ഇന്ത്യയിലെ പതിനാല് പ്രധാന മന്ത്രിമാരില്‍ 13 പേരും പുരുഷന്‍മാര്‍, 15 പ്രസിഡന്റുമാരില്‍ 14 പേരും പുരുഷന്‍മാര്‍. ഇന്ത്യയില്‍ കഴിവുള്ള സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടോ അതോ ആരെങ്കിലും കഴിവുള്ള സ്ത്രീകളുടെ സ്വപ്‌നങ്ങളെ തല്ലിക്കൊഴിച്ചതോ എന്ന അര്‍ത്ഥവത്തായ ചോദ്യമാണ് ഈ ചിത്രം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ.
യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍. മഞ്ജുവിന്റെ സ്വപ്‌നം സിനിമയാണ്. ഓരോ സിനിമയും മഞ്ജു എന്ന നടിയുടെ കയ്യെപ്പിന് മിഴിവ് കൂട്ടുകയാണ്. പഴകുന്തോറും വീര്യം കൂടുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. വീര്യം കൂടിയില്ലെങ്ങിലും മഞ്ജു വാര്യര്‍ ഒരു നടി തന്നെ. അഭിനയ മികവിന് ഉടവ് തട്ടാത്ത പ്രകടനം കൊണ്ട് മഞ്ജു അരങ്ങ് തകര്‍ത്ത ചിത്രം. സാമൂഹിക അരക്ഷിതാവസ്ഥകളെ ഉള്‍പ്പെടുത്താനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ച ചിത്രം. നാടകീയതകള്‍ മുഴച്ച് നിന്ന ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രം. ഇങ്ങനെ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനാവുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യൂ.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന മഞ്ജുവിന്റെ അഭിനയ മികവു കൊണ്ടു മാത്രം മലയാള സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്താനാവുന്ന ചിത്രമാണ് ഹൊ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസ് അവകാശപ്പെടുന്നത് പോലെ കൊച്ചി മാരത്തണില്‍ ഓടിയെത്തിയ ശേഷം ലെന്‍സിലേക്ക് നോക്കുന്ന മഞ്ജുവിന്റെ നോട്ടം മാത്രം മതി മഞ്ജുവിലെ നടിയെ കണ്ടെത്താന്‍. കേരളത്തില്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയെ മഞ്ജു അഭിനയിച്ച് ഫലിപ്പിക്കുകയായിരുന്നു. നിരുപമ രാജീവ് എന്ന യു ഡി ക്ലര്‍ക്ക് നമുക്ക് ചുറ്റുമുള്ള പലരേയും പ്രതിഫലിപ്പിക്കുകയായിരുന്നു. പ്രായമല്ല ജീവിതമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറക്കുന്നത്.
അണ്‍ മേല്‍കോയ്മകളല്ല സമൂഹത്തിന് ആവശ്യമെന്നും, സ്ത്രീയുടെ സ്വപ്‌നങ്ങളെ നിയന്ത്രിക്കേണ്ടത് പുരുഷനല്ലെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഗൃഹസ്ഥരാകുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മറന്നു പോകുന്നു. വിവാഹം കഴിയുന്നതോടെ മറ്റൊരു വ്യക്തിയായി മാറാന്‍ കേരളത്തിലെ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച് വീട്ടമ്മയായി ഒരു പരകായ പ്രവേശം. എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് ഭാവിയില്‍ കയ്യൊപ്പുകള്‍ പതിപ്പിക്കാന്‍ കഴിയുമെന്ന് ചിത്രം പറയാതെ പറയുന്നു. സ്ത്രീ ആയാലും പുരുഷനായാലും സ്വപ്‌നങ്ങള്‍ ഉണ്ടാകണം, അതിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസുണ്ടാകണമെന്ന സാധാരണ തത്വം തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ ചര്‍ച്ച ചെയ്തത്. എന്നാല്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ മികവും, റോഷന്‍ആന്‍ഡ്രൂസിന്റെ സംവനിധാനവും, അത്ര മോശമല്ലാത്ത തിരക്കഥയും ചേര്‍ന്ന് ചിത്രത്തെ സാധാരണയില്‍ നിന്നുയര്‍ത്തുകയായിരുന്നു.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് അച്ഛന് ചെയ്ത് കൊടുക്കാവുന്നതിലും അപ്പുറം ഒരമ്മയ്ക്ക് ചെയ്യാനും, മനസിലാക്കാനുമുണ്ടെന്ന നിരുപമയുടെ വാക്കുകള്‍ ഇന്നതെ അമ്മമാര്‍ക്കുള്ള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ വളരേണ്ടത് അമ്മമാരുടെ തണലിലാണെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞു.
