Friday, 25 July 2014

വിക്രമാദിത്യന്‍.


സിനിമ ആത്യന്തികമായി സിനിമ തന്നെയാണ്. ഫീല്‍ ഗുഡ് മൂവി എന്ന് ഒറ്റ വാക്കില്‍ പറഞ്ഞവസാനിപ്പിക്കാം. എന്നാല്‍ പറഞ്ഞാലും തീരാത്ത എന്തൊക്കെയോ ചിത്രത്തിലുണ്ടായിരുന്നു. ഹിറ്റ് മേക്കേഴ്‌സായ ലാല്‍ ജോസ്- ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്റെ ചിത്രം, ഏഴ് ഗാനരചയിതാക്കള്‍സ ചേര്‍ന്നൊരുക്കിയ വ്യത്യസ്തമായ ഏഴ് ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് തുടങ്ങിയ മലയാളത്തിലെ യുവതാര നിര ഒന്നിക്കുന്ന ചിത്രം, ബാഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം, അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ വേഷത്തിലെത്തുന്ന ചിത്രം, ദുല്‍ഖറിന്റെ മെട്രോ ബോയ് ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം ഇങ്ങനെ ഏറെ അവകാശവാദങ്ങളുമായാണ് വിക്രമാദിത്യന്‍ തീയ്യറ്ററുകളിലെത്തിയത്. എന്നാല്‍ പതിവ് പോലെ തന്നെ പ്രതീക്ഷകള്‍ കുറെയൊക്കെ തെറ്റി. എന്നും അങ്ങനെ തന്നെയാണല്ലോ, അമിത പ്രതീക്ഷയുമായി തീയ്യറ്ററുകളിലെത്തുമ്പോഴെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്.
ചെറുപ്പം മുതലേ കൂട്ടുകാരായ മൂന്ന് സൃഹൃത്തുക്കള്‍. വിക്രം ഷേണായി (ഉണ്ണി) ആദിത്യ മേനോന്‍ (ദുല്‍ഖര്‍) ദീപിക പൈ (നമിത). അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളുമായി കാലം കടന്നു പോകുന്നു. വിക്രമനും ആദിത്യനും സൃഹൃത്തുക്കളാണെങ്കിലും പരസ്പരം ശത്രുക്കളെപ്പോലെയാണ്. എപ്പോഴും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കും. തോല്ക്കുന്നയാള്‍ ജയിക്കുന്നയാളെ സല്യൂട്ട് ചെയ്യണം. ഇരുവരുടേയും മത്സരങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്നത് ദീപിക എന്ന കൊങ്കിണി കുട്ടിയും. മത്സരങ്ങളില്‍ എപ്പോഴും പരാജയപ്പെടുന്നത് ആദിത്യനാണ്. ചിത്രത്തിന്റെ കാതലെന്നു പറയാവുന്ന രണ്ടു പരീക്ഷകള്‍, ഒന്ന് ദീപികയും, മറ്റൊന്ന് ഒരു എസ് ഐ ടെസ്റ്റുമാണ്. എസ് ഐ ടെസ്റ്റില്‍ വിക്രമന്‍ പാസാകുമ്പോള്‍ ദീപിക എന്ന പരീക്ഷ പാസാകുന്നത് ആദിത്യനാണ്. മലയാലത്തില്‍ പല ചിത്രങ്ങളില്‍ കണ്ടു പഴകിയ ക്ലൈമാക്‌സ്. ആദിത്യന് പിന്നിലായിപ്പോയ വിക്രം ദീപികയെ അവന് നല്‍കുന്നു. ആദ്യം ഓര്‍മ്മ വന്നത് വിനയന്‍ ചിത്രം അത്ഭുത ദ്വീപിന്റെ ക്ലൈമാക്‌സാണ്. പുറത്തു നിന്നെത്തിയ നായകന് ദ്വീപിലെ രാജകുമാരന്‍ നല്‍കുന്നത് നായികയെ തന്നെയാണ്.
1992 ല്‍ സംഗീത് ശിവന്‍ ഒരുക്കിയ യോദ്ധയും വിക്രമാദിത്യനില്‍ എവിടെയൊക്കെയോ നിഴലിക്കുന്നുണ്ടായിരുന്നു. രണ്ട് ബാല്ല്യകാല സൃഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന പിണക്കങ്ങള്‍ മലയാള സിനിമയില്‍ ചിത്രീകരിക്കുന്നത് ഇതാദ്യമായല്ല. അതുകൊണ്ടു തന്നെ ചിത്രത്തില്‍ പലയിടത്തും കണ്ടു മടുത്ത കുറെ കാഴ്ചകള്‍ നിഴലിക്കുന്നുണ്ടായിരുന്നു.
തീരെ സഹിക്കാന്‍ കഴിയാതിരുന്നത് ക്ലൈമാക്‌സ് തന്നെയായിരുന്നു. ആരോ തീയ്യറ്ററിലിരുന്ന് കഥ പറഞ്ഞു തരും പോലെ ചിത്രം എങ്ങോട്ടു പോകുന്നുവെന്ന് മനസിലാകുന്നുണ്ടായിരുന്നു. ഈ തിരക്കഥ ഞാന്‍ മുന്‍പ് വായിച്ചുള്ളത് പോലെ തോന്നി. എസ് ഐ ആകാന്‍ കവിയാതിരുന്ന നായകന്‍, ഐ പി എസ് ഉദ്യോഗസ്ഥനായി മടങ്ങിയത്തുന്നത് അത്രക്ക് സ്വീകാര്യമായി തോന്നിയില്ല. ഇങ്ങനെ അപ്രതീക്ഷിത സ്വപ്‌നങ്ങള്‍ പലതും ഞാന്‍ കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതു കൊണ്ടായിരിക്കും. പിന്നെ ദുല്‍ഖറിനേക്കാള്‍ അല്പം പ്രാധാന്യം ഉണ്ണിക്കു കൂടുതലുണ്ടോയെന്ന് സംശയിച്ചാലും കുറ്റം പറയാനാകില്ല. നമിതയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. ജോയ് മാത്യുവിന്റെ ഹോമിയോ ഡോക്ടര്‍ കഥാപാത്രത്തോട് ഏറെക്കുറെ നീതി പുലര്‍ത്തിയെന്ന് തോന്നുന്നു. ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ട ലെനയുടെ കഥാപാത്രം എടുത്തു പറയേണ്ടതാണ്. 2010 ന് ശേഷമിറങ്ങിയ മിക്ക ചിത്രങ്ങളിലും കറിയില്‍ ഉപ്പു പോലെയുണ്ടായിരുന്ന ലെന വിക്രമാദിത്യനിലും തന്റെ കഥാപാത്രം മനോഹരമാക്കി. കഥയിലെ പ്രധാന ട്വിസ്റ്റായതും ലെനയുടെ കഥാപാത്രം തന്നെയാണ്.
സ്‌നേഹമുള്ള കുറച്ചു പിണക്കങ്ങളും, ഇണക്കങ്ങളുമായി എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷികക്കുന്ന ഒരു ചിത്രം. ഒരു മഹാ സംഭവമൊന്നുമല്ലെങ്കിലും കണ്ടിരിക്കാം. കുറെ നല്ല ഫ്രെയിമുകള്‍, പുതിയ കാഴ്ചകള്‍, ആരേയും ആകര്‍ഷിക്കുന്ന പ്രണയം, ഗാനങ്ങള്‍. ഏഴ് ഗാനരചയിതാക്കള്‍ ചേര്‍ന്നൊരുക്കിയ ഏഴ് ഗാനങ്ങള്‍. ബിജിബാവലിന്റെ സംഗീതത്തില്‍ അവയൊരോന്നും മികച്ചു നിന്നു. ഗാനരംഗത്തിലും ദൃശ്യവത്ക്കരണത്തിന് കോംപ്രമൈസിന് തയ്യാറാകാത്ത ലാല്‍ ജോസിന്റെ വിഷ്വലൈസേഷന്‍, കഥ പറച്ചില്‍ രീതി ഇവയൊക്കെ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. ക്ലാസ്‌മേറ്റ്‌സില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച നൊസ്റ്റാള്‍ജിയ ഫാക്ടര്‍ വിക്രമാദിത്യനിലും ഉള്‍പ്പെടുത്താന്‍ ലാല്‍ ജോസ് ശ്രമിച്ചിട്ടുണ്ട്. വിക്രമാദിത്യന്‍ ഒരു മാസ് എന്റര്‍ടൈനറാണ് എന്നതില്‍ സംശയമില്ല.


Saturday, 12 July 2014

മലയാള സിനിമ.



പൂരപ്പറമ്പില്‍ നിന്നാണ് മലയാളിയുടെ സിനിമാകാഴ്ചയുടെ ചരിത്രം തുടങ്ങുന്നത് . തേക്കിന്‍ കാട്ടിലെ മൈതാനത്ത് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് വലിച്ചു കെട്ടിയ തിരശ്ശീലയില്‍ പതിഞ്ഞ ചലനചിത്രങ്ങളുടെ ചുവടു പിടിച്ചാണ് മലയാള സിനിമ വളരുന്നത്. ലൈംലൈറ്റിന് പകരം വിദ്യുച്ചക്തി ഉപയോഗിച്ച് വാറുണ്ണി ജോസഫ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ബയോസ്‌കോപ്പിന്റെ ഉപയോഗവും,  അന്യഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളുമായിരുന്നു മലയാളത്തിന്റെ കാഴ്ചാനുഭവമായത് . മലയാള ഭാഷയിലെ ആദ്യ ചലന ചിത്രമായ വിഗതകുമാരന്‍ പുറത്തിറക്കിയത്  1928 നവംബര്‍ ഏഴിനാണ് . അഗസ്തീശ്വരം സ്വദേശിയായ ജോസഫ് ചെല്ലയ്യ ഡാനിയേല്‍ അങ്ങനെ മലയാള സിനിമയുടെ പിതാവെന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് വെറും അഞ്ച് സിനിമകള്‍ മാത്രം പുറത്തിറക്കാനായ മലയാള സിനിമാ ചരിത്രത്തില്‍ വിഗതകുമാരനും, ജെ സി ഡാനിയേലും തലയുയര്‍ത്തി നില്‍ക്കുന്നു.
 
1933 ല്‍ വി വി റാവു- സുന്ദരംപിള്ള കൂട്ടുകെട്ടിലിറങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ സി വി രാമന്‍ പിള്ളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു. സാഹിത്യ കൃതിയെ അധികരിച്ചുള്ള ആദ്യ ചിത്രവും, മലയാളത്തിലെ രണ്ടാമത്തെ ചിത്രവുമായി ഇതു മാറി. ആദ്യ രണ്ട് ചിത്രങ്ങളും നിശബ്ദങ്ങളായിരുന്നെങ്കില്‍ 1938 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ ബാലന്‍ മലയാളത്തിലെ ശബ്ദ സിനിമകള്‍ക്ക് തുടക്കം കുറിച്ചു.  1940 ല്‍ എസ് നൊട്ടാണിയുടെ ജ്ഞാനാംബിക, കെ സുബ്രഹ്മണ്യത്തിന്റെ പ്രഹഌദ, പി ജെ ചെറിയാന്റെ നിര്‍മ്മല, കെ വി കോശിയും കുഞ്ചാക്കോയും ചേര്‍ന്നു രൂപം നല്‍കിയ ഉദയ സ്റ്റുഡിയോയുടെ ആഭിമുഖ്യത്തില്‍ പൂര്‍ണ്ണമായും കേരളത്തില്‍ നിര്‍മ്മിച്ച വെള്ളിനക്ഷത്രം, നല്ലതങ്ക,തുടങ്ങിയവ മലയാളത്തിലെ ആദ്യകാല ചിത്രങ്ങളായി. വന്‍ പ്രദര്‍ശന വിജയം നേടിയ ഉദയായുടെ ജീവിത നൗകയാണ് മലയാളത്തിലെ ആദ്യ ഹിറ്റു ചിത്രം.

ആദ്യമായി ഒരു ദേശീയ പുരസ്‌ക്കാരം നേടുന്ന ദക്ഷിണേന്ത്യന്‍ ചിത്രവും മലയാളത്തില്‍ നിന്നായിരുന്നു. 1954 ല്‍ മികച്ച രണ്ടാമത്തെ ചിത്രമെന്ന ദേശീയ ബഹുമതി നേടിയ നീലക്കുയില്‍. സാമൂഹിക പ്രശ്‌നങ്ങളെയും ദുരവസ്ഥകളേയും സിനിമ വിഷയമാക്കിത്തുടങ്ങിയ കാലം . ലോകസിനിമയിലെ മാറ്റങ്ങള്‍ സാവധാനം മലയാളത്തിലും എത്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സിനിമയെ സ്വാധീനിച്ച നവതരംഗം മലയാളത്തിലുമെത്തുന്നത് 1955ലാണ് .  പി രാംദാസിന്റെ ന്യൂസ് പേപ്പര്‍ ബോയിലൂടെ. 1961 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ കണ്ടം ബച്ച കോട്ട് മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഒരേടു കൂടി ചേര്‍ത്തു വച്ചു. മലയാളത്തിലെ ആദ്യ വര്‍ണ്ണ ചിത്രം. 1965ല്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ്ണ മെഡല്‍ മലയാളത്തിലെത്തിക്കാന്‍ രാമു കാര്യാട്ടിന്റെ ചെമ്മീന് കഴിഞ്ഞത് മലയാള ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നു.

നീലക്കുയിലിന്റെ വെള്ളിത്തിളക്കത്തില്‍ നിന്നും അറുപതുകളിലേക്ക് കടന്ന മലയാള സിനിമ ചെമ്മീന്റെ സുവര്‍ണ്ണ ശോഭയില്‍ ഏറെ നാള്‍ കുരുങ്ങിക്കിടന്നു.  തകഴിയും, പാറപ്പുറവും, കേശവദേവും, ബഷീറുമടങ്ങുന്ന എഴുത്തുകാരിലേക്ക് മലയാള സിനിമ പരകായപ്രവേശം നടത്തി. എന്നാല്‍ എഴുപതുകള്‍ മലയാളത്തില്‍ മുഴക്കിയത് മാറ്റത്തിന്റെ കാഹളമായിരുന്നു. ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമ മലയാളിയ്ക്കു കാഴ്ചയുടെ അനന്തമായ ആകാശങ്ങള്‍ തുറന്നു കാട്ടി. എ. വിന്‍സെന്റ് , പി എന്‍ മേനോന്‍, അടൂര്‍ ഗോപാലകൃഷണന്‍ , ജി അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, കെ പി കുമാരന്‍, പി എ ബക്കര്‍, കെ ജി ജോര്‍ജ്ജ് കെ എസ് സേതുമാധവന്‍, തുടങ്ങിയ സംവിധായകര്‍ ലോക സിനിമാഭൂപടത്തില്‍ കൊച്ചുമലയാളത്തിനേയും അടയാളപ്പെടുത്തി. ആ സുവര്‍ണ്ണകാലം എണ്‍പതുകളിലേയ്ക്കും നീണ്ടു. എം ടി വാസുദേവന്‍ നായര്‍ , പത്മരാജന്‍ , ജോണ്‍പോള്‍ തുടങ്ങിയ പ്രതിഭകളുടെ വരവോടെ മലയാള സിനിമ സാഹിത്യവുമായി കൂടുതല്‍ അടുത്തു. ഹരിഹരന്‍, ഭരതന്‍, മോഹന്‍ , ഐ വി ശശി തുടങ്ങിയവര്‍ ദൃശ്യഭാഷ ഒരുക്കാന്‍ രംഗത്തെത്തുകയും ചെയ്തപ്പോള്‍ സാഹിത്യാംശം മലയാള സിനിമയുടെ ആത്മാവായി മാറുകയായിരുന്നു. കാന്‍ ചലച്ചിത്രമേളയിലുള്‍പ്പടെ ഷാജി എന്‍ കരുണ്‍ ഒരുക്കിയ പിറവി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയുടെ അഭിമാനമായതും ഇക്കാലത്താണ്.

