പൂരപ്പറമ്പില്‍ നിന്നാണ് മലയാളിയുടെ സിനിമാകാഴ്ചയുടെ ചരിത്രം തുടങ്ങുന്നത് . തേക്കിന്‍ കാട്ടിലെ മൈതാനത്ത് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് വലിച്ചു കെട്ടിയ തിരശ്ശീലയില്‍ പതിഞ്ഞ ചലനചിത്രങ്ങളുടെ ചുവടു പിടിച്ചാണ് മലയാള സിനിമ വളരുന്നത്. ലൈംലൈറ്റിന് പകരം വിദ്യുച്ചക്തി ഉപയോഗിച്ച് വാറുണ്ണി ജോസഫ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ബയോസ്‌കോപ്പിന്റെ ഉപയോഗവും, അന്യഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളുമായിരുന്നു മലയാളത്തിന്റെ കാഴ്ചാനുഭവമായത് . മലയാള ഭാഷയിലെ ആദ്യ ചലന ചിത്രമായ വിഗതകുമാരന്‍ പുറത്തിറക്കിയത് 1928 നവംബര്‍ ഏഴിനാണ് . അഗസ്തീശ്വരം സ്വദേശിയായ ജോസഫ് ചെല്ലയ്യ ഡാനിയേല്‍ അങ്ങനെ മലയാള സിനിമയുടെ പിതാവെന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് വെറും അഞ്ച് സിനിമകള്‍ മാത്രം പുറത്തിറക്കാനായ മലയാള സിനിമാ ചരിത്രത്തില്‍ വിഗതകുമാരനും, ജെ സി ഡാനിയേലും തലയുയര്‍ത്തി നില്‍ക്കുന്നു.
1933 ല്‍ വി വി റാവു- സുന്ദരംപിള്ള കൂട്ടുകെട്ടിലിറങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ സി വി രാമന്‍ പിള്ളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു. സാഹിത്യ കൃതിയെ അധികരിച്ചുള്ള ആദ്യ ചിത്രവും, മലയാളത്തിലെ രണ്ടാമത്തെ ചിത്രവുമായി ഇതു മാറി. ആദ്യ രണ്ട് ചിത്രങ്ങളും നിശബ്ദങ്ങളായിരുന്നെങ്കില്‍ 1938 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ ബാലന്‍ മലയാളത്തിലെ ശബ്ദ സിനിമകള്‍ക്ക് തുടക്കം കുറിച്ചു. 1940 ല്‍ എസ് നൊട്ടാണിയുടെ ജ്ഞാനാംബിക, കെ സുബ്രഹ്മണ്യത്തിന്റെ പ്രഹഌദ, പി ജെ ചെറിയാന്റെ നിര്‍മ്മല, കെ വി കോശിയും കുഞ്ചാക്കോയും ചേര്‍ന്നു രൂപം നല്‍കിയ ഉദയ സ്റ്റുഡിയോയുടെ ആഭിമുഖ്യത്തില്‍ പൂര്‍ണ്ണമായും കേരളത്തില്‍ നിര്‍മ്മിച്ച വെള്ളിനക്ഷത്രം, നല്ലതങ്ക,തുടങ്ങിയവ മലയാളത്തിലെ ആദ്യകാല ചിത്രങ്ങളായി. വന്‍ പ്രദര്‍ശന വിജയം നേടിയ ഉദയായുടെ ജീവിത നൗകയാണ് മലയാളത്തിലെ ആദ്യ ഹിറ്റു ചിത്രം.
ആദ്യമായി ഒരു ദേശീയ പുരസ്‌ക്കാരം നേടുന്ന ദക്ഷിണേന്ത്യന്‍ ചിത്രവും മലയാളത്തില്‍ നിന്നായിരുന്നു. 1954 ല്‍ മികച്ച രണ്ടാമത്തെ ചിത്രമെന്ന ദേശീയ ബഹുമതി നേടിയ നീലക്കുയില്‍. സാമൂഹിക പ്രശ്‌നങ്ങളെയും ദുരവസ്ഥകളേയും സിനിമ വിഷയമാക്കിത്തുടങ്ങിയ കാലം . ലോകസിനിമയിലെ മാറ്റങ്ങള്‍ സാവധാനം മലയാളത്തിലും എത്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സിനിമയെ സ്വാധീനിച്ച നവതരംഗം മലയാളത്തിലുമെത്തുന്നത് 1955ലാണ് . പി രാംദാസിന്റെ ന്യൂസ് പേപ്പര്‍ ബോയിലൂടെ. 1961 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ കണ്ടം ബച്ച കോട്ട് മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഒരേടു കൂടി ചേര്‍ത്തു വച്ചു. മലയാളത്തിലെ ആദ്യ വര്‍ണ്ണ ചിത്രം. 1965ല്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ്ണ മെഡല്‍ മലയാളത്തിലെത്തിക്കാന്‍ രാമു കാര്യാട്ടിന്റെ ചെമ്മീന് കഴിഞ്ഞത് മലയാള ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നു.
