Tuesday, 17 June 2014

ഒരു 'കൂതറ'പ്പടം.


സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കൂതറ ഹാഫ് ടൈമില്‍ നല്ല പ്രകടനവും, രണ്ടാം പകുതിയില്‍ കളിമറന്ന കളിക്കാരെയുമാണ് ഓര്‍മ്മിപ്പിച്ചത്. പ്രേക്ഷകരും കൂതറയും രണ്ട് ടീമായി കളിച്ച കളി സമനിലയില്‍ കലാശിച്ചെന്ന് പറയുന്നതാവും ശരി. ആദ്യ പകുതിയില്‍ മലയാള സിനിമ ലോകം മുന്‍പ്വ കണ്ട കളി തന്നെയാണ് നടന്നത്. ഭഗതും, സണ്ണിവെയ്‌നും, ടൊവീനോ തോമസും പ്രേക്ഷകരുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ക്കുകയായിരുന്നു. ഇടക്കിടെ ഗോള്‍ അടിച്ചും ഗോള്‍ വഴങ്ങിയും ഭഗതും കൂട്ടരും മുന്നോട്ട് പോയി. കളിയില്‍ ഏറ്റവും ഫോമായത് റഫറി ആയിരുന്ന കൂതറ എന്ന നായ തന്നെയായിരുന്നു. മോഹന്‍ലാല്‍ എന്ന കളിക്കാരനെ രണ്ടാം പകുതിയില്‍ ഇടക്കൊന്നിറക്കി നോക്കിയെങ്കിലും ഫലം കണ്ടില്ല. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന കോച്ചില്‍ ആരാധകര്‍ അര്‍പ്പിച്ച് പ്രതീക്ഷ അത്രക്കങ്ങോട്ട് ഏശിയില്ല. മുന്‍പ് ഇതേ കോച്ച്ിന് കീഴില്‍ കളിച്ച സെക്കന്‍ഡ് ഷോ ടീം മൈതാനത്ത്  ഇത്രക്ക് മാനക്കേട് ഉണ്ടാക്കിയില്ലെന്ന് തോന്നുന്നു.
ഭഗത് മികച്ച് ഫോര്‍വേഡ് കളിക്കാരനാണെന്ന് എല്ലാ പ്രേക്ഷകര്‍ക്കും നന്നായി അറിയാം. മലയാളം തമിഴ് ഗ്രൗണ്ടുകളിലായി ഭഗത് നേടിയ ഗോളുകള്‍ അതിനുദാഹരണങ്ങളാണ്. കൂതറക്കളിയിലും ഭഗത് മോശമാക്കിയല്ല. കാലില്‍ കിട്ടിയ പന്തുകളോരോന്നും ഗോള്‍മുഖത്തേക്ക് തൊടുക്കാന്‍ ഭഗതിനായി. ചിലതൊക്കെ വല കുലുക്കിയെങ്കിലും മറ്റു ചിലത് വലക്ക് പുറത്തേക്ക് പോവുകയും, ഫൗളാവുകയും ചെയ്തു. മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സണ്ണി വെയ്ന്‍ അധികം ഗോളുകളൊന്നും നേടിയില്ലെങ്കിലും തന്റെ സ്വത സിദ്ധമായ ശൈലിയില്‍ കളിച്ചു. സണ്ണിയുടെ കളിയില്‍ മലയാളിക്ക് എന്നും സമ്മിശ്ര പ്രതികരണമാണുള്ളത്. ഇവിടേയും അതാവര്‍ത്തിച്ചു. എല്ലാ ഗ്രൗണ്ടിലേയും പോലെ ഇവിടേയും  . . . മലയാളിക്ക് അത്ര സുപരിചിതനല്ലാത്ത ടൊവീനോ തോമസാണ് ഫോര്‍ഡേഡ് കളിച്ച മറ്റൊരു കളിക്കാരന്‍. കളി കഴിയും വരെ അത്ര നല്ല കളിക്കാരനെന്ന് അഭിപ്രായം നേടാത്ത ടൊവീനോയുടെ ഫൗള്‍ മനസിലായത് അവസാന മിനിറ്റിലായിരുന്നുവെന്ന് മാത്രം. കളിയില്‍ ഏറ്റവും കൂതറ ടൊവീനോ തന്നെയായിരുന്നു.
എന്‍ജിനീയറിംഗ് കോളജിലെ സ്ഥിരം കളിയാണ് ആദ്യ പകുതിയില്‍ നടന്നതെങ്കിലും കണ്ടിരിക്കാന്‍ ഒരു സുഖമുണ്ടായിരുന്നു. മികച്ച പാസുകളും, സെല്‍ഫ് ഗോളുകളും, പെനാല്‍റ്റികളും, ഫ്രീകിക്കുകളും, അറ്റാക്കുകളുമായി ആകെയൊരു കളി ലഹരി തന്നെയായിരുന്നു. കളിക്ക് കൊഴുപ്പേകാന്‍ എത്തിയ ചിയര്‍ ഗേള്‍സിന് ഗ്രൗണ്ടില്‍ കാര്യമായ റോളൊന്നുമില്ലായിരുന്നു. എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു എന്ന് തോന്നിയ ശ്രിത ശിവദാസും, ഭാവനയും നിരാശപ്പെടുത്തി. മറ്റു ചിയര്‍ ഗേള്‍സ് അത്ര ചിയര്‍ ചെയ്യിപ്പിച്ചുമില്ല. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളും, ഫോര്‍ ദ് പീപ്പിളും അനുസ്മരിപ്പിക്കുന്ന ചില ഷോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഹാഫ് ടൈമിന് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ടാം പകുതിയിലേക്ക് ഒരു പ്രതീക്ഷ കരുതി വച്ചിരുന്നു.
നിരാശപ്പെടുത്തിക്കൊണ്ട് വിരസമായ സെക്കന്‍ഡ് ഹാഫ് ആരംഭിച്ചു. കളി ആരുടെ പക്ഷത്താണെന്ന് മനസിലാകാത്ത കുറേ നേരം വെറുതെ പന്ത് തട്ടി. പെട്ടെന്ന് ആരവങ്ങളൊന്നുമില്ലാതെ ഉസ്താദ് സാലി (മോഹന്‍ ലാല്‍) ഗ്രൗണ്ടിലെത്തി. ഇടക്ക് ഗോളടിക്കുമെന്ന് തോന്നിയെങ്കിലും അത് സംഭവിച്ചില്ല. ആദ്യ പകുതി നന്നായി കളിച്ച ഫോര്‍വോഡ്കളും കളി മറന്നു. ലാലിന് പകരം മറ്റേത് കളിക്കാരന്‍ വന്നാലും സംഭവിക്കാവുന്നത് മാത്രം സംഭവിച്ചു. മുഖ ഭാവം കൊണ്ടും ഗെറ്റപ്പു കൊണ്ടും എതിര്‍ ടീമിനെ ലേശമൊന്ന് വിറപ്പിക്കാന്‍ സാലിക്കായത് മാത്രം മിച്ചം. കടലിലേക്ക് കളി മാറ്റിയ കോച്ച് കൈവിട്ടെന്ന് തെന്നിയ കളി ഏറെക്കുറെ തിരിച്ചു പിടിച്ചു. കടല്‍ ക്ഷോഭത്തിലകപ്പെട്ട ബോട്ടിലെ രംഗങ്ങള്‍ ഗാലറികളെ കുറേ നേരത്തേക്ക് നിശബ്ദമാക്കി. പിന്നീടങ്ങോട്ട് ഒരൊഴുക്കായിരുന്നു. ഇടക്കിടെ കളി അവസാനിക്കുമെന്ന് തോന്നിയെങ്കിലും എക്‌സ്ട്രാ ടൈമും ഇന്‍ജുറി ടൈമും കടന്ന് കളി മുന്നോട്ട് പോയി. ആരും ഗോളടിച്ചില്ല. ഒരു നല്ല ഷോട്ട് ഗോള്‍മുഖത്തേക്ക് എത്തി നോക്കിയത് പോലുമില്ല. ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം കൊടുക്കാന്‍ എന്നോട് പറഞ്ഞാല്‍ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ 'കളിക്കാരന്' ഞാനാ അവാര്‍ഡ് സമ്മാനിക്കും, തീര്‍ച്ച.
കളി അവസാനിക്കാനുള്ള റഫറിയുടെ വിസില്‍ കേട്ടപ്പോള്‍ ചെറിയൊരാശ്വാസം. ഒരു നല്ല കളി കണ്ട സംതൃപ്തി ഇല്ലാതെ, എന്നാല്‍ കോച്ചും കളിക്കാരും ചേര്‍ന്ന് ചെറിയൊരു കാഴ്ച വിരുന്ന് സമ്മാനിച്ച സമാധാനത്തില്‍ ഗ്രൗണ്ടില്‍ നിന്നിറങ്ങി.    

