Monday, 16 November 2015

മരണം പോലെ സത്യമായ പ്രണയ കഥ, അനാര്ക്കലി






ഇത് പ്രണയത്തിന് വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന സലീം, അനാര്‍ക്കലി അനശ്വര പ്രണയമല്ല. ശാന്തനു- നാദിറ പ്രണയമാണ്. കാത്തിരിപ്പിനെ പ്രണയിക്കുന്നവരുടെ പ്രണയം. പ്രണയം മരണം പോലെ സത്യമാണെന്ന് വിശ്വസിക്കുന്നവരുടെ പ്രണയം. അകമ്പടിയായി ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയുടെ കാണാക്കാഴ്ചകളും, ആഴക്കടലിന്റെ മനോഹാരിതയും, ചില വിസ്മയ പ്രകടനങ്ങളും, മനം കുളിര്‍പ്പിക്കുന്ന മാസ്മരിക സംഗീതവുമാകുമ്പോള്‍ അത് അനാര്‍ക്കലിയായി.

നിരവധി ഹിറ്റ് തിരക്കഥകളൊരുക്കിയ ടീമിലെ അംഗമായിരുന്ന സച്ചിയുടെ തിരക്കഥയും സംവിധാനവും പിഴച്ചില്ല. പ്രണയമെന്ന പറഞ്ഞു പഴകിയ പ്രമേയത്തെ സച്ചി സമീപിച്ച രീതിക്ക് കൈയ്യടി അര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു പ്രണയ കഥയുടെ തീവ്രത പല സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പ്രേക്ഷകന്‍ വെറും കാഴ്ചക്കാരനല്ലാതെയാകുന്നു. ഇന്ത്യന്‍ നേവിയിലെ രണ്ടുദ്യോഗസ്ഥരിലൂടെ കഥ പറയുന്ന ചിത്രം പ്രണയത്തിന്റെ വിവിധ  തലങ്ങളെ സ്പര്‍ശിച്ച് എത്തി നില്‍ക്കുന്നത് മലയാളം കണ്ടിട്ടില്ലാത്ത കവരത്തിയിലാണ്. കൊട്ടകയില്ലാത്ത നാട്ടിലേക്ക് ഒരു സംഘം സിനിമാക്കാര്‍ ചെന്നു ദ്വീപിന്റെ മനസ് കീഴടക്കിയ കാഴ്ച കൂടിയാണ് അനാര്‍ക്കലി. ചിത്രത്തില്‍ തന്നെ അത് പറയുന്നുണ്ട്, കവരത്തിക്കാര്‍ സിനിമ കാണണമെങ്കില്‍ 300 കിലോമീറ്റര്‍ സഞ്ചരിച്ച് കൊച്ചിയിലെത്തണം. ദ്വീപുകാര്‍ക്ക് സിനിമ ടിവിയില്‍ മാത്രമാണ്. സിനിമയോടുള്ള അവരുടെ ബന്ധം അതാണ്. കരയിലുള്ള അതായത് കേരളത്തിലുള്ള പലതും കവരത്തിയിലില്ല പോലും. കളവ്, അക്രമം, മദ്യം, പാമ്പ്, നായ തുടങ്ങി ചിലത്. കാണാത്ത് ദ്വീപാകുമ്പോള്‍ കാഴ്ചക്കാരന് അതൊരു പുതിയ അനുഭവം തന്നെ. ദ്വീപിലെ ഭാഷയും വേറിട്ടത്. മലയാളവും, തമിഴും, അറബിയും ചേര്‍ന്ന ഇസരിയാണ് അവരുടെ ഭാഷ. ചിലപ്പോള്‍ അത് പ്രേക്ഷകനെ കബളിപ്പിക്കും. ഒന്നും മനസിലാകില്ല. പ്രണയത്തിന് വേണ്ടി ജീവന്‍ കളയേണ്ടി വന്ന അനാര്‍ക്കലിയുടെ കഥ തന്നെയാണ് ഇവിടെയും പറയുന്നത്. കാരണം പ്രണയമെന്നത് പൊതുവായ വികാരമാണല്ലോ. ആദ്യ പകുതിയില്‍ ദൃശ്യ ഭംഗി കൊണ്ടും അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ അനാര്‍ക്കലിയ്ക്കായി. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെ കഥയും സിനിമയും അല്പമൊന്ന് പരുങ്ങി. അവസാനിപ്പിക്കാനുള്ള ഒരു വഴി തേടി അലയും പോലെ. പക്ഷെ വല്ല്യ തട്ടുകേടില്ലാതെ സിനിമ പറഞ്ഞവസാനിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ചലച്ചിത്ര പിന്നണിയില്‍ സുപരിചിതനെങ്കിലും നവാഗത സംവിധായകനെന്ന നിലയില്‍ സച്ചിക്ക് ലഭിച്ചത് മികച്ച തുടക്കം തന്നെ. ഒപ്പമുണ്ടായിരുന്ന മുഴുവന്‍ ക്രൂവും അനാര്‍ക്കലി സാധ്യമാക്കാന്‍ എടുത്ത പരിശ്രമങ്ങള്‍ ചിത്രത്തില്‍ വ്യക്തം. ഗാനരചയിതാവില്‍ നിന്നും നിര്‍മ്മാണ രംഗത്തെത്തിയ രാജീവ് നായര്‍ ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന ഗാനങ്ങളത്രയും പ്രേക്ഷക മനസുകളില്‍ ഇടം നേടുന്നവയായി. വരികള്‍ കാഴ്ചക്കാരനെ പലതും ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ ഗാനങ്ങള്‍ക്ക് ഇത്രമേല്‍ വശ്യത കൈവരരാന്‍ കാരണക്കാരനായത് സംഗീതമൊരുക്കിയ വിദ്യാസാഗറിന്റെ മായാജാലം തന്നെ. ചിലയിടങ്ങളില്‍ പശ്ചാത്തല സംഗീതം മുഴച്ചു നിന്നെങ്കിലും ഗാനങ്ങളോരോന്നും ഒന്നിനൊന്ന് മികച്ചു നിന്നു.

സലീമിന് വേണ്ടി കാത്തിരുന്ന അനാര്‍ക്കലി, സലീം എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ ഇവിടെ കാത്തിപ്പിന് ഒരവസാനമുണ്ട്. അര്‍ത്ഥമുണ്ട്. നാദിറയും ശാന്തനുവും കാത്തിരിക്കുന്നത് ഒരു വികാര പൂര്‍ണ്ണത്‌യ്ക്ക് വേണ്ടി മാത്രമല്ല. അതാണ് പ്രമേയം പ്രണയമാണെങ്കിലും മറ്റു പ്രണയചിത്രത്തില്‍ നിന്നും അനാര്‍ക്കലിയെ വ്യത്യസ്തമാക്കുന്നത്. ഇത്ര അനശ്വര പ്രണയമാണ് അവരുടേതെങ്കില്‍ പിന്നെ ഈ ചിത്രപം പറയുന്നതെന്താണ്. നാദിറയ്ക്കും ശാന്തനുവിനും എന്തു സംഭവിച്ചു. ഇതൊക്കെയറിയണമെങ്കില്‍ അനാര്‍ക്കലിയൊന്ന് കണ്ടു തന്നെ നോക്കണം.

ചിത്രത്തെ ഇത്രമേല്‍ മനോഹരമാക്കുന്നത് സുജിത് വാസുദേവിന്റെ ക്യാമറ ചലനങ്ങള്‍ തന്നെയാണ്. കണ്ടു പരിചയമില്ലാത്ത ഫ്രെയിമുകളും പ്രകൃതിയുടെ സ്വാഭാവീക ഭംഗിയും കൂടിയായപ്പോള്‍ ഫ്രെയിമുകളങ്ങ് കസറി. പക്ഷെ സുജിത് വാസുദേവ് ഇത്തിരി കൂടി

ശ്രദ്ധിച്ചിരുന്നെങ്കില്‍ കവരത്തിയുടെ ദൃശ്യഭംഗി ഇനിയും കൂട്ടാമായിരുന്നു എന്നു തോന്നുന്നു. കടലിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുജിത് വാസുദേവന് ലഭിച്ച അംഗീകാരങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള സമ്മാനമായിരുന്നു. 2 മണിക്കൂര്‍ 47 മിനിറ്റ് പ്രപേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിച്ച ചിത്ര സംയോജകന്‍ രഞ്ജന്‍ ഏബ്രഹാം തന്റെ പണി ഭംഗിയായി ചെയ്‌തെങ്കിലും ദൈര്‍ഘ്യത്തിന്റെ കാര്യം അല്പം ശ്രദ്ധിക്കാമായിരുന്നു. സംഗീതം ആദ്യമേ പറഞ്ഞല്ലോ. ചിത്രം ഒരു സംഗീത സാന്ദ്രമായ പ്രണയ ചിത്രമാക്കിയത് വിദ്യാസാഗറിന്റെ കഴിവ് തന്നെ. ഇരുപത്തിയഞ്ചുകാരനായും മുപ്പത്തിയഞ്ചുകാരനായും പകര്‍ന്നാടിയ പൃഥ്വിരാജ് വീണ്ടും വിസ്മയിപ്പിച്ചു. നേവി ഓഫീസറായും, ഡൈവിംങ് ഇന്‍സ്ട്രക്ടറായും, കാമുകനായും എത്തിയ ശാന്തനുവിനെ പൃഥ്വിരാജ് ഗംഭീരമാക്കി. ഡ്യൂപ്പില്ലാതെ കടലിനടിയിലേക്ക് ഡൈവിംങ് നടത്തിയ പൃഥ്വി പാട്ടിലും, ഡാന്‍സിലും മാത്രമല്ല, കോമഡിയിലും, റൊമാന്റ്‌സിലും എല്ലാം മികവ് പുലര്‍ത്തി. തീയ്യേറ്ററുകളില്‍ തുടര്‍ച്ചയായ മൂന്നാം ഹിറ്റിലേക്ക് കടന്ന പൃഥ്വിരാജ് ഈ സിനിമ വര്‍ഷം തന്റേതാക്കി മാറ്റുകയാണ്. ബിജു മേനോന്‍ പതിവ് തെറ്റിച്ചില്ല. പ്രത്യേകിച്ച് ക്ലൈമാക്‌സിലെ പ്രകടനം പ്രേക്ഷകന്‍ നന്നായി ചിരിച്ചു. അതെ ചിരിച്ചു മറിഞ്ഞു. ലെഫ്റ്റനന്റ് സക്കറിയയും ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരനും മോശമാക്കിയില്ല. ജാഫര്‍ ഇമാം എന്ന കര്‍ക്കശക്കാരനായ നേവി ഓഫീസറേയും കഠിന ഹൃദയനായ അച്ഛനേയും അവതരിപ്പിച്ച കബീര്‍ ബേദി ശബ്ദം കൊണ്ടും ആകാരം കൊണ്ടും പ്രകടനം കൊണ്ടും മലയാളത്തിലെ അരങ്ങേറ്റം മനോഹരമാക്കി. ചിത്രത്തില്‍ നായികയായെത്തിയ അന്യഭാഷാ നായിക പ്രിയാല്‍ ഗോര്‍ മടുപ്പിച്ചില്ല. ചന്തത്തിലും, പ്രണയത്തിലും, നിലപാടിലും വേറിട്ടു നിന്ന പ്രിയാലിന്റെ നാദിറയെ അത്ര പെട്ടന്നൊന്നും മനസീന്ന് ഇറക്കി വിടാന്‍ പ്രേക്ഷകനാവില്ല. കവരത്തിയിലെ എല്ലാമെല്ലാമായ ജസ്‌രി ഭാഷ സംസാരിക്കുന്ന ആറ്റക്കോയ്ക്ക് ജീവന്‍ നല്‍കിയ സുരേഷ് കൃഷ്ണ കൈയ്യടക്കമുള്ള മികച്ച നടനാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഡോ ഷെറിന്‍ എന്ന ഡോക്ടര്‍ മിയ ജോര്‍ജ്ജിന്റെ കൈകളില്‍ ഭദ്രം. ഇടയ്ക്ക് ചിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചില നിലപാടുകളെടുത്ത മിയയുടെ ഡോ ഷെറിന്‍ നേടിയ കൈയ്യടി കുറച്ചൊന്നുമല്ല. ജയരാജ് വാര്യര്‍, അരുണ്‍, സംസ്‌കൃതി ഷേണായി എന്നിവരാരും മോശമാക്കിയില്ല. അഞ്ച് സംവിധായകരാണ് വിവിധ വ്യത്യസ്ത വേഷങ്ങളില്‍ ചിത്രത്തില്‍ അണിനിരന്നത്. രഞ്ജി പണിക്കര്‍, മധുപാല്‍, മേജര്‍ രവി, ശ്യമപ്രസാദ്, വികെ പ്രകാശ് എന്നിവര്‍. ചിത്രം ക്ലൈമാക്‌സിലെത്തുമ്പോള്‍ കഥയുടെ ഗതി മാറിമറിയുമ്പോള്‍ മേജര്‍ രവി അവതരിപ്പിച്ച നേവി ഓഫീസര്‍ ഇന്ത്യന്‍ നേവിയെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന ചില വാചകങ്ങള്‍ തീയ്യേറ്ററിനെ ഇളക്കി മറിച്ചു. കോരിത്തരിപ്പിച്ചു. വികാരം മുറ്റിയ രംഗങ്ങളോ, ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ അല്ല സിനിമകളെ നിയന്ത്രിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. അനാര്‍ക്കലിയെ പ്രണയിച്ച സലീമിനെപ്പോലെ നാദിറയെ പ്രണയിച്ച ശാന്തനുവിന്റെ കഥ ആസ്വാദ്യകരമാകുന്നത് ഇങ്ങനെയൊക്കെയാണ്.

