Friday, 8 August 2014

ഞാന്‍ സ്റ്റീവ് ലോപ്പസ് അഥവാ പുതുമകള്‍ നിറഞ്ഞ കവിത.


ഈ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ആദ്യ ചിത്രം, അറുപതു പേരടങ്ങുന്ന കളക്ടീവ് ഫേസിന്റെ രണ്ടാമത്തെ സംരംഭം, ഒരു പിടി പുതുമുഖങ്ങള്‍ക്കൊപ്പം തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചിത്രം, പൂര്‍ണ്ണമായും തിരുവനന്തപുരം ലൊക്കേഷനാക്കിയ ചിത്രം ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് തീയ്യറ്ററുകളിലെത്തിയത്. രാജീവ് രവിയും, രാജേഷ് രവിയും, ഗീതു മോഹന്‍ദാസും, സന്തോഷ് എച്ചിക്കാനവും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ വെള്ളിത്തിരയില്‍ വരച്ചിട്ട ഹൃദ്യമായ വരികളായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്. കളക്ടീവ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷഹബാസ് അമനും, തൈക്കുടം ബ്രിഡ്ജും ചേര്‍ന്നായിരുന്നു.
സംഗീതത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്ന രാജീവ് രവി ഈ ചിത്രത്തിലും മ്യൂസിക്കിനും ഗാനങ്ങള്‍ക്കും അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തെരുവുകളില്‍ എന്നു തുടങ്ങുന്ന ഗാനവും അതിന്റെ ഫീമെയ്ല്‍ വേര്‍ഷനും ചിത്രത്തെ കൂടുതല്‍ കാവ്യാത്മകമാക്കി. തീരദേശത്തിന്റെ തനതായ ശൈലിയില്‍ ഒരുങ്ങിയ ഗാനവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ജാസിഗിഫ്റ്റിന്റെ ആലാപനം ഗാനത്തെ കൂടുതല്‍ മനോഹരമാക്കി. ഇനി ചിത്രത്തിലേക്ക് വരാം.
സ്റ്റീവും (ഫര്‍ഹാല്‍ ഫാസില്‍) അഞ്ജലിയുമാണ് (അഹാന കൃഷ്ണകുമാര്‍) ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തിരുവന്തപുരം നഗരത്തില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ആധുനിക യുവത്വത്തിന്റെ പ്രതിനിധിയാണ് സ്റ്റീവ്. പ്രണയത്തിനപ്പുറത്ത് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങുന്ന സ്റ്റീവിന്റെ ജീവിതമാമ് ചിത്രം. അഞ്ജലിയില്ലാതെ സ്റ്റീവ് പൂര്‍ത്തിയീകുന്നില്ല. ചിത്രത്തിന്റെ നേര്‍ പാതിയാണ് അഞ്ജലി. തിരുവന്തപുരം ലൊക്കേഷനായിട്ടും പ്രാദേശികതയോ, സംസാര ശൈലിയുടെ അഭംഗികളോ ചിത്രത്തില്‍ നിഴലിച്ചിരുന്നില്ല.
 2013 ല്‍ പുറത്തിറങ്ങിയ രാജീവ് രവിയുടെ ആദ്യ ചിത്രമായ അന്നയും റസൂലുമിന്റെ മറ്റൊരു പതിപ്പാണ് ഞാന്‍ സ്റ്റീവ് ലേപ്പസ്. പ്രണയം, ക്വട്ടേഷന്‍, അടി പിടി, ദുരന്ത ക്ലൈമാക്‌സ് എല്ലാം ചേര്‍ത്തു വായിച്ചാല്‍ പ്രമേയത്തിന് വലിയ വ്യത്യാസമൊന്നും കമ്‌ടെത്താമാകില്ല. എന്നാല്‍ അവിടെയും ഒരു പുതുമ കണ്ടെത്താന്‍ രാജീവ് രവിക്കായി. കണ്ടു മടുത്ത പ്രണയങ്ങളല്ല സ്‌ക്രീനില്‍ തെളിഞ്ഞത്. മലയാളത്തില്‍ പ്രണയം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സ്റ്റീവിന്റെയും അഞ്ജലിയുടേയും പ്രണയം തികച്ചും വ്യത്യസ്തമായിരുന്നു. നിഷ്‌കളങ്കമായ പ്രണയ രംഗങ്ങള്‍ സാധാരണ യുവാക്കളുടെ മനസില്‍ ചെറിയൊരു തരംഗം സൃഷ്ടിച്ചു. (എന്റേയും). എനിക്ക് നിന്നോട് ഐ ലവ് യൂ എന്ന് മടിച്ചു മടിച്ചാണെങ്കിലും നിഷ്‌കളങ്കമായി പറയുന്ന സ്റ്റീവിനെ ഇഷ്ടമല്ലെന്ന് പറയാന്‍ അഞ്ജലിക്കെന്നല്ല ഒരു പെണ്‍കുട്ടിക്കും കഴിയില്ല എന്നാണ് എനിക്ക് തോന്നിയത്. കോംപിനേഷന്‍ സീനുകള്‍ വളരെ കുറവാണെങ്കിലും ഇരുവരും തമ്മിലുള്ള കെമ്‌സ്ട്രി നന്നായി വര്‍ക്കായിട്ടുണ്ട്. അന്നയുടേയും റസൂലിന്റെയും പ്രണയത്തിലൂടെ  പ്രണയത്തിന് പുതിയ മാനം നല്‍കിയ രാജീവ് രവിയുടെ സ്റ്റീവും, അഞ്ജലിയും പ്രേക്ഷകന് സമ്മാനിച്ചത് കാഴ്ചയുടെ നവ്യാനുഭവം തന്നെയായിരുന്നു. ക്ലൈമാക്‌സ് ദുരന്തമാണെേേന്നാ അല്ലെന്നോ പറയാനാകാത്ത തരത്തില്‍ അവസാനിച്ച ചിത്രം ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്നതായിരിക്കും. മനോഹരമായ ഒരു കവിത കേട്ട്ു തീര്‍ന്ന അനുഭൂതി സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട. സ്‌ക്രീനില്‍ എന്‍ഡ് ടൈറ്റില്‍ എഴുതു കാണിച്ചിട്ടും തീയ്യറ്ററില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരാകര്‍ഷണീയത ചിത്രത്തിനുണ്ടായിരുന്നു. വിനായകന്‍ ഒഴിയുള്ള മിക്ക അഭിനേതാക്കളും പുതുമുഖങ്ങളോ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകളോ ആയിരുന്നു എന്നതും ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. കണ്ടു മടുത്ത മുഖങ്ങളുടെ ക്ലീഷേ അഭിനയമോ, ജാഡകളോ കാണേണ്ടി വന്നില്ല എന്നത് തന്നെ വലിയ കാര്യം.
ചിത്രത്തില്‍ സിങ്ക് സൗണ്ട് ഉപയോഗിച്ചതാണ് മറ്റൊരു പ്രത്യേകത. സ്വാഭാവികമായുള്ള സംഭാഷണങ്ങള്‍ ചിത്രത്തിന് പൂര്‍ണ്ണത നല്‍കി. പാരിസ് ചന്ദ്രന്റെ പശ്ചാത്തല സംഗീതവും ചേര്‍ന്നപ്പോള്‍ കവിത പൂര്‍ത്തിയായി. സ്‌ക്രീനില്‍ മാത്രമല്ല പ്രേക്ഷകന്റെ മനസിലും കോറിയിട്ട മനോഹരമായ  ഒരു കവിതയായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്.
നിഷ്‌കളങ്കത മരിക്കുമ്പോഴാണ് എല്ലാ കലാപങ്ങളും തുടങ്ങുന്നത് എന്ന ടൈറ്റിലോടെയാണ് ചിത്രം തുടങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയൊരാശയത്തെ ചിത്രം അന്വര്‍ത്ഥമാക്കുന്നുണ്ട്. സിനിമയെ സ്‌നേഹിക്കുന്നവരും അല്ലാത്തവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്റ്റീവ് ലോപ്പസ്.

No comments:

Post a Comment