Saturday, 7 June 2014

അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.

സ്ത്രീ സംവിധായകരെ അധികമൊന്നും പ്രോത്സാഹിപ്പിക്കാത്ത മേഖലയാണ് മലയാള സിനിമ. എന്നാല്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.
2009 ല്‍ കേരള കഫേയിലെ ഹാപ്പി ജേര്‍ണി, 2012 ല്‍ മഞ്ചാടിക്കുരു, 2014 ല്‍ ബാഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സ്വന്തം  അക്കൗണ്ടില്‍ ചേര്‍ത്ത ചിത്രങ്ങള്‍. 2012 ല്‍ ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലിയുടെ കരിയറിലെ പ്ലസ് പോയന്റ്.
മലയാളത്തില്‍ മുന്‍പും വനിത സംവിധായകര്‍ ഉദയം ചെയ്തിട്ടുണ്ട്. ജന്‍മദിനം ഒരുക്കിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സുമ ജോസന്‍, സഞ്ചാരം സംവിധാനം ചെയ്ത ലിജി ജോസ്, കേരള കഫേയില്‍ മകളൊരുക്കിയ ചലച്ചിത്ര താരം രേവതി ഫഹദ്, അനുമോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അകം എന്ന ചിത്രമൊരുക്കിയ ശാലിനി ഉഷ എന്നിവരാണ് മലയാളത്തില്‍ സംവിധായക തൊപ്പി അണിഞ്ഞ വനിതകള്‍. ഒന്നിലധികം ചിത്രങ്ങളൊരുനോ സംവിധായക കസേരയില്‍ ഉറച്ചിരിക്കാനോ ഇവര്‍ക്കാര്‍ക്കും ഇതു വരെ കഴിഞ്ഞില്ല. മലയാളത്തിന് പുറത്ത് മിച്ച ചിത്രങ്ങളൊരുക്കി ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഗീതുമോഹന്‍ദാസ് മാത്രമാണ്  ഇവര്‍ക്കൊരപവാദം. ഗാതുവിന്റെ ലയേഴ്‌സ് ഡയസ് ഇത്തവണ ദേശിയ അവാര്‍ഡില്‍ ഒന്നിലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും, നിരവധി വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വേറിട്ട വഴികളിലൂടെ മലയാളത്തില്‍ പുരുഷ മേധാവിത്വ മേഖലയായിരുന്ന ചലച്ചിത്ര സംവിധാന മേഖലയില്‍ ഉറച്ചിരിക്കാന് കഴിഞ്ഞത് അഞ്ജലി മോനോന് മാത്രമാണ്. അണിയിച്ചൊരുക്കിയ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാന്‍ അവര്‍ക്ക്് കഴിഞ്ഞതാണ് മലയാളത്തില്‍ അഞ്ജലിക്ക് സ്വന്തമായൊരിടം ഉണ്ടാക്കി കൊടുക്കുന്നത്. മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എംന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കരെ ലഭിക്കുന്നത്.  മലയാളത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അഞ്ജലിക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം വിശ്വസിക്കുന്നത്.