പ്രണയം മരണം പോലെ സത്യമാണത്രേ. കാത്തിരിക്കാം എന്ന വാക്ക് കമിതാക്കള്‍ക്ക് ജീവിക്കാന്‍ നല്‍കുന്ന പ്രേരണ കുറച്ചൊന്നുമല്ല. പ്രണയം സത്യമാകുമ്പോള്‍ ആ കാത്തിരിപ്പിന് സുഖം കൂടും. ആ പ്രണയം സ്വന്തമാക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ ആരും മടിക്കുന്നില്ല. മരണം വരെ കാത്തിരിക്കാന്‍ പോലും. ഇത് സ്ഥിരം കാവ്ചകള്‍ തന്നെ. പക്ഷെ സിനിമയിലാകുമ്പോള്‍ അത് സമീപിച്ച രീതി വ്യത്യസ്തമാകുമ്പോള്‍ അത് പ്രേക്ഷകന് ആസ്വാദ്യകരമാകുന്നു. കാത്തിരിക്കാന്‍ മനസുണ്ടെങ്കില്‍ ദൈര്യമായി പോയി കാണാം, ശാന്തനു-നാദിറ പ്രണയം പറഞ്ഞ അനാര്‍ക്കലി.



തോളില് കയറാതെ കഥ പറഞ്ഞ വേതാളം

ഒരു മുഴുനീള തല ചിത്രം. അതാണ് വേതാളം. കാര്യമായ കഥയും കാമ്പുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്തിണക്കിയ ഒരു മാസ് എന്റര്‍ടൈനര്‍. പ്രമേയത്തില്‍ പുതുമയൊന്നുമില്ലെങ്കിലും ചിത്രത്തില്‍ നിരവധി പുതുമകളുമായാണ് വേതാളം എത്തിയത്. ഒരു കംപ്ലീറ്റ് തല ഷോയായി വിശേഷിപ്പിക്കാമെങ്കിലും ചിത്രത്തിന്റെ ക്രെഡിറ്റ് വേതാളം ക്രൂവിലെ നിരവധി പേര്‍ അര്‍ഹിക്കുന്നുണ്ട്. ആരാധകരല്ലാത്തവര്‍ക്ക് ശരാശരി ചിത്രമെന്ന് വിശേഷിപ്പിക്കാമെങ്കിലും ആരാധകര്‍ക്ക് ഇതൊരു മാസ് എന്റര്‍ടൈനര്‍ തന്നെയാണ്.

വേതാളത്തെ നന്നായൊന്ന് എക്‌സ്‌റേ ചെയ്ത് നോക്കിയാല്‍ ചിത്രത്തിന്റെ തല വലിപ്പമുള്ളതും ശരീരം ശോഷിച്ചതുമാണെന്ന് മനസിലാകും. പ്രമേയത്തിലെ പുതുമയില്ലായ്മയും അത്ര കാര്യമായ കഥയില്ലാത്തതും വേതാളത്തിന് തിരിച്ചടിയാകുമെന്ന് തോന്നുമെങ്കിലും അവതരണത്തിലെ വ്യത്യസ്തത വേതാളത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നു. എഴുത്തും സംവിധാനവും ഒരാള്‍ തന്നെയാകുമ്പോള്‍ കാര്യം എളുപ്പമാകുമല്ലോ. ശിവ പ്രേക്ഷകരുടെ വിശ്വാസം തകര്‍ത്തില്ല. കണ്ടും കേട്ടും പരിചയിച്ച കുറേ സംഭവങ്ങള്‍ കൃത്യമായും രസകരമായും അത്ര മടുപ്പിക്കാതെയും കോര്‍ത്തിണക്കാന്‍ ശിവയ്ക്ക് കഴിഞ്ഞു. തിരക്കഥയില്‍ കാര്യമായ പാളിച്ചകളും കണ്ടെത്താനാകില്ല. കാര്യമായ കഥയൊന്നുമില്ലെങ്കിലും ഉള്ളതിലെ വലിച്ചു നീട്ടാതെയും ആറ്റിക്കുറുക്കാതെയും പ്രേക്ഷകന് ആസ്വദിക്കാനാവുന്ന തരത്തില്‍ പേപ്പറിലാക്കാന്‍ ശിവയിലെ തിരക്കഥാകാരനും ശ്രദ്ധിച്ചു. ചിത്രത്തിന്റെ അവതരണത്തില്‍ ശിവയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടി വരും. കാരണം ഒന്നുമല്ലാതിരുന്ന ഒരു പ്രമേയത്തെ മികവോടെയും മിഴിവോടെയും അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. പതിഞ്ഞ താളത്തില്‍ തുടങ്ങി ചടുല ട്രാക്കിലേക്ക് മാറുന്ന ചിത്രം ചിലയിടങ്ങളില്‍ ലാഗിംഗ് ഭീഷണി ഉയര്‍ത്തിയെങ്കിലും സംവിധാനത്തിലെ മികവും ചിത്രസംയോജകന്റെ അവസരോജിതമായ ഇടപെടലും രക്ഷപെടുത്തി. ഓരോരുത്തരേയും കൃത്യമായി വിന്യസിച്ച സംവിധായകന്‍ ശിവയുടെ വിജയം കൂടിയാണ് വേതാളം. പെണ്‍കടത്തിന്റെ രാഷ്ട്രീയം പറയാതെ പറയുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയതല്ല. ഇവിടെയും ചിത്രത്തിന്റെ പ്രധാന പ്രമേയം സഹോദര സ്‌നേഹമാണെങ്കിലും ഇരുവരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയും പെണ്‍കടത്ത് തന്നെ. ഒരാള്‍ ഒറ്റയ്ക്ക് നിരവധി വീരസ്യങ്ങളുടെ കൂട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ ഒരു പാട് പെണ്‍കുട്ടികലെ കടത്തില്‍ നിന്നും രക്ഷപെടുത്തുമ്പോള്‍ ചെറിയൊരു അസ്വാഭീകത തോന്നിയാല്‍ അത്ഭുതപ്പെടാനുമില്ല. തമിഴ്‌നാട്ടില്‍ നിന്നും പെണ്‍കടത്തിനും സെക്‌സ് റാക്കറ്റിനും പിന്നാലെ കൊല്‍ക്കത്തയിലെത്തുന്ന നായകനെ അവിടെ വരെയെത്തിക്കാന്‍ വേണ്ടി സംവിധായകനും തിരക്കഥാക്കാരനും ഏറെ സഞ്ചരിക്കേണ്ടി വന്നു. തമിഴ്‌നാട്ടിലും കൊല്‍ക്കത്തയിലും പിന്നെ  മേമ്പൊടിക്ക് അല്പം വിദേശ രാജ്യങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ വേതാളം അവിടെയൊക്കെ സിനിമയോട് നീതി പുലര്‍ത്തി. ചിത്രത്തിലെ പാട്ടുകളുടെ ചിത്രീകരണവും എടുത്തു പറയേണ്ടത് തന്നെ. അത് ശരിക്കും മാസായി.

അത്യാവശ്യം കോമഡി, സെന്റിമെന്റ്‌സ്, ഡാന്‍സ്, അജിത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്, മനം നിറയ്ക്കുന്ന ചിരി, സഹോദരങ്ങളായ വില്ലന്‍മാര്‍, അത്യാവശ്യത്തിന് ഒരു ട്വിസ്റ്റും. വേതാളം ഏതാണ്ടിങ്ങനെയാണ്. അല്ല ഇങ്ങനെ തന്നെയാണ്. എന്റര്‍ടൈനര്‍ ഗണത്തില്‍ പെടുത്താവുന്ന അജിത്തിന്റെ ഒരു മാസ് ചിത്രമായി വേതാളം നിലനില്‍ക്കുന്നു.

സങ്കേതങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാരും മോശമാക്കിയില്ല. അനിരുദ്ധിന്റെ സംഗീതം ഗാനങ്ങളുടേയും ചിത്രത്തിന്റേയും നിലമാരമുയര്‍ത്തി. തുളച്ചു കയറുന്ന പശ്ചാത്തല സംഗീതം അരോചകമായില്ലെന്ന മാത്രമല്ല, സിനിമയ്‌ക്കൊപ്പം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നും അനിരുദ്ധിന്റെ പ്രതിഭയില്‍ പിറന്ന ഈ അസാധാരണ സംഗീതമായിരുന്നു. ഗാനങ്ങളും, പശ്ചാത്തലവും പരസ്പ്പരം മത്സരിച്ച് മുന്നേറി. സ്റ്റണ്ട് സില്‍വയുടെ ആക്ഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഓരോ ആക്ഷന്‍ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായി. ലോക്കല്‍ സ്റ്റണ്ട് മുതല്‍ നിലവാരമുള്ള ഇടി വരെ സില്‍വയില്‍ നിന്നും പിറന്നു. അതൊക്കെയും പുതുമ നിറഞ്ഞതുമായിരുന്നു. നായകന്‍ ഒറ്റയ്ക്ക് കുറെ പേരെ ഇടിച്ചു തെറിപ്പിക്കുമ്പോഴും പ്രേക്ഷകന് യാതൊരു അസ്വാഭാവീകതയും തോന്നുന്നുമില്ല.

