറ്റി തോട്ടങ്ങളും വനവും സന്ദര്‍ശിക്കാനല്ല നിന്നെ ഈ ജനം തെരഞ്ഞെടുത്തത്. അധികാര മോഹത്തിന്റെ കല്‍ക്കെട്ടില്‍ അള്ളിപിടിക്കാതെ നിന്നിലെ മനുഷ്യനെ പുറത്ത് കൊണ്ടുവന്ന് നിന്റെ പ്രകൃതിക്ക് വേണ്ടി, ഇനിയും മരിക്കാത്ത അല്പപ്രാണമായ ഈ നാടിന് വേണ്ടി പ്രവൃത്തിക്കാന്‍ തയ്യാറാകുക.
    ജലം,ഭൂമി, തൊഴില്‍ ഇവ മൂന്നും അടിസഥാന ഘടകങ്ങളാണല്ലോ.നിലനില്‍പ്പിനായുള്ള ഭൂമിയും സാമൂഹ്യതക്കായുള്ള തൊഴിലും ലഭിക്കുമ്പോള്‍ ഒരാള്‍ അടിസഥാന പക്ഷമുള്ള മനുഷ്യനാകുന്നു. ഇവക്കായുളള പോരാട്ടങ്ങളെല്ലാം ഹരിതരാഷ്ട്രീയമാകുന്നു. കേരളത്തിന്റെ ഭൂരിഭാഗം വരുന്ന അടിസഥാനവര്‍ഗ്ഗത്തിന്റെ  നിലനില്‍പ്പിനും ഉന്നമനത്തിനുമായുള്ള പോരാട്ടങ്ങള്‍ ഹരിതരാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുമ്പോള്‍ കാല ദേശാന്തരങ്ങളുടെ അതിര്‍വരമ്പുകളെ ഭേദിക്കുന്ന വിപ്ലവമായോ രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തനമായോ ഹരിതരാഷ്ട്രീയത്തെ കണക്കാക്കാം. യുവ മനസ്സുകളില്‍ വിതറുന്ന മാറ്റത്തിന്റെ തീപ്പൊരികള്‍ ആളികത്തുക തന്നെ ചെയ്യും, തലവുറകളിലൂടെ.
    'കുറച്ചാളുകള്‍ ഒരു ദിവസം പത്ത് നേരം
    ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാളുകള്‍
    പത്ത് ദിവസം കൂടുമ്പോള്‍ ഒരു നേരമെങ്കിലും
    വയര്‍ നിറക്കാനാഗ്രഹിക്കുന്നു '
        ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുവാന്‍ ഹരിതരാഷ്ട്രീയത്തിനോ മറ്റേതങ്കിലും രാഷ്രീയത്തിനോ കഴിയുമെങ്കില്‍ അതാണെന്റെ രാഷ്ട്രീയം.
   


ഫെഫ്ക


മലയാള ചലച്ചിത്ര മേഖലയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തു വരുന്നു. മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കല്പിച്ച പ്രദര്‍ശന വിലക്കാണ് ചലച്ചിത്ര മേഖലയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങളെ പുറത്തു കൊണ്ടുവന്നത്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ബില്‍ഡിംഗ് ഉദ്ഘാടനത്തില്‍ നിന്നും ഫെഫ്ക വിട്ടുനിന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നാണ് ചലച്ചിത്രമേഖലയിലെ അടക്കം പറച്ചില്‍. എന്നാല്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക് നിലവിലുണ്ട്. ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഫെഫ്കയ്ക്ക് പിന്തുണയുമായി രംഗത്തു വന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡിന് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയ്യറ്റര്‍ ഉടമകള്‍ വിലക്കേര്‍പ്പെടുത്തിയതിനെയും ഇന്നസെന്റ് ശക്തമായി വിമര്‍ശിച്ചു. ലിബര്‍ട്ടി ബഷീറിനെ പിന്തുണക്കുന്ന സമ്പന്നരായ തീയ്യറ്റര്‍ ഉടമകള്‍ വിട്ടു നിന്നാലും സാധാരണക്കാരുടെ തീയ്യറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും, ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യറ്ററുകള്‍ക്ക് സംരംക്ഷണം നല്‍കുമെന്നും ചലച്ചിത്ര ഭാരവാഹികള്‍ പറയുന്നു. ഫെഫ്കയിലും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലും ഉണ്ണികൃഷ്ണനെ എതിര്‍ക്കുന്നവും അനുകൂലിക്കുന്നവരും എന്ന് രണ്ട് പക്ഷമുണ്ടായിക്കഴിഞ്ഞു. മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തലിന് തുടക്കം കുറിച്ച ഉണ്ണികൃഷ്ണനും അതിന്റെ സുഖം അറിയട്ടെ എന്നാണ് സംവിധായകന്‍ വിനയന്‍ ഇന്ന് പ്രതികരിച്ചത്. ഓള്‍ ഇന്‍ഡ്യ ഫിലിം എംപ്ലോയീസ് അസോസിയെഷന്‍ ജറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്റെ താന്‍പോരിമ ആരോപിച്ച് ഒരു വിഭാഗവും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി ലിബര്‍ട്ടി ബഷീറിനെ കുറ്റം ചുമത്തി മറ്റൊരു വിഭാഗവും സമര പ്രഖ്യാപനം നടത്തുമ്പോള്‍ കഷ്ടത്തിലാകുന്നത് സിനിമ കൊണ്ട് ഉപജീവനം നടത്തുന്നവരാണ്.