Monday, 16 November 2015

തോളില് കയറാതെ കഥ പറഞ്ഞ വേതാളം

ഒരു മുഴുനീള തല ചിത്രം. അതാണ് വേതാളം. കാര്യമായ കഥയും കാമ്പുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്തിണക്കിയ ഒരു മാസ് എന്റര്‍ടൈനര്‍. പ്രമേയത്തില്‍ പുതുമയൊന്നുമില്ലെങ്കിലും ചിത്രത്തില്‍ നിരവധി പുതുമകളുമായാണ് വേതാളം എത്തിയത്. ഒരു കംപ്ലീറ്റ് തല ഷോയായി വിശേഷിപ്പിക്കാമെങ്കിലും ചിത്രത്തിന്റെ ക്രെഡിറ്റ് വേതാളം ക്രൂവിലെ നിരവധി പേര്‍ അര്‍ഹിക്കുന്നുണ്ട്. ആരാധകരല്ലാത്തവര്‍ക്ക് ശരാശരി ചിത്രമെന്ന് വിശേഷിപ്പിക്കാമെങ്കിലും ആരാധകര്‍ക്ക് ഇതൊരു മാസ് എന്റര്‍ടൈനര്‍ തന്നെയാണ്.

വേതാളത്തെ നന്നായൊന്ന് എക്‌സ്‌റേ ചെയ്ത് നോക്കിയാല്‍ ചിത്രത്തിന്റെ തല വലിപ്പമുള്ളതും ശരീരം ശോഷിച്ചതുമാണെന്ന് മനസിലാകും. പ്രമേയത്തിലെ പുതുമയില്ലായ്മയും അത്ര കാര്യമായ കഥയില്ലാത്തതും വേതാളത്തിന് തിരിച്ചടിയാകുമെന്ന് തോന്നുമെങ്കിലും അവതരണത്തിലെ വ്യത്യസ്തത വേതാളത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നു. എഴുത്തും സംവിധാനവും ഒരാള്‍ തന്നെയാകുമ്പോള്‍ കാര്യം എളുപ്പമാകുമല്ലോ. ശിവ പ്രേക്ഷകരുടെ വിശ്വാസം തകര്‍ത്തില്ല. കണ്ടും കേട്ടും പരിചയിച്ച കുറേ സംഭവങ്ങള്‍ കൃത്യമായും രസകരമായും അത്ര മടുപ്പിക്കാതെയും കോര്‍ത്തിണക്കാന്‍ ശിവയ്ക്ക് കഴിഞ്ഞു. തിരക്കഥയില്‍ കാര്യമായ പാളിച്ചകളും കണ്ടെത്താനാകില്ല. കാര്യമായ കഥയൊന്നുമില്ലെങ്കിലും ഉള്ളതിലെ വലിച്ചു നീട്ടാതെയും ആറ്റിക്കുറുക്കാതെയും പ്രേക്ഷകന് ആസ്വദിക്കാനാവുന്ന തരത്തില്‍ പേപ്പറിലാക്കാന്‍ ശിവയിലെ തിരക്കഥാകാരനും ശ്രദ്ധിച്ചു. ചിത്രത്തിന്റെ അവതരണത്തില്‍ ശിവയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടി വരും. കാരണം ഒന്നുമല്ലാതിരുന്ന ഒരു പ്രമേയത്തെ മികവോടെയും മിഴിവോടെയും അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. പതിഞ്ഞ താളത്തില്‍ തുടങ്ങി ചടുല ട്രാക്കിലേക്ക് മാറുന്ന ചിത്രം ചിലയിടങ്ങളില്‍ ലാഗിംഗ് ഭീഷണി ഉയര്‍ത്തിയെങ്കിലും സംവിധാനത്തിലെ മികവും ചിത്രസംയോജകന്റെ അവസരോജിതമായ ഇടപെടലും രക്ഷപെടുത്തി. ഓരോരുത്തരേയും കൃത്യമായി വിന്യസിച്ച സംവിധായകന്‍ ശിവയുടെ വിജയം കൂടിയാണ് വേതാളം. പെണ്‍കടത്തിന്റെ രാഷ്ട്രീയം പറയാതെ പറയുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയതല്ല. ഇവിടെയും ചിത്രത്തിന്റെ പ്രധാന പ്രമേയം സഹോദര സ്‌നേഹമാണെങ്കിലും ഇരുവരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയും പെണ്‍കടത്ത് തന്നെ. ഒരാള്‍ ഒറ്റയ്ക്ക് നിരവധി വീരസ്യങ്ങളുടെ കൂട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ ഒരു പാട് പെണ്‍കുട്ടികലെ കടത്തില്‍ നിന്നും രക്ഷപെടുത്തുമ്പോള്‍ ചെറിയൊരു അസ്വാഭീകത തോന്നിയാല്‍ അത്ഭുതപ്പെടാനുമില്ല. തമിഴ്‌നാട്ടില്‍ നിന്നും പെണ്‍കടത്തിനും സെക്‌സ് റാക്കറ്റിനും പിന്നാലെ കൊല്‍ക്കത്തയിലെത്തുന്ന നായകനെ അവിടെ വരെയെത്തിക്കാന്‍ വേണ്ടി സംവിധായകനും തിരക്കഥാക്കാരനും ഏറെ സഞ്ചരിക്കേണ്ടി വന്നു. തമിഴ്‌നാട്ടിലും കൊല്‍ക്കത്തയിലും പിന്നെ  മേമ്പൊടിക്ക് അല്പം വിദേശ രാജ്യങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ വേതാളം അവിടെയൊക്കെ സിനിമയോട് നീതി പുലര്‍ത്തി. ചിത്രത്തിലെ പാട്ടുകളുടെ ചിത്രീകരണവും എടുത്തു പറയേണ്ടത് തന്നെ. അത് ശരിക്കും മാസായി.

