സിനിമ കണ്ടിറങ്ങി കുറച്ച് സമയമെടുത്തു സ്ഥലകാല ബോധം വീണ്ടെടുക്കാന്‍. പഴുതുകളില്ലാത്ത സ്‌ക്രിപ്റ്റും, വേണു എന്ന സംവിധായകന്റെ അസാധാരണ ക്രാഫ്റ്റും, മ്മൂട്ടിയിലെ അതുല്ല്യ നടന വൈഭവവും ഒത്തു ചേര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ പിറന്ന മികച്ചൊരു ദൃശ്യസംസ്‌കാരം തന്നെയായിരുന്നു മുന്നറിയിപ്പ്. വേണുവിലെ ഛായാഗ്രാഹകന്‍ ചിത്രത്തിലെ ഒരു രംഗത്ത് പോലും പരീക്ഷിക്കപ്പെട്ടിട്ടില്ല. വേണു എടുത്ത ഓരോ ഫ്രെയിമും അടുത്തതിലേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നു. കാഴ്ചയുടെ തുടര്‍ച്ചയും, ദൃശ്യങ്ങളിലെ നിമഗ്നതയും ആദിയോടന്തം നിലനിര്‍ത്താന്‍ വേണുവിനായി. മലയാളത്തില്‍ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങല്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നടിയാണ് താനെന്ന് അപര്‍ണ്ണ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം കൂടിയാണ് മുന്നറിയിപ്പ്.
വേണുവിന് പുറമെ ചിത്രത്തില്‍ ഏറെ കൈയ്യടി അര്‍ഹിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച സി കെ രാഘവന്‍. മമ്മൂട്ടിയെ ചിത്രത്തിലെവിടെയും കാണാനാവുന്നില്ലായിരുന്നു. കാരണം രാഘവേട്ടന്‍ എന്ന് അഞ്ജലി അറയ്ക്കല്‍(അപര്‍ണ്ണ ഗോപിനാഥ്)സംബോധന ചെയ്യുന്ന വ്യക്തി ചിത്രത്തിനവസാനം വരെയും ഓരോ പ്രേക്ഷകന്റെയും മനസിലും രാഘവേട്ടനായിരുന്നു. താരപ്രഭാവങ്ങളില്ലാതെ സി കെ രാഘവനെന്ന തടവുകാരനെ അവതരിപ്പിക്കാന്‍ മമ്മൂട്ടി കാണിച്ച മനസ് തന്നെ അഭിനന്ദനാര്‍ഹമാണ്. ജയിലറായ നെടുമുടി വേണു രാഘവനെ അഞ്ജലിക്ക് പരിചയപ്പെടുത്തുന്ന രംഗം ശ്രദ്ധേയമാണ്. തീയ്യറ്ററുകളിലെ സ്ഥിരം കയ്യടികളോ വരവേല്‍പ്പോ ഇല്ലാതെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി രാഘവന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുകയാണ്. ആദ്യ സീന്‍ മുതല്‍ തന്നെ രാഘവന്റെ മുഖത്തെ നിഗൂഢത അയാളുട െകണ്ണുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ മുഖത്താണ് അഭിനയമെന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിച്ച സംവിധായകനാണ് വേണു. അത് കൊണ്ടാണ് മമ്മൂട്ടിയുടെ മുഖത്തെ ക്ലോസുകള്‍ ചിത്രത്തിന്റെ പലയിടത്തും തെളിഞ്ഞു നില്‍ക്കുന്നത്. അപരിചിതത്വവും, നിഗൂഢതകളും നിറഞ്ഞ ആ മുഖത്ത് എക്‌സ്പ്രഷന്‍സ് മാറിമറിയുന്നത് ഏതൊരു പ്രേക്ഷകനേയും കോള്‍മയിര്‍ കൊള്ളിക്കും. സസ്പന്‍സ് നിഞ്ഞ ക്ലൈമാക്‌സില്‍ മ്മൂട്ടി എന്ന മഹാനടനെ പ്രേക്ഷകന്‍ തിരിച്ചറിയും, തീര്‍ച്ച. അഭിനയം എന്താണെന്ന് ആ മുഖം പറഞ്ഞ് തരും.