പഞ്ച് ഇടികള്‍ മാത്രം. റൂബെന്റെ ചിത്രസംയോജനവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. വെട്രിയുടെ ക്യാമറയാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഗാനരംഗങ്ങളെ ദൃശ്യസമ്പന്നമാക്കി

യ വെട്രി ആവശ്യമുള്ളിടത്ത് അച്ചടക്കം പാലിച്ചു. മിതത്വവും.

വേതാളം ഗണേശായെത്തിയ തലയാണ് ചിത്രത്തിന്റെ ആത്മാവ്. വീരം, ആരംഭം തുടങ്ങിയ ചിത്രങ്ങളിലേതിന് സമാനമായ കഥാപാത്രമാണെങ്കിലും അജിത്തിന്റെ കൈകളില്‍ നിഷ്‌കളങ്കനായ സഹോദരന്‍ ഗണേശും, റൗഡി വേതാളവും ഭദ്രമായിരുന്നു. കൊല്ലുന്ന ചിരി, അത് മാത്രം മതി ആരാധര്‍ക്കും അല്ലാത്തവര്‍ക്കും ചിത്രവും തലയേയും ഇഷ്ടമാകാന്‍. ചിത്രത്തിന്‍രെ ക്രെഡിറ്റിന് തല തീര്‍ച്ചയായും അര്‍ഹന്‍ തന്നെ. ലക്ഷ്മി മേനോന് ലബിച്ച മികച്ചസ കഥാപാത്രങ്ങളിലൊന്നാവും വേതാളത്തിലെ തമിഴ്. അജിത്തിനൊപ്പം മുഴുനീള കഥാപാത്രം. അത് തീരെ മോശമാക്കിയുമില്ല എന്നാല്‍ നന്നാക്കുകയും ചെയ്തു. ശ്രുതി ഹാസന് വതിവ് പോലെ തന്നെ കാര്യമായിട്ടെന്നല്ല ഒന്നും ചെയ്യാനില്ലായിരുന്നു. ഇടവേളയ്ക്ക് മുന്‍പ് നായകന്റെ വില്ലത്തരം കണ്ടു നില്‍ക്കാന്‍ ഒരാള്‍, അതിന് ശ്രുതി ഹാസന്‍ തന്നെ വേണമെന്നില്ലായിരുന്നു. പിന്നെ മുന്‍ചിത്രങ്ങളിലേത് പോലെ കാര്യമായ ശരീരപ്രദര്‍ശനം ഇല്ലാതിരുന്നതും തുണയായി. തെന്നിന്ത്യന്‍ സിനിമകളില്‍ സ്ഥിരം വില്ലനായി മാറിയ രാഹുല്‍ ദേവ് തന്റെ ഭാഗം ഭംഗിയാക്കി. അശ്വിന്‍, രാജേന്ദ്രന്‍, സൂരി, കോവൈ സരള തുടങ്ങിയവരും കഥാപാത്രങ്ങളില്‍ മികവ് പുലര്‍ത്തി. തല ആരാധകര്‍ക്ക് മാസും അല്ലാത്തവര്‍ക്ക് മാസല്ലാതെയും വന്ന വേതാളം അജിത്തിനും, ശിവയ്ക്കും പ്രേക്ഷകര്‍ക്കും ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ തന്നെയാകും സമ്മാനിക്കുക എന്നുറപ്പ്.

വിക്രമാദിത്യന്റെ തോളിലിരിക്കുന്ന വേതാളമല്ല, ഇത് പ്രേക്ഷകര്‍ തോളിലേറ്റിയ വേതാളമാണ്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു തലമുറയുടെ നിലവിലെ അവസ്ഥ. മനുഷ്യ ജീവനും പണവും ത്രീസിലിട്ടു തൂക്കുമ്പോള്‍ പകച്ചു പോകുന്ന മനുഷ്യന്‍രെ നിസഹായവസ്ഥ, പെണ്‍കടത്തിന്റെ കാഴ്ചകള്‍ അങ്ങനെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ തന്നെയാണ് വേതാളം പറയുന്നത്. ഇത് വിക്രമാദിത്യനോട് പറഞ്ഞ കഥയല്ല. അത്യാവസ്യം ആസ്വദിച്ച് കണ്ടിരിക്കാം, വേതാളത്തേയും കൂട്ടരേയും.


ചവര്പ്പില്ലാത്ത സാള്ട്ട് മാംഗോ ട്രീ



നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്ന, പ്രത്യേകിച്ച് ആദ്യമായി സ്‌കൂളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന കുരുന്നുകള്‍ നേരിടുന്ന പരീക്ഷണങ്ങള്‍ ബിജുമേനോന്റെ ഹാസ്യ നായക കഥാപാത്രത്തിന്റെ അകമ്പടിയില്‍ അവതരിപ്പിച്ച ഒരു കൊച്ചു കുടുംബ ചിത്രം, അല്ലെങ്കില്‍ കുട്ടി പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രം. കുട്ടികളുമായി ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സാള്‍ട്ട് മാംഗോ ട്രീ. ചെറുതും ഗൗരവമുള്ളതുമായ ഒരു പ്രമേയത്തെ രണ്ട് മണിക്കൂറോലം വലിച്ചിഴച്ച് എന്നാല്‍ അത്രയ്ക്ക് മടുപ്പിക്കാതെ അവതരിപ്പിച്ച ഒരു കൊച്ചു ചിത്രം.

വിനോദ് വിജയകുമാറും, വിനോദ് ജയകുമാറും ചേര്‍ന്നൊരുക്കിയ തിരക്കഥ അത്ര മോശമെന്നൊന്നും പറയാനാകില്ല. അല്പം വലിച്ചിഴച്ചു എന്നത് സത്യം തന്നെ. പിന്നെ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെ പുഴുക്കുത്തുകളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ ഇരട്ട തിരക്കഥാക്കാരന്‍മാര്‍ക്ക് കഴിഞ്ഞു. കുട്ടികളുടെ കെജി അഡ്മിഷന് വേണ്ടി

മാതാപിതാക്കളെ ഇന്റര്‍വ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടപടികളെ ശക്തമായ ഭാഷയില്‍ തന്നെ അവതരിപ്പിക്കാന്‍ തിരക്കഥാകാരന്‍മാര്‍ക്ക് സാധിച്ചു. തിരക്കഥയില്‍ ഒരുക്കിയ നര്‍മ്മങ്ങളായിരുന്നു സിനിമയിലെ യഥാര്‍ത്ഥ താരം. അത് തദവസരങ്ങളില്‍ പ്രേക്ഷകനെ രസിപ്പിച്ചു കൊണ്ടേയിരുന്നു. ഇംഗ്‌ളീഷ് അറിയാത്ത  അറിയാത്ത മലയാളികള്‍ തപ്പി പെറുക്കി ഇംഗ്ലീഷ് സംസാരിക്കുന്ന തമാശകള്‍ മലയാളത്തില്‍ പുതിയതല്ല. പക്ഷെ ഇവിടെ ആ ഇംഗ്ലീഷിനും, മംഗ്ലീഷിനും ഒരു പുതുമയുണ്ടായിരുന്നു. പ്രത്യേകിച്ച് ബിജു മേനോന്റെ അരവിന്ദന്‍ എന്ന നിഷ്‌കളങ്കനായ അച്ഛന്‍ ചൈല്‍ഡ് ലേബറിനെപ്പറ്റി സംസാരിക്കുന്ന രംഗം. തീയ്യേറ്ററൊന്നാകെ തലയറഞ്ഞു ചിരിക്കാന്‍ പോന്നതായിരുന്നു ആ രംഗം. പിന്നീട് അത്തരം നിരവധി രംഗങ്ങളും  ചെറിയ, നിഷ്‌കളങ്ക തമാശകളും ചിത്രത്തെ ആസ്വാദ്യകരമാക്കി. സംവിധായകനും കാര്യമായ പിഴവുകളൊന്നും സംഭവിച്ചില്ല. തിരുവനന്തപുരത്തിന്റെ ഇത്തിരി ഭൂപ്രദേശവും, സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ക്യാംപസും, പാലക്കാടിന്റെ ഇത്തിരി ഗ്രാമഭംഗിയും, കുറച്ച് സ്‌കൂളുകളും മാത്രമായി ഒരു കൊച്ചു പ്രമേയത്തെ താര പരിവേഷമില്ലാതെ സമീപിച്ച രാജേഷ് നായര്‍ അഭിനന്ദനമര്‍ഹിക്കുന്നു. പിഴവുകളും, പഴുതുകളുമില്ലാതെ സംവിധാനം പൂര്‍ത്തിയാക്കിയ രാജേഷ് പക്ഷെ പ്രമേയത്തിന്റെ വലിപ്പക്കുറവില്‍ പരീക്ഷിക്കപ്പെട്ടു. അവിടെ ചിത്രം വലിച്ചിഴയ്ക്കപ്പെട്ടു, എങ്കിലും സിനിമയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ രാജേഷ് നായര്‍ക്കായി. പാലക്കാടിന്‍രെ ഗ്രാമ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ഗാനം തന്നെ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞതായിരുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കിയ ഹാഷിം അബ്ദുള്‍ വഹാബും ഫസ്ചാത്തല സംഗീതമൊരുക്കിയ ബിജിബാലും തങ്ങളുടെ ദൗത്യം അതിമനോഹരമാക്കി.

ഗ്രാമത്തിന്റെ ഭംഗിയും, വിശുദ്ധിയും, മണവും, മമതയുമൊക്കെ നിറഞ്ഞ ഒരു ഗാനം. അതാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. അത്ര അത്യാവശ്യമൊന്നുമില്ലാതിരുന്നിട്ടും ചിത്രത്തെ പാലക്കേട്ട് കൊമ്ടു പോയ സംവിദായകന്‍ എന്താമ് പ്രേക്ഷകന് നല്‍കാന്‍ ആഗ്രഹിച്ചത് അത് ഛായാഗ്രാഹകന്‍ വിഷ്ണു ശര്‍മ്മ ഭദ്രമാക്കി. ആ ഗ്രാമ വിശുദ്ധി, പ്രേക്ഷകനെ പഴയ കാലത്തേക്കും, കുട്ടിക്കാലത്തേക്കും മടക്കി കൊണ്ടു പോകാന്‍ പോന്നതായിരുന്നു. വിഷ്ണു ശര്‍മ്മ ശരിക്കും പ്രേക്ഷകന്റെ സല്യൂട്ട് അര്‍ഹിക്കുന്നു.