90കളിലും എണ്ണം പറഞ്ഞ ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. ടി വി ചന്ദ്രന്‍, സിബിമലയില്‍, കമല്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മദ്ധ്യവര്‍ത്തി സിനിമകളുടെ ശക്തമായ വക്താക്കളായി. എന്നാല്‍ സിദ്ധിക്-ലാല്‍ ദ്വയം തുടങ്ങിവച്ച ഹാസ്യതരംഗം അമിതാനുകരണത്തിലും കോമാളിസിനിമകളിലേയ്ക്കും വഴിമാറിയപ്പോള്‍ മലയാള സിനിമ പ്രതിസന്ധിയിലേയ്ക്ക് നയിക്കപ്പെട്ടു. ആവര്‍ത്തനവിരസമായ ചിത്രങ്ങള്‍ കമ്പോളങ്ങളിലും പരാജയപ്പെട്ടു. മലയാള സിനിമ സ്വത്വപരമായ പ്രതിസന്ധി നേരിട്ട നാളുകളിലായിരുന്നു പുതിയ നൂറ്റാണ്ടു പിറന്നത്.

പുതിയ നൂറ്റാണ്ടില്‍ മലയാള സിനിമയ്ക്ക് പുതു ജീവന്‍ നല്കിയത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ടെലിവിഷനുമായിരുന്നു. സിനിമയുടെ നിര്‍മ്മാണ ചെലവുകളുടെ ഗണ്യമായ ഭാഗവും ചാനലുകള്‍ ഏറ്റെടുത്തതോടെ പുതിയ സാദ്ധ്യതകളും തുറന്നു. ലോകത്തെ ഏതു രാജ്യത്തേയും സിനിമകള്‍ ഇന്റര്‍നെറ്റിലും സിഡി-ഡിവിഡി വിപണിയിലും ലഭ്യമായതോടെ പുതിയൊരു ആസ്വാദകവൃന്ദവും ഉടലെടുത്തു. ഏതു പ്രമേയത്തേയും ഉള്‍ക്കൊള്ളാനാവുന്ന തരത്തില്‍ സാങ്കേതികരംഗവും വളര്‍ന്നു. ന്യൂ ജനറേഷന്‍ തരംഗമെന്ന് അതിനെ കേരളം വിശേഷിപ്പിച്ചു.

ഫിലിം റോളുകളുടേയും കാലം അവസാനിക്കുകയാണ്. ഡിജിറ്റല്‍ യുഗത്തിലാണ് സിനിമ.  കാലത്തിനനുസരിച്ച് സിനിമയും, സങ്കല്പങ്ങളും, ആസ്വാദനവുമെല്ലാം മാറിക്കൊണ്ടിരിക്കുന്നു. പ്രമേയത്തിലെ പുത്തന്‍ പരീക്ഷണങ്ങളിലേക്കും, താരസിംഹാസനങ്ങളിലല്ലാത്ത അഭിനയ പ്രതിഭകളിലേക്കും, മികച്ച അണിയറ പ്രവര്‍ത്തകരിലേക്കും സിനിമ വളരട്ടെ.

