Saturday, 26 April 2014

പോരാട്ടങ്ങളുട രാഷ്ട്രീയം



'ഞങ്ങളുടെ കിളിര്‍പ്പുകള്‍ക്ക്
ഒരാകാശം കിട്ടുന്നു
ഉഷ്ണ വേദനകള്‍ക്ക്
ഒരു തണല്‍ കിട്ടുന്നു.
പിന്നെയും പിന്നെയും പിമ്പെ വരുന്നവര്‍ക്ക്
ഒരു ജീവന്‍ സ്മൃതി കിട്ടുന്നു
പൂര്‍വ്വ ശേഷിപ്പായി
ഒരു തരി മണ്ണു കിട്ടുന്നു.'

    ഒരു തരി മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ഭൂസമരമെന്നും, ഭൂപരിഷ്‌കരണമെന്നും വിളിക്കുമ്പോഴും മലയാളി അടുത്തിടെ ശ്രദ്ധിച്ച ഒരു വാക്കാണു ഹരിതരാഷ്ട്രീയം എന്നത്. ഏതാനും യുവ രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒന്നല്ല ഹരിതരാഷ്ട്രീയം. രാഷ്ട്രത്തെ സംബന്ധിക്കുന്നതെല്ലാം  രാഷ്ട്രീയമാണന്നത് പോലെ ഹരിതാഭമായ രാജ്യത്തെ സംബന്ധിക്കുന്നത് ഹരിതരാഷ്ട്രീയവുമാകാം. എന്നാല്‍ അടിസ്ഥാന പക്ഷത്ത് നിന്നു കൊണ്ട് പൊതു രാഷ്ട്രീയത്തെ നിര്‍ണ്ണായകമാക്കുന്നത് എന്തോ അത് ഹരിതരാഷ്ട്രീയമാണ്. ഊര്‍ജ്ജത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഊര്‍ജ്ജരാഷ്ട്രീയമാണങ്കല്‍ പരിസ്ഥിതിയെ സംബന്ധിക്കുന്നത് തീര്‍ച്ചയായും ഹരിതരാഷ്ട്രീയം തന്നെയാണ്. ഭാരതത്തിലങ്ങോളമിങ്ങോളം ഹരിതരാഷ്ട്രീയത്തിന്റെ അലയൊലികള്‍ ആഞ്ഞടിച്ചിട്ടുണ്‍്. നര്‍മ്മദ ബച്ചാവോ ആന്തോളന്‍, സൈലന്റ് വാലി സമരം, ആതിരപ്പള്ളി, ചാലക്കുടി പുഴ പ്രശ്‌നം തുടങ്ങി നെല്ലിയാമ്പതിയിലുമെത്തി ആ രാഷ്ട്രീയ അലകള്‍. പരിസ്ഥിതിയെന്നാല്‍ പ്രകൃതി മാത്രമാണോ? അങ്ങനെ കരുതുന്നവര്‍ക്ക് തെറ്റി. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളെല്ലാം ഹരിതരാഷ്ട്രീയ സമരങ്ങളാണ്.
    ഉടമസ്ഥനില്ലാത്തതിന് ഉടമസ്ഥാവകാശം, കൈയടക്കുന്നവനോടുള്ള പ്രതിരോധം, അരാഷ്ട്രീയവല്‍ക്കരണം കാരണം പ്രാദേശവല്‍ക്കരിച്ച് പോയ പ്രതിഭാസം, സ്വയം ചരിത്രവും സ്വഭാവതനിമയുമുള്ള സമര മാര്‍ഗ്ഗം, അധിനിവേശത്തിനെതിരായുള്ള അടരാട്ടം, അധികാരത്തിനും വര്‍ഗ്ഗവിവേചനത്തിനും വംശീയ വിധ്വേഷത്തിനുമെതിരായി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സാധാരണക്കാരന്റെ ആര്‍ത്തനാദം ഇവയെല്ലാം ഹരിത രാഷ്ട്രായത്തിന്റെ അലയൊലികളാണ്.
    കേരളത്തില്‍ ചില വക്താക്കള്‍ മുന്നോട്ടുവച്ച ഹരിത രാഷ്ട്രീയത്തിന്റെ വീണ്ടുവിചാരങ്ങള്‍ എന്തെല്ലാമാണ്? ഭരണവര്‍ഗ്ഗത്തില്‍ സ്വാധീനം ചെലുത്താനാകുന്നവന്‍,  പരിസ്ഥിതി വാദികള്‍ രാഷ്ട്ര -പരിസ്ഥിതി സംരക്ഷണത്തിന് ഒരുമ്പെടുകയായിരുന്നു. കേരള രാഷ്ട്രീയത്തിലെ ' പുലിക്കുട്ടി 'കളുടേത് സദുദ്ദേശപരമായ നീക്കമായിരുന്നോ എന്നറിയാന്‍ അവരോട് തന്നെ ചോദിക്കണം. ഭരണകൂടത്തില്‍ സ്വാധീനമുള്ളതിനാല്‍ സമ്മദിദാന അവകാശം നല്‍കി നിയമസഭയുടെ അകത്തളങ്ങളിലേക്കയച്ചവര്‍ക്ക് മുന്‍പില്‍ ഒന്നു ഷൈന്‍ ചെയ്യണമെങ്കില്‍ എന്തങ്കിലുