Saturday, 8 November 2014

ഇയ്യോബിന്റെ പുസ്തകം: കാഴ്ചയുടെ മായാജാലം


അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിയപ്പോള്‍ തന്നെ ഇയ്യോബിന്റെ പുസ്തകം ഏറെക്കുറെ വിജയിച്ചു. ദൃശ്യ ഭംഗിയില്‍ ലോകക്ലാസിക്കുകളോട് കിടപിടിക്കുന്ന ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. സായ്പ് അവശേഷിപ്പിച്ചു പോയ മൂന്നാറിന്റെ ബ്രിട്ടിഷ് കാഴ്ചകള്‍ ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ മറ്റൊരു ചിത്രത്തിനും ഇതു വരെ കഴിഞ്ഞിട്ടില്ല. മൂന്നാര്‍ മിക്ക മലയാളിക്കും സുപരിചിതമാണെങ്കിലും ആരും കാണാത്ത മൂന്നാറിന്റെ വശ്യ മനോഹാരിത ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. അമല്‍ നീരദിലെ ഛായാഗ്രാഹകന്‍ ചിലയിടത്തെങ്കിലും പരീക്ഷിക്കപ്പെട്ടെങ്കിലും സംവിധായകന്റെ തഴക്കവും  ഛായാഗ്രാഹകന്റെ ക്രാഫ്റ്റും ചേര്‍ന്നപ്പോള്‍ ഇയ്യോബും മക്കളും മൂന്നാറും കാഴ്ചക്കാരന്റെ മനസില്‍ ഇടം പിടിച്ചു. ഗാനരംഗങ്ങളില്‍ മാത്രമല്ല ഓരോ ഫ്രെയിമിലും അമലിലെ ഛായാഗ്രാഹകന്‍ കൈയ്യടി അര്‍ഹിക്കുന്നു. അതി ഭാവുകത്വമില്ലാതെ എന്നു പറയാനാകില്ലെങ്കിലും ലളിതമായ ഒരു കഥ ഭാവ തീവ്രതയോടെയും, ദൃശ്യ ഭംഗിയോടെയും അവതരിപ്പിക്കാന്‍ അമല്‍ നീരദിന് കരഴിയുന്നുണ്ട്.
1900 ല്‍ ആരംഭിച്ച് 1946 ല്‍ അവസാനിക്കുന്ന ഒരു കഥയെ ഒരു കമ്മ്യൂണിസ്റ്റ് സഖാവ് അടിയന്തരാവസ്ഥക്കാലത്ത് ഓര്‍ത്തെടുക്കുന്ന രീതിയില്‍ ഒര്‍മ്മകളില്‍ നിന്നും കഥ പറയുന്ന ചിത്രമാണിത്. നീലഗിരിയില്‍ നിന്നുള്ള തേയില വരവ് നിലയ്ക്കുമ്പോള്‍ മൂന്നാര്‍ മലനിരകളില്‍ കടന്നു കയറി തേയില കൃഷി ചെയ്യുന്ന സായ്പിന്റെ കഥയിലൂടെ കോളനിവത്ക്കരണ കാലത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥയാണ് ഇയ്യോബിന്റെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
കഥാപാത്രങ്ങളുടെ സെലക്ഷനില്‍ അമല്‍ നീരദിന് പിഴച്ചിട്ടില്ല. ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇയ്യോബിന്റെ മൂന്നാമത്തെ മകനായ അലോഷിയുടേത്. അമ്മയുടെ മകനായി വളര്‍ന്ന് പ്രതിസന്ധികളില്‍ ഒളിച്ചോടുന്ന അലോഷി ബ്രിട്ടീഷ് നേവിയില്‍ ഉദ്യോഗസ്ഥനാവുകയും, വിപ്ലവത്തെത്തുടര്‍ന്ന് ജോയി നഷ്ടമായി നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്യുന്നു.  സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഭാരതത്തിന്റെ ഏതാണ്ടൊരവസ്ഥ ചിത്രം നല്‍കുന്നുണ്ട്. വിപ്ലവകാരിയായ സൈനികോദ്യോഗസ്ഥനെ ഫഹദ് മനോഹരമാക്കി. എന്നാല്‍ പ്രതിനായകന്‍മാരാല്‍ ആക്രമിക്കപ്പെടുന്ന അലോഷിക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ ഇത്തിരി കുറവായിരുന്നെങ്കില്‍ രണ്ടാം പകുതിയിലെ മടങ്ങിവരവിന് അതിഭാവുകത്വം ഏറെക്കുറെ ഇല്ലാതാകുമായിരുന്നു. എങ്കിലും ഫഹദ് തന്റെ കഥാപാത്രത്തോട് വിശ്വസ്തത പുലര്‍ത്തി. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് ലാലിന്റെ ഇയ്യോബ്. വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുമ്പോഴും ലാലിന്റെ അഭിനയ മികവ് പരീക്ഷിക്കപ്പെട്ടില്ല. സായ്പിന്റെ വലംകൈയ്യായ യുവാവും, കുടുംബസ്ഥനും കാര്യസ്ഥനുമായ മദ്ധ്യവയസ്‌കനും, സ്വത്തുക്കള്‍ കൈവിട്ടു പോകാതിരിക്കാന്‍ സ്താര്‍ത്ഥനും ക്രൂരനുമാകുന്ന കര്‍ക്കശക്കാരനും, സ്വന്തം സാമ്രാജ്യത്തിലേക്ക് കടന്നു കയറാന്‍ മറ്റൊരാളെ അനുവദിക്കാത്ത ജന്‍മിയും, മരം മുറിക്കാന്‍ അനുവദിക്കാത്ത ദീര്‍ഘ ദര്‍ശിയും, നിസഹായനാകുന്ന വൃദ്ധനും, മരണത്തിന് മുന്‍പിലും ഉന്നം തെറ്റാത്ത വേട്ടക്കാരനും, കണിശക്കാരനായ പിതാവുമെല്ലാം ലാലിന്റെ കൈകളില്‍ ഭദ്രമായിരുന്നു. നെഗറ്റീവ് വേഷത്തിലെത്തിയ ജയസൂര്യയും മോശമാക്കിയില്ല. അംഗൂര്‍ റാവുത്തര്‍ എന്ന കഥാപാത്രത്തിന് ജന്‍മം നല്‍കിയ ജയസൂര്യ കരിയറില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തിനു കൂടി  സാക്ഷിയായി. നാഴികകല്ലെന്ന് ഒറ്റവാക്കില്‍ പറയാം. നിഗൂഢതകള്‍ ഒളിച്ചു വച്ച് അമ്പരപ്പിച്ച പത്മപ്രിയയും മികച്ചു നിന്നു. ഫഹദിന്റെ ജോഡിയായെത്തിയ ഇഷ ഷെര്‍വാണി അഭിനയത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും തന്റെ കഥാപാത്രം മികച്ചതാക്കി. പ്രത്യേകിച്ച് ഫഹദുമായുള്ള കെമിസ്ട്രിയില്‍. ഇരുവരുമൊന്നിച്ചുള്ള ഗാനരംഗം തന്നെ ഇതിനുദാഹരണം. ചെമ്പന്‍വിനോദ്, റീനു മാത്യൂസ്, വിനായകന്‍ ലെന തുടങ്ങിയവരെല്ലാം കഥയിലും സിനിമയിലും നിര്‍ണ്ണായകമായി. കൂടോത്രക്കാരിയെന്നു ലോകം വിശേഷിപ്പിച്ച കഴലി ലെനയുടെ കൈയില്‍ ഭദ്രമായിരുന്നു. കഥയില്‍ കഴലി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ചിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അവതരിപ്പിച്ച ചിത്രത്തില്‍ ചില സാമൂഹിക തിന്‍മകളേയും വിമര്‍ശിക്കാന്‍ അമല്‍ നീരദ് മറന്നില്ല. ഇംഗ്ലണ്ടിലേക്ക് പോകാനിറങ്ങുന്ന സായിപിന്റെ ജീപ്പിന് പിന്നാലെ ഗേറ്റ് വരുന്ന ഓടുന്ന ഇയ്യോബ് സായ്പിന് മുന്‍പില്‍ വിധേയത്വം കാണിച്ചിരുന്ന എല്ലാ മലയാളികളുടേയും പ്രതീകമായിരുന്നു. ചായക്കടയില്‍ അലോഷിക്ക് മുന്‍പില്‍ താഴ്ന്ന ജാതിക്കാരന്‍ ഇരിക്കാതിരിക്കാന്‍ കസേര മാറ്റുന്ന കടക്കാരനും ജാതികോമരങ്ങളുടെ പ്രതീകമാണ്.
ചിത്രത്തിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. നേഹ എസ് നായര്‍, യാക്‌സന്‍ ഗാരി പെരേര എന്നിവരുടെ അപാരമായ സംഗീതം ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാന്‍ ശ്രമിക്കുന്ന അമല്‍ നീരദ് അതില്‍ വിജയിക്കുക തന്നെ ചെയ്തു. കഥയും, കഥാപാത്രങ്ങളും പഴയതാണെങ്കിലും ദൃശ്യഭംഗിയിലും വ്യത്യസ്തമായ അവതരണത്തിലും ചിത്രം മുന്നില്‍ തന്നെയാണ്. ക്യാമറ കൊണ്ട് മായാജാലം കാണിക്കുന്ന മികച്ച മായാജാലക്കാരനാണ് അമല്‍ നീരദ് എന്ന തീര്‍ച്ച. സിനിമ തീര്‍ന്നാലും കാശ് പോയെന്ന് തോന്നാത്ത ഒരു ചിത്രം ഏറെക്കാലത്തിന് ശേഷം കണ്ടിറങ്ങി. ആസ്വദിച്ചു . . . .  ഫഹദിന് മുടക്കിയ പണം നഷട്മാകില്ല എന്നു ചുരുക്കം. ഫഹദിനും, അമലിനും, മുഴുവന്‍ ക്രൂവിനും അഭിനന്ദനങ്ങള്‍.