കഥാപാത്രങ്ങളില്‍ ബിജു മേനോനേക്കാള്‍ മുന്നില്‍ നിന്നത് മാസ്റ്റര്‍ വര്‍ക്കിച്ചനായിരുന്നു. കുട്ടികള്‍ കൂടി പ്രധാന കഥാപാത്രമാകുന്ന ചിത്രമാകുമ്പോള്‍ കുട്ടികളുടെ പ്രകടനമാണല്ലോ ശ്രദ്ധേയമാകുന്നത്. മാസ്റ്റര്‍ വര്‍ക്കിച്ചന്‍ പ്രേക്ഷകന്‍രെ വിശ്വാസം കാത്തു. പ്രേക്ഷകനെ വിസ്മയിപ്പിച്ച പ്രകടനം തന്നെ. കുട്ടിത്തം വിടാതെ, എല്ലാവരും ഇഷ്ടപ്പെടുന്ന തരത്തില്‍, എന്നാല്‍ ഓവറാക്കാതെ മാസ്റ്റര്‍ വര്‍ക്കിച്ചന്‍ അറുമാദിച്ചു. ബിജുമേനോന്‍ തനിക്ക് ലഭിച്ച ഹാസ്യ നായക പരിവേഷത്തിന് തെല്ലും മാറ്റം വരുത്തിയില്ല. ചടുലമായ, സ്വാഭാവികമായ ആ തമാശകള്‍, പ്രേക്ഷകനെ രസിപ്പിക്കാന്‍ഡ പോന്നതായിരുന്നു. നിഷ്‌കളങ്കനായ, മെഡിക്കല്‍ ഷോപ്പുടമസ്ഥനായ, കുടുംബത്തെ, അതിരറ്റ് സ്‌നേഹിക്കുന്ന, ഇംഗ്ലീഷ് അറിയാത്ത, മണ്ടത്തരങ്ങള്‍ക്ക് കുറവില്ലാത്ത, വീട്ടച്ഛനായ അരവിന്ദ് ടിപി ബിജു മേനോന്റെ കൈകളില്‍ ഭദ്രമായിരുന്നു. പ്രിയ എന്ന നാട്ടുമ്പുറത്തുകാരി വീട്ടമ്മയെ അവതരിപ്പിച്ച തമിഴ് താരം ലക്ഷ്മി ചന്ദ്രമൗലിയും മോശമാക്കിയില്ല. അന്യ ഭാഷാ നായികമാരുടെ സ്വാഭാവിക ഭാഷാല പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും ടിപ്പിക്കല്‍ മലയാളി വീട്ടമ്മയാകാന്‍ ലക്ഷ്മിയ്ക്കായി. അത്യാവശ്യം അസൂയയും, കുശുമ്പും, തന്റെ കുടുംബത്തെപ്പറ്റി നല്ല സ്വാര്‍ത്ഥതയുമുള്ള തനി വീട്ടമ്മ. അതിഥി വേഷമെന്ന് പറയാമെങ്കിലും സുഹാസിനിയും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്നതായി. ദീപിക മേഡം, അത്ര മോശമല്ലായിരുന്നുവെന്ന് ചുരുക്കം. കോമഡി ഷോകളില്‍ സ്ഥിരമായി ചിരി പടര്‍ത്തിയിരുന്ന ഹരീഷ് തന്റെ കൗണ്ടറുകളിലൂടെയും, സംഭാഷണ ശൈലിയിലൂടെയും തീയ്യേറ്ററുകളിലും ചിരി പടര്‍ത്തി. ശേഷമെത്തിയ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, പാരിസ് ലക്ഷ്മി അടക്കമുള്ളവരും മികവു കാട്ടി. അണിയറയിലും അരങ്ങത്തുമുള്ളവര്‍ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ സാള്‍ട്ട് മാംഗോ ട്രീ ഒരു കൊച്ച് കുടുംബ ചിത്രമായി അവശേഷിക്കുന്നു.

എവിടെ പഠിക്കുന്നു എന്നതല്ല, എന്ത് പഠികകുന്നു എന്നതല്ലേ കാര്യം. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ ആകുലപ്പെടേണ്ടത് തന്നെ. കാരണം ലോകത്തെ മാറ്റി മറിയ്ക്കാന്‍ വിദ്യാഭ്യാസത്തിനാകും എന്നത് തന്നെ. അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ സ്വസ്ഥമായിരുന്ന് കാണാവുന്ന ഒരു ചിത്രം. അത്ര ഭീകര സിനിമയൊന്നുമല്ല എന്ന് വ്യക്തം. കുടുംബ പ്രേക്ഷകരേയും, കുട്ടി പ്രേക്ഷകരേയും രസിപ്പിക്കുന്ന സാള്‍ട്ട് മാംഗോ ട്രീയുടെ ഉപ്പിന് അത്ര ചവര്‍പ്പൊന്നുമില്ല. എന്നാല്‍ ചെറിയൊരാസ്വാദ്യതയുണ്ട് താനും. അത് കൊണ്ട് തന്നെ പുതുതലമുറയെന്ന ലേബലില്ലാതെ പോയി കാണാം.


ഗൌരവമുള്ള പ്രമേയവുമായി ബെന്


ബെന്‍,  ഒരു മുന്നറിയിപ്പാണ്, സന്ദേശമാണ്, കുട്ടികളെ വളര്‍ത്തുന്ന എല്ലാ മാതാപിതാക്കള്‍ക്കും ഇതൊരു താക്കീതാണ്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും കുഞ്ഞു മനമസുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സകല മതങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും, അവയെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചക്കാര്‍ക്കുമെതിരെയുള്ള ഒരൊളിയമ്പ്. ആദ്യ പകുതി പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം വലിച്ചിഴച്ചും രണ്ടാം പകുതിയില്‍ ചില യാഥാര്‍ത്ഥ്യങ്ങളെ ഉറക്കെ വിളിച്ചു പറഞ്ഞും ബെന്‍ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാവുകയാണ്.

തിരക്കഥാകൃത്തില്‍ നിന്നും നടനില്‍ നിന്നും സംവിധായകനിലേക്കും സിനിമയുടെ മറ്റ് സങ്കേതങ്ങളിലേക്കും വളര്‍ന്ന വിപിന്‍ ആറ്റ്‌ലിയുടെ പ്രമേയം ബെന്നിനെ തുണച്ചു. കുട്ടികള്‍ അനുഭവിക്കുന്ന ചില അടിച്ചേല്‍പ്പിക്കലുകള്‍, അവയിലൂടെ അവര്‍ക്ക് സംഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍, മാതാപിതാക്കളുടെ പിടിവാശിയിലൂടെ ഒറ്റപ്പെടുന്ന ചെറുബാല്ല്യങ്ങള്‍, അങ്ങനെ അവര്‍ക്ക് നഷ്ടപ്പെടുന്ന ബാല്ല്യം, സൗഹൃദം അങ്ങനെ മലയാളത്തില്‍ മുന്‍പ് തൊട്ടും തലോടിയും പോയ ഒരു പ്രമേയത്തെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ വിപിന്‍ ആറ്റ്‌ലി പറഞ്ഞവസാനിപ്പിച്ചു. ആറ്റ്‌ലി തന്നെ ഒരുക്കിയ തിരക്കഥയാണ് ശരിക്കും ഈ ചിത്രത്തിലെ പ്രധാന താരം. പഴുതുകളടച്ച തിരക്കഥ എന്നൊന്നും പറയാനാകില്ല. എങ്കിലും താന്‍ തന്നെ സംവിധാനം ചെയ്യേണ്ട ഒരു ചിത്രത്തിനായി ഒരുക്കിയ തന്റെ രണ്ടാമത്തെ തിരക്കഥ അത് വല്ല്യ തട്ടുകേടുകളില്ലാതെ ആറ്റ്‌ലി പൂര്‍ത്തിയാക്കി. തിരക്കഥാകാരന്‍ കണ്ട ജീവിതമാണ് ഈ തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയ ചിത്രം എന്ന് തിരക്കഥാകാരന്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ നടക്കുന്ന സമാനമായ നിരവധി സംഭവങ്ങളില്‍ ഒന്ന് തിരക്കഥാകാരന്‍ കണ്ടു. അത് കുട്ടികള്‍ക്കായി, അവരുടെ മാതാപിതാക്കള്‍ക്കായി ആറ്റ്‌ലി വെള്ളിത്തിരയിലേക്കെഴുതി. ആദ്യ പകുതിയില്‍ പ്രേക്ഷകനെ മടുപ്പിക്കുന്ന ലാഗിംഗ്, അല്ലെങ്കില്‍ അവിടെ തിരക്കഥ ശരിക്കും കുട്ടിക്കഥ ആയിപ്പോയി. കുട്ടിക്കളി ആയിപ്പോയി. ആദ്യ ഭാഗത്തെ ചില രംഗങ്ങള്‍ അപക്വതയെ വിളിച്ചറിയിക്കുന്നതായി. സംവിധായത്തിലും ആറ്റ്‌ലി മോശമാക്കിയില്ല. ചടുലമായ താളമായിരുന്നില്ല ചിത്രത്തിന്റേത്. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രേക്ഷകന്‍ സീറ്റിലമര്‍ന്നിരിക്കുമ്പോള്‍ ചിത്രത്തിന്റെ താളെ മാറുന്നു, ഭാവവും. കുട്ടിപ്പടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം സംവിധായകനില്‍ സുരക്ഷിതമായിരുന്നു. സംവിധായകന്‍ കാര്യമായി പരീക്ഷിക്കപ്പെട്ടുമില്ല. പക്ഷെ പാളുമെന്ന് തോന്നിയിടത്തൊക്കെ സംവിധാനം പാളുക തന്നെ ചെയ്തു. എന്നാല്‍ അതിനെ മറികടക്കാനുള്ള മരുന്നുണ്ടായിരുന്നു ആറ്റ്‌ലിയുടെ പക്കല്‍. ആദ്യ ചിത്രത്തിനായി കഠിന പ്രയന്തം ചെയ്ത ആറ്റ്‌ലി ഈ ചിത്രത്തിനായും അത്രയും തന്നെ പണിയെടുത്തെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം മുന്നോട്ട് പോയില്ല. അത് സംവിധായകന്‍രെ മാത്രം പരാജയമല്ല. മുഴുവന്‍ ക്രൂവിനും അതിലുത്തരവാദിത്വമുണ്ട്. എന്തൊക്കെയായാലും ഗൗരവമുള്ള ഒരു പ്രമേയത്തെ രണ്ട് മണിക്കൂര്‍ കൊണ്ട് അത്ര ഗൗരവമല്ലാതെയാണെങ്കിലും ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍തിരക്കഥാകാരനും, സംവിധായകനും സാധിച്ചു.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുമ്പോഴുള്ള അവസ്ഥ. നാടിനും, കൂട്ടുകാര്‍ക്കും, നാടന്‍ പള്ളിക്കൂടത്തിനുമൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയെ പിടിച്ച് നഗരത്തിലെ അപരിചിതമായ സ്‌കൂളിലേക്കയച്ചാല്‍ എങ്ങനെയിരിക്കും. മീനിനെ പിടിച്ച് കരയിലിട്ടാല്‍ ഉള്ള അവസ്ഥയായിരിക്കും. എന്നാല്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ ആഗ്രഹിച്ചു കൂടെ. അതുമാവാം. പിന്നെയെന്താണ് പ്രശ്‌നം. അതാണ് ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.