Saturday, 31 May 2014

ബാഗ്ലൂര്‍ ഡെയ്‌സ്


മാസ് എന്റര്‍ടൈനര്‍. യുവാക്കളെ എങ്ങനെ കയ്യിലെടുക്കാമെന്ന് നന്നായി അറിയാവുന്ന അഞ്ജലി മേനോനും, അന്‍വര്‍ റഷീദും, സമീര്‍ താഹിറും, ഗോപീസുന്ദറുമൊന്നിച്ചപ്പോള്‍ പിറന്നത് മലയാളത്തിലെ എക്കാലത്തേയും മികച്ച എന്റര്‍ടൈനറുകളിലൊന്നാണ്. കൂട്ടത്തില്‍ ഈ വര്‍ഷത്തെ ഹിറ്റ് മേക്കേഴ്‌സായ നിവിന്‍ പോളിയും, നസ്‌റിയയും മലയാളത്തിലെ മറ്റു ജനപ്രിയ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും, ഫഹദ് ഫാസിലും, നിത്യാ മേനോന്‍, ഇഷ തല്‍വാര്‍, പാര്‍വതി തുടങ്ങിയവരും. പോരെ പൂരം. തീയ്യറ്ററുകള്‍ ഇളക്കി മറിക്കാന്‍ ഒന്നര മുഴം നീളമുള്ള ഡയലോഗുകളോ, കാതടപ്പിക്കുന്ന ഒച്ചകളോ, അതിഗംഭീര സ്റ്റണ്ടുകളോ, ന്യൂജന്‍ തെറിയോ ആവശ്യമില്ലെന്ന് അടിവരയിടുകയാണ് ഈ ചിത്രം. ഗോപീസുന്ദറിന്റെ ബി ജി എം കൂടി ആയപ്പോള്‍ പടം പൊളിച്ചു. ബാഗ്ലൂരിനെ പരിചയപ്പെടുത്തിയ സീനുള്‍പ്പെടെയുള്േളഫ സമീര്‍ താഹിറിന്റെ ഛായാഗ്രഹണം ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. ഷോട്ടുകളുടെ മനോഹാരിതയും വൈവിധ്യവും ഒന്നു വേറെ തന്നെയായിരുന്നു.
നായക കഥാപാത്രങ്ങള്‍ക്ക് തുല്ല്യ പ്രാധാന്യം നല്‍കുന്നതില്‍ അഞ്ജലി മേനോന്‍ വിജയിച്ചു. സിനിമ തുടങ്ങിയപ്പോ തോന്നി ഇതൊരു നിവിന്‍ പോളി ചിത്രമായിരിക്കുമെന്ന്. എന്‍ട്രിയില്‍ തന്നെ തീയ്യറ്റര്‍ ഇളക്കി മറിച്ച് ദുല്‍ഖറെത്തിയപ്പോ, ദുല്‍ഖറിന്റെ തനി ന്യൂജന്‍ തന്റേടം കണ്ടപ്പോ ഇതൊരു ദുല്‍ഖര്‍ ചിത്രമാണെന്ന് തീര്‍ച്ചയാക്കി. ഫഹദിന്റെ  അസാധാരണമായ ഭാവപ്പകര്‍ച്ചകള്‍ കണ്ടപ്പോ  ഇതൊരു ഫഹദ് ചിത്രമാണെന്ന് സംശയത്തിന് വഴിയില്ലാതെയായി. എന്നാല്‍ മൂന്ന് പേര്‍ക്കും ചിത്രത്തില്‍ഡ തുവല്ലയ പ്രാധാന്യമാണെന്ന് എന്‍ഡ് ടൈറ്റില്‍ വന്നപ്പോ തീര്‍ച്ചയാക്കി.
സിനിമ ലാഗ് ചെയ്യുമെന്ന് തോന്നിച്ചപ്പോഴെല്ലാം നിഷ്‌കളങ്കമായ ചിരിയും, ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഡയലോഗുകളുമായി നിവിന്‍ എത്തുന്നുണ്ടായിരുന്നു. കൃഷ്ണന്‍ പി പി, കുട്ടേട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട കുട്ടനെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിയല്ലാതെ മലയാളത്തില്‍ മറ്റൊരു നടനുമാവില്ല. തനി നാടന്‍ യുവാവിനെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞു. തീയ്യറ്ററിലെത്തിയവര്‍ നിവിന് ആകെയുള്ള മാര്‍ക്കിന്റെ മൂന്നിലൊന്നും നല്‍കി.
യുവത്വത്തിന്റെ മനസ് എങ്ങനെയാണെന്നറിയാന്‍ ദുല്‍ഖറിന് കഴിഞ്ഞു. അവസാനമെത്തിയ പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം നല്‍കിയ ക്ഷീണത്തില്‍ നിന്നും മുക്തനായെന്നു മാത്രമല്ല, ദുല്‍ഖറിന്റെ കരിയറിലെ മികച്ചൊരു ബ്രേക്കായിരിക്കും ബാഗ്ലൂര്‍ ഡെയ്‌സ് എന്ന കാര്യത്തിലും സംശയമില്ല.  