മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയം ആര്‍എസ് വിമലിന്റെ ഹൃദയരക്തത്തില്‍ ചാലിച്ചെഴുതിയപ്പോള്‍ പിറന്ന സുന്ദര കാവ്യം, അതാണ് എന്ന നിന്റെ മൊയ്തീന്‍. നോവലുകളും, സിനിമകളും, കഥകളും എത്ര പറഞ്ഞാലും മടുക്കാത്ത ഒരു വികാരമാണ് പ്രണയമെന്ന് ഒരിക്കല്‍ കൂടി എന്ന നിന്റെ മൊയ്തീന്‍ തെളിയിച്ചിരിക്കുന്നു. മഴയും പ്രണയവും തമ്മിലുള്ള അഭേദ്യമായ ബന്ധം, കാഞ്ചനമാലയുടെ അവസാനിക്കാത്ത കാത്തിരിപ്പ്, ഭാവസാന്ദ്രവും, തീവ്രവുമായ പ്രണയം, പൃഷ്വിരാജ്, പാര്‍വ്വതി ജോഡിയുടെ കരിയറിലെ മാസ്റ്റര്‍ പീസുകളിലൊന്ന്, കപട മതേതര വാദത്തിനും, ജിഹാദുകള്‍ക്കുമെതിരെ കാലാതിവര്‍ത്തിയായി ഉയരുന്ന ശബ്ദം, അവതരണത്തിലെ മികവ് കൊണ്ട് മലയാളത്തിന് കാമ്പുള്ളൊരു സംവിധായകനെ കൂടി ലഭിച്ചു തുടങ്ങി ഒരു പിടി പ്രത്യേകതകളുള്ളൊരു ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ എന്ന സംവിധായകന്റെ ഹൃദയം കൊണ്ടെഴുതിയ പ്രണയകാവ്യമാണ് ഈ ചിത്രം.
1987 ല്‍ പദ്മരാജന്റെ തൂവാനത്തുമ്പികള്‍ ഇറങ്ങിയതിന് ശേഷം ഓരോ മഴക്കാലത്തും മലയാളി യുവാക്കള്‍ ജയകൃഷ്ണനായും യുവതികള്‍ ക്ലാരയായും മാറാറുണ്ടായിരുന്നെങ്കില്‍ ഇനി കേരളത്തിലെ ഓരോ മഴക്കാലവും ഓരോ മഴത്തുള്ളികളും മൊയ്തീനും കാഞ്ചനമാലയ്ക്കും കൂടി അവകാശപ്പെട്ടതാണ്. അത്രമേല്‍ തീഷ്ണവും ഭാവസാന്ദ്രവുമായിരുന്നു മുക്കത്തെ മഴയും പ്രണയവും. മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തിനും, ദുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വിരഹത്തിനും എന്തിന് മൊയ്തീന്റെ വേര്‍പാടിന് വരെ മഴയുടെ അകമ്പടിയുണ്ടായിരുന്നു. മുക്കത്തും, മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയ-വിരഹത്തിലും, തീയ്യേറ്ററിന്റെ നാല് ഫ്രെയിമിനുള്ളിലും മാത്രമല്ല, ഓരോ പ്രേക്ഷകന്റേയും മനസിലും ഏറെനാള്‍ ഈ മഴ നിലനില്‍ക്കുമെന്നുറപ്പ്. ഓരോ ഫ്രെയിമിലും പെയ്ത മഴയ്ക്ക് ഓരോ ഭാവമായിരുന്നു. ആ മഴ ചിലപ്പോഴൊക്കെ പ്രേക്ഷക മനസില്‍ നിറയ്ക്കുന്ന ഊഷ്മളതയ്ക്ക് പല ഭാവങ്ങളായിരുന്നു. ചില മഴത്തുള്ളികള്‍ മനസില്‍ തറഞ്ഞിറങ്ങി, ചിലത് തഴുതി തലോടി കടന്നു പോയി. നായികാ നായകന്‍മാരുടെ കോംമ്പിനേഷന്‍ സീനുകള്‍ കുറവാണെങ്കിലും അവതരിപ്പിച്ച പ്രണയത്തിന്റെ തീവ്രതയ്ക്ക് ലേശം പോലും കുറവുണ്ടായില്ല. അനശ്വര പ്രണയം എന്താണെന്ന് മൊയ്തീനും കാഞ്ചനമാലയും കാണിച്ചു തന്നു. പൈങ്കിളിയല്ല, ജാതി-മത-വര്‍ണ്ണ-വംശത്തിനതീതമായി കാത്തിരിക്കേണ്ട പവിത്രമായ ഒന്നാണ് പ്രണയം എന്ന വികാരം എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. കാലങ്ങള്‍ക്കതീതമായി ഈ പ്രണയം ഇന്നും പ്രേക്ഷക മനസുകളില്‍ ഇത്ര ശക്തിയോടെ ആഴ്ന്നിറങ്ങണമെങ്കില്‍ അവരുടെ പ്രണയം എത്രത്തോളം തീവ്രമായിരുന്നു എന്ന് തോന്നിപ്പോകുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ഇരവഴിഞ്ഞിപ്പുഴ. മൊയ്തീന്റേയും കാഞ്ചിയുടേയും പ്രണയത്തിന് കാവലിരുന്ന് സാഹചര്യമൊരുക്കി സാക്ഷ്യം വഹിച്ച ഇരവഴിഞ്ഞി തന്നെ അവരെ വേര്‍പാടിനും കാരണമായി. ചിത്രത്തിലുടനീളം ഇരവഴിഞ്ഞി മൂക-സജീവ സാക്ഷിയായി നിലകൊള്ളുന്നു. മുക്കം ഗ്രമമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മുക്കമില്ലെങ്കില്‍ മാനുവില്ല, കാഞ്ചിയുമില്ല, ഉണ്ണിമൊയ്തീന്‍ സാഹിബുമില്ല. ചിത്രത്തിന്റെ അടിസ്ഥാനം തന്നെ മുക്കമാണ്. നിരവധി രാഷ്ട്രീയ-സാമൂഹ്യ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ചരിത്രത്തിനൊപ്പം നടന്ന മുക്കം. മലബാറിന്റെ വികാരമായ ഫുട്‌ബോളും ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നു വരുന്നു. കാലമാണ് ചിത്രത്തോടും പ്രേക്ഷകനോടും നീതി പുലര്‍ത്തിയ മറ്റൊരു കഥാപാത്രം. അറുപതുകള്‍ മുതലുള്ള കാലം കൃത്യമായി വരച്ചിടാന്‍ സംവിധായകനും കലാസംവിധായകനുമായി. അതില്‍ പിഴവുകളുണ്ടായിട്ടില്ല എന്നു തന്നെ പറയാം. ചിത്രത്തിന്റെ നരേഷന്‍ രീതിയാണ് സമീപകാലത്തെ മികച്ച ചലച്ചിത്ര ശ്രമമായി എന്ന് നിന്റെ മൊയ്തീനെ അടയാളപ്പെടുത്തുന്നത്. മടുപ്പിക്കാതെ, വെറുപ്പിക്കാതെ കഥ പറയുന്ന ലാഘവത്തോടെ ഇത്ര വലിയോരു ചിത്രം മൂന്ന് മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ സംവിദായകന് കഴിഞ്ഞു. മേക്കിംഗിലെ പ്രത്യേകതയും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍ ചെറിയ പിഴവുകള്‍ പോലും ചിത്രത്തെ പരാജയത്തിലേക്ക് നയിക്കും. പക്ഷെ ആര്‍ എസ് വിമലിന് ആ ചെറിയ പിഴവ് പോവും സംഭവിച്ചില്ല. മൊയ്തീന്റെ ജീവിതം മുഴുവന്‍ മൂന്നു മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ വിമലിന് കഴിഞ്ഞില്ലെങ്കിലും പറഞ്ഞത്രയും വൃത്തിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യം. മുന്‍പ് മൊയ്തീന്റേയും കാഞ്ചനമാലയുടേയും ജീവിതം അടിസ്ഥാനമാക്കി ജയ്ഹിന്ദ് ടിവിയ്ക്ക് വേണ്ടി ആര്‍എസ് വിമല്‍ ഒരുക്കിയ ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാം ലഭിച്ചിരുന്നു. പുരസ്‌ക്കാരത്തിനപ്പുറം പ്രേക്ഷക മനസുകളില്‍ പ്രണയത്തിന്റെ തീമഴ പെയ്യിച്ച ജലം കൊണ്ട് മുറിവേറ്റവള്‍ ബിഗ് സ്‌കരീനിലേക്കെത്തിയപ്പോള്‍ നീതി പുലര്‍ത്തിയത് മൊയ്തീനോടും കാ##്ചനമാലയോടും മാത്രമല്ല, ഒരു കാലഘട്ടത്തോടും, സിനിമയോടും, പ്രേക്ഷകനോടും കൂടിയാണ്.