നീലക്കുയിലിന്റെ വെള്ളിത്തിളക്കത്തില്‍ നിന്നും അറുപതുകളിലേക്ക് കടന്ന മലയാള സിനിമ ചെമ്മീന്റെ സുവര്‍ണ്ണ ശോഭയില്‍ ഏറെ നാള്‍ കുരുങ്ങിക്കിടന്നു. തകഴിയും, പാറപ്പുറവും, കേശവദേവും, ബഷീറുമടങ്ങുന്ന എഴുത്തുകാരിലേക്ക് മലയാള സിനിമ പരകായപ്രവേശം നടത്തി. എന്നാല്‍ എഴുപതുകള്‍ മലയാളത്തില്‍ മുഴക്കിയത് മാറ്റത്തിന്റെ കാഹളമായിരുന്നു. ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമ മലയാളിയ്ക്കു കാഴ്ചയുടെ അനന്തമായ ആകാശങ്ങള്‍ തുറന്നു കാട്ടി. എ. വിന്‍സെന്റ് , പി എന്‍ മേനോന്‍, അടൂര്‍ ഗോപാലകൃഷണന്‍ , ജി അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, കെ പി കുമാരന്‍, പി എ ബക്കര്‍, കെ ജി ജോര്‍ജ്ജ് കെ എസ് സേതുമാധവന്‍, തുടങ്ങിയ സംവിധായകര്‍ ലോക സിനിമാഭൂപടത്തില്‍ കൊച്ചുമലയാളത്തിനേയും അടയാളപ്പെടുത്തി. ആ സുവര്‍ണ്ണകാലം എണ്‍പതുകളിലേയ്ക്കും നീണ്ടു. എം ടി വാസുദേവന്‍ നായര്‍ , പത്മരാജന്‍ , ജോണ്‍പോള്‍ തുടങ്ങിയ പ്രതിഭകളുടെ വരവോടെ മലയാള സിനിമ സാഹിത്യവുമായി കൂടുതല്‍ അടുത്തു. ഹരിഹരന്‍, ഭരതന്‍, മോഹന്‍ , ഐ വി ശശി തുടങ്ങിയവര്‍ ദൃശ്യഭാഷ ഒരുക്കാന്‍ രംഗത്തെത്തുകയും ചെയ്തപ്പോള്‍ സാഹിത്യാംശം മലയാള സിനിമയുടെ ആത്മാവായി മാറുകയായിരുന്നു. കാന്‍ ചലച്ചിത്രമേളയിലുള്‍പ്പടെ ഷാജി എന്‍ കരുണ്‍ ഒരുക്കിയ പിറവി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയുടെ അഭിമാനമായതും ഇക്കാലത്താണ്.
90കളിലും എണ്ണം പറഞ്ഞ ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. ടി വി ചന്ദ്രന്‍, സിബിമലയില്‍, കമല്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മദ്ധ്യവര്‍ത്തി സിനിമകളുടെ ശക്തമായ വക്താക്കളായി. എന്നാല്‍ സിദ്ധിക്-ലാല്‍ ദ്വയം തുടങ്ങിവച്ച ഹാസ്യതരംഗം അമിതാനുകരണത്തിലും കോമാളിസിനിമകളിലേയ്ക്കും വഴിമാറിയപ്പോള്‍ മലയാള സിനിമ പ്രതിസന്ധിയിലേയ്ക്ക് നയിക്കപ്പെട്ടു. ആവര്‍ത്തനവിരസമായ ചിത്രങ്ങള്‍ കമ്പോളങ്ങളിലും പരാജയപ്പെട്ടു. മലയാള സിനിമ സ്വത്വപരമായ പ്രതിസന്ധി നേരിട്ട നാളുകളിലായിരുന്നു പുതിയ നൂറ്റാണ്ടു പിറന്നത്.
പുതിയ നൂറ്റാണ്ടില്‍ മലയാള സിനിമയ്ക്ക് പുതു ജീവന്‍ നല്കിയത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ടെലിവിഷനുമായിരുന്നു. സിനിമയുടെ നിര്‍മ്മാണ ചെലവുകളുടെ ഗണ്യമായ ഭാഗവും ചാനലുകള്‍ ഏറ്റെടുത്തതോടെ പുതിയ സാദ്ധ്യതകളും തുറന്നു. ലോകത്തെ ഏതു രാജ്യത്തേയും സിനിമകള്‍ ഇന്റര്‍നെറ്റിലും സിഡി-ഡിവിഡി വിപണിയിലും ലഭ്യമായതോടെ പുതിയൊരു ആസ്വാദകവൃന്ദവും ഉടലെടുത്തു. ഏതു പ്രമേയത്തേയും ഉള്‍ക്കൊള്ളാനാവുന്ന തരത്തില്‍ സാങ്കേതികരംഗവും വളര്‍ന്നു. ന്യൂ ജനറേഷന്‍ തരംഗമെന്ന് അതിനെ കേരളം വിശേഷിപ്പിച്ചു.
ഫിലിം റോളുകളുടേയും കാലം അവസാനിക്കുകയാണ്. ഡിജിറ്റല്‍ യുഗത്തിലാണ് സിനിമ. കാലത്തിനനുസരിച്ച് സിനിമയും, സങ്കല്പങ്ങളും, ആസ്വാദനവുമെല്ലാം മാറിക്കൊണ്ടിരിക്കുന്നു. പ്രമേയത്തിലെ പുത്തന്‍ പരീക്ഷണങ്ങളിലേക്കും, താരസിംഹാസനങ്ങളിലല്ലാത്ത അഭിനയ പ്രതിഭകളിലേക്കും, മികച്ച അണിയറ പ്രവര്‍ത്തകരിലേക്കും സിനിമ വളരട്ടെ.
No comments:
Post a Comment