യു നോ, ബാഗ്ലൂര്‍ വാട്ട് എ റോക്കിംഗ് സിറ്റി എന്ന ദുല്‍ഖറിന്റെ ഡയലോഗ് ഏറെ നേരം കാതില്‍ മുഴങ്ങി നിന്നു. ക്ലൈമാക്‌സില്‍ സെറ(പാര്‍വതി)യുടെ അടുത്തെത്തുമ്പോള്‍ പശ്ചാത്തലം മുഴുവന്‍ വികാര നിര്‍ഭരമാക്കാന്‍ നെടു നീളന്‍ ഡയലോഗുകളൊന്നും  അര്‍ജുന്‍ പറയുന്നില്ല. പോകണ്ട എന്ന ഒറ്റ വാക്ക് മാത്രം. അവിടെ തീയ്യറ്ററിന്റെ മുഴുവന്‍ ശ്രദ്ധ നേടാനും ദുല്‍ഖറിനായി. നിഷേധി, തന്റേടി, മികച്ചൊരു ബൈക്ക് റൈഡര്‍ അങ്ങനെ ഇന്നിന്റെ യുവത്വം ആഗ്രഹിക്കുന്നതെല്ലാം ദുല്‍ഖറിന്റെ അര്‍ജുനിലുണ്ടായിരുന്നു. മൂന്നിലൊന്ന് മാര്‍ക്ക് അജുവിനും പ്രേക്ഷകര്‍ തീര്‍ച്ചയായും നല്‍കി.
ശിവ, ദാസ് എന്ന രണ്ട് പേരുകളിലെത്തിയ ഫഹദ് മികച്ചൊരു നടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഫഹദിനെപ്പറ്റി മറ്റൊന്നും പറയുന്നില്ല. ചിത്രം കണ്ട് തന്നെം മനസിലാക്കണം. മലയാളത്തില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ നേടിയ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടിരുന്ന മുഖം കൊണ്ടുള്ള അഭിനയത്തിന് ഇനി ഫഹദും അര്‍ഹനാണെന്ന് എനിക്ക് തോന്നിപ്പോയി.
ദിവ്യ(നസ്‌റിയ). വ്യത്യസ്തമായി ഒന്നുമില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും നസ്‌റിയക്കായി. ഓം ശാന്തി ഓശാനയിലെ കുറുമ്പുകാരിയില്‍ നിന്ന് പക്വതയുള്ള ഒരു നടിയിലേക്ക് എത്താനായില്ലെങ്കിലും നസ്‌റിയയുടെ ദിവ്യ മികച്ചൊരു സൃഹൃത്തായും, ഭാര്യയായും തിളങ്ങി.
നോട്ട്ബുക്കിലൂടെയെത്തിയ പാര്‍വ്വതിയുടെ ഗംഭീര തിരിച്ച് വരവ് കൂടിയായിരുന്നു ചിത്രം. ഗുഡ്‌മോണിംഗ് ബാഗ്ലൂര്‍ എന്ന ഡയലോഗുമായെത്തുന്ന സേറയുടെ ശബ്ദം വല്ലാത്തൊരാകര്‍ഷണം തന്നെയായിരുന്നു. അംഗവൈകല്ല്യമുള്ള കഥാപാത്രമാണെങ്കിലും അംബീഷ്യസായിരുന്നു സേറ. പ്രേക്ഷകനെ ഇടക്കൊക്കെ കണ്ണു നനയിക്കാനും, ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിക്കാനും സേറക്കായി. അപ്രതീക്ഷിതവും, ഗംഭീരവും, വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്തതുമായ തിരിച്ച് വരവാണ് പാര്‍വതിയുടേത്.
നിത്യാ മേനോനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു. അധികമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഉള്ളത്രയും ഭാഗം നടാഷയെ പ്രേക്ഷകന് ഇഷ്ടമായി. യുവാക്കളുടെ ഹരമായ ഒരു തെറിച്ച പെണ്ണ്.
ഇഷ തല്‍വാറിന്  കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല ചിത്രത്തില്‍. എന്നാലും മീനാക്ഷിയെന്ന എയര്‍ ഹോസ്റ്റസും നിവിനും തമ്മിലുള്ള രംഗങ്ങളില്‍ തട്ടത്തില്‍ മറയത്തിലെ ബി ജി എം ഉപയോഗിച്ചത് ആകര്‍ഷണിയമായിരുന്നു. നിവിന്റെ മുന്‍ഡ ചിത്രങ്ങളിലെ ഡയലോഗുകള്‍ അറിയാത്ത പോലെ ആവര്‍ത്തിച്ചെങ്കിലും വിരസത തോന്നിയില്ല. കല്‍പന, പ്രവീണ, മണിയന്‍പിള്ള രാജു, വിജയരാഘവന്‍ തുടങ്ങിയവര്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
മാസ് മാസ് എന്റര്‍ടൈനറില്‍ അപ്രതീക്ഷിതമായത് ക്ലൈമാക്‌സാണ്. . . . . അപ്രതീക്ഷിതെമെങ്കിലും മനോഹരം. എ ബിഗ് സല്യൂട്ട് ടു അഞ്ജലി മേനോന്‍ ആന്‍ഡ് ക്രൂ.