പ്രായമായവരുടെ കൂട്ടായാമകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്ന മറ്റൊരു സാമൂഹ്യ വിഷയം. നിരുപമയുടെ അമ്മയും കൂട്ടരും ചേര്‍ന്ന് അവര്‍ക്കിരിക്കാന്‍ (എല്ലാവരും റിട്ടയര്‍മെന്റ് പ്രായത്തിലുള്ളവര്‍) വേണ്ടി ഒരുക്കുന്ന മലഞ്ചരിവ് നല്ലൊരാശയമാണ് മുന്നോട്ടു വയ്ക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സീനിയര്‍ സിറ്റിലണ്‍സിന് ഒന്നിച്ചെരു കൂട്ടായാമയുണ്ടായാല്‍ അതൊരുക്കുന്ന സ്‌ന്തോഷം, അതൊന്നു വേറെ തന്നെയാണ്. ബസില്‍ വച്ച് കാണുന്ന വയസായ സ്ത്രീയെ കാണാന്‍ നിരുപമ പച്ചക്കറിയുമായി പോകുന്ന രംഗവും പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നു. വല്ലപ്പോഴുമെങ്കിലും കാണാന്‍ വരണമെന്നും, ഇപ്പോ എങ്ങനെയുണ്ടെന്ന് ചോദിക്കാന്‍ ആരെങ്കിലുമുണ്ടെന്ന് തോന്നിയാല്‍ രോഗം പകുതി കുറയുമെന്ന ഡയലോഗുകള്‍ സമൂഹത്തിനുള്ള മുന്നറിയിപ്പുകളാണ്.
മലയാളി ദിവസേന കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശമാണ് ചിത്രം ഉയര്‍ത്തിക്കാട്ടിയ മറ്റൊരു സാമൂഹ്യ വിഷയം. എന്‍ഡോസള്‍ഫാനടക്കമുള്ള വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ പച്ചക്കറികളാണ് നാം ഉപയോഗിക്കുന്നതെന്നും അത് ഒഴിവാക്കണമെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അടുക്കളത്തോട്ടങ്ങളും, ടെറസ് കൃഷിയും പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞു.
മഞ്ജുവിന്റെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന ആരോപണങ്ങളെ ശരി വയ്ക്കുന്ന രംഗങ്ങളുമുണ്ട് ചിത്രത്തില്‍. ചില ഡയലോഗുകളും, രംഗങ്ങളും ദിലീപിനുള്ള പരോക്ഷമായ മറുപടി ആണെന്ന് പ്രേക്ഷകന് തോന്നിയാല്‍ അതിശയോക്തിയില്ല. മഞ്ജുവിനെ കണ്ടല്ല തിരക്കഥയൊരുക്കിയതെന്ന സംവിധായകന്റെ വാദം ശരിയാണെങ്കില്‍ ചിത്രം ഗമഭീരമായി എന്നു തന്നെ പറയാം.
പച്ചക്കറികൃഷി നടത്തിയാള്‍ രാഷ്ട്രപതി ഭവനില്‍ പോയി വിരുന്നു സത്കാരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിപ്പിക്കുന്നത്. അതാണ് നാടകീയത. സിനിമയുടെ ഒഴുക്കിന് വേണ്ടിയുള്ള ചില വളച്ചൊടിക്കലുകള്‍. പിന്നെ മഞ്ജു വാര്യര്‍ എന്ന സൂപ്പര്‍താരത്തിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായി മാത്രം മറ്റു കഥാപാത്രങ്ങള്‍ ചുരുങ്ങിപ്പോയോ എന്നൊരു സംശയവും ഉണ്ടാകുന്നു. തെസ്‌നിഖാനും, മുത്തുമണിയും, കലാരഞ്ജിനിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയപ്പോള്‍ നായക സ്ഥാനത്തുള്ള കുഞ്ചാക്കോ ബോബന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. വെളിളിത്തിരയില്‍ മിന്നി മറഞ്ഞ ദേവനും, സുരാജ് വെഞ്ഞാറമ്മൂടും വെറുപ്പിച്ചില്ല. 14 വര്‍ഷം വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നിന്നിട്ടും അഭിനയ പ്രതിഭയ്ക്ക് മാറ്റു കുറയാതെ, അതിന് മൂര്‍ച്ച കൂട്ടിയ മഞ്ജുവിന് ഹൃദയം നിറഞ്ഞ ഒരു കൈയ്യടി. മലാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രപങ്ങള്‍ ചെയ്യാന്‍ ഇനി ആരുമില്ലെന്ന പരിഭവത്തിന് മഞ്ജുവിന്റെ രണ്ടാം വരവ് പരിഹാരമാകുമെന്ന് കരുതാം.
No comments:
Post a Comment