കൊച്ചിക്കായലിന് സമീപമുള്ള മുളവുകാട് എന്ന ഗ്രാമം. അവിടെ താമസിക്കുന്ന പരമ്പരാഗത കുടുംബം. മൂന്ന് കുട്ടികള്‍, അവരാണ് കഥയുടെ ഗതി നിര്‍ണ്ണയിക്കുന്നത്. ബെന്‍, ചിക്കൂച്ചി, ചാമി. മൂവരും ഒന്നിച്ച് അടിച്ചു പൊളിച്ച് അറുമാദിച്ച് ജീവിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍. ഒരുമിച്ച കളിച്ച്, ഒരുമിച്ച് തല്ലിപ്പൊളി നടത്തുന്ന ടീം. ഒന്നുമറിയാതെ വല്ല പട്ടിയോ പൂച്ചയോ ആയി ജീവിച്ചാല്‍ പോരെ എന്ന നിഷ്‌കളങ്കമായ ചേദ്യമുയര്‍ത്തുന്ന ഒരു കുഞ്ഞു ടീം. പെട്ടെന്നൊരു ദിവസം ബെന്നിന് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അവനെ പറിച്ചു നടാന്‍ അവന്റെ അമ്മ തീരുമാനിക്കുന്നു. അങ്ങനെ നഗരത്തിലെ സ്‌കൂളിലേക്ക് പോകുന്ന ബെന്നിന് പക്ഷെ അവിടെ അഡ്ജസ്റ്റ് ചെയ്യാനാകുന്നില്ല. കൂട്ടുകൂടി പറന്നു നടന്ന കിളിയെ കൂട്ടിലടച്ച മാതിരി അവന്‍ ഞെളിപിരി കൊള്ളുകയാണ്. ഒന്നും നശ്രദ്ധിക്കാന്‍ കഴിയാതെ, നഗരത്തിലെ കുട്ടികള്‍ക്കൊപ്പമെത്താനാകാതെ അവന്‍ ഒറ്റപ്പെടുന്നു. മാനസികമായി ഒന്നിനോടും പൊരുത്തപ്പെടാനാകാതെ പോകുന്ന ബെന്‍ അങ്ങനെ ചില വിശ്വാസങ്ങളിലേക്കും, അന്ധ വിശ്വാസങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നു. അവിടെ അവന് നേരിടേണ്ടി വരുന്നത് അത്ര നല്ല അനുഭവങ്ങളല്ല. മാനസികമായി തളരുന്ന ബെന്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കാതല്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന പല അന്ധ വിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ നെഞ്ചുവിരിച്ച് ശബ്ദമുയര്‍ത്താന്‍ ചിത്രം മടിക്കുന്നില്ല. ഇതല്ല ശരിയെന്ന് അല്ലെങ്കില്‍ ഇത് തെറ്റാണെന്ന് തുറന്നു പറയാതെ തന്നെ ചിത്രം പ്രേക്ഷകന് മനസിലാക്കി കൊടുക്കുന്നു. കുട്ടികള്‍ വളരേണ്ടത് അവരുടെ ചുറ്റുപാടിലാണ്, അവരിഷ്ടപ്പെടുന്ന സാഹചര്യത്തിലാണ്. പറിച്ചു നടുമ്പോള്‍ അവരുടൈ മാനസികാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കഥാപാത്രങ്ങളില്‍ മികച്ചു നിന്നത് ബെന്നിനെ അവതരിപ്പിച്ച മാസ്റ്റര്‍ ഗൗരവ് മേനോന്‍ തന്നെ. ബെന്നിന്റെ നിസംഗതയും, തല്ലിപ്പൊളിത്തരവും, കൃസൃതിയും, നിഷ്‌കളങ്കതയും, മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം ഗൗരവ് വളരെ കൃതൃതയോടെ അവതരിപ്പിച്ചു. പ്രേക്ഷകന്റെ മനസില്‍ തറഞ്ഞു കയറുന്ന തരത്തില്‍. അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനം തന്നെ. ചിക്കൂച്ചിയും ചാമിയും തകര്‍ത്തു. കൂട്ടത്തില്‍ ചാമിയാണ് ശരിക്കും അറുമാദിച്ചത്. ആ കൊച്ചു ബാല്ല്യത്തിന്റെ ചെയ്തികളും തമാശകളും ശരിക്കും ആസ്വാദ്യകരമായിരുന്നു. ചില ഡയലോഗുകള്‍ അതും രസിപ്പിക്കാന്‍ പോന്നതായി. അമ്മ വേഷത്തിലെത്തിയ അഞ്ജലി ഉപാസന തനിക്ക് ലഭിച്ച വേഷം ഗംഭീരമാക്കി. ടിപ്പിക്കല്‍ അമ്മ തന്നെ. താഴേക്കിറങ്ങി വന്ന സുരാജ് വെഞ്ഞാറമ്മൂട് ജസ്റ്റിന്‍ എന്ന സാധാരണ പാവം ഭര്‍ത്താവിനേയും അച്ഛനേയും മനോഹരമാക്കി. സംവിധായകന്‍ ജിബു ജേക്കബ് തനിക്ക് ലഭിച്ച മൂത്ത ജേഷ്ഠന്റെ വേഷം നന്നായി കൈകാര്യം ചെയ്തു. മൊത്തത്തില്‍ സ്‌ക്രീനില്‍ വന്നു പോയവരെല്ലാം തകര്‍ത്തു. സംവിധായകന്‍ വിപിന്‍ ആറ്റ്‌ലി

മുകളിലില്‍ ആകാശം താഴെ ഭൂമി ഇതു മാത്രമാണ് ഒരു സാധാരണകുട്ടിയ്ക്ക് വേണ്ട വിദ്യാഭ്യാസമെന്ന് സിനിമ അവസാനം പറഞ്ഞു വയ്ക്കുന്നു. അതെ കുഞ്ഞു മനസുകളിലേക്ക് കുത്തി വയ്‌ക്കേണ്ടത് ഭാരിച്ച കാര്യങ്ങളല്ല. ലളിതമായ അവര്‍ക്ക് താങ്ങാവുന്ന കാര്യങ്ങള്‍ മാത്രമാണ്. പിന്നെ അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും കൊണ്ട് ചതെറുപ്പത്തിലെ കുട്ടികളുടെ മനസുകളില്‍ വിഷം നിറയ്ക്കരുത് എന്ന സ്‌ന്ദേശവും ചിത്രം പറഞ്ഞു വയ്ക്കുന്നു. എന്റര്‍ടൈനറാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാലും ഒന്നു കണ്ടു നോക്കൂ.


പത്ത് എണ്ണുന്നതിനുള്ളില് എന്തും സംഭവിക്കാമോ



പത്ത് എണ്ണുന്നതിനുള്ളില്‍ എന്ത് പ്രശ്‌നവും പരിഹരിക്കുന്ന നായകന്‍, പത്ത് നിമിഷത്തിനുള്ളില്‍ തീയ്യേറ്റര്‍ വിട്ടിറങ്ങി പോകാന്‍ കൊതിക്കുന്ന പ്രേക്ഷകര്‍. പാഞ്ഞു പോകുന്ന കാറുകള്‍ കണ്ടാല്‍ അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ചിത്രത്തിലെ നായകനുണ്ടാകുമെന്ന് തീര്‍ച്ച. അമാനുഷിക പ്രകടനങ്ങളും, കാറിന്‍രെ കാതടപ്പിക്കുന്ന ഒച്ചയും, നിര്‍ത്താതെയുള്ള ഇടിയും പിന്നെ സമാന്തരമായ ഒരു പ്രണയവും ഇതാണ് പത്ത് എണ്ണുന്നതിനുള്ളില്‍ പ്രേക്ഷകനെ ഒരേ പോലെ വെറുപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യാന്‍ പോന്ന പത്ത് എണ്‍റതുക്കുളഅളൈ.

ഗോലി സോഡ എന്ന വ്യത്യസ്ത വിരുന്നൊരുക്കിയ വിജയ് മില്‍ട്ടണ്‍ ഇവിടെയും വ്യത്യസ്തതയ്ക്ക് കുറവ് വരുത്തിയില്ല. തനി തമിഴ് പടമാകാതെ കടുത്ത വിക്രം ആരാധകര്‍ക്ക്, അല്ലെങ്കില്‍ തമിഴ് സിനിമകളിലെ അതിമാനുഷിക പ്രകടനങ്ങള്‍ ആസ്വദിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. മിനിട്ടു വച്ച് പ്രേക്ഷകരെ മടുപ്പിക്കാനെത്തുന്ന പാട്ടുകള്‍ എന്ന പതിവ് തമിഴ് ശൈലിയ്ക്ക് മാറ്റം വരുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെയു വിജയ് മില്‍ട്ടന്‍ വ്യത്യസ്തനായി. ചാര്‍മിയുടെ ഐറ്റം ഡാന്‍സ് ചിത്രത്തില്‍ അധികപറ്റായി അവതരിപ്പിച്ചു. ഒരാവശ്യവുമില്ലാതെ. മേനി പ്രദര്‍ശനമാണ് ഉദ്ദേശിച്ചതെങ്കില്‍ ഓകെ. ചാര്‍മിയും സംഘവും തകര്‍ത്തു. പിഴവുകളില്ലാത്ത തിരക്കഥ എന്നൊന്നും പറയാനാകില്ല, കാരണം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത, പ്രേക്ഷകരെ വിദഗ്ധമായി പറ്റിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള കാര്‍ യാത്രയും, റെയില്‍വേ പാളത്തിലൂടെ കാറോടിക്കുന്നതും, മരത്തിന് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന നായികയുടെ അസാമാന്യ പ്രകടനും, അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകന് കല്ലു കടിയ്ക്കുന്നുണ്ട്. മാസ് എന്റര്‍ടൈനര്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്ന എന്നാല്‍ വിക്രമിന്റെ ഗ്ലാമറും, ഡാന്‍സും ആവോളം ഉപയോഗിക്കാന്‍ പാകത്തില്‍ ഒരുക്കിയ തിരക്കഥയായിരുന്നു പത്ത് എന്‍ട്രതുക്കുള്ളൈയുടേത്. വിജയ് മില്‍ട്ടന്‍ എന്ന സംവിധായകന്‍ കാര്യമായി പരീക്ഷിക്കപ്പെടാത്ത ചിത്രം കൂടിയാണിത്. വേറിട്ടൊരു പ്രമേയം കൊണ്ടു വരാന്‍ ശ്രമിക്കുന്നുണടെങ്കിലും അതൊരു അടിത്തറ മാത്രമായി അവശേഷിക്കുന്നു. ബാക്കിയെല്ലാം സ്ഥിരം സ്റ്റണ്ടും, ഡയലോഗും, പ്രണയവും, പാട്ടുകളുമായി മാറഉന്നു. സംവിധായകന്‍ ആഗ്രഹിച്ച വ്‌യത്യസ്തത ഇതാണോ എന്തോ. പ്രേക്ഷകരെ പിടിച്ചിരുത്താനോ ചിന്തിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിലും കാര്യായി ബോറടിപ്പിക്കാതെ എന്നാല്‍ ഒരു ആവറേജ് ചിത്രമായി അവശേഷിച്ചു. പ്രണയം ചിത്രീകരിച്ചിടത്തൊന്നും ഒരു ഫീല്‍ കൊണ്ടുവരാനായില്ല എന്നത് പരാജയം തന്നെ. പിന്നെ കാറിന്റെ സ്പീഡല്ലാതെ സിനിമയിലൊരിടത്തും പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം ഓടിക്കാനും കഴിഞ്ഞില്ല. മടുപ്പിക്കുന്ന ചില രംഗങ്ങളില്‍ പ്രേക്ഷകന്‍ അന്തം വിടും. എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത്. പക്ഷെ അതൊക്കെ അല്പ നേരത്തേക്ക് മാത്രമാണ്. പിന്നെ ഇടയ്ക്കിടെ ഇടി, കിടിലന്‍ ഡയലോഗുകള്‍. അത് സംവിധായകനും തിരക്കഥാകൃത്തുമായ വിജയ് മില്‍ട്ടന്റെ തന്ത്രമായിരുന്നിരിക്കണം. പ്രേക്ഷകനെ ശബ്ദം കൊണ്ടും, കാഴ്ചകള്‍ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തി. പക്ഷെ വിഎഫ്എക്‌സ് ശരിക്കും മടുപ്പിച്ചു. വിക്രമിന്റെ എന്‍ട്രിയടക്കമുള്ള രംഗങ്ങള്‍ വിഷ്വല്‍ ഇഫക്ട്‌സില്‍ നശിപ്പിച്ചു.