Wednesday, 28 May 2014

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
മനുകൃഷ്ണ(ഫഹദ് ഫാസില്‍), മുഹമ്മദ് (ലാല്‍), അഡ്വ. മാത്തന്‍ തരകന്‍(ശ്രീനിവാസന്‍) എന്നിവരുടെ കൊച്ചിയിലെ ഒരു ദിവസമാണ് വാസുദേവ് സനലിന്റെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. കേരള സമൂഹം നേരിടുന്ന ഒരുപിടി പ്രശ്‌നങ്ങളുടെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ചിത്രമെന്ന് വേണമെങ്കില്‍ പറയാം.  ഫഹദിന്റെ സ്ഥിരം ഇമോഷണല്‍ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഒട്ടും വിരസമല്ലാത്ത ഒരു ചിത്രം. രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയില്‍ ഒരു കെട്ട് നോട്ട് പലരുടെ കൈമറിഞ്ഞ് അവസാനം തുടങ്ങിയിടത്ത് തന്നെ വരുന്നതിനെ ചിത്രം ഒര്‍മ്മിപ്പിക്കുന്നുണ്ട്. ഫഹദിന് നഷ്ടമാകുന്ന പണം പല കൈകള്‍ മാറി അവസാനം ഫഹദിന്റെ കയ്യില്‍ തന്നെയെത്തുന്നുണ്ട്.
മൂന്ന് പുരുഷന്‍മാര്‍ മൂന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ ചെലവഴിക്കുന്ന ഒരു വിവസം. സംഭവബഹുലമായ ഒരു ദിവസം, ചുരുക്കത്തില്‍ അതാണ് ചിത്രം. ഭാര്യയെ രക്ഷിക്കാനായി എത്തുന്ന മനു, മകളെ രക്ഷിക്കാന്‍ പെടാപാട് പെടുന്ന മുഹമ്മദ്, സമൂഹത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടി കേരളത്തിലെ എല്ലാ സ്ത്രീകളുടേയും രക്ഷയ്ക്കായി കോടതിയിലെത്തുന്ന അഡ്വ മാത്തന്‍ തരകന്‍. ഇന്ന് കേരളത്തില്‍ പുതുമയല്ലാത്ത പ്രശ്‌നങ്ങളാണ് മൂവര്‍ക്കുമുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റും സ്ഥിരം നടക്കുന്നതുമാണ്.
മനുകൃഷ്ണയുടെ ഭാര്യ ആശ, ഒരു വാഹനാപകടത്തിന്റെ പേരില്‍ ദുബൈയിലെ ജയിലിലകപ്പെടുന്നു. മോചനദ്രവ്യമായ് 75 ലക്ഷം രൂപ ആവശ്യമായി വരുന്നതോടെ മനു ഹവാലപ്പണത്തിന്റെ പിന്നാലെ പോകുന്നു. അങ്ങനെ കേരളത്തിലെത്തുന്ന മനു നേരിടുന്ന പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളുമാണ് ചിത്രത്തിന്റെ മൂന്നിലൊന്ന് കഥ.
സ്വന്തം മകളുടെ മാറാരോഗെ ചികിത്സിക്കാനുള്ള പണത്തിന് വേണ്ടിയാണ് കൊച്ചിയില്‍ ടാക്‌സി ഡ്രൈവറായ മുഹമ്മദ് ശ്രമിക്കുന്നത്. മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കാതെയാകുമ്പോള്‍ കടുംകൈയ്ക്ക് മുതിരേണ്ടിവരുന്ന മുഹമ്മദ് ചിത്രത്തിന്റെ മറ്റൊരു മുഖം. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും സ്വന്തം മകള്‍ക്കു വേണ്ടി മറ്റെല്ലാം മറക്കുന്ന, മനസില്‍ ഇത്തിരി നന്‍മ അവശേഷിക്കുന്ന ടാക്‌സി ഡ്രൈവറെ മുഹമ്മദില്‍ കാണാനാകും.  
സ്ത്രീപീഠനം പതിവായ കേരളത്തില്‍ അങ്ങനെയൊരു പീഠനത്തില്‍ പ്രതികളായ ഉന്നതര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനൊരുങ്ങുന്ന മാത്തന്‍ തരകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മാധ്യമങ്ങളേയും, രാഷ്ട്രീയക്കാരേയും കൂട്ടുപിടിച്ച് സാമൂഹത്തിന് വേണ്ടി മാത്തന്‍ തരകന്‍ നടത്തുന്ന യുദ്ധവും, നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മറ്റൊരു മുഖം.
മനുവിന്റെ സൃഹൃത്തായെത്തുന്ന മൈഥിലി തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രത്തിലെ മൈഥിലിയുടെ ആക്‌സിഡന്റ് സീന്‍ ഡ്യൂപ്പില്ലാതെയാണ് ചിത്രീകരിച്ചതെന്ന വാദം സത്യമാണെങ്കില്‍, എ ബിഗ് സല്യൂട്ട് ടു മൈഥിലി. പെര്‍ഫെക്ട് സീനായിരുന്നു.
അതിഭാവുകത്വങ്ങളോ, അസംഭവ്യമെന്നു തോന്നുന്ന രംഗങ്ങളോ ചിത്രത്തില്‍ ഉല്‍പ്പെടുത്താതിരുന്ന വാസുദേവ് സനലിന്റെ ഉന്നം പിഴച്ചില്ല. ചിത്രം കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. മുന്നും പിന്നും നോക്കാതെ വാഹനത്തിന് കുറുക്ക് കടക്കുന്ന യുവാക്കള്‍ അതിരാവിലെ തന്നെ ബീവറേജസിന് മുന്‍പില്‍ ക്യുവില്‍ നില്‍ക്കുന്നതും, കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളും, കേരളത്തില്‍ ഇന്നും സജീവമായ ഹവാല ഇടപാടുകളും, കേരളത്തിലെ രാഷ്ട്രീയ അരാജകത്വവും എല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട.
ഒരു ദിവസത്തെ കഥ പറയുന്ന ചിത്രങ്ങള്‍ മുന്‍പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ പരസ്പരം ഒരു ബന്ധവുമില്ലാത്ത മൂന്ന് പേരുടെ കഥ ബോറടിപ്പിക്കാതെ പറഞ്ഞ് തീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ശരാശരിക്ക് മുകളിലുള്ള ഒരു ചിത്രമെന്ന് അഭിപ്രായപ്പെടാം.