Monday, 7 July 2014

cr no 89; ഒരു സമാന്തര സിനിമ


സമാന്തര സിനിമപ്രസ്ഥാനങ്ങല്‍ മലയാളത്തില്‍ ആദ്യമായല്ല. 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം,  ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ പാതയാണ്  പെരിങ്ങോട്ടുകാരന്‍ സുദേവനും പിന്‍തുടര്‍ന്നതെന്നാണ് നിരൂപക വിദ്വാന്‍മാരുടെ പക്ഷം. എന്നാല്‍ മലയാള ചലച്ചിത്ര മേഖല എന്നും സമാന്തര സിനിമകളോട് ചിറ്റമ്മ നയം മാത്രമാണ് കാണിച്ചിരുന്നത്. പ്രതിഭ കൊണ്ട് മാത്രം പിടിച്ചു നിന്നവരാണ് ഇന്ന് പ്രഗത്ഭരായ സംവിധായക പ്രമുഖരെല്ലാം. സുദേവനും അതേ പാതയിലാണെന്നാണ് ചിത്രം തെളിയിക്കുന്നത്. ഏഴ് ലക്ഷം മുതല്‍മുടക്കി, ഏഴ് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സി ആര്‍ നമ്പര്‍ 89 മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള സംസ്ഥാന പുരസ്‌കാരം, നാറ്റാപ്ാക്ക് പുരസ്‌കാരം, അരവിന്ദന്‍ പുരസ്‌കാരം, ജോണ്‍ ഏബ്രഹാം പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് നേടിയെട
ുത്തത്. രണാടാളുകള്‍ ചേര്‍ന്ന് ഒരു ജീപ്പില്‍ ഗ്രാമത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ജീപ്പ് കേടാകുന്നതും, അതേതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന് പക്ഷെ പരിമിതികള്‍ ഏറെയില്ല. ബുദ്ദിയുടേയും, പരസ്പര വിദ്വേഷത്തിന്റെയും പരീക്ഷണ ഘട്ടില്‍ കൂടി കടന്നു പോകുന്ന കഥാസന്ദര്‍ഭങ്ങള്‍ ശരിക്കും ഒഴുകി നടക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിയുന്നത് അറിയാനാകില്ലെന്ന് ചുരുക്കം. ചിത്രത്തില്‍ വര്‍ക്ക്‌ഷോപ്പ് പണിക്കാരനായെത്തുന്ന അശോകന്‍ മുന്‍നിര നായകന്‍മാരെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വര്‍ക്ക് ഷോപ്പിലെ സ്റ്റൂളിന്‍മേല്‍ സഹായിയുമൊത്ത് സ്‌ക്രൂ കളിക്കുന്ന കതാനായകനെ കാണുമ്പോള്‍ തന്നെ അയാളെക്കുറിച്ച് ഒരു ദിശാബോധം കാണികള്‍ക്കു ലഭിക്കുന്നു. കണിശതയോടെയെങ്കിലും ഏകാഗ്രനായി കളിയില്‍ മുഴുകുന്ന നായകന്‍ ഒരു തലമുറയുടെ പ്രതീകമായി പിന്നീട് വിലയിരുത്തപ്പെടുന്നു. നന്നാക്കാനായി എത്തുന്ന ജീപ്പില്‍ നിറയെ ആയുധങ്ങളാണെന്നറിയുമ്പോള്‍ മാനസികമായി കരുത്തനാകുന്ന തനി നാട്ടുമ്പുറത്തുകാരന്‍. ആയുധക്കടത്തിന് കൂട്ടു നില്‍ക്കാതെ വരുമ്പോള്‍ കൈ വെട്ടാനൊരുങ്ങുന്ന പ്രതിനായകന്റെ മുന്‍പില്‍ ഇരു കൈയ്യും നീട്ടിക്കൊടുക്കുന്ന ധീരനായ മനുഷ്യന്‍. ദൃശ്യത്തില്‍ നിശബ്ദതയുടെ സംഭാഷണമാണെങ്കിലും, എന്റെ രണ്ട് കൈയ്യും വെട്ടിയിട്ട് നീ മറ്റുള്ളവന്റെ തല വെട്ടിയാല്‍ മതിയെന്ന ധീരമായി ഉറക്കെ പറയുമ്പോലെ തോന്നും. നാട്ടിന്‍പുറത്തുകാരനാണെങ്കിലും ദേശീയ ബോധവും, സഹജീവി സ്‌നേഹവും ഉള്ള ഒരു പഴയ തലമുറക്കാന്‍. പഴഞ്ചനെങ്കിലും മനസില്‍ ധൈര്യം നിറച്ച, മനക്കരുത്തിന്റെ ആള്‍രൂപമായ കേവലമൊരു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍. തല്ലിച്ചതച്ചിട്ടും, ഭീഷണിപ്പെടുത്തിയിട്ടും ആയുധക്കടത്തു പോലെയുള്ള രാജ്യദ്രോഹത്തിന് കൂട്ടു നില്‍ക്കാന്‍ മടിക്കുന്ന സാധാരണക്കാരന്‍. യാതനകളേറെ സഹിച്ചെങ്കിലും ഒടുവിലയാള്‍ വിജയിക്കുന്നു. പ്രതിനായകന്‍മാര്‍, ആയുധക്കടത്തുകാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. ജീപ്പിന്റെ നാല് ചക്രത്തിന്റെയും കാറ്റൂരിവിട്ട് സംഭവ സ്ഥലത്ത് നിന്നും പിന്‍വാങ്ങുമ്പോഴും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന് അതൊരു സാധാരണ സംഭവം മാത്രം. യഥാര്‍ത്ഥ പൗരന്‍, മൂല്ല്യ ബോധമുള്ള പഴയ തലമുറയുടെ പ്രതീകം.
ക്ലൈമാക്‌സാണെന്നു തോന്നിച്ചില്ലെങ്കിലും അവസാന രംഗത്ത് ചിത്രത്തിലതു വരെ ഇല്ലാതിരുന്ന ഒരു സാധാരണക്കാരനെത്തുന്നു. കേടായിക്കിടക്കുന്ന ജീപ്പില്‍ ആകമാനം പരതുമ്പോള്‍ ലഭിക്കുന്ന കുറച്ച് തക്കാളിയും(ആയുധം കടത്തുന്നത് തക്കാലി നിറച്ച പെട്ടികളിലാണ്), ഒരു വടുവാളുമെടുത്ത് സ്ഥലം വിടുന്നു. വീട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനുള്ള തക്കാളിയും, പരിസരത്ത് വളരുന്ന അടിക്കാടുകള്‍ വെട്ടാനായി ഒരു വടിവാളും. സാധാരണക്കാരില്‍ സാധാരണക്കാരനായ അയാള്‍ക്ക് ആ വാഹനെ അത്ര മാത്രമായിരുന്നു.
മലയാള സിനിമയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്‍രെയും, അസഹിഷ്ണുതയുടേയും അടിക്കാടുകള്‍ വെട്ടാന്‍ ചിത്രത്തിനായെന്നാണ്ചിലരുടെ പക്ഷം. ചിത്രത്തില്‍ പിന്നീടെന്തുണ്ടായി എന്ന സംശയം ബാക്കി നിര്‍ത്താതെ അവസാന സീനില്‍ ക്രൈം നമ്പരും, ആയുധക്കടത്തില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന സെക്ഷന്‍സും, കേരളാ പോലീസിന് എട്ടിന്റെ പണി കൊടുക്കുന്ന രീതിയില്‍ അണ്‍ ഡിക്റ്റക്റ്റഡ് എന്ന തലവാചകവുമാണ് തെളിയുന്നത്. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇനിയും ആയുധപ്പുരകള്‍ അവശേഷിക്കുന്നുണ്ടെന്നും, പോലീസ് രജിസ്റ്റര്‍ ചെയ്ത ഏറിയ കേസും വഴിയില്‍ അവസാനിക്കുകയാണെന്നും ചിത്രം പറയാതെ പറയുന്നു. ഏതെങ്കിലുമൊരു സംഘടനയെയോ പ്രസ്ഥാനത്തേയോ, മതത്തേയോ പ്രതിയാക്കിയാല്‍ കുറ്റക്കാരായ മറ്റുള്ളവര്‍ രക്ഷപെടുമെന്നാണ് സംവിധായകന്റെ പക്ഷം. അതാണ് പോലും ചിത്രം അര്‍ത്ഥോക്തിയില്‍ നിര്‍ത്തി പോയത്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്നറിഞിട്ടും അതിനെ വെള്‌ളിത്തിരയിലെത്തിക്കാന്‍ സുദേവനും, പെരിങ്ങോട്ടുകാരും, പെയ്‌സ് ട്രസ്റ്റും കാണിച്ച ചങ്കൂറ്റം അംഗീകരിക്കാതെ വയ്യ. സിനിമ മനസിലാക്കാന്‍ എളുപ്പമായതിനാല്‍ വിശദീകരിക്കാന്‍ പ്രയാസമാണല്ലോ. അത് കൊണ്ട് ഇത്തവണത്തേക്ക് പോട്ടെ.
നിലവിലുള്ള വ്യവസ്ഥകളെ വെല്ലുവിളിക്കാന്‍ മുന്‍പും പലരും മുതിര്‍ന്നിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട ചുവട് വയ്പ് തന്നെ. ചിത്രത്തിന്റെ ഫ്രെയിമുകള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. വൈഡ് ഫ്രെയിമില്‍ പ്രകൃതിയെ പകര്‍ത്തുന്ന പാശ്ചാത്ത്യ ശൈലി തന്നെയാണ് സി ആര്‍ നമ്പറിലും ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ഫ്രെയിമില്‍ഡ ഒന്നിലധികം സ്വീക്വന്‍സുകള്‍ കാണിക്കുന്ന മികച്ച രീതി. ചിത്രത്തില്‍ സ്വാഭാവികത മാത്രമാണുണ്ടായിരുന്നത്. അഭിനയവും, പ്രകൃതിയും എന്തിന് ഇടക്കിടെ എത്തിയ കാറ്റ് പോലും. സകലതിനെയും വെല്ലു വിളിച്ച സുദേവന്റെ ലൊക്കേഷന്‍ പോലും വേറിട്ട പാതയാണ് തിരഞ്ഞെടുത്തത്. എന്തായാലും ചിത്രം കൊള്‌ളാം.  സിനിമ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. സ്‌പെഷല്‍ സ്്ക്രീനിംഗുകള്‍ മാത്രം. ഒരു വേദിയിവല്‍ പ്രദര്‍ശിപ്പിക്കാന്‍ 10,000 രൂപ നല്‍കണം. ടിക്കറ്റില്ല. അങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ചിത്രത്തിനായി സമാഹരിക്കും.
ട്രസ്റ്റായാലും, സമാന്തര സിനിമയായാലും മലയാള സിനിമയെന്ന വല്ല്യേട്ടനോടാണ് പോരിനിറങ്ങുന്നതെന്ന സത്യം സുദേവന്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ മനസിലാക്കിയാല്‍ കൊള്ളാം. നിലനില്പ് അവനവന്റെ തന്നെ ഉത്തരവാദിത്വമാണെന്ന്  . . .. .

Thursday, 3 July 2014

മലയാള സിനിമ ആറ് മാസം.