മതേതരത്വം പ്രസംഗിക്കുകയും കാര്യത്തില്‍ തികഞ്ഞ മത തീവ്രവാദിയാവുകയും ചെയ്യുന്ന സാധാരണ കേരളീയന്റെ കപട മതേതര മുഖം വലിച്ചു കീറാന്‍ ചിത്രത്തിനായി. രണ്ട് മതങ്ങളുടെ ചട്ടക്കൂടിനുള്‌ലില്‍ നില്‍ക്കുന്ന രണ്ട് വ്യക്തികളെ മതത്തിന്റെ പേരില്‍ ഒരുമിച്ച് ജീവിക്കാനനുവദിക്കാത്ത മലയാളികളുടെ വികല മനസിനെയും എന്ന് നിന്റെ മൊയ്തീന്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിയേണ്ടത് തന്നെയാണെന്ന് മൊയ്തീനും കാഞ്ചന മാലയും അവരുടെ ജീവിതത്തില്‍ കൂടി തെളിയിച്ചെങ്കില്‍ അതിന് ഇന്നും മാറ്റമില്ലെന്ന് സംവിധായകന്‍ ഈ ചിത്രത്തില്‍ കൂടി പറഞ്ഞു വയ്ക്കുന്നു. പ്രണയത്തിന്റെ ഗൗരവം എത്രത്തോളമാണെന്നും എങ്ങനെയാണെന്നും ചിത്രം കാട്ടിത്തരുന്നു. ചിത്രം കമ്ടിറങ്ങുമ്പോള്‍ ഒന്നു പ്രണയിക്കണമെന്നും പ്രണയിക്കപ്പെടണമെന്നും ആഗ്രഹിച്ചാന്‍ അത്ഭുതപ്പെടാനില്ല.
ആദ്യ പകുതിയുടെ അവസാനവും, രണ്ടാം പകുതിയുടെ ആദ്യവും ചിത്രം ലാഗ് ചെയ്യുന്നു. എന്നൊരു തോന്നല്‍ ഉണ്ടാവുന്നത് സ്വാഭാവികം. മൂന്ന് മണിക്കൂറില്‍ പറഞ്ഞവസാനിപ്പിക്കാനാവാത്ത മൊയീന്റെ കഥയോട് ചിത്രം പൂര്‍ണ്ണത പാലിച്ചില്ലെങ്കിലും തെറ്റ് പറയാനാകില്ല. സിനിമയുടെ പരിമിതികള്‍. മൊയ്തീനെപ്പോലെ ഒരു കാമുകനേയും കാഞ്ചനയെപ്പോലെ ഒരു കാമുകിയേയും കേരളത്തിലെ യുവത ആഗ്രഹിക്കുന്നുവെങ്കില്‍ അത് സംവിധായകന്റെ വിജയം കൂടിയാണ്. പൃഥ്വിരാജിന്റേയും പാര്‍വ്വതിയുടേയും എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നതില്‍ സംശയമില്ല. ബി പി മൊയ്തീന്‍ എന്ന മുക്കത്തിന്റെ മാനുകാക്കയെ വെള്ളിത്തിരയിലെത്തിക്കാന്‍ പൃഥ്വിരാജിലും മികച്ചൊരു നടന്‍ മലയാളത്തില്ല എന്ന് തോന്നിയാല്‍ തെറ്റില്ല. അത്രമേല്‍ മികവാര്‍ന്നതും മിഴിവാര്‍ന്നതുമായിരുന്നു പൃഥ്വിരാജിന്റെ മാനു. ചിത്രങ്ങളില്‍ പുരുഷ മേധാവിത്വം ആരോപിക്കുന്ന പ്രേക്ഷകര്‍ക്കിടെയിലേക്ക് ശക്തമായ ഒരു സ്ത്രീകഥാപാത്രമായെത്താന്‍ പാര്‍വ്വതിക്ക് കഴിഞ്ഞു. പാര്‍വ്വതിയുടെ മേക്കോവര്‍ ശരിക്കും ഞെട്ടിച്ചു. നാട്യമറിയാവുന്നവര്‍ കഥാപാത്രത്തിനായി നടത്തുന്ന പ്രയത്‌നങ്ങളുടെ മറ്റൊരുദാഹരണം. പ്രണയത്തിന് വേണ്ടി, കാത്തിരിക്കാന്‍ തയ്യാറായ പ്രണയിനിയുടെ ആത്മാവിഷ്‌ക്കാരം പാര്‍വ്വതിയിലൂടെ പ്രേക്ഷകന്‍ കണ്ടു. പ്രകടനത്തിന്റെ കാര്യത്തിലും പാര്‍വ്വതിയുടെ കാഞ്ചന മികച്ചു നിന്നു. അറുപതുകളിലെ തനി മുക്കത്തുകാരി മുസ്ലീം വീട്ടമ്മയെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ലെന ശരിക്കും അത്ഭുതപ്പെടുത്തി. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും തന്റേതായ മുദ്രണം ചാര്‍ത്തിയിട്ടുള്ള ലെന മാനുവിന്റെ ഉമ്മയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ നല്‍കി. കൈയ്യടക്കത്തിലും മിതത്വത്തിലും മറ്റൊരത്ഭുത പ്രകടനം നടത്തിയ സുധീര്‍ കരമന പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. അക്കാലത്തെ വിപ്ലവകാരികളായ രാഷ്ട്രീയ നേതാക്കളുടെ തനിപ്പകര്‍പ്പാകാന്‍ സുധീര്‍ കരമനയുടെ മുക്കം ഭാസിക്കായി. മുക്കം സുല്‍ത്താന്‍ എന്ന ഉണ്ണിമൊയ്തീന്‍ ഹാജിയെ അവതരിപ്പിച്ച സായ്കുമാറും മികവു കാട്ടി. ബാല, ടൊവീനോ, ശശികുമാര്‍, ഇന്ദ്രന്‍സ്, സുബീഷ്, സുരഭി തുടങ്ഹി ചിത്രത്തില്‍ വേഷമിച്ച എല്ലാവരും തന്നെ കാലത്തോടും, കഥാപാത്രത്തോടും നീതി പുലര്‍ത്തി.
മലയാളത്തിലെ എണ്ണം പറഞ്ഞ ഛായാഗ്രാഹകരില്‍ ഒരാളായി മാറിയ ജോമോന്‍ ടി ജോണിന്റെ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ മനോഹരങ്ങളായിരുന്നു. കഥാപാത്രങ്ങളേയും, കാലത്തേയും, ദേശത്തേയും കൃത്യമായി അടയാളപ്പെടുത്താന്‍ ജോമോന്‍രെ ക്യാമകള്‍ക്കായി. ഇരവഴിഞ്ഞിപ്പുഴയുടെ ശാന്തതയും, വന്യതയും, മഴയുടെ വിവിധ ഭാവങ്ങളും, കഥാപാത്രങ്ങളുടെ സുഷ്മ ചലനങ്ങളും പ്രേക്ഷകരിലെത്തിയപ്പോള്‍ ജോമോന്‍ ടി ജോണിന്‍രെ ക്യാമറ മികച്ചു നിന്നു. ആ ക്യാമറകണ്ണുകല്‍ പ്രേക്ഷകനോട് കഥ പറയുകയായിരുന്നു. മൊയ്തീന്റെ കഥ, കാഞ്ചനയുടെ കഥ, മുക്കത്തിന്‍രെ കഥ, ഇരവഴിഞ്ഞിയുടെ, പ്രണയത്തിന്‍രെ, വിരഹത്തിന്‍രെ, കാത്തിരിപ്പിന്‍രെ കഥ. എം ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിന്ന് അത്ര വേഗമൊന്നും മായില്ലെന്നുറപ്പ്. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം എക്കാലത്തേയും മികച്ചതായിരുന്നു. മഴയുടെ ഇരമ്പത്തിന്റെ ഭാവചലനങ്ങള്‍ അതിന്റെ തീവ്രത നഷ്ടമാകാതെ പ്രേക്ഷകരിലേക്കെത്തിയത് തന്നെ ഇതിനുദാഹരണമാണ്. മഴയുടെ ചിരിയും, തേങ്ങലുകളുമടക്കം പ്രേക്ഷക മനസില്‍ ഭാവ തീവ്രതയോടെ പെയ്തിറങ്ങി.
വാക്കാണ് ഏറ്റവും വലിയ സത്യം.
മൊയ്തീന്‍ കാഞ്ചനയോട് പറഞ്ഞ ആ സത്യം പ്രേക്ഷകന്‍ ഏറ്റു പിടിച്ചു. കാഞ്ചനയുടെ മുഖത്തേക്കാള്‍ മൊഞ്ച് അവളുടെ ഖല്‍ബിനാണെന്ന് മൊയ്തീന്‍ പറയുമ്പോള്‍ തീയ്യേറ്ററിനുള്ളില്‍ മാത്രമല്ല ജാതികേരളത്തിന്റെ കപട രാഷ്ട്രീയത്തിന്‍മേല്‍ തന്നെ അത് ഒരു കോളിളക്കമുണ്ടാക്കി. സംവിധായകന്റേയും അണിയറ പ്രവര്‍ത്തകരുടേയും പ്രയത്‌ന ഫലമുണ്ടായ കാമ്പുള്ള ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമന്നുറപ്പ്. പ്രേക്ഷകന്‍ കണ്ടാല്‍ വെറുക്കാത്ത മടുക്കാത്ത വെള്ളിത്തിരയിലെഴുതിയ അപൂര്‍വ്വ പ്രണയ കാവ്യമാണ് എന്ന് നിന്റെ മൊയ്തീന്‍. കാണാം. ഉറപ്പായും കണ്ടിരിക്കാം.
No comments:
Post a Comment