ഒടുവിലല്ലാത്ത ഒടുവിലാന്‍

മലയാളത്തിന്റെ ഒടുവിലാന്‍ ഓര്‍മ്മയായിട്ട് ഇന്ന് എട്ടു വര്‍ഷം. ശരാശരി കേരളീയന്റെ ദൈന്യതയും പരാധീനതയും നിറഞ്ഞ അച്ഛന്‍ വേഷങ്ങള്‍ക്കുള്ള ഇടം മലയാളത്തില്‍ ബാക്കിയാക്കിയാണ് 2006 മെയ് 27ന് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മ്മയായത്.
ജീവിത വഴികളില്‍ നിസഹായരായിപ്പോകുന്ന അച്ഛന്‍ വേഷങ്ങള്‍ക്ക് മലയാളത്തില്‍ ഒരേയൊരു നടന്‍ മാത്രമായിരുന്നു പരിപൂര്‍ണ്ണതയിലെത്തിയിരുന്നത്. നാട്ടിടവഴികളിലും, കൃഷിയിടങ്ങളിലും നാടന്‍ വേഷവിധാനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന സാധാരണ മലയാളിയെ അവതരിപ്പിക്കുന്നതിലായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മികവ്. ആരാച്ചാരുടെ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ മാനുഷിക അന്തര്‍ബോധത്തിന്റെ പിന്‍വാങ്ങലുകളെ അവതരിപ്പിച്ച കാളിയപ്പന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി മലയാളത്തില്‍ ഒടുവിലിന്റെ സ്ഥാനം അത്ര ഒടുവിലല്ലായിരുന്നു എന്നു മനസിലാക്കാന്‍.  മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ഒടുവിലിനെ അര്‍ഹനാക്കിയതും ഈ അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രമായിരുന്നു. സരസകവിയായിരുന്ന ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്റെ അനന്തിരവനായ ഉണ്ണികൃഷ്ണന്‍ തബല, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ സമര്‍ത്ഥനായിരുന്നു. കെ പി എസ് സി, കേരള കലാവേദി എന്നിവിടങ്ങളിലൂടെ എത്തി 1970 ല്‍ ദര്‍ശനം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെ് തന്റേതായ ഇടം കണ്ടെത്തിയ ഒടുവില്‍ മൂന്നര പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ നിറസാനിധ്യമായിരുന്നു. രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
സഥീര്‍ത്ഥ്യന്റെ  ക്ഷേമാന്വേഷണങ്ങളുമായെത്തുന്ന  ഊരുതെണ്ടിയേയും മലയാളി മറക്കാനിടയില്ല. ഇടയ്ക്ക കൊട്ടിപ്പാടുന്ന പെരിങ്ങോടന്റെ കീര്‍ത്തനം ഒടുവിലാന്റെ എട്ടാം ചരമ വാര്‍ഷികത്തിലും അദ്ദേഹത്തെ മലയാളി മനസുകളില്‍ അനശ്വരനാക്കുന്നു.

Sunday, 25 May 2014

cannes 2014


 ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം വിന്റര്‍ സ്ലീപ്പും ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ദ് വണ്ടേഴ്‌സും കരസ്ഥമാക്കി. മേളയില്‍ തിമോത്തി സ്പാള്‍ മികച്ച നടനായും ജൂലിയാന മൂര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഈ മാസം 14നാണ് ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിലൊന്നായ കാന്‍ മേളയ്ക്ക് തുടക്കമായത്. ഹോളിവുഡിനോട് എന്നും ചിറ്റമ്മ നയം കാണിക്കുന്ന മേളയെന്ന ആക്ഷേപവുമായാണ് ഇത്തവണയും കാനില്‍ ചലച്ചിത്ര മേള ആരംഭിച്ചത്. മേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം നേടിയത് തുര്‍ക്കി ചിത്രമായ വിന്റപര്‍ സ്ലീപ്പാണ്. മദ്ധ്യ അനറ്റോളിയില്‍ ഹോട്ടല്‍ നടത്തുന്ന ഐഡിനും,ഭാര്യയും, വിവാഹമോചിതയായ ഐഡിന്റെ സഹോദരി ലെക്കഌയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പരസ്പരം അത്ര സ്‌നേഹത്തിലല്ലാത്ത മൂവരുമൊന്നിച്ച് മഞ്ഞ് കാലത്ത്  പുറത്തിറങ്ങാനാകാത്ത അവസ്ഥയില്‍ ഹോട്ടിനകത്ത് കഴിയേണ്ടി വരുമ്പോഴുണ്ടാകുന്ന സംഘര്‍ഷാവസ്ഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. നൂറി മില്‍ഗാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആലീസ് റോറാച്ചര്‍ ഒരുക്കിയ ഇറ്റാലിയന്‍ ചിത്രം ദ് വണ്ടേഴ്‌സാണ് മേളയില്‍ മികച്ച ചിത്രത്തിനുള്ള  ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയത്.
മൈക്ക് ലേഗ് ഒരുക്കിയ മിസ്റ്റര്‍ ടര്‍ണര്‍ എന്ന ചിത്രത്തില്‍ ജെ എം ഡബ്ല്യു ടര്‍ണര്‍ എന്ന ചിത്രകാരനെ അവതരിപ്പിച്ച തിമോത്തി സ്പാളാണ് കാനില്‍ മികച്ച  നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ബാല്ല്യത്തില്‍ തന്നെ അനാഥനായി, വിവിധ ചൂഷണങ്ങള്‍ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയുടെ ആത്മസംഘര്‍ഷളെ ക്യാന്‍വാസില്‍ പകര്‍ത്തുന്ന ചിത്രകാരനെ തന്‍മയത്വത്തോടെ അവതരിപ്പിച്ചതിനാണ്  തിമോത്തി അവാര്‍ഡിനര്‍ഹനായത്.
എഴുത്തുകാരി കൂടിയായ ജൂലിയാന മൂറിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഡേവിഡ് ക്രോണ്‍ബര്‍ഗ് ഒരുക്കിയ മാപ്‌സ് ടു ദ് സ്റ്റാര്‍സ് എന്ന ചിത്രത്തില്‍ പ്രശസ്തയായ ചലച്ചിത്രകാരിയെ അവതരിപ്പിച്ചാണ് മൂര്‍ കാനില്‍ മികച്ച നടിയായത്. അറിയപ്പെടുന്ന നടിയുടെ മകളായി ജനിച്ചതിനാല്‍ സ്വന്തം അസ്ഥിത്വം കണ്ടെത്താനാവാതെ പോകുന്ന ഹാവ്‌ന സെഗ്രാന്‍ഡ് എന്ന കഥാപാത്രത്തെയാണ് മൂര്‍ അവതരിപ്പിച്ചത്.
അമേരിക്കന്‍ ചിത്രമായ ഫോക്‌സ് ക്യാച്ചര്‍ ഒരുക്കിയ ബെനറ്റ് മില്ലറാണ് കാനില്‍ മികച്ച സംവിധായകനായത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത് റഷ്യന്‍ ചിത്രമായ ലെവിയാഥാന് തിരക്കഥയൊരുക്കിയ ആന്ദ്രെ ജിയാന്‍സേവ്, ഒലെഗ് നെഗിന്‍ എന്നിവരാണ്.
സെവ്യര്‍ ഡോലന്റെ മോമ്മി, ജീന്‍ ലൂക്ക് ഗൊദാര്‍ദിന്റെ ഗുഡ് ബൈ ടു ലാംഗ്വേജ്  എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനുമര്‍ഹമായി.
സൈമണ്‍ മേസ സോട്ടോ ഒരുക്കിയ ലെയ്ഡി കാനില്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരലും കരസ്ഥമാക്കി.