പോയ വര്‍ഷം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയത് 150 ലധികം ചിത്രങ്ങളില്‍ വിജയംനേടാനായത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമായിരുന്നു. ഇത്തവണയും സ്ഥിതി മറിച്ചല്ല. നവാഗതരും ചിരപരിചിതരുമായി നിരവധി സംവിധായകര്‍ ചിത്രങ്ങളൊരുക്കി. ഏറെയും തീയ്യറ്ററുകളില്‍ പരാജയത്തിന്റെ കയ്പ് രുചിച്ചപ്പോള്‍ വിജയം നേടിയത് 1983, ഓംശാന്തി ഓശാന, സെവന്‍ത് ഡേ, റിംഗ്മാസ്റ്റര്‍, ഹൗ ഓള്‍ഡ് ആര്‍യൂ, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് മാത്രമാണ്. ഇതില്‍ 1983, ഓംശാന്തി ഓശാന, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളൊരുക്കിയത് നവാഗത സംവിധായകരാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഭ്രാന്തും, സചിന്‍ തെന്‍ണ്ടുല്‍ക്കറിന്റെ വിരമിക്കലും ചേര്‍ത്ത് 1983 ഒരുക്കിയത് എബ്രിഡ് ഷൈന്‍ എന്ന് നവാഗതനായിരുന്നു. മലയാളികളുടെ ബലഹീനതയായ ഗൃഹാതുരത്വം കൂടി ചേര്‍ന്നപ്പോള്‍ ചിത്രം തീയ്യറ്ററുകളില്‍ നേടിയത് കണ്ണഞ്ചിക്കുന്ന വിജയമായിരുന്നു. 1990 കള്‍ പശ്ചാത്തലമാക്കി നവാഗതനായ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഓം ശാന്തി ഓശാനയും ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടി. ലണ്ടന്‍ ബ്രിഡ്ജിന്റെ പരാജയത്തിലാഴ്ന്ന് പോയ പൃഥ്വിരാജിന് ആശ്വാസവും, മലയാളം ബോക്‌സോഫീസിന് മറ്റൊരു ഹിറ്റും സമ്മാനിച്ച് ചിത്രമായിരുന്നു സെവന്‍ത് ഡേ. സെവന്‍ത് ഡേ ഒരുക്കിയ ശ്യാംധറും നവാഗതനായിരുന്നു. വിഷുച്ചിത്രങ്ങളായെത്തിയ സിനിമകളൊക്കെ വിഷുപ്പടക്കം പോലെ പൊട്ടിയപ്പോള്‍ തീയ്യറ്ററുകളില്‍ പിടിച്ചു നിന്ന ചിത്രമാണ് റിംഗ് മാസ്റ്റര്‍. ദിലീപ് നായകനായതിനാല്‍ റിംഗ് മാസ്റ്ററിന് വിജയത്തിലേക്കുള്ള ഈസി വാക്കോവര്‍ ലഭിക്കുകയായിരുന്നു. 14 വര്‍ഷത്തിന് ശേഷം മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ ഹൗ ഓള്‍ഡ് ആര്‍യൂവാണ് ഈ വര്‍ഷം തീയ്യറ്ററുകളില്‍ പ്രതികരണം നേടിയ മറ്റൊരു ചിത്രം. മഞ്ജു വാര്യര്‍ തന്റെ മടങ്ങിവരവ് ഗംഭീരമാക്കിയപ്പോള്‍, ചിത്രത്തെ പ്രേക്ഷകര്‍ വിജയങ്ങളുടെ പട്ടികയില്‍ എഴുതി ചേര്‍ത്തു. പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി യുവ നിരയെ അണിനിരത്തി ഹിറ്റ് മേക്കര്‍ അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സും തിയ്യറ്ററുകള്‍ നിറഞ്ഞോടി. ചില ചിത്രങ്ങള്‍ തീയ്യറ്ററുകളില്‍ പ്രേക്ഷകരുടെ അഭിപ്രായം നേടുമെന്ന് തോന്നിച്ചെങ്കിലും അവ വന്ന പോലെ മടങ്ങി. മലയാള സിനിമ 2014 പൂര്‍ത്തിയാക്കാന്‍ ഇനി ആറ് മാസം  മാത്രം ബാക്കി നില്‍ക്കെ മികച്ച ചിത്രങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഒശാനയിലെ പൂജ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നസ്‌റിയയാണ് വനിതാ തരംഗത്തിന് തുടക്കം കുറിച്ചത്. നിറഞ്ഞ ചിരിയും, ആരേയും ആകര്‍ഷിക്കുന്ന കൃസൃതിത്തരങ്ങളുമായി സ്‌ക്രീനില്‍ നിറഞ്ഞ നസ്‌റിയ മലയാളത്തില്‍ പുതിയൊരു തരംഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. പിന്നാലെയെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം നിരാശപ്പെടുത്തിയെങ്കിലും ബാഗ്ലൂര്‍ ഡെയ്‌സിലൂടെ ആ പരാജയത്തെ മറയ്ക്കാന്‍ നസ്‌റിയക്കായി. മലയാളത്തിലെ ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലുമായുള്ള നസ്‌റിയയുടെ വിവാഹം നിശ്ചയിച്ചതും 2014 ന്റെ ആദ്യ പകുതിയിലാണെന്നത് തികച്ചും യാദൃശ്ചികം.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യരാണ്  ഈ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വനിത. വിവാഹത്തെ തുടര്‍ന്ന് അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്ന മഞ്ജു, റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയതാണ് താരത്തിന് ഇത്രയധികം വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ കാരണമായത്. മടങ്ങിവരവ് ഗംഭീരമാക്കിയ മഞ്ജു ആ വര്‍ഷം മലയാള സിനിമയെ സ്വീധീനിച്ച വനിതകളില്‍ ഒരാളാവുകയും ചെയ്തു. മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ നടന്‍ ദിലീപ് കോടതിയെ സമീപിച്ചതും അടുത്തിടെയാണ്.

മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി ചിത്രമൊരുക്കി വിജയം കണ്ട വനിത സംവിധായികയാണ് അഞ്ജലി മേനോന്‍.  അഞ്ജലി ഒരുക്കിയ മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്.

സ്വതസിദ്ധമായ ചിരിയും, ശൈലിയും ചുരുങ്ങിയ കാലം കൊണ്ട് നിവിന്‍ പോളിയെ മലയാളത്തിലെ മുന്‍നിര നായകന്‍മാരിലൊരാളാക്കി മാറ്റി. 2014 ലെ മികച്ച ഹിറ്റുകളുടെ തോഴനായി നിവിനെ മാറ്റിയതും ഈ സ്വാഭാവിക അഭിനയ ശൈലി തന്നെയാണ്.
എബ്രിഡ് ഷൈന്‍ ഒരുക്കിയ 1983, 2014 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ വിരമിക്കലും, പ്രേക്ഷകന്റെ ക്രിക്കറ്റ് വികാരവും പരമാവധി ചൂഷണം ചെയ്ത ചിത്രം ബോക്‌സോഫീസ് ഹീറ്റായി മാറി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായത് നിവിന്‍ പോളിയും. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ അഭിനയ രംഗത്തെത്തിയ നിവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആഷിക് അബുവിന്റെ ടാ തടിയായിലെ നെഗറ്റീവ് വേഷം മാത്രമാണ് അത്ര പ്രേക്ഷക ശ്രദ്ധ നേടാതെ പോയത്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ ജൂഡ് അന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയും ബോക്‌സോഫില്‍ വന്‍ വിജയം നേടി. അവിടെയും കേന്ദ്രകഥാപാത്രം  നിവിന്‍ പോളി തന്നെ. ചിത്രത്തിന്റെ ഗതി വിഗതികള്‍ നിശ്ചയിച്ചത് പോലും നിവിന്റെ കഥാപാത്രമായിരുന്നു.
 ഇന്നലെ പുറത്തിറങ്ങിയ ബാഗ്ലൂര്‍ ഡെയ്‌സില്‍ മൂന്ന് നായകന്‍മാര്‍ക്കും തുല്ല്യ പ്രാധാന്യമാണെങ്കിലും തീയ്യറ്ററില്‍ നിവിന്റെ കഥാപാത്രത്തിന് ലഭിച്ച കൈയ്യടിക്ക് കുറവൊന്നുമില്ല. യുവതാരനിരയില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയതും നിവിന്‍ പോളി തന്നെ.  ചിത്രം ലാഗിംഗ് ഭീഷണി നേരിട്ടപ്പോഴെല്ലാം നിവിന്റെ കുട്ടന്‍ എന്ന കഥാപാത്രമാണ് കാണികളെ തിരികെ ചിത്രത്തിലേക്കെത്തിച്ചത്.
നിവിന്‍ പോളി വിജയങ്ങളുടെ പിന്നാലെയല്ല, വിജയങ്ങള്‍ നിവിന്റെ പിന്നാലെയാണെന്നാണ് ഈ വര്‍ഷം എത്തിയ ഓരോ ചിത്രങ്ങളും തെളിയിക്കുന്നത്. 2014 ലെ ആറ് മാസം നിവിന്റെ ഒപ്പമായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് താരം നേടിയ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തില്‍ പരാജയമടഞ്ഞ നവാഗതരേയും ഏടുത്തു പറയേണ്ടതാണ്. മമ്മൂട്ടിയെ നായകനാക്കി ചിത്രങ്ങളൊരുക്കി പരാജയമടഞ്ഞ രണ്ട് നവാഗതരാണ് ഷിബു ഗംഗാധരനും, പ്രമോദ് പയ്യന്നൂരും. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്ല്യകാല സഖിക്ക് ചലച്ചിത്രാവിഷ്‌കാരമൊരുക്കിയ പ്രമോദ് പയ്യന്നൂരിനാണ് നന്നായി കൈ പൊള്ളിയത്. ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത് വളരെ മോശമായിരുന്നു. സക്കറിയായുടെ പ്രെയ്‌സ് ദ് ലോര്‍ഡിനെ വെള്ളിത്തിരയിലെത്തിച്ച് ഷ്ബു ഗംഗാധരനും കരയാനായിരുന്നു വിധി. സന്തോഷ് ഖാന്‍, അനില്‍ ഗോപിനാഥ്, എം ബി പദ്മകുമാര്‍, സുരേഷ് നായര്‍ തുടങ്ങി ചിത്രമൊരുക്കി പരാജിതരായി മടങ്ങിയ സംവിധായകരുടെ നിര നീളുകയാണ്.
കഴിഞ്ഞു പോയ ആറ് മാസത്തിനുള്ളില്‍ ഒന്നിലധികം ചിത്രമൊരുക്കിയ സംവിധായകരാരും മലയാളത്തില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാര്‍ഡ് ലഭിച്ചതും, അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പാര്‍ലമെന്റംഗമായതും മലയാള സിനിമയ്ക്ക് ഇരട്ടി മധുരമായി. . . . .