വടക്കേ ഇന്ത്യയില്‍ മാത്രമല്ല കേരളത്തിലടക്കം രാജ്യത്താകമാനം അസിഷ്ണുത സൃഷ്ടിക്കുന്ന ജാതിക്കോമരങ്ങളുടെ ദുഷ്പ്രവണതകള്‍ തന്നെയായിരുന്നു ചിത്രം ചര്‍ച്ച ചെയ്ത രാഷ്ട്രീയം. മേല്‍ജാതിക്കാരനും കീഴ്ജാതിക്കാരനും തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. പക്ഷെ അത് പ്രമേയത്തില്‍ മാത്രകമായി ഒതുങ്ങിയപ്പോള്‍ ചിത്രം പതിവ് എന്റര്‍ടൈനര്‍ മൂഡില്‍ യാത്ര ചെയ്തു. അതെവിടേയും ഇടിച്ചു നില്‍ക്കാതിരുന്നത് ഭാഗ്യം.

ജാതി പ്രശ്‌നത്തില്‍ അടിത്തറയിട്ട് അമാനുഷീകതയില്‍ പടുത്തുയര്‍ത്തിയ ഒരു അസ്വഭാവീക ചിത്രം. അതാണ് പത്ത് എന്‍ട്രതുക്കുള്ളൈ. പ്രായത്തില്‍ കവിഞ്ഞ പ്രകടനച്ചിലൂടെ ഒരിക്കല്‍ കൂടി വിക്രം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. താരത്തിന്റെ മുന്‍ പ്രകടനങ്ങളോട് താരതമ്യപ്പെടുത്താനാകില്ലെങ്കിലും ഭേദം തന്നെ. പിന്നെ അഭിനയത്തിന്റെ കാര്യം, അതിന് തിരക്കഥ വിക്രത്തെ അനുവദിക്കുന്നില്ല. കാരണം അതിനും മാത്രമുള്ള രംഗങ്ങളൊന്നും തിരക്കഥയിലില്ല എന്നത് തന്നെ. പക്ഷെ ഉള്ളത് വൃത്തിയാക്കി സ്‌ക്രീനിലെത്തിക്കാന്‍ ചീയാനായി. ഇനി സമാന്തയാണെങ്കിലോ പതിവില്‍ നിന്നും വ്യത്യസ്തമായ വേഷം തന്നെ. ഷക്കീല എന്ന പേരും തികച്ചും വ്യത്യസ്തമായ ഇരട്ട വേഷവും. പതിവ് ശൈലികളില്‍ നിന്നും മാറി പ്രാധാന്യമുള്ള നായിക വേഷം തന്നെ. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിലെ കീ റോള്‍ ചെയ്തിരിക്കുന്നത് സമാന്ത തന്നെയാണ്. പിന്നെ സമാന്തയുടെ അല്ലറ ചില്ലറ ഗ്ലാമറസ് രംഗങ്ങള്‍, അല്ലെങ്കില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ചില രംഗങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. ചില സ്പര്‍ശനങ്ങള്‍, ചില ചുംബനങ്ങള്‍. പ്രേക്ഷകര്‍ക്ക് സുപരിചിതവും അല്ലാത്തതുമായി മറ്റ് നിരവധി താരങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നു. തമിഴ്‌നാടിന് പുറമെ വടക്കേ ഇന്ത്യയും കുറച്ച് നേപ്പാളും ചിത്രത്തിലെത്തുന്നുണ്ട്. നേപ്പാളിന്റെ ദൃശ്യഭംഗി തനിമ ചോരാതെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ കെ എം ഭാസ്‌ക്കരന്റെ ഛായാഗ്രഹണം ശ്രദ്ധിച്ചു. നേപ്പാളിലെ ക്ഷേത്രങ്ങളുടേയും തനത് നേപ്പാള്‍ വീടുകളുടേയും ചാരുതയും, ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള യാത്രയും, മസൂറിയുടെ മനോഹര ദൃശ്യങ്ങളും കെ എം ഭാസ്‌ക്കരന്‍ എന്ന ക്യാമറാമാന്റെ കൈയ്യില്‍ ഭദ്രം. ഐറ്റം ഗാനമടക്കമുള്ള സംഗീതവും മടുപ്പിച്ചില്ല. ഡി ഇമ്മന്റെ സംഗീതം ചിത്രത്തിന് മിഴിവ് കൂട്ടി. പക്ഷെ ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന കാതടപ്പിക്കുന്ന ടൈറ്റില്‍ സോംഗ് അരോചകമായി. ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനം എടുത്തു പറയേണ്ടത് തന്നെ. നിലവാരം പുലര്‍ത്തിയ എഡിറ്റിംഗ്. രംഗങ്ങളില്‍ നിന്നും രംഗങ്ങളിലേക്കുള്ള കൂടുമാറ്റവും, ഗാനരംഗങ്ങളും ശ്രീകര്‍ പ്രസാദിന്റെ മിടുക്കില്‍ മികവ് കാട്ടി. സ്റ്റണ്ടും നിലവാരം പുലര്‍ത്തി. ഓരോ വിഭാഗം വില്ലന്‍മാര്‍ക്കും ഓരോ തരത്തിലുള്ള ഇടി. അത് കൊള്ളാം, പിന്നെ കോട്ടും സ്യൂട്ടുമിട്ട വില്ലന്‍മാരെല്ലാം കത്തിയും, വടിവാളുമായി സ്റ്റണ്ടിനിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ ഒന്നമ്പരക്കും. എന്നാലും പോട്ടെ. ഇടിയല്ലെ.

ജാതി പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ പത്ത് എന്‍ട്രതുക്കുള്ളൈ, ഒരു മാസ് എന്റര്‍ടൈനര്‍ ഗണത്തില്‍ പെടുത്താനാവില്ല. ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള യാത്ര എന്ന തരത്തില്‍ ഒരു ട്രാവല്‍ മൂവി ഗണത്തില്‍ പെടുത്താമോ എന്നു ചോദിച്ചാല്‍ ഇതൊരു കംപ്ലീറ്റ് ട്രാവല്‍ മൂവിയുമല്ല. എന്നാലും അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ ചില അമാനുഷിക പ്രകടനങ്ങള്‍ക്ക് കണ്ണടച്ചാല്‍ വിജയ് മില്‍ട്ടനെ കുറ്റം പറയാതെ സിനിമ കണ്ടിറങ്ങാം.


പ്രേക്ഷകനോട് നീതി പുലര്ത്തിയ റൌഡിപ്പടം



വിഘ്‌നേശ് ശിവന്‍ എന്ന സംവിധായകനില്‍ നിന്നും ലഭിച്ച ഒരു മുഴുനീള എന്റര്‍ടൈനര്‍, നയന്‍താരയുടെ തുടര്‍ച്ചയായ വിജയ ചിത്രം, വിജയ് സേതുപതിയുടെ മോശമല്ലാത്ത പ്രകടനം, തമാശ നിറഞ്ഞ പ്രതികാരം, ബോറടിപ്പിക്കാത്ത അവതരണം, അങ്ങനെ പ്രേക്ഷകനോട് നീതി പുലര്‍ത്തിയ ഒരു ചിത്രം. അതാണ് നാനും റൗഡി താന്‍. തമിഴ് സിനിമ ലോകത്തെ വമ്പന്‍ ചിത്രങ്ങള്‍ക്ക് സമാന്തരമായി സഞ്ചരിച്ച് വിപ്ലവം തീര്‍ക്കുന്ന ചെറു ചിത്രങ്ങളുടെ പട്ടികയില്‍ ഈ സിനിമയേയും ഉള്‍പ്പെടുത്താം.

