Wednesday, 28 May 2014

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
മനുകൃഷ്ണ(ഫഹദ് ഫാസില്‍), മുഹമ്മദ് (ലാല്‍), അഡ്വ. മാത്തന്‍ തരകന്‍(ശ്രീനിവാസന്‍) എന്നിവരുടെ കൊച്ചിയിലെ ഒരു ദിവസമാണ് വാസുദേവ് സനലിന്റെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. കേരള സമൂഹം നേരിടുന്ന ഒരുപിടി പ്രശ്‌നങ്ങളുടെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ചിത്രമെന്ന് വേണമെങ്കില്‍ പറയാം.  ഫഹദിന്റെ സ്ഥിരം ഇമോഷണല്‍ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഒട്ടും വിരസമല്ലാത്ത ഒരു ചിത്രം. രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയില്‍ ഒരു കെട്ട് നോട്ട് പലരുടെ കൈമറിഞ്ഞ് അവസാനം തുടങ്ങിയിടത്ത് തന്നെ വരുന്നതിനെ ചിത്രം ഒര്‍മ്മിപ്പിക്കുന്നുണ്ട്. ഫഹദിന് നഷ്ടമാകുന്ന പണം പല കൈകള്‍ മാറി അവസാനം ഫഹദിന്റെ കയ്യില്‍ തന്നെയെത്തുന്നുണ്ട്.
മൂന്ന് പുരുഷന്‍മാര്‍ മൂന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ ചെലവഴിക്കുന്ന ഒരു വിവസം. സംഭവബഹുലമായ ഒരു ദിവസം, ചുരുക്കത്തില്‍ അതാണ് ചിത്രം. ഭാര്യയെ രക്ഷിക്കാനായി എത്തുന്ന മനു, മകളെ രക്ഷിക്കാന്‍ പെടാപാട് പെടുന്ന മുഹമ്മദ്, സമൂഹത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടി കേരളത്തിലെ എല്ലാ സ്ത്രീകളുടേയും രക്ഷയ്ക്കായി കോടതിയിലെത്തുന്ന അഡ്വ മാത്തന്‍ തരകന്‍. ഇന്ന് കേരളത്തില്‍ പുതുമയല്ലാത്ത പ്രശ്‌നങ്ങളാണ് മൂവര്‍ക്കുമുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റും സ്ഥിരം നടക്കുന്നതുമാണ്.
മനുകൃഷ്ണയുടെ ഭാര്യ ആശ, ഒരു വാഹനാപകടത്തിന്റെ പേരില്‍ ദുബൈയിലെ ജയിലിലകപ്പെടുന്നു. മോചനദ്രവ്യമായ് 75 ലക്ഷം രൂപ ആവശ്യമായി വരുന്നതോടെ മനു ഹവാലപ്പണത്തിന്റെ പിന്നാലെ പോകുന്നു. അങ്ങനെ കേരളത്തിലെത്തുന്ന മനു നേരിടുന്ന പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളുമാണ് ചിത്രത്തിന്റെ മൂന്നിലൊന്ന് കഥ.
സ്വന്തം മകളുടെ മാറാരോഗെ ചികിത്സിക്കാനുള്ള പണത്തിന് വേണ്ടിയാണ് കൊച്ചിയില്‍ ടാക്‌സി ഡ്രൈവറായ മുഹമ്മദ് ശ്രമിക്കുന്നത്. മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കാതെയാകുമ്പോള്‍ കടുംകൈയ്ക്ക് മുതിരേണ്ടിവരുന്ന മുഹമ്മദ് ചിത്രത്തിന്റെ മറ്റൊരു മുഖം. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും സ്വന്തം മകള്‍ക്കു വേണ്ടി മറ്റെല്ലാം മറക്കുന്ന, മനസില്‍ ഇത്തിരി നന്‍മ അവശേഷിക്കുന്ന ടാക്‌സി ഡ്രൈവറെ മുഹമ്മദില്‍ കാണാനാകും.  
സ്ത്രീപീഠനം പതിവായ കേരളത്തില്‍ അങ്ങനെയൊരു പീഠനത്തില്‍ പ്രതികളായ ഉന്നതര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനൊരുങ്ങുന്ന മാത്തന്‍ തരകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മാധ്യമങ്ങളേയും, രാഷ്ട്രീയക്കാരേയും കൂട്ടുപിടിച്ച് സാമൂഹത്തിന് വേണ്ടി മാത്തന്‍ തരകന്‍ നടത്തുന്ന യുദ്ധവും, നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മറ്റൊരു മുഖം.
മനുവിന്റെ സൃഹൃത്തായെത്തുന്ന മൈഥിലി തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രത്തിലെ മൈഥിലിയുടെ ആക്‌സിഡന്റ് സീന്‍ ഡ്യൂപ്പില്ലാതെയാണ് ചിത്രീകരിച്ചതെന്ന വാദം സത്യമാണെങ്കില്‍, എ ബിഗ് സല്യൂട്ട് ടു മൈഥിലി. പെര്‍ഫെക്ട് സീനായിരുന്നു.
അതിഭാവുകത്വങ്ങളോ, അസംഭവ്യമെന്നു തോന്നുന്ന രംഗങ്ങളോ ചിത്രത്തില്‍ ഉല്‍പ്പെടുത്താതിരുന്ന വാസുദേവ് സനലിന്റെ ഉന്നം പിഴച്ചില്ല. ചിത്രം കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. മുന്നും പിന്നും നോക്കാതെ വാഹനത്തിന് കുറുക്ക് കടക്കുന്ന യുവാക്കള്‍ അതിരാവിലെ തന്നെ ബീവറേജസിന് മുന്‍പില്‍ ക്യുവില്‍ നില്‍ക്കുന്നതും, കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളും, കേരളത്തില്‍ ഇന്നും സജീവമായ ഹവാല ഇടപാടുകളും, കേരളത്തിലെ രാഷ്ട്രീയ അരാജകത്വവും എല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട.
ഒരു ദിവസത്തെ കഥ പറയുന്ന ചിത്രങ്ങള്‍ മുന്‍പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ പരസ്പരം ഒരു ബന്ധവുമില്ലാത്ത മൂന്ന് പേരുടെ കഥ ബോറടിപ്പിക്കാതെ പറഞ്ഞ് തീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ശരാശരിക്ക് മുകളിലുള്ള ഒരു ചിത്രമെന്ന് അഭിപ്രായപ്പെടാം.




No comments:

Post a Comment