അത്യാവശ്യം കോമഡി, സെന്റിമെന്റ്‌സ്, ഡാന്‍സ്, അജിത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്, മനം നിറയ്ക്കുന്ന ചിരി, സഹോദരങ്ങളായ വില്ലന്‍മാര്‍, അത്യാവശ്യത്തിന് ഒരു ട്വിസ്റ്റും. വേതാളം ഏതാണ്ടിങ്ങനെയാണ്. അല്ല ഇങ്ങനെ തന്നെയാണ്. എന്റര്‍ടൈനര്‍ ഗണത്തില്‍ പെടുത്താവുന്ന അജിത്തിന്റെ ഒരു മാസ് ചിത്രമായി വേതാളം നിലനില്‍ക്കുന്നു.

സങ്കേതങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാരും മോശമാക്കിയില്ല. അനിരുദ്ധിന്റെ സംഗീതം ഗാനങ്ങളുടേയും ചിത്രത്തിന്റേയും നിലമാരമുയര്‍ത്തി. തുളച്ചു കയറുന്ന പശ്ചാത്തല സംഗീതം അരോചകമായില്ലെന്ന മാത്രമല്ല, സിനിമയ്‌ക്കൊപ്പം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നും അനിരുദ്ധിന്റെ പ്രതിഭയില്‍ പിറന്ന ഈ അസാധാരണ സംഗീതമായിരുന്നു. ഗാനങ്ങളും, പശ്ചാത്തലവും പരസ്പ്പരം മത്സരിച്ച് മുന്നേറി. സ്റ്റണ്ട് സില്‍വയുടെ ആക്ഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഓരോ ആക്ഷന്‍ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായി. ലോക്കല്‍ സ്റ്റണ്ട് മുതല്‍ നിലവാരമുള്ള ഇടി വരെ സില്‍വയില്‍ നിന്നും പിറന്നു. അതൊക്കെയും പുതുമ നിറഞ്ഞതുമായിരുന്നു. നായകന്‍ ഒറ്റയ്ക്ക് കുറെ പേരെ ഇടിച്ചു തെറിപ്പിക്കുമ്പോഴും പ്രേക്ഷകന് യാതൊരു അസ്വാഭാവീകതയും തോന്നുന്നുമില്ല.