തമിഴ് സിനിമ ലോകത്ത് വിപ്ലവങ്ങള്‍ ആദ്യമായല്ല. വമ്പന്‍ ചിത്രങ്ങള്‍ക്ക് സമാന്തരമായി സഞ്ചരിക്കാനും വിപ്ലവം തീര്‍ക്കാനും, വിജയം കൊയ്യാനും എന്നും ഇത്തരം ചിത്രങ്ങല്‍ക്ക് കഴിയാറുണ്ട്. വിഘ്‌നേശ് ശിവന്‍ എന്ന സംവിധായകന്‍ തന്നെ തിരക്കഥയും ഒരുക്രകിയിരിക്കുന്ന ചിത്രം പറയുന്നത് പറഞ്ഞു പഴകിയ പ്രമേയം തന്നെയാണ്. പ്രതികാരം. അച്ഛനേയും അമ്മയേയും കൊന്നയാളിനോട് പ്രതികാരം ചോദിക്കാന്‍ മക്കള്‍ ഇറങ്ങിത്തിരിക്കുന്ന പഴയ പ്രമേയം. പ്രതികാരവുമായി ഇറങ്ങുന്ന നായകനോ നായികയ്‌ക്കോ കൂട്ടായി മറ്റൊള്‍ രൂടെ എത്തുന്നതോടെ സിനിമ ട്രാക്കിലാകും. അപ്പോള്‍ പിന്നെ പ്രതികാരത്തിന് സമാന്തരമായി ഒരു പ്രണയവും ഉണ്ടാകുമല്ലോ. പിന്നെയുള്ള പ്രതികാരം ഇരുവരും ഒന്നിച്ച്. പ്രതികാരം ചെയ്യുന്നു, പ്രണയം പൂവണിയുന്നു. ചിത്രം ശുഭപര്യവസാനിയാകുന്നു. സംഭവമൊക്കെ അത് തന്നെ. പക്,#െ ഇവിടെ ചിത്രത്തെ സംവിധായകനും തിരക്കഥാകൃത്തുമായ വിഘ്‌നേശ് ശിവന്‍ സമീപിച്ചിരിക്കുന്ന വ്യത്യസ്തമായ രീതിയാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. കോമഡിയാമ് ചിത്രത്തിന്‍രെ ട്രാക്ക്. പ്രതികാരമെങ്ങനെ കോമഡിയില്‍ പൊതിയുമെന്ന സംശയം തോന്നുന്നത് സ്വാഭാവികം. പക്ഷെ ഇവിടെ സംവിധായകന്‍ ചിന്തിച്ചത് പ്രേക്ഷകനെക്കുറിച്ച് മാത്രമാണ്. ചിരിപ്പിക്കുക, എല്ലാ സന്ദര്‍ഭങ്ങളിലും ചിരി നിറയ്ക്കുക. അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിയുന്നുണ്ട്. ഹാസ്യത്തിന് പ്രേക്ഷകന്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്ന ുണ്ടെന്ന തിരിച്ചറിവാണ് ഈ സിനിമയെ തീയ്യേറ്ററുകളില്‍ ഇത്ര ജനപ്രിയമാക്കുന്നത്. ഓരോ ഡയലോഗുകളിലും ഓരോ സാഹചര്യങ്ങളിലും ട്രാക്ക് കാത്തു സൂക്ഷിക്കാന്‍ തിരക്കഥാകാരന് കഴിയുന്നുണ്ട്. യുക്തി മാറ്റി നിര്‍ത്തിയാല്‍ തിരക്കഥാകാരന് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടി വരും. സിനിമകള്‍ മുഴുവന്‍ യുക്തി ഭദ്രമായാല്‍ പിന്നെ എന്ത് രസം. സംവിധായകന്റെ അവതരണ രീതിയും, മേക്കിംഗും മോശമാക്കിയില്ല. പരീക്ഷണ ചിത്രമെന്ന ഗണത്തില്‍ നോക്കിയാല്‍ ഇത് പരീക്ഷിച്ച് വിജയിച്ച ചിത്രമാണ്. ഇതൊരു ടീം വര്‍ക്കിന്റെ മികവ് കണ്ട ചിത്രം കൂടിയാണ്. നയന്‍താര ഒഴികെ വെള്ളിത്തിരയിലെത്തിയ താരങ്ങളാരും സൂപ്പര്‍ സ്റ്റാറുകളോ തമിഴകത്ത് വന്‍ ആരാധക പിന്തുണ ഉള്ളവരോ അല്ല. ടെക്‌നിക്കല്‍ ടീമും അങ്ങനെ തന്നെ.

സാധാരണ പ്രേക്ഷകന്റെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും തിരക്കഥാകരാനും സംവിധായകനും നിയന്ത്രിച്ച ഒരു ചിത്രമാണ് നാനും റൗഡി താന്‍. പ്രതികാര കഥയിലെ തമാശകള്‍ അസാധാരണമായും സാധാരണമായും അവതരിപ്പിക്കുമ്പോള്‍ അത് പ്രേക്ഷകന് എങ്ങനെ രസിക്കുമെന്നും അണിയറക്കാര്‍ക്ക് നന്നായറിയാമായിരുന്നു. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന അവതരണവും, ചെറിയ, എന്നാല്‍ വ്യത്യസ്തമായ  ആഖ്യാനരീതിയും കൊണ്ട് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നാനും റൗഡി താന്‍ ഒരു വിരുന്നു തന്നെയാണ്.



ആകാരം കൊണ്ടോ ശബ്ദം കൊണ്ടോ രൂപം കൊണ്ടോ ഒരു നായകന്റെ ഭാവങ്ങളില്ലാത്ത വിജയ് സേതുപതിയുടെ പാണ്ഡ്യന്‍ ഈ ചിത്രത്തില്‍ ഒരു ചിരിക്കുടുക്കയായിരുന്നു. കീ കൊടുത്താല്‍ ചിരിക്കുന് പാവ പോലെ വിജയ് വായ തുറന്നാല്‍ പ്രേക്ഷകന്‍ ചിരിക്കും, വിജയ് സേതുപതി എന്ത് ചെയ്താലും അത് മണ്ടത്തരമായിരിക്കും അപ്പോഴും പ്രേക്ഷകന്‍ ചിരിക്കും. ഈ ചിരിയാണ് സംവിധായകന്‍ ആഗ്രഹിച്ചതും. അത് ഭംഗിയാക്കാന്‍ വിജയ് സേതുപതിയ്ക്കായി. തമിഴിലെ ചില പരീക്ഷണ ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് പ്രിയ്യങ്കരനായ വിജയ് സേതുപകി ഇവിടേയും പ്രേക്ഷകനെ രസിപ്പിച്ചു. മടുപ്പിച്ചതുമില്ല. തമിഴില്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയ നയന്‍താരയുടെ പ്രകടനം മികച്ചു നിന്നു. നായികയ്ക്കും പ്രാധാന്യമുള്ള കഥാപ്രാത്രങ്ങല്‍ തെരഞ്ഞെടുക്കുന്നതില്‍ നയന്‍താര സ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാമ് തനി ഒരുവനും മായയ്ക്കും പിനാനാലെയെത്തിയ ഈ ചിത്രത്തിലെ കാദംബരി എന്ന കതാപാത്രം. നായകന്‍രെ നിഴലില്‍ നില്‍ക്കാന്‍ മാത്രമല്ല നായകനെ പ്രണയിക്കാന്‍ മാത്രമുള്ളതല്ല നായിക എന്ന് നയന്‍താര ഈ ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. കാത് കേല്‍ക്കാത്ത എന്നാല്‍ സംസാരിക്കുന്ന ആളിന്റെ ചുണ്ടനക്കം നോക്കി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന കാദംബരി ആദ്യം അത്ഭുതമായെങ്കിലും വേഗം പ്രേക്ഷകന്‍ കാദംബരിയെ അംഗീകരിച്ചു. നയന്‍സിന്‍രെ പ്രകടനം അത്രത്തോളം മികവാര്‍ന്നതായിരുന്നു എന്നു ചുരുക്കം. ചിത്രത്തിന് വേണ്ട ഭാവങ്ങളത്രയും നയന്‍താരയുടെ മുഖത്ത് പല സമയത്തായി തെളിഞ്ഞു. സ്‌ക്രീനിലെത്തിയ ബാക്കി താരങ്ങളും മോശമാക്കിയില്ല. ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അവരെല്ലാവരും ചേര്‍ന്ന് തീയ്യേറ്ററുകലെ ആവേശത്തിലാക്കി. അനിരുദ്ധിന്‍രെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടി. അനാവശ്യത്തിനുപയോഗിക്കാനുള്ളതല്ല, മറിച്ച് പ്രേക്ഷകന് രസിക്കുന്ന തരത്തില്‍ ആവശ്യമുള്ളിടത്ത് ആവശ്യത്തിന് മാത്രം ഉപയോഗിക്കതേണ്ടതാണ് സംഗീതമെന്ന് അനിരുദ്ധ് പറഞ്ഞു വച്ചു. ജോര്‍ജ്ജ് സി വില്ല്യംസിന്‍രെ ക്യാമറയും മോശമാക്കിയില്ല. പോണ്ടിച്ചേരിയും ചെന്നൈയും തമിഴ്‌നാടിന്‍രെ തനിമയും ചിത്രത്തിലെത്തിക്കുന്നതിവ് ജോര്‍ജ്ജ് സി വില്ല്യംസ് വിജയിച്ചു. ചിത്രസംയോജനത്തില്‍ അത്ഭുതങ്ങളൊന്നും കാ#ോ#്ടിയില്ലെഹ്കിലും ഇവിടെയും ശ്രീകര്‍ പ്രസാദിന്‍രെ പ്രതിഭ തെളിഞ്ഞു കമ്ടു. ബ്ലാക്ക് കോമഡിയെന്ന ഗണം ഇന്ത്യന്‍ സിനിമ അമഗീകരിച്ചു തുടങഅഹിയിട്ട് അധികമായിട്ടില്ല. അത് ഏറ്റവുമധികം തരംഗമായതാകട്ടെ തമിഴകത്തും. ഇതും അങ്ങനെ ഒരു ചിത്രമാണെങ്കില്‍ കറുത്ത ബാല്യത്തിനും ഇവിടെ പ്രേക്ഷകരുണ്ടന്നന് ഈ സിനിമയുടെ ജനപ്രീതി തെളിയിക്കുന്നു.

ഹോളിവുഡിനോട് കിടപിടിക്കുന്നതൊന്നുമല്ലെങ്കിലും പരീക്ഷണങ്ങള്‍ക്ക് തമിഴ് സിനിമ ലോകത്ത് പഞ്ഞമില്ല. കോടികള്‍ മുടക്കി തീയ്യേറ്ററില്‍ പാരാജയപ്പെടുന്ന സൂപ്പര്‍സ്റ്രാര്‍ ചിത്രങ്ങളല്ല. മറിച്ച് അവതരണത്തിലും പ്രമേയത്തിലും പ്രേക്ഷകനോട് അടുത്തു നില്‍ക്കുന്ന ചെറു വിപ്ലവ സിനിമകള്‍. ആ പരീക്ഷണങ്ങളില്‍ മിക്കതും വിജയങ്ങളുമായിരുന്നു. അതാണ് ചലച്ചിത്ര ലോകം ആവശ്യപ്പെടുന്നതും. കോടികള്‍ മുടക്കി പൊട്ടിക്കുന്ന പടക്കങ്ങളല്ല, മറിച്ച് നല്ല സിനിമകളെയാണ്, ആസ്വാദ്യകരമായ സിനിമകളെയാമ് പ്രേക്ഷകന് ആവശ്യം. അത് കിട്ടിയാല്‍ അത് വിപ്ലവമായാലും, പരീക്ഷണമായാലും പ്രേക്ഷകന്‍ അംഗീകരിക്കുമെന്നുറപ്പ്. അതിന് തെളിവാണ് നാനും റൗഡിതാന്‍.


പോകാം റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം ഒരു ഹിമാലയന് യാത്ര

വീണ്ടുമൊരു യാത്രാ സിനിമ. അതെ റാണിയുടേയും പദ്മിനിയുടേയും കഥ ഒരു യാത്രയാണ്. അല്ലെങ്കില്‍ യാത്രയിലൂടെയാണ് റാണിയുടേയും പദ്മിനിയുടേയും കഥ പറയുന്നത്. ശക്തരായ രണ്ട് നായികാ കഥാപാത്രങ്ങള്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ചിത്രം. വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്ന ചിലതുണ്ടായിരുന്നു. സമാനതകളില്ലാത്ത, തികച്ചും വ്യത്യസ്തമായ ജീവിതം നയിക്കുന്ന രണ്ട് പേരുടെ ഹിമാലയന്‍ യാത്ര മടുപ്പിക്കാതെ അവതരിപ്പിച്ച ഫീല്‍ ഗുഡ് മൂവിയാണ് റാണി പദ്മിനി.