Saturday, 24 May 2014

ഹൗ ഓള്‍ഡ് ആര്‍ യൂ.


 ഇന്ത്യയിലെ പതിനാല് പ്രധാന മന്ത്രിമാരില്‍ 13 പേരും പുരുഷന്‍മാര്‍, 15 പ്രസിഡന്റുമാരില്‍ 14 പേരും പുരുഷന്‍മാര്‍. ഇന്ത്യയില്‍ കഴിവുള്ള സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടോ അതോ ആരെങ്കിലും കഴിവുള്ള സ്ത്രീകളുടെ സ്വപ്‌നങ്ങളെ തല്ലിക്കൊഴിച്ചതോ എന്ന അര്‍ത്ഥവത്തായ ചോദ്യമാണ് ഈ ചിത്രം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ.
യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍. മഞ്ജുവിന്റെ സ്വപ്‌നം സിനിമയാണ്. ഓരോ സിനിമയും മഞ്ജു എന്ന നടിയുടെ കയ്യെപ്പിന് മിഴിവ് കൂട്ടുകയാണ്. പഴകുന്തോറും വീര്യം കൂടുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. വീര്യം കൂടിയില്ലെങ്ങിലും മഞ്ജു വാര്യര്‍ ഒരു നടി തന്നെ. അഭിനയ മികവിന് ഉടവ് തട്ടാത്ത പ്രകടനം കൊണ്ട് മഞ്ജു അരങ്ങ് തകര്‍ത്ത ചിത്രം. സാമൂഹിക അരക്ഷിതാവസ്ഥകളെ ഉള്‍പ്പെടുത്താനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ച ചിത്രം. നാടകീയതകള്‍ മുഴച്ച് നിന്ന ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രം. ഇങ്ങനെ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനാവുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യൂ.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന മഞ്ജുവിന്റെ അഭിനയ മികവു കൊണ്ടു മാത്രം മലയാള സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്താനാവുന്ന ചിത്രമാണ് ഹൊ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസ് അവകാശപ്പെടുന്നത് പോലെ കൊച്ചി മാരത്തണില്‍ ഓടിയെത്തിയ ശേഷം ലെന്‍സിലേക്ക് നോക്കുന്ന മഞ്ജുവിന്റെ നോട്ടം മാത്രം മതി മഞ്ജുവിലെ നടിയെ കണ്ടെത്താന്‍. കേരളത്തില്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയെ മഞ്ജു അഭിനയിച്ച് ഫലിപ്പിക്കുകയായിരുന്നു. നിരുപമ രാജീവ് എന്ന യു ഡി ക്ലര്‍ക്ക് നമുക്ക് ചുറ്റുമുള്ള പലരേയും പ്രതിഫലിപ്പിക്കുകയായിരുന്നു. പ്രായമല്ല ജീവിതമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറക്കുന്നത്.
അണ്‍ മേല്‍കോയ്മകളല്ല സമൂഹത്തിന് ആവശ്യമെന്നും, സ്ത്രീയുടെ സ്വപ്‌നങ്ങളെ നിയന്ത്രിക്കേണ്ടത് പുരുഷനല്ലെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഗൃഹസ്ഥരാകുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മറന്നു പോകുന്നു. വിവാഹം കഴിയുന്നതോടെ മറ്റൊരു വ്യക്തിയായി മാറാന്‍ കേരളത്തിലെ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച് വീട്ടമ്മയായി ഒരു പരകായ പ്രവേശം. എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് ഭാവിയില്‍ കയ്യൊപ്പുകള്‍ പതിപ്പിക്കാന്‍ കഴിയുമെന്ന് ചിത്രം പറയാതെ പറയുന്നു. സ്ത്രീ ആയാലും പുരുഷനായാലും സ്വപ്‌നങ്ങള്‍ ഉണ്ടാകണം, അതിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസുണ്ടാകണമെന്ന സാധാരണ തത്വം തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ ചര്‍ച്ച ചെയ്തത്. എന്നാല്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ മികവും, റോഷന്‍ആന്‍ഡ്രൂസിന്റെ സംവനിധാനവും, അത്ര മോശമല്ലാത്ത തിരക്കഥയും ചേര്‍ന്ന് ചിത്രത്തെ സാധാരണയില്‍ നിന്നുയര്‍ത്തുകയായിരുന്നു.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് അച്ഛന് ചെയ്ത് കൊടുക്കാവുന്നതിലും അപ്പുറം ഒരമ്മയ്ക്ക് ചെയ്യാനും, മനസിലാക്കാനുമുണ്ടെന്ന നിരുപമയുടെ വാക്കുകള്‍ ഇന്നതെ അമ്മമാര്‍ക്കുള്ള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ വളരേണ്ടത് അമ്മമാരുടെ തണലിലാണെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞു.
പ്രായമായവരുടെ കൂട്ടായാമകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്ന മറ്റൊരു സാമൂഹ്യ വിഷയം. നിരുപമയുടെ അമ്മയും കൂട്ടരും ചേര്‍ന്ന് അവര്‍ക്കിരിക്കാന്‍  (എല്ലാവരും റിട്ടയര്‍മെന്റ് പ്രായത്തിലുള്ളവര്‍) വേണ്ടി ഒരുക്കുന്ന മലഞ്ചരിവ് നല്ലൊരാശയമാണ് മുന്നോട്ടു വയ്ക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സീനിയര്‍ സിറ്റിലണ്‍സിന് ഒന്നിച്ചെരു കൂട്ടായാമയുണ്ടായാല്‍ അതൊരുക്കുന്ന സ്‌ന്തോഷം, അതൊന്നു വേറെ തന്നെയാണ്. ബസില്‍ വച്ച് കാണുന്ന വയസായ സ്ത്രീയെ കാണാന്‍ നിരുപമ പച്ചക്കറിയുമായി പോകുന്ന രംഗവും പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നു. വല്ലപ്പോഴുമെങ്കിലും കാണാന്‍ വരണമെന്നും, ഇപ്പോ എങ്ങനെയുണ്ടെന്ന് ചോദിക്കാന്‍ ആരെങ്കിലുമുണ്ടെന്ന് തോന്നിയാല്‍ രോഗം പകുതി കുറയുമെന്ന ഡയലോഗുകള്‍ സമൂഹത്തിനുള്ള മുന്നറിയിപ്പുകളാണ്.
മലയാളി ദിവസേന കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശമാണ് ചിത്രം ഉയര്‍ത്തിക്കാട്ടിയ മറ്റൊരു സാമൂഹ്യ വിഷയം. എന്‍ഡോസള്‍ഫാനടക്കമുള്ള വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ പച്ചക്കറികളാണ് നാം ഉപയോഗിക്കുന്നതെന്നും അത് ഒഴിവാക്കണമെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അടുക്കളത്തോട്ടങ്ങളും, ടെറസ് കൃഷിയും പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞു.
മഞ്ജുവിന്റെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന ആരോപണങ്ങളെ ശരി വയ്ക്കുന്ന രംഗങ്ങളുമുണ്ട് ചിത്രത്തില്‍. ചില ഡയലോഗുകളും, രംഗങ്ങളും ദിലീപിനുള്ള പരോക്ഷമായ മറുപടി ആണെന്ന് പ്രേക്ഷകന് തോന്നിയാല്‍ അതിശയോക്തിയില്ല. മഞ്ജുവിനെ കണ്ടല്ല തിരക്കഥയൊരുക്കിയതെന്ന സംവിധായകന്റെ വാദം ശരിയാണെങ്കില്‍ ചിത്രം ഗമഭീരമായി എന്നു തന്നെ പറയാം.
പച്ചക്കറികൃഷി നടത്തിയാള്‍ രാഷ്ട്രപതി ഭവനില്‍ പോയി വിരുന്നു സത്കാരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിപ്പിക്കുന്നത്. അതാണ് നാടകീയത. സിനിമയുടെ ഒഴുക്കിന് വേണ്ടിയുള്ള ചില വളച്ചൊടിക്കലുകള്‍. പിന്നെ മഞ്ജു വാര്യര്‍ എന്ന സൂപ്പര്‍താരത്തിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായി മാത്രം മറ്റു കഥാപാത്രങ്ങള്‍ ചുരുങ്ങിപ്പോയോ എന്നൊരു സംശയവും ഉണ്ടാകുന്നു. തെസ്‌നിഖാനും, മുത്തുമണിയും, കലാരഞ്ജിനിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയപ്പോള്‍ നായക സ്ഥാനത്തുള്ള കുഞ്ചാക്കോ ബോബന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. വെളിളിത്തിരയില്‍ മിന്നി മറഞ്ഞ ദേവനും, സുരാജ് വെഞ്ഞാറമ്മൂടും വെറുപ്പിച്ചില്ല. 14 വര്‍ഷം വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നിന്നിട്ടും അഭിനയ പ്രതിഭയ്ക്ക് മാറ്റു കുറയാതെ, അതിന് മൂര്‍ച്ച കൂട്ടിയ മഞ്ജുവിന് ഹൃദയം നിറഞ്ഞ ഒരു കൈയ്യടി. മലാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രപങ്ങള്‍ ചെയ്യാന്‍ ഇനി ആരുമില്ലെന്ന പരിഭവത്തിന് മഞ്ജുവിന്റെ രണ്ടാം വരവ് പരിഹാരമാകുമെന്ന് കരുതാം.