ബെന്, ഒരു മുന്നറിയിപ്പാണ്, സന്ദേശമാണ്, കുട്ടികളെ വളര്‍ത്തുന്ന എല്ലാ മാതാപിതാക്കള്‍ക്കും ഇതൊരു താക്കീതാണ്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും കുഞ്ഞു മനമസുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സകല മതങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും, അവയെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചക്കാര്‍ക്കുമെതിരെയുള്ള ഒരൊളിയമ്പ്. ആദ്യ പകുതി പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം വലിച്ചിഴച്ചും രണ്ടാം പകുതിയില്‍ ചില യാഥാര്‍ത്ഥ്യങ്ങളെ ഉറക്കെ വിളിച്ചു പറഞ്ഞും ബെന്‍ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാവുകയാണ്.
തിരക്കഥാകൃത്തില്‍ നിന്നും നടനില്‍ നിന്നും സംവിധായകനിലേക്കും സിനിമയുടെ മറ്റ് സങ്കേതങ്ങളിലേക്കും വളര്‍ന്ന വിപിന്‍ ആറ്റ്‌ലിയുടെ പ്രമേയം ബെന്നിനെ തുണച്ചു. കുട്ടികള്‍ അനുഭവിക്കുന്ന ചില അടിച്ചേല്‍പ്പിക്കലുകള്‍, അവയിലൂടെ അവര്‍ക്ക് സംഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍, മാതാപിതാക്കളുടെ പിടിവാശിയിലൂടെ ഒറ്റപ്പെടുന്ന ചെറുബാല്ല്യങ്ങള്‍, അങ്ങനെ അവര്‍ക്ക് നഷ്ടപ്പെടുന്ന ബാല്ല്യം, സൗഹൃദം അങ്ങനെ മലയാളത്തില്‍ മുന്‍പ് തൊട്ടും തലോടിയും പോയ ഒരു പ്രമേയത്തെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ വിപിന്‍ ആറ്റ്‌ലി പറഞ്ഞവസാനിപ്പിച്ചു. ആറ്റ്‌ലി തന്നെ ഒരുക്കിയ തിരക്കഥയാണ് ശരിക്കും ഈ ചിത്രത്തിലെ പ്രധാന താരം. പഴുതുകളടച്ച തിരക്കഥ എന്നൊന്നും പറയാനാകില്ല. എങ്കിലും താന്‍ തന്നെ സംവിധാനം ചെയ്യേണ്ട ഒരു ചിത്രത്തിനായി ഒരുക്കിയ തന്റെ രണ്ടാമത്തെ തിരക്കഥ അത് വല്ല്യ തട്ടുകേടുകളില്ലാതെ ആറ്റ്‌ലി പൂര്‍ത്തിയാക്കി. തിരക്കഥാകാരന്‍ കണ്ട ജീവിതമാണ് ഈ തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയ ചിത്രം എന്ന് തിരക്കഥാകാരന്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ നടക്കുന്ന സമാനമായ നിരവധി സംഭവങ്ങളില്‍ ഒന്ന് തിരക്കഥാകാരന്‍ കണ്ടു. അത് കുട്ടികള്‍ക്കായി, അവരുടെ മാതാപിതാക്കള്‍ക്കായി ആറ്റ്‌ലി വെള്ളിത്തിരയിലേക്കെഴുതി. ആദ്യ പകുതിയില്‍ പ്രേക്ഷകനെ മടുപ്പിക്കുന്ന ലാഗിംഗ്, അല്ലെങ്കില്‍ അവിടെ തിരക്കഥ ശരിക്കും കുട്ടിക്കഥ ആയിപ്പോയി. കുട്ടിക്കളി ആയിപ്പോയി. ആദ്യ ഭാഗത്തെ ചില രംഗങ്ങള്‍ അപക്വതയെ വിളിച്ചറിയിക്കുന്നതായി. സംവിധായത്തിലും ആറ്റ്‌ലി മോശമാക്കിയില്ല. ചടുലമായ താളമായിരുന്നില്ല ചിത്രത്തിന്റേത്. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രേക്ഷകന്‍ സീറ്റിലമര്‍ന്നിരിക്കുമ്പോള്‍ ചിത്രത്തിന്റെ താളെ മാറുന്നു, ഭാവവും. കുട്ടിപ്പടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം സംവിധായകനില്‍ സുരക്ഷിതമായിരുന്നു. സംവിധായകന്‍ കാര്യമായി പരീക്ഷിക്കപ്പെട്ടുമില്ല. പക്ഷെ പാളുമെന്ന് തോന്നിയിടത്തൊക്കെ സംവിധാനം പാളുക തന്നെ ചെയ്തു. എന്നാല്‍ അതിനെ മറികടക്കാനുള്ള മരുന്നുണ്ടായിരുന്നു ആറ്റ്‌ലിയുടെ പക്കല്‍. ആദ്യ ചിത്രത്തിനായി കഠിന പ്രയന്തം ചെയ്ത ആറ്റ്‌ലി ഈ ചിത്രത്തിനായും അത്രയും തന്നെ പണിയെടുത്തെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം മുന്നോട്ട് പോയില്ല. അത് സംവിധായകന്‍രെ മാത്രം പരാജയമല്ല. മുഴുവന്‍ ക്രൂവിനും അതിലുത്തരവാദിത്വമുണ്ട്. എന്തൊക്കെയായാലും ഗൗരവമുള്ള ഒരു പ്രമേയത്തെ രണ്ട് മണിക്കൂര്‍ കൊണ്ട് അത്ര ഗൗരവമല്ലാതെയാണെങ്കിലും ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍തിരക്കഥാകാരനും, സംവിധായകനും സാധിച്ചു.
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുമ്പോഴുള്ള അവസ്ഥ. നാടിനും, കൂട്ടുകാര്‍ക്കും, നാടന്‍ പള്ളിക്കൂടത്തിനുമൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയെ പിടിച്ച് നഗരത്തിലെ അപരിചിതമായ സ്‌കൂളിലേക്കയച്ചാല്‍ എങ്ങനെയിരിക്കും. മീനിനെ പിടിച്ച് കരയിലിട്ടാല്‍ ഉള്ള അവസ്ഥയായിരിക്കും. എന്നാല്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ ആഗ്രഹിച്ചു കൂടെ. അതുമാവാം. പിന്നെയെന്താണ് പ്രശ്‌നം. അതാണ് ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.
കൊച്ചിക്കായലിന് സമീപമുള്ള മുളവുകാട് എന്ന ഗ്രാമം. അവിടെ താമസിക്കുന്ന പരമ്പരാഗത കുടുംബം. മൂന്ന് കുട്ടികള്‍, അവരാണ് കഥയുടെ ഗതി നിര്‍ണ്ണയിക്കുന്നത്. ബെന്‍, ചിക്കൂച്ചി, ചാമി. മൂവരും ഒന്നിച്ച് അടിച്ചു പൊളിച്ച് അറുമാദിച്ച് ജീവിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍. ഒരുമിച്ച കളിച്ച്, ഒരുമിച്ച് തല്ലിപ്പൊളി നടത്തുന്ന ടീം. ഒന്നുമറിയാതെ വല്ല പട്ടിയോ പൂച്ചയോ ആയി ജീവിച്ചാല്‍ പോരെ എന്ന നിഷ്‌കളങ്കമായ ചേദ്യമുയര്‍ത്തുന്ന ഒരു കുഞ്ഞു ടീം. പെട്ടെന്നൊരു ദിവസം ബെന്നിന് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അവനെ പറിച്ചു നടാന്‍ അവന്റെ അമ്മ തീരുമാനിക്കുന്നു. അങ്ങനെ നഗരത്തിലെ സ്‌കൂളിലേക്ക് പോകുന്ന ബെന്നിന് പക്ഷെ അവിടെ അഡ്ജസ്റ്റ് ചെയ്യാനാകുന്നില്ല. കൂട്ടുകൂടി പറന്നു നടന്ന കിളിയെ കൂട്ടിലടച്ച മാതിരി അവന്‍ ഞെളിപിരി കൊള്ളുകയാണ്. ഒന്നും നശ്രദ്ധിക്കാന്‍ കഴിയാതെ, നഗരത്തിലെ കുട്ടികള്‍ക്കൊപ്പമെത്താനാകാതെ അവന്‍ ഒറ്റപ്പെടുന്നു. മാനസികമായി ഒന്നിനോടും പൊരുത്തപ്പെടാനാകാതെ പോകുന്ന ബെന്‍ അങ്ങനെ ചില വിശ്വാസങ്ങളിലേക്കും, അന്ധ വിശ്വാസങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നു. അവിടെ അവന് നേരിടേണ്ടി വരുന്നത് അത്ര നല്ല അനുഭവങ്ങളല്ല. മാനസികമായി തളരുന്ന ബെന്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കാതല്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന പല അന്ധ വിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ നെഞ്ചുവിരിച്ച് ശബ്ദമുയര്‍ത്താന്‍ ചിത്രം മടിക്കുന്നില്ല. ഇതല്ല ശരിയെന്ന് അല്ലെങ്കില്‍ ഇത് തെറ്റാണെന്ന് തുറന്നു പറയാതെ തന്നെ ചിത്രം പ്രേക്ഷകന് മനസിലാക്കി കൊടുക്കുന്നു. കുട്ടികള്‍ വളരേണ്ടത് അവരുടെ ചുറ്റുപാടിലാണ്, അവരിഷ്ടപ്പെടുന്ന സാഹചര്യത്തിലാണ്. പറിച്ചു നടുമ്പോള്‍ അവരുടൈ മാനസികാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കഥാപാത്രങ്ങളില്‍ മികച്ചു നിന്നത് ബെന്നിനെ അവതരിപ്പിച്ച മാസ്റ്റര്‍ ഗൗരവ് മേനോന്‍ തന്നെ. ബെന്നിന്റെ നിസംഗതയും, തല്ലിപ്പൊളിത്തരവും, കൃസൃതിയും, നിഷ്‌കളങ്കതയും, മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം ഗൗരവ് വളരെ കൃതൃതയോടെ അവതരിപ്പിച്ചു. പ്രേക്ഷകന്റെ മനസില്‍ തറഞ്ഞു കയറുന്ന തരത്തില്‍. അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനം തന്നെ. ചിക്കൂച്ചിയും ചാമിയും തകര്‍ത്തു. കൂട്ടത്തില്‍ ചാമിയാണ് ശരിക്കും അറുമാദിച്ചത്. ആ കൊച്ചു ബാല്ല്യത്തിന്റെ ചെയ്തികളും തമാശകളും ശരിക്കും ആസ്വാദ്യകരമായിരുന്നു. ചില ഡയലോഗുകള്‍ അതും രസിപ്പിക്കാന്‍ പോന്നതായി. അമ്മ വേഷത്തിലെത്തിയ അഞ്ജലി ഉപാസന തനിക്ക് ലഭിച്ച വേഷം ഗംഭീരമാക്കി. ടിപ്പിക്കല്‍ അമ്മ തന്നെ. താഴേക്കിറങ്ങി വന്ന സുരാജ് വെഞ്ഞാറമ്മൂട് ജസ്റ്റിന്‍ എന്ന സാധാരണ പാവം ഭര്‍ത്താവിനേയും അച്ഛനേയും മനോഹരമാക്കി. സംവിധായകന്‍ ജിബു ജേക്കബ് തനിക്ക് ലഭിച്ച മൂത്ത ജേഷ്ഠന്റെ വേഷം നന്നായി കൈകാര്യം ചെയ്തു. മൊത്തത്തില്‍ സ്‌ക്രീനില്‍ വന്നു പോയവരെല്ലാം തകര്‍ത്തു. സംവിധായകന്‍ വിപിന്‍ ആറ്റ്‌ലി
മുകളിലില്‍ ആകാശം താഴെ ഭൂമി ഇതു മാത്രമാണ് ഒരു സാധാരണകുട്ടിയ്ക്ക് വേണ്ട വിദ്യാഭ്യാസമെന്ന് സിനിമ അവസാനം പറഞ്ഞു വയ്ക്കുന്നു. അതെ കുഞ്ഞു മനസുകളിലേക്ക് കുത്തി വയ്‌ക്കേണ്ടത് ഭാരിച്ച കാര്യങ്ങളല്ല. ലളിതമായ അവര്‍ക്ക് താങ്ങാവുന്ന കാര്യങ്ങള്‍ മാത്രമാണ്. പിന്നെ അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും കൊണ്ട് ചതെറുപ്പത്തിലെ കുട്ടികളുടെ മനസുകളില്‍ വിഷം നിറയ്ക്കരുത് എന്ന സ്‌ന്ദേശവും ചിത്രം പറഞ്ഞു വയ്ക്കുന്നു. എന്റര്‍ടൈനറാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാലും ഒന്നു കണ്ടു നോക്കൂ.
No comments:
Post a Comment