നല്ല സിനിമയ്ക്കായി പണമിറക്കിയ രന്‍ജിത്തും സൃഹൃത്തുക്കളും, ഗസറ്റ് റോളിലെത്തിയ പൃഥ്വിരാജും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിനായി അണിനിരന്ന മറ്റ് സീനിയര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റാകര്‍ഷണങ്ങള്‍. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും തന്റെ കഥാപാത്രത്തിലൂടെ സിനിമയുടെ ഗതിയില്‍ സുപ്രധാന പങ്കു വഹിച്ച കൊച്ചുപ്രേമനും, സുധീഷും, മുത്തുമണിയും എല്ലാം മികച്ചു നിന്നു.
ജോയ് മാത്യുവിന്‍രെ ചന്ദ്രാജി ഇന്ന കാണുന്ന പല സീനിയര്‍ മാധ്യമപ്രവര്‍ത്തകരേയും അനുസ്മരിപ്പിക്കുന്നു. നവ മാധ്യമപ്രവര്‍കരെ കണ്ണടച്ച് വിമര്‍ശിക്കാന്‍ ചന്ദ്രാജി മടിക്കുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളേയും, പുതിയ മാധ്യമപ്രവര്‍ത്തകരുടെ കാട്ടിക്കുട്ടലുകളേയും വിമര്‍ശിക്കുന്നതില്‍ ആ കഥാപാത്രം പിശുക്ക് കാട്ടുന്നില്ല. ആ കഥാപാത്രം ഒരു പഴയ മാധ്യമപ്രവര്‍ത്തകനാണെന്നതും, തിരക്കഥ ഒരുക്കിയ ഉണ്ണി ആര്‍ കേരളത്തിലെ മറ്റൊരു മികച്ച മാധ്യമപ്രവര്‍ത്തകനാണെന്നതും ഈ മാധ്യമ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
ചിത്രത്തിന്റെ ലൊക്കേഷനാണ് എടുത്തു പറയേണ്ടമറ്റൊരു സംഗതി. മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം താവളങ്ങളും, കോഴിക്കോടിന്റെ തെരുവുകളും, ബീച്ചും എല്ലാം ചെര്‍ന്ന് ഒരു ദൃശ്യ വിരുന്നു തന്നെ ആയിരുന്നു മുന്നറിയിപ്പിലേത്. രാഘവനെ താമസിപ്പിക്കാനായി അഞ്ജലി ഒരുക്കുന്ന രണ്ട് സ്ഥലങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. തെരുവിലെ രണ്ടാം നിലവീടും, പുഴയോരത്തെ പഴമ നിറഞ്ഞ കൊച്ചു വീടും കാഴ്ച്ചക്ക് ഹൃദ്യമായിരുന്നു.
ചിത്രത്തിലെ പഞ്ച് ഡയലോഗുകള്‍ പലതും സാധാരണങ്ങളായിരുന്നു എങ്കിലും ഇതു വരെ പലരും ചിന്തിക്കാന്‍ മറന്നവയായിരുന്നു. അര്‍ത്ഥവത്തായ ചോദ്യങ്ങളും ചിന്തകളും. അത് സിനിമ കണ്ട് തന്നെ മനസിലാക്കണം. മമ്മൂട്ടിയിലെ നടന്‍ മരിച്ചിട്ടില്ലന്നതിന്റെ തെളിവ് കൂടിയാണ് ഈ ചിത്രം. ദയ എന്ന ഒറ്റച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വേണുവിലെ സംവിധായകന്റെ ക്രാഫ്റ്റും, മികച്ച കഥാപാത്രങ്ങള്‍ക്കും, ആകര്‍ഷണീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ജന്‍മം നല്‍കുന്ന തിരക്കഥ ഒരുക്കിയ ഉണ്ണി ആറിന്റെ സൃഷ്ടിപാടവവും വ്യകാതമാക്കുന്ന ചിത്രമെന്ന വിശേഷണവും മുന്നറിയിപ്പിന് നന്നായിണങ്ങും. കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ ഉണ്ണി ആറിനും, അതിനെ വെള്ളിത്തിരയില്‍ അന്വര്‍ത്ഥമാക്കാന്‍ വേണുവിനും, നടനവൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മമ്മൂട്ടിക്കും ഇനിയും കഴിയട്ടെ എന്നാശംസിക്കാം.

No comments:
Post a Comment