മലയാള സിനിമയെ കൊച്ചിയിലേക്ക് കൈപിടിച്ച് നടത്തിയ സംവിധായകരില്‍ പ്രമുഖനായ ആഷിഖ് അബു ഇവിടെയും വ്യത്യസ്തത കൈവിട്ടില്ല. മനകളില്‍ നിന്നും മലയാള സിനിമയെ വിളിച്ചിറക്കിയ സംവിധായകന്റെ മിക്ക ചിത്രങ്ങളും മലയാളിക്ക് വ്യത്യസ്ത കാഴ്ചാനുഭവം പകര്‍ന്നിരുന്നു. റാണി പദ്മിനിയും അങ്ങനെ തന്നെ. മലയാളം വീണ്ടും വടക്കേ ഇന്ത്യയിലേക്ക് യാത്ര പോകുന്നു. ഹൈവേയ്ക്കും, ക്യൂനിനും ശേഷമെത്തിയെങ്കിലും ഈ യാത്രാ ചിത്രം പക്ഷെ അവയ്ക്ക് സമാനമല്ല. ഇത് മലയാളത്തിന്റെ യാത്രയാണ്. സിനിമയുടെ വേറിട്ട തലത്തിലേക്കുള്ള യാത്ര. സ്ത്രീകളുടെ സിനിമയെന്നും പറയാം. ഒരു മുഴുനീള മഞ്ജുവാര്യര്‍, റിമകല്ലിംഗല്‍ സിനിമ. സിനിമ തുടങ്ങുന്നത് തന്നെ ഒരു ഹിമാലയന്‍ റാലിയിലാണ്. കണ്ടിരിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഒരു പോലെ സിരകളില്‍ ഹരം പടര്‍ത്തുന്ന റാലി. ആ റാലിക്ക് സമാന്തരമായി രണ്ട് സ്ത്രീകള്‍ നടത്തുന്ന യാത്ര. അവര്‍ വെല്ലുവിളിക്കുന്നത് ലോകത്തെയോ, ആണ്‍ മേല്‍ക്കോയ്മയെയോ അല്ല. മറിച്ച് സ്ത്രീയുടെ അടക്കിപ്പിടിച്ച സ്വാതന്ത്ര്യത്തെയാണ്. ചിറകടക്കി പിടിച്ച് ജീവിക്കാനായി സമൂഹം പെണ്‍കുട്ടികള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന അടക്കവും ഒതുക്കവും എന്ന ചട്ടക്കൂടിനെയാണ് റാണിയും പദ്മിനിയും ചേര്‍ന്ന് വെല്ലുവിളിക്കുന്നത്. അടുക്കളയ്ക്കുള്ളില്‍ മാത്രം അടങ്ങിയൊതുങ്ങി കഴിയാനല്ല,  ചിറകു വിടര്‍ത്തി പറക്കാനാണ് ചിത്രം സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നത്. സ്വന്തം സ്വത്വത്തെ മറച്ചു പിടിക്കാതെ സ്ത്രീയെന്ന പേരില്‍ സ്വയം വേലിക്കെട്ടുകള്‍ തീര്‍ക്കാതെ പറന്നോളൂ, സമൂഹമല്ല നിങ്ങളെ നിയന്ത്രിക്കുന്നത്. അത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ മാത്രമാണ്. ഇനി ഇതൊരു സ്ത്രീ പക്ഷ ചിത്രമാണോയെന്നു ചോദിച്ചാലോ, അല്ല, കാരണം ചിത്രം നല്‍കുന്ന സന്ദേശം മുഴുവന്‍ സമൂഹത്തിനുമുള്ളതാണ്. സ്വാതന്ത്ര്യം ആസ്വദിക്കാനുള്ളതാണ്. അത് അടക്കിവയ്ക്കാനുള്ളതല്ല. പ്രകടിപ്പിക്കാനുള്ളതാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെ.

യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് ദിവസങ്ങള്‍ നീണ്ടും നില്‍ക്കുന്ന വടക്കേ ഇന്ത്യന്‍ സൗന്ദ്ര്യം ആസ്വദിക്കാനുള്ള യാത്ര പോകാനാഗ്രഹിക്കുന്നവര്‍ക്ക് മലയാളത്തിന് അപരിചിതമായിരുന്ന ഈ വഴിയെ പോകാം. കണ്‍നിറയെ കാണാം. എന്ത് കാണാമെന്ന് ചോദിക്കരുത്. വഴി തെളിച്ചിട്ടുണ്ട്, പോകേണ്ടവര്‍ക്ക് പോകാം. പിന്നെ മറ്റുള്ളവര്‍ക്ക് നല്ലത് വരുന്നു എന്നു കേള്‍ക്കുമ്പോള്‍ മനസിലുണ്ടാകുന്ന വിങ്ങലിനെ ചിത്രം ഒരു കഥാപാത്രത്തെ കൊണ്ട് പ്രേക്ഷകനോട് പറയിക്കുന്നുമുണ്ട്.

ചിത്രത്തോട് ആഷിഖ് അബു പുലര്‍ത്തിയ അര്‍പ്പണവും, ആത്മാര്‍ത്ഥതയും കാണാതിരിക്കാനാവില്ല. സംവിധായകന്‍ എന്ന നിലയില്‍ ആഷിഖിന്റെ വിജയമാണ് റാണി പദ്മിനി. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്തു കൊണ്ടുള്ള ഒരു ബലൂണ്‍ യാത്ര തന്നെ പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം കൂടാന്‍ പ്രേരിപ്പിക്കുന്നു. സാധാരണയിലും താഴ്ന്ന ഒരു പ്രമേയത്തെ തിരക്കഥാകാരന്‍മാരായ ശ്യം പുഷ്‌ക്കരനും രവിശങ്കറും ചേര്‍ന്ന് പഴുതുകളില്ലാതെ എന്നാല്‍ ചില ചേരായ്മകളുമായി സിനിമയുടെ വഴിയിലെത്തിച്ചു. സംവിധായകന്‍ പരീക്ഷിക്കപ്പെടുമെന് തോന്നിയിടത്തെല്ലാം പക്ഷെ മികച്ച കൈയ്യടക്കത്തോടെ ആഷിഖ് മികവ് പുലര്‍ത്തി. തുടക്കത്തിലെ ഗാനത്തിലൂടെ രണ്ട് നായികമാരുടെ സ്വഭാവ സവിശേഷതകള്‍ പരിചയപ്പെടുത്തുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് കൗതുകമായി. സമാനതകളില്ലാത്ത രണ്ട് പെണ്‍കുട്ടികളുടെ സ്വഭാവ പ്രകടനങ്ങള്‍ ഒരു പീട്ടിലൂടെ എത്തുമ്പോള്‍ പക്ഷെ അത് സിനിമയ്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് പ്രേക്ഷകന്‍ അപ്പോല്‍ കരുതുന്നില്ല. പത്മിനിയുടെ കല്ല്യാണം പഴയ കല്ല്യീണ വീഡിയോയുടെ ശൈലിയില്‍ അവതരിപ്പിച്ചതും കൗതുകമായി. ഇനി യാത്രയിലേക്ക് വീണ്ടും. രണ്ട് പെണ്‍കുട്ടികള്‍ ഹിമാലയന്‍ യാത്രയ്‌ക്കൊരുങ്ങണമെങ്കില്‍ എന്തെങ്കിലും കാരണം വേണമല്ലോ. ഉണ്ട് ഇവിടെ കാരണം ഉണ്ട്. പത്മിനിയുടെ കാരമം ഓകെ, മനസിലാക്കാം. പക്ഷെ റാണിയെ ഹിമാലയന്‍ പാതയിലെത്തിച്ച വഴികളത്രയും പ്രേക്ഷകനങ്ങോട്ട് ദഹിച്ചില്ല. കോമഡിക്കു വേണ്ടിയുള്ള കോമഡികളും, കാരണത്തിന് വേണ്ടിയുള്ള കാരണങ്ങളും. തനി ഗ്രാണീണ പെണ്‍കുട്ടിയായ പത്മിനിയായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനടിച്ചു. താന്‍ ചെയ്യേണ്ടതെല്ലാം മഞ്ജു വാര്യര്‍ ഭംഗിയാക്കി. ആ പൊട്ടിപ്പെണ്ണിനെ പ്രേക്ഷകന്‍ വെറുക്കില്ലെന്നുറപ്പ്. കൂട്ടിന് സാഹസികയായ, അണ്‍കുട്ടിയാകാനാഗ്രഹിക്കുന്ന റാണിയായി റിമ കല്ലിംഗലും എത്തുന്നതോടെ ചിത്രം ഒഴുക്കിനെതിരെ നീന്തി തുടങ്ങി. റിമയുടെ റാണി മോശമാക്കിയില്ല. ചില സാഹസികതകള്‍ പ്രേക്ഷകരെ ത്രസിപ്പിച്ചു എന്നും പറയാം. പത്മിനിയുടെ ഭര്‍ത്താവായ റാലി ചാമ്പ്യനായി എത്തിയ ജിനു ജോസഫ് വേറിട്ട അനുഭവമായി. അമ്മാവിയമ്മയായി സജിത മഠത്തിലും, റാലിയില്‍ ഗരിയുടെ നാവിഗേറ്ററായി ബിനു പപ്പുവും റാണിയുടെ ജീവിതത്തിലെ വില്ലനായി ഹരീഷ് ഖന്നയും, ട്രക്കിംഗ് ടീമംഗമായി ശ്രീനാഥ് ഭാസിയും, മലയാളം മാധ്യമപ്രവര്‍ത്തകനായി ദിലീഷ് പോത്തനുമെല്ലാം മടുപ്പിക്കാതെ വന്നു പോയി. ഇവരില്‍ ചിലരെങ്കിലും അത്യാവശ്യമില്ലാത്ത ചില കഥാപാത്രങ്ങളായിരുന്നു. പക്ഷെ അതൊക്കെ സംവിധായകന്റെ ഇഷ്ടം. ഇനി ഈ ചിത്രമൊരു മനോഹര വിഷ്വല്‍ ട്രീറ്റ്‌മെന്റാണെങ്കില്‍ പ്രേക്ഷകന്‍ സിനിമയ്‌ക്കൊപ്പം ഹിമാലയത്തിലേക്ക് പോകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ ചിത്രത്തിന്‍രെ ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ തന്നെ. ഹിമാചലിനെ മലയാള സിനിമയ്ക്കും പ്രേക്ഷകനും പരിചയപ്പെടുത്തുകയാണ് ഛായാഗ്രാഹകന്‍. പ്രേക്ഷകന് സങ്കോചമില്ലാതെ കാണാന്‍ പാകത്തിന്. ബിജിബാലിന്‍രെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

ഹോര്‍ലിക്‌സ് വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്നതല്ല പോലും ഭാര്യ. വീടിന്റെ നാലാ ചുവരുകളക്കുള്ളില്‍ മാത്രം ഒതുങ്ങി കഴിയേണ്ടവളല്ല സ്ത്രീയെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. അതെ സിനിമ പറയാനുള്ളതൊക്കെ പറഞ്ഞേച്ചും പോയി, ഇനിയൊക്കെ പ്രേക്ഷകന് തീരുമാനിക്കാം. ആണത്തമുള്ള റാണിക്കും, പെണ്ണത്തമുള്ള പദ്മിനിയ്ക്കുമൊപ്പം ഹിമാലയം കയറണോ വേണ്ടയോ എന്ന്. പക്ഷെ തീയ്യേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നഷ്ടബോധമുണ്ടാകില്ലെന്നുറപ്പ്.