പഞ്ച് ഇടികള്‍ മാത്രം. റൂബെന്റെ ചിത്രസംയോജനവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. വെട്രിയുടെ ക്യാമറയാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഗാനരംഗങ്ങളെ ദൃശ്യസമ്പന്നമാക്കി

യ വെട്രി ആവശ്യമുള്ളിടത്ത് അച്ചടക്കം പാലിച്ചു. മിതത്വവും.

വേതാളം ഗണേശായെത്തിയ തലയാണ് ചിത്രത്തിന്റെ ആത്മാവ്. വീരം, ആരംഭം തുടങ്ങിയ ചിത്രങ്ങളിലേതിന് സമാനമായ കഥാപാത്രമാണെങ്കിലും അജിത്തിന്റെ കൈകളില്‍ നിഷ്‌കളങ്കനായ സഹോദരന്‍ ഗണേശും, റൗഡി വേതാളവും ഭദ്രമായിരുന്നു. കൊല്ലുന്ന ചിരി, അത് മാത്രം മതി ആരാധര്‍ക്കും അല്ലാത്തവര്‍ക്കും ചിത്രവും തലയേയും ഇഷ്ടമാകാന്‍. ചിത്രത്തിന്‍രെ ക്രെഡിറ്റിന് തല തീര്‍ച്ചയായും അര്‍ഹന്‍ തന്നെ. ലക്ഷ്മി മേനോന് ലബിച്ച മികച്ചസ കഥാപാത്രങ്ങളിലൊന്നാവും വേതാളത്തിലെ തമിഴ്. അജിത്തിനൊപ്പം മുഴുനീള കഥാപാത്രം. അത് തീരെ മോശമാക്കിയുമില്ല എന്നാല്‍ നന്നാക്കുകയും ചെയ്തു. ശ്രുതി ഹാസന് വതിവ് പോലെ തന്നെ കാര്യമായിട്ടെന്നല്ല ഒന്നും ചെയ്യാനില്ലായിരുന്നു. ഇടവേളയ്ക്ക് മുന്‍പ് നായകന്റെ വില്ലത്തരം കണ്ടു നില്‍ക്കാന്‍ ഒരാള്‍, അതിന് ശ്രുതി ഹാസന്‍ തന്നെ വേണമെന്നില്ലായിരുന്നു. പിന്നെ മുന്‍ചിത്രങ്ങളിലേത് പോലെ കാര്യമായ ശരീരപ്രദര്‍ശനം ഇല്ലാതിരുന്നതും തുണയായി. തെന്നിന്ത്യന്‍ സിനിമകളില്‍ സ്ഥിരം വില്ലനായി മാറിയ രാഹുല്‍ ദേവ് തന്റെ ഭാഗം ഭംഗിയാക്കി. അശ്വിന്‍, രാജേന്ദ്രന്‍, സൂരി, കോവൈ സരള തുടങ്ങിയവരും കഥാപാത്രങ്ങളില്‍ മികവ് പുലര്‍ത്തി. തല ആരാധകര്‍ക്ക് മാസും അല്ലാത്തവര്‍ക്ക് മാസല്ലാതെയും വന്ന വേതാളം അജിത്തിനും, ശിവയ്ക്കും പ്രേക്ഷകര്‍ക്കും ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ തന്നെയാകും സമ്മാനിക്കുക എന്നുറപ്പ്.

വിക്രമാദിത്യന്റെ തോളിലിരിക്കുന്ന വേതാളമല്ല, ഇത് പ്രേക്ഷകര്‍ തോളിലേറ്റിയ വേതാളമാണ്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു തലമുറയുടെ നിലവിലെ അവസ്ഥ. മനുഷ്യ ജീവനും പണവും ത്രീസിലിട്ടു തൂക്കുമ്പോള്‍ പകച്ചു പോകുന്ന മനുഷ്യന്‍രെ നിസഹായവസ്ഥ, പെണ്‍കടത്തിന്റെ കാഴ്ചകള്‍ അങ്ങനെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ തന്നെയാണ് വേതാളം പറയുന്നത്. ഇത് വിക്രമാദിത്യനോട് പറഞ്ഞ കഥയല്ല. അത്യാവസ്യം ആസ്വദിച്ച് കണ്ടിരിക്കാം, വേതാളത്തേയും കൂട്ടരേയും.


No comments:

Post a Comment