Sunday, 25 May 2014

cannes 2014


 ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം വിന്റര്‍ സ്ലീപ്പും ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ദ് വണ്ടേഴ്‌സും കരസ്ഥമാക്കി. മേളയില്‍ തിമോത്തി സ്പാള്‍ മികച്ച നടനായും ജൂലിയാന മൂര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഈ മാസം 14നാണ് ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിലൊന്നായ കാന്‍ മേളയ്ക്ക് തുടക്കമായത്. ഹോളിവുഡിനോട് എന്നും ചിറ്റമ്മ നയം കാണിക്കുന്ന മേളയെന്ന ആക്ഷേപവുമായാണ് ഇത്തവണയും കാനില്‍ ചലച്ചിത്ര മേള ആരംഭിച്ചത്. മേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം നേടിയത് തുര്‍ക്കി ചിത്രമായ വിന്റപര്‍ സ്ലീപ്പാണ്. മദ്ധ്യ അനറ്റോളിയില്‍ ഹോട്ടല്‍ നടത്തുന്ന ഐഡിനും,ഭാര്യയും, വിവാഹമോചിതയായ ഐഡിന്റെ സഹോദരി ലെക്കഌയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പരസ്പരം അത്ര സ്‌നേഹത്തിലല്ലാത്ത മൂവരുമൊന്നിച്ച് മഞ്ഞ് കാലത്ത്  പുറത്തിറങ്ങാനാകാത്ത അവസ്ഥയില്‍ ഹോട്ടിനകത്ത് കഴിയേണ്ടി വരുമ്പോഴുണ്ടാകുന്ന സംഘര്‍ഷാവസ്ഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. നൂറി മില്‍ഗാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആലീസ് റോറാച്ചര്‍ ഒരുക്കിയ ഇറ്റാലിയന്‍ ചിത്രം ദ് വണ്ടേഴ്‌സാണ് മേളയില്‍ മികച്ച ചിത്രത്തിനുള്ള  ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയത്.
മൈക്ക് ലേഗ് ഒരുക്കിയ മിസ്റ്റര്‍ ടര്‍ണര്‍ എന്ന ചിത്രത്തില്‍ ജെ എം ഡബ്ല്യു ടര്‍ണര്‍ എന്ന ചിത്രകാരനെ അവതരിപ്പിച്ച തിമോത്തി സ്പാളാണ് കാനില്‍ മികച്ച  നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ബാല്ല്യത്തില്‍ തന്നെ അനാഥനായി, വിവിധ ചൂഷണങ്ങള്‍ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയുടെ ആത്മസംഘര്‍ഷളെ ക്യാന്‍വാസില്‍ പകര്‍ത്തുന്ന ചിത്രകാരനെ തന്‍മയത്വത്തോടെ അവതരിപ്പിച്ചതിനാണ്  തിമോത്തി അവാര്‍ഡിനര്‍ഹനായത്.
എഴുത്തുകാരി കൂടിയായ ജൂലിയാന മൂറിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഡേവിഡ് ക്രോണ്‍ബര്‍ഗ് ഒരുക്കിയ മാപ്‌സ് ടു ദ് സ്റ്റാര്‍സ് എന്ന ചിത്രത്തില്‍ പ്രശസ്തയായ ചലച്ചിത്രകാരിയെ അവതരിപ്പിച്ചാണ് മൂര്‍ കാനില്‍ മികച്ച നടിയായത്. അറിയപ്പെടുന്ന നടിയുടെ മകളായി ജനിച്ചതിനാല്‍ സ്വന്തം അസ്ഥിത്വം കണ്ടെത്താനാവാതെ പോകുന്ന ഹാവ്‌ന സെഗ്രാന്‍ഡ് എന്ന കഥാപാത്രത്തെയാണ് മൂര്‍ അവതരിപ്പിച്ചത്.
അമേരിക്കന്‍ ചിത്രമായ ഫോക്‌സ് ക്യാച്ചര്‍ ഒരുക്കിയ ബെനറ്റ് മില്ലറാണ് കാനില്‍ മികച്ച സംവിധായകനായത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത് റഷ്യന്‍ ചിത്രമായ ലെവിയാഥാന് തിരക്കഥയൊരുക്കിയ ആന്ദ്രെ ജിയാന്‍സേവ്, ഒലെഗ് നെഗിന്‍ എന്നിവരാണ്.
സെവ്യര്‍ ഡോലന്റെ മോമ്മി, ജീന്‍ ലൂക്ക് ഗൊദാര്‍ദിന്റെ ഗുഡ് ബൈ ടു ലാംഗ്വേജ്  എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനുമര്‍ഹമായി.
സൈമണ്‍ മേസ സോട്ടോ ഒരുക്കിയ ലെയ്ഡി കാനില്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരലും കരസ്ഥമാക്കി.

No comments:

Post a Comment