Tuesday, 1 July 2014

ആംഗ്രി ബേബീസ്


സിനിമ മനസിലാക്കാന്‍ വളരെ എളുപ്പമാണ്, അതുകൊണ്ട് തന്നെ അത് വിവരിക്കാന്‍ വളരെ പ്രയാസവുമാണ്. കേട്ടു മടുത്ത ഒരു കഥയില്‍ കുറച്ച് വര്‍ണ്ണങ്ങള്‍ വാരി വിതറിയ ഒരു ചിത്രം. അതാണ് ആംഗ്രി ബേബീസ്.  മദ്ധ്യ കേരളത്തിലെ കുട്ടിക്കാനത്തുകാരന്‍ മുതലാളിയുടെ ഏക മകള്‍ സാറയും (ഭാവന) മുണ്ടക്കയത്തു  പരമ്പരാഗതമായി കിട്ടിയ സ്റ്റുഡിയോ നടത്തുന്ന  ജീവന്‍ പോളും (അനൂപ് മേനോന്‍) തമ്മിലുള്ള പ്രണയവും, നാടകീയവും എന്നാല്‍ ക്ലീഷേയുമായ ഒളിച്ചോട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മുന്‍പ് പല ചിത്രത്തിലും കണ്ടിട്ടുള്ള വണ്‍ലൈന്‍ തന്നെയായിരുന്നു ആംഗ്രി ബേബീസിനുമുള്ളത്. കാമുകനും കാമുകിയും ഒളിച്ചോടുന്നു, വിവാഹം ചെയ്ത് കുറച്ചു നാള്‍ ഒന്നിച്ച് ജീവിക്കുന്നു, പിണങ്ങുന്നു, മറ്റുള്ളവരുടെ മുന്‍പില്‍ സാധാരണ പോലെ ജീവിക്കുന്നു, യാദൃഛികമായി ജീവിതത്തിലുണ്ടാകുന്ന ചില ട്വിസ്റ്റുകളിലൂടെ വീണ്ടും ഒന്നിക്കുന്നു.  കേട്ടും കണ്ടും മടുത്ത കഥ തന്നെ. ഒരു മാറ്റവും ഇല്ല. പിന്നെ ഉണ്ടെന്ന് പറയാനുള്ള ഒരേയൊരു വ്യത്യാസം, ക്ലൈമാകിസില്‍ പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഒരു ചോദ്യം മാത്രമാണ്. എന്തിനാണ് നമ്മള്‍ പിണങ്ങിയത്. അതിന് ഉത്തരമില്ല. അതുണ്ടാവില്ലല്ലോ.
ചിത്രം തുടങ്ങുന്നത് തന്നെ ചളി കോമഡിയുമായാണ്. മനസമ്മതം നടത്തുന്ന അച്ഛന്‍ മണവാളനേയും മണവാട്ടിയേയും സദസ്സിന് പരിചയപ്പെടുത്തുന്നത് അവരുടെ ബിസിനസിന്റെ മഹത്വം പറഞ്ഞുകൊണ്ടാണ്. ബോറ്. പിന്നിടഉള്ള ഒളിച്ചോട്ടവും, പാട്ടും ചിത്രമെത്തുന്നതിന് മുന്‍പെ തന്ന് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ബിജിബാലിന്റെ സംഗീതത്തിലൊരുങ്ഹിയ ഒളിച്ചോട്ടപ്പാട്ട് ചിത്രത്തില്‍ ലേശം പോലും ഇല്ലാതിരുന്ന പുതുമയ്ക്ക് ഒരു അപവാദമായി. ബാഗ്ലൂര്‍ ഡെയ്‌സിന്റെ വന്‍ വിജയത്തിന് ശേഷമെത്തിയ ആംഗ്രി ബേബീസ് തുടര്‍ന്നങ്ങോട്ടൊരു മുംബൈ ഡെയ്‌സായിരുന്നു.
ജീവിതത്തില്‍ പരസ്പരം മനസിലാക്കാതെ പോകുമ്പോഴുണ്ടാകുന്ന  അസ്വാരസ്യങ്ങള്‍, പിണക്കങ്ങള്‍ അവയെത്തി നില്‍ക്കുന്നത് ദാമ്പത്യ ദജീവിതത്തിന്റെ തകര്‍ച്ചയിലാണ്. വലിയൊരു ഫോട്ടോഗ്രാഫറാകാന്‍ ആദഗ്രഹിക്കുന്ന ജീവനും അച്ഛന്റെം പാത പിന്‍തുടര്‍ന്ന് ബിസിനസുകാരിയാകാനാഗ്രഹിക്കുന്ന സാറ.യും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. രണ്ട് വ്യത്യസ്ത വഴികളില്‍ സഞ്ചരിക്കുന്ന ഇരുവരും വേര്‍പിരിയാന്‍ കുടുംബ കോടതിയിയെത്തുമ്പോള്‍ ദാ കിടക്കുന്നു ഒരു ട്വിസ്റ്റ്. ആറ് മാസം നല്ല നടപ്പ്. സാധാരണ സിനിമയില്‍ കാണുമ്പോലെ അല്ല വിവാഹമോചനമെന്ന് ഒരശരീരിയും. ഇവിടെയാണ് അവല്ലു അര്‍ജുനും ജനീലിയ ഡിസൂസയും തകര്‍ത്തഭിനയിച്ച തെലുങ്ക് ചിതച്രം ഹാപ്പിയുടെ മലയാളം പതിപ്പ് മനസിലേക്കോടിയെത്തുന്നത്. അത് സ്വീഭാവികമാണെന്ന് കരുതി ചിത്രം തുടര്‍ന്നും കണ്ടു. പക്ഷെ  ആ തോന്നല്‍ സ്വാഭാവികമായിരുന്നില്ല എന്ന് പിന്നീട് തോന്നി.
