Wednesday, 26 March 2014

സുകുമാരി



നടി സുകുമാരി വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തിന്റെ ഭിന്നമുഖങ്ങള്‍ പ്രതിഫലിപ്പിച്ച നടി അഭിനയ സിദ്ധിയുടെ സൗകുമാര്യം തന്നെയായിരുന്നു.

നായിക, ഉപനായിക, അമ്മ, ചേച്ചി, മുത്തശ്ശി ഇങ്ങനെ ഒരു നടിയുടെ ആയുസില്‍ എടുത്തണിയാവുന്ന വേഷങ്ങളെല്ലാം വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ് സുകുമാരി മടങ്ങിയത്. നാട്യങ്ങളില്ലാത്ത സ്‌നേഹ നിധിയായ അമ്മയായിരുന്നു മലയാള സിനിമയ്ക്ക് സുകുമാരി. ആറു പതിറ്റാണ്ടു കാലത്തെ അഭിനയ സപര്യയില്‍ 2500 ലധികം ചിത്രങ്ങള്‍ എന്ന ലോക റെക്കോര്‍ഡോടെയാണ് സുകുമാരി കടന്നു പോയത്. പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ അഭിനയ രംഗത്തെത്തിയ സുകുമാരിയുടെ ആദ്യ മലയാള ചിത്രം തസ്‌കര വീരനായിരുന്നു. സുകുമാരിയുടെ ജോഡിയായി ഏറ്റവുമധികം ചിത്രങ്ങളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. എസ്. പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറിശി എന്നിവരും സുകുപമാരിയുടെ നായകന്‍മാരായി. ഏറെ ചിത്രങ്ങളില്‍ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സുകുമാരിയമ്മ ചില ചിത്രങ്ങളില്‍ പ്രേക്ഷകരുടെ കണ്ണു നനയിക്കുകയും ചെയ്തു. ഡിക്കമ്മായിയും, പൊങ്ങച്ചക്കാരിയായ അമ്മായിയമ്മയും, പത്രാസ് കാണിക്കുന്ന സൊസൈറ്റി ലേഡിയും, വാത്സല്യനിധിയായ അമ്മയും, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മയും അങ്ങനെ എത്രയെത്ര വേഷങ്ങള്‍.
19ാം വയസിലാണ് സംവിധായകന്‍ ഭീം സിംഗിനെ വിവാഹം ചെയ്ത സുകുമാരി അറു പതിറ്റാണ്ടിലേറെ ചലച്ചിത്ര രംഗത്ത് നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ അകപ്പെടാതെ മലയാള സിനിമയ്ക്ക് നിറഞ്ഞ അച്ചടക്കത്തിന്റെ പ്രതീകം കൂടിയായിരുന്നു. അവസാന കാലത്തഭിനയിച്ച് ദേശീയ പുരസ്‌കാരം നേടിയ ഗ്രാമം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ അന്ത്യം തന്നെയായി സുകുമാരി ചേച്ചിയുടേത്. ഈശ്വര പ്രാര്‍ത്ഥനയും പൂജകളും മുടക്കാത്ത സുകുമാരിയമ്മയെ മടക്കി വിളിക്കാന്‍ ഈശ്വരന്‍ കാരണമാക്കിയതും പൂജാമുറിയിലെ വിളക്ക് തന്നെയായിരുന്നു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സ്വഭാവ സവിശേഷത അഗ്നി ശുദ്ധി വരുത്തി കടന്നു പോകാനായിരിക്കും ഈശ്വര സന്നിധിയിലെ അഞ്ചു തിരിയിട്ട വിളക്കിലെ അഗ്‌നി സുകുമാരിയുടെ ശരീരത്തെ പുണര്‍ന്നത്.
പദ്മ ശ്രീയടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സുകുമാരി പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. മാര്‍ച് 26 എന്ന ദിവസം മലയാള സിനിമ എന്നും ഒര്‍മ്മിക്കുന്നത് സുകുമാരിയമ്മയുടെ വേര്‍പാടിന്റെ പേരിലായിരിക്കും.