സ്‌നേഹമുള്ള പിണക്കങ്ങള്‍, കൊച്ചു കൊച്ചു വഴക്കുകള്‍, ഫ്‌ലാറ്റ് ഷെയറിംഗ്. സംഗതി കൊള്ളാം. കാണാനൊരു ചന്തമൊക്കെയുണ്ടായിരുന്നു. സമയം പോയത് അറിഞ്ഞതേയില്ല. രസമുള്ള കാഴ്ചകള്‍, ഇടക്കിടെ ഓര്‍മ്മകളിലേക്കും, പഴയ മധുവിധുകാലത്തേക്കുമുള്ള തിരിച്ച് നടത്തം, ഇടക്കിടെയെത്തുന്ന പാട്ടുകള്‍, വില്ലനും, ഹാസ്യതാരവുമായൊക്കെയെത്തിയ ജോജു, എല്ലാം രസമുളശഌകാഴ്ചകള്‍ തന്നെയായിരുന്നു. ജോജു തന്റെ റോള്‍ ഭംഗിയാക്കി. കുറ്റം പറയാനാകില്ല. നതി കൊണം കാണിച്ചൂന്ന്. . . .
എടുത്തു പറയേണ്ട ഒരു ക്യാരക്ടറാണ് അനുശ്രീയുടേത്. വേലക്കാരി സെല്‍വി തകര്‍ത്തു. അറിഞ്ഞും അറിയാതെയും സെല്‍വി തൊടുത്ത ശരങ്ങള്‍ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. പുട്ടിന് പീര പോടെയ.ുള്ള കോമഡി സംഭാഷണങ്ങള്‍, ബോഡി ലാഗ്വേജ്, അനൂപ് മേനോന്റെ ക്യാരക്ടറിന് ചേരാത്ത കോമഡി മാറ്റി നിര്‍ത്തിയാല്‍ അനുശ്രീ തകര്‍ത്തു. ഓരോ ചിത്രത്തിലും വ്യത്യസ്തമായ വേഷങ്ങള്‍, അതിനെ ഉള്‍ക്കൊള്ളാനാകുന്ന നടിയാണ് താനെന്ന് അനുശ്രീ ഒരിക്കല്‍ കൂടി തെളിയിച്ചു.
സ്വന്തമായി ഒരു പേരു പോലുമില്ലാത്ത് രണ്ട് കഥാപാത്രങ്ങളായിരുന്നു കലാഭവന്‍ ഷാജുവും, നോബിയും. നോബി ഇടയ്ക്ക് ചില നമ്പരുകളൊക്കെ കാണിച്ചെങ്കിലും  അതെത്ര കണ്ട് ഫലവത്തായെന്ന് സംവിധായകന് പോലും നിശ്ചയമില്ല. എല്ലാ ചിത്രത്തിലുമെന്ന് പോലെ ട്വിസ്റ്റുമായെത്തുന്ന രണ്ട് കഥാപാത്രങ്ങഴളായിരുന്നു നിഷാന്ത് സാഗറിന്റെ അന്‍വറും, പാര്‍വതി നായരുടെ പാറുവും. ജീവന്റയും സാറയുടേയും ജീവിതം കണ്ട് പഠിക്കാനായി ഒളിച്ചോടി വരുന്ന രണ്ട കമിതാക്കള്‍. സ്‌ക്രീനില്‍ അധികമൊന്നുമില്ലെങ്കിലും ഇരുവരും തങ്ങളുടെ റോളിന് മോശമല്ലാത്ത കൈയ്യടി നേടാനര്‍ഹതയുണ്ട്.
ബിജിബാല്ി# ആദ്യമായൊരുക്കിയ ഹിന്ധി ഗാനത്തിനമ് പിന്നാലെ ചിത്രത്തിന്റെ ഗതി ഏതാണ്ട് മനസിലാകും. പിണങ്ങിപ്പിരിയാന്‍ പോകുന്ന ദമ്പതിമാര്‍ക്കൊരു മനംമാറ്റം പോലെ. അലക്‌സ് മാളിയേക്കലിനെ തല്ലുന്ന ജീവനും, റെസ്‌റ്റോറണ്ടില്‍ തല്ലുണ്ടാക്കുന്ന ജീവനും പിണങ്ങിയിട്ടും മനസില്‍ ഇത്തിരി സ്േഹം ബാക്കിയാകുന്ന ഏതൊരു മലയാളി ഭര്‍ത്താവിന്റെയും പ്രതീകമാണ്.
ക്ലൈമാക്‌സ് തികച്ചും നാടകീയമായിരുന്നു. അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്തിന് പിണങ്ങിയെന്ന ചോദ്യവും, പ്രതീക്ഷിച്ച എന്‍ഡിങും കൂടിയായപ്പോള്‍ പൂര്‍ണ്ണമായി. പിന്നെ ചിത്രം അവശേഷി്പിക്കുന്ന ശക്തമായൊരു സന്ദേശം ഇന്നത്തെ മലയാളി യുവ ദമ്പതിമാര്‍ക്കുള്ള താക്കീതാണ്. ഒരാവേശത്തില്‍ കല്ല്യാണം കഴിക്കുകയും, മറ്റൊരാവേശത്തില്‍ വേര്‍പിരിയുകയും ചെയ്യുന്ന ദമ്പതിമാര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍. ഈഗോ കാരണം നശിക്കുന്നത് ജീവിതമാണ്, ചെറിയൊരഡ്ജസ്റ്റുമെന്റിന് തയ്യാറായാല്‍, ഒന്ന് ക്ഷമിക്കാന്‍ ഒരുങ്ങിയാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് കേരളത്തിലെ ദമ്പതിമാര്‍ക്കിടയിലുള്ളത്. പരസ്പരം നന്നായി മനസിലാക്കാതെ ഉപരിപ്ലവമായ പ്രണയത്തകിന്റെം പേരില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ ഈ ചിത്രം നന്നായി ഒന്ന് കണ്ടു നോക്കണം. സജി സുരേന്ദ്രനും സ്ഥിരം തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുമൊന്നിച്ച മോശമല്ലാത്ത ഒരു ചിത്രം. കണ്ടിരിക്കാം, അതിനപ്പുറം ഖണ്ടിറങ്ങുമ്പോള്‍ ഒന്ന് ചിന്തിക്കാം. മനസിരുത്തി . . . . .

Tuesday, 17 June 2014

ഒരു 'കൂതറ'പ്പടം.


സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കൂതറ ഹാഫ് ടൈമില്‍ നല്ല പ്രകടനവും, രണ്ടാം പകുതിയില്‍ കളിമറന്ന കളിക്കാരെയുമാണ് ഓര്‍മ്മിപ്പിച്ചത്. പ്രേക്ഷകരും കൂതറയും രണ്ട് ടീമായി കളിച്ച കളി സമനിലയില്‍ കലാശിച്ചെന്ന് പറയുന്നതാവും ശരി. ആദ്യ പകുതിയില്‍ മലയാള സിനിമ ലോകം മുന്‍പ്വ കണ്ട കളി തന്നെയാണ് നടന്നത്. ഭഗതും, സണ്ണിവെയ്‌നും, ടൊവീനോ തോമസും പ്രേക്ഷകരുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ക്കുകയായിരുന്നു. ഇടക്കിടെ ഗോള്‍ അടിച്ചും ഗോള്‍ വഴങ്ങിയും ഭഗതും കൂട്ടരും മുന്നോട്ട് പോയി. കളിയില്‍ ഏറ്റവും ഫോമായത് റഫറി ആയിരുന്ന കൂതറ എന്ന നായ തന്നെയായിരുന്നു. മോഹന്‍ലാല്‍ എന്ന കളിക്കാരനെ രണ്ടാം പകുതിയില്‍ ഇടക്കൊന്നിറക്കി നോക്കിയെങ്കിലും ഫലം കണ്ടില്ല. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന കോച്ചില്‍ ആരാധകര്‍ അര്‍പ്പിച്ച് പ്രതീക്ഷ അത്രക്കങ്ങോട്ട് ഏശിയില്ല. മുന്‍പ് ഇതേ കോച്ച്ിന് കീഴില്‍ കളിച്ച സെക്കന്‍ഡ് ഷോ ടീം മൈതാനത്ത്  ഇത്രക്ക് മാനക്കേട് ഉണ്ടാക്കിയില്ലെന്ന് തോന്നുന്നു.
ഭഗത് മികച്ച് ഫോര്‍വേഡ് കളിക്കാരനാണെന്ന് എല്ലാ പ്രേക്ഷകര്‍ക്കും നന്നായി അറിയാം. മലയാളം തമിഴ് ഗ്രൗണ്ടുകളിലായി ഭഗത് നേടിയ ഗോളുകള്‍ അതിനുദാഹരണങ്ങളാണ്. കൂതറക്കളിയിലും ഭഗത് മോശമാക്കിയല്ല. കാലില്‍ കിട്ടിയ പന്തുകളോരോന്നും ഗോള്‍മുഖത്തേക്ക് തൊടുക്കാന്‍ ഭഗതിനായി. ചിലതൊക്കെ വല കുലുക്കിയെങ്കിലും മറ്റു ചിലത് വലക്ക് പുറത്തേക്ക് പോവുകയും, ഫൗളാവുകയും ചെയ്തു. മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സണ്ണി വെയ്ന്‍ അധികം ഗോളുകളൊന്നും നേടിയില്ലെങ്കിലും തന്റെ സ്വത സിദ്ധമായ ശൈലിയില്‍ കളിച്ചു. സണ്ണിയുടെ കളിയില്‍ മലയാളിക്ക് എന്നും സമ്മിശ്ര പ്രതികരണമാണുള്ളത്. ഇവിടേയും അതാവര്‍ത്തിച്ചു. എല്ലാ ഗ്രൗണ്ടിലേയും പോലെ ഇവിടേയും  . . . മലയാളിക്ക് അത്ര സുപരിചിതനല്ലാത്ത ടൊവീനോ തോമസാണ് ഫോര്‍ഡേഡ് കളിച്ച മറ്റൊരു കളിക്കാരന്‍. കളി കഴിയും വരെ അത്ര നല്ല കളിക്കാരനെന്ന് അഭിപ്രായം നേടാത്ത ടൊവീനോയുടെ ഫൗള്‍ മനസിലായത് അവസാന മിനിറ്റിലായിരുന്നുവെന്ന് മാത്രം. കളിയില്‍ ഏറ്റവും കൂതറ ടൊവീനോ തന്നെയായിരുന്നു.
എന്‍ജിനീയറിംഗ് കോളജിലെ സ്ഥിരം കളിയാണ് ആദ്യ പകുതിയില്‍ നടന്നതെങ്കിലും കണ്ടിരിക്കാന്‍ ഒരു സുഖമുണ്ടായിരുന്നു. മികച്ച പാസുകളും, സെല്‍ഫ് ഗോളുകളും, പെനാല്‍റ്റികളും, ഫ്രീകിക്കുകളും, അറ്റാക്കുകളുമായി ആകെയൊരു കളി ലഹരി തന്നെയായിരുന്നു. കളിക്ക് കൊഴുപ്പേകാന്‍ എത്തിയ ചിയര്‍ ഗേള്‍സിന് ഗ്രൗണ്ടില്‍ കാര്യമായ റോളൊന്നുമില്ലായിരുന്നു. എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു എന്ന് തോന്നിയ ശ്രിത ശിവദാസും, ഭാവനയും നിരാശപ്പെടുത്തി. മറ്റു ചിയര്‍ ഗേള്‍സ് അത്ര ചിയര്‍ ചെയ്യിപ്പിച്ചുമില്ല. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളും, ഫോര്‍ ദ് പീപ്പിളും അനുസ്മരിപ്പിക്കുന്ന ചില ഷോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഹാഫ് ടൈമിന് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ടാം പകുതിയിലേക്ക് ഒരു പ്രതീക്ഷ കരുതി വച്ചിരുന്നു.
നിരാശപ്പെടുത്തിക്കൊണ്ട് വിരസമായ സെക്കന്‍ഡ് ഹാഫ് ആരംഭിച്ചു. കളി ആരുടെ പക്ഷത്താണെന്ന് മനസിലാകാത്ത കുറേ നേരം വെറുതെ പന്ത് തട്ടി. പെട്ടെന്ന് ആരവങ്ങളൊന്നുമില്ലാതെ ഉസ്താദ് സാലി (മോഹന്‍ ലാല്‍) ഗ്രൗണ്ടിലെത്തി. ഇടക്ക് ഗോളടിക്കുമെന്ന് തോന്നിയെങ്കിലും അത് സംഭവിച്ചില്ല. ആദ്യ പകുതി നന്നായി കളിച്ച ഫോര്‍വോഡ്കളും കളി മറന്നു. ലാലിന് പകരം മറ്റേത് കളിക്കാരന്‍ വന്നാലും സംഭവിക്കാവുന്നത് മാത്രം സംഭവിച്ചു. മുഖ ഭാവം കൊണ്ടും ഗെറ്റപ്പു കൊണ്ടും എതിര്‍ ടീമിനെ ലേശമൊന്ന് വിറപ്പിക്കാന്‍ സാലിക്കായത് മാത്രം മിച്ചം. കടലിലേക്ക് കളി മാറ്റിയ കോച്ച് കൈവിട്ടെന്ന് തെന്നിയ കളി ഏറെക്കുറെ തിരിച്ചു പിടിച്ചു. കടല്‍ ക്ഷോഭത്തിലകപ്പെട്ട ബോട്ടിലെ രംഗങ്ങള്‍ ഗാലറികളെ കുറേ നേരത്തേക്ക് നിശബ്ദമാക്കി. പിന്നീടങ്ങോട്ട് ഒരൊഴുക്കായിരുന്നു. ഇടക്കിടെ കളി അവസാനിക്കുമെന്ന് തോന്നിയെങ്കിലും എക്‌സ്ട്രാ ടൈമും ഇന്‍ജുറി ടൈമും കടന്ന് കളി മുന്നോട്ട് പോയി. ആരും ഗോളടിച്ചില്ല. ഒരു നല്ല ഷോട്ട് ഗോള്‍മുഖത്തേക്ക് എത്തി നോക്കിയത് പോലുമില്ല. ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം കൊടുക്കാന്‍ എന്നോട് പറഞ്ഞാല്‍ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ 'കളിക്കാരന്' ഞാനാ അവാര്‍ഡ് സമ്മാനിക്കും, തീര്‍ച്ച.
കളി അവസാനിക്കാനുള്ള റഫറിയുടെ വിസില്‍ കേട്ടപ്പോള്‍ ചെറിയൊരാശ്വാസം. ഒരു നല്ല കളി കണ്ട സംതൃപ്തി ഇല്ലാതെ, എന്നാല്‍ കോച്ചും കളിക്കാരും ചേര്‍ന്ന് ചെറിയൊരു കാഴ്ച വിരുന്ന് സമ്മാനിച്ച സമാധാനത്തില്‍ ഗ്രൗണ്ടില്‍ നിന്നിറങ്ങി.    

Saturday, 7 June 2014

അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.

സ്ത്രീ സംവിധായകരെ അധികമൊന്നും പ്രോത്സാഹിപ്പിക്കാത്ത മേഖലയാണ് മലയാള സിനിമ. എന്നാല്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.
2009 ല്‍ കേരള കഫേയിലെ ഹാപ്പി ജേര്‍ണി, 2012 ല്‍ മഞ്ചാടിക്കുരു, 2014 ല്‍ ബാഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സ്വന്തം  അക്കൗണ്ടില്‍ ചേര്‍ത്ത ചിത്രങ്ങള്‍. 2012 ല്‍ ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലിയുടെ കരിയറിലെ പ്ലസ് പോയന്റ്.
മലയാളത്തില്‍ മുന്‍പും വനിത സംവിധായകര്‍ ഉദയം ചെയ്തിട്ടുണ്ട്. ജന്‍മദിനം ഒരുക്കിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സുമ ജോസന്‍, സഞ്ചാരം സംവിധാനം ചെയ്ത ലിജി ജോസ്, കേരള കഫേയില്‍ മകളൊരുക്കിയ ചലച്ചിത്ര താരം രേവതി ഫഹദ്, അനുമോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അകം എന്ന ചിത്രമൊരുക്കിയ ശാലിനി ഉഷ എന്നിവരാണ് മലയാളത്തില്‍ സംവിധായക തൊപ്പി അണിഞ്ഞ വനിതകള്‍. ഒന്നിലധികം ചിത്രങ്ങളൊരുനോ സംവിധായക കസേരയില്‍ ഉറച്ചിരിക്കാനോ ഇവര്‍ക്കാര്‍ക്കും ഇതു വരെ കഴിഞ്ഞില്ല. മലയാളത്തിന് പുറത്ത് മിച്ച ചിത്രങ്ങളൊരുക്കി ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഗീതുമോഹന്‍ദാസ് മാത്രമാണ്  ഇവര്‍ക്കൊരപവാദം. ഗാതുവിന്റെ ലയേഴ്‌സ് ഡയസ് ഇത്തവണ ദേശിയ അവാര്‍ഡില്‍ ഒന്നിലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും, നിരവധി വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വേറിട്ട വഴികളിലൂടെ മലയാളത്തില്‍ പുരുഷ മേധാവിത്വ മേഖലയായിരുന്ന ചലച്ചിത്ര സംവിധാന മേഖലയില്‍ ഉറച്ചിരിക്കാന് കഴിഞ്ഞത് അഞ്ജലി മോനോന് മാത്രമാണ്. അണിയിച്ചൊരുക്കിയ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാന്‍ അവര്‍ക്ക്് കഴിഞ്ഞതാണ് മലയാളത്തില്‍ അഞ്ജലിക്ക് സ്വന്തമായൊരിടം ഉണ്ടാക്കി കൊടുക്കുന്നത്. മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എംന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കരെ ലഭിക്കുന്നത്.  മലയാളത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അഞ്ജലിക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം വിശ്വസിക്കുന്നത്.