Wednesday, 12 March 2014

300 RISE OF AN EMPIRE

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2006 ല്‍ പുറത്തിറങ്ങിയ 300 ല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ മുഖം തിരിച്ച് നിന്ന പലതും ഈ രണ്ടാം ഭാഗം വിശദമാക്കുന്നുണ്ട്. ചിത്രത്തിലെ പേര്‍ഷ്യന്‍ രാജാവായ സെര്‍സെക്‌സിന്റെ ജീവിതവും ആര്‍ട്ടിമീസിയ എന്ന ഗ്രീക്ക് വിരുദ്ധയുടെ ഫ്‌ലാഷ്ബാക്കും ചിത്രം പ്രേക്ഷകനു മുന്നില്‍ തുറക്കുന്നുണ്ട്. 300 the battle of artimesia എന്നായിരുന്നു ആദ്യം ചിത്രത്തിന് നിശ്ചയിച്ചിരുന്ന പേര്. കാരണം ഗ്രീക്കുകാരിയായി ജനിച്ചെങ്കിലും ഗ്രീസിലെ അധികാര വര്‍ഗത്തിന്റെ പീഡനങ്ങള്‍ കാരണം അനാഥമാക്കപ്പെട്ട അള്‍ട്ടിമീസിയയുടെ കഥ തന്നെയാണ് ചിത്രം പറയുന്നത്. ഗ്രീക്ക് ഭടന്മാരുടെ പീഡനത്തിനിരയായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട് ഒടുവില്‍ പേര്‍ഷ്യന്‍ രാജാവിന്റെ അരുമയായി തീരുകയും, ഗ്രീക്ക് വിരോധം കാരണം യുദ്ധവെറി പൂണ്ട അള്‍ട്ടിമീസിയയുടെ യുദ്ധത്തിന്റെ തന്നെ കഥയാണ് 300 rise of an empire. അക്ഷരാര്‍ധത്തില്‍ ഒരു അള്‍ട്ടിമീസിയ ചിത്രം.
ഏഥന്‍സും സ്പാര്‍ട്ടയും ഒക്കെ ചേര്‍ന്നുള്ള ഐക്യ ഗ്രീസ് സ്വപ്നം കാണുന്ന തെമിസ്റ്റോക്ലസിന്റെ ശൗര്യവും ആവേശവും വിജയിക്കാനായുള്ള ദാഹവുമാണ് ചിത്രത്തിന്റെ തലത്തെ അല്‍പം വേറിട്ടതാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെര്‍സെക്‌സിന്റെ പതിനായിരക്കണക്കിനു വരുന്ന പേര്‍ഷ്യന്‍ പടയോട് പൊരുതേണ്ടി വന്ന സ്പാര്‍ട്ടയിലെ കേവലം 300 യോദ്ധാക്കളുടെയും അവരെ നയിച്ച കിംഗ് ലിയോനിഡസിന്റെയും ആവേശം കണക്കിലെടുത്താല്‍ ചിത്രം ഒന്നാംഭാഗത്തിന്റെ നിഴല്‍ മാത്രമാണ്.
ലുക്കിലും അവതരണത്തിലും ആകര്‍ഷണീയത തോന്നിക്കുമെങ്കിലും സെര്‍സെക്‌സ് എന്ന പ്രതിനായക കഥാപാത്രത്തിന് വ്യക്തമായ പ്രാധാന്യം അവകാശപ്പെടാനില്ല. ഇടക്കിടെ വന്നു പോകുന്ന ഒരതിഥി താരത്തിന്റെ വേഷം മാത്രമാണ് ചിത്രത്തില്‍ ഈ പേര്‍ഷ്യന്‍ രാജാവിനുള്ളത്.
അള്‍ട്ടിമീസിയയുടെ ശക്തമായ പേര്‍ഷ്യന്‍ പടയും തെമിസ്റ്റോക്ലസിന്റെ അത്ര ദുര്‍ബലമല്ലാത്ത ഗ്രീക്ക് പടയും തമ്മിലുള്ള യുദ്ധം മാത്രമാണ് പ്രേക്ഷകന് കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. സെര്‍ജി ഐസന്‍സ്റ്റീന്‍ അടക്കമുള്ളവര്‍ കപ്പല്‍ യുദ്ധങ്ങളും സമുദ്രവും അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ അതൊക്കെ നന്നായി ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ കുട്ടികള്‍ സ്വപ്നം കാണുന്ന തലത്തിലേക്ക് ചിത്രത്തിലെ യുദ്ധവും യുദ്ധ തന്ത്രങ്ങളും തരംതാണു പോയോ എന്ന സംശയവും അവശേഷിപ്പിക്കുന്നു. യുദ്ധവും വീര്യവും ആവേശവും അല്‍പ നേരത്തേക്കെങ്കിലും കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ത്രീഡി ഇഫ്ക്ട് അത്ര ഗംഭീരമായ പ്രതീതിയൊന്നും സൃഷ്ടിക്കുന്നില്ല. ലോഹനിര്‍മിത ആയുധങ്ങള്‍ തീര്‍ക്കുന്ന ശബ്ദ കോലാഹലങ്ങള്‍ മാത്രം ഒന്നാം ഭാഗത്തെ സ്പാര്‍ട്ട രാജാവിന്റെ പത്‌നി ഐക്യ ഗ്രീസിനെ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും അവസാന നിമിഷം അരിസ്റ്റോക്ലസിനൊപ്പം പേര്‍ഷ്യന്‍ പടക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ചിത്രം പെട്ടെന്ന് അവസാനിക്കുകയാണ്. സെര്‍സെക്‌സ് എന്ന പേര്‍ഷ്യന്‍ ഗോഡ്കിംങ് അവശേഷിച്ച് ചിത്രം അവസാനിക്കുമ്പോള്‍ 300 ന്റെ അടുത്ത ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കണമെന്ന മുന്നറിയിപ്പായി അതിനെ കാണാം. യോദ്ധാക്കളും യുദ്ധങ്ങളും നിരവധി സിനിമകളില്‍ പ്രമേയമായിട്ടുണ്ട്. അത് പ്രേക്ഷകന് രക്തം തിളക്കാനും കാരണമായിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ മാത്രമല്ല, ആനുകാലികമായും ഗ്രീസും പേര്‍ഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ രാഷ്ട്രീയ- സാമൂഹിക വശങ്ങളാണ് ഈ നോമൂറെ ചിത്രം പറയുന്നത്. ഗ്രീസിനെ തോല്‍പ്പിക്കാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ല എന്ന പേര്‍ഷ്യന്‍ രാജാവിന്റെ അന്ത്യ വചനങ്ങളും അത് ആയുധമാക്കി സ്വയം ദൈവമാകുന്ന സെര്‍സെക്‌സ് എന്ന പേര്‍ഷ്യന്‍ ഭരണാധികാരിയും ഇന്നത്തെ ഗ്രീക്ക് - പേര്‍ഷ്യ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്.
ഹോളിവുഡിന് സുപരിചിതയായ ഇവാ ഗ്രീന്‍ അള്‍ട്ടിമീസിയ എന്ന  മുഴു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തെമിസ്‌റ്റോക്ലസായി സുള്ളിവര്‍ സ്‌റ്റേപിള്‍ട്ടണും സെര്‍സെക്‌സായി റോഡ്രിഗോ സാന്‍ട്രോയും സ്പാര്‍ട്ട രാഞ്ജിയായി ലെന ഹീഡിയുമാണ് വേഷമിടുന്നത്. സാക് സ്‌നൈഡറുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ത്രീഡി ചിത്രം ബോക്‌സോഫീസില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. എന്തായാലും ചലച്ചിത്രം ലോകം കാത്തിരിക്കുകയാണ്. മറ്റൊരു പരമ്പരാഗത ഗ്രീക്ക്- പേര്‍ഷ്യന്‍ യുദ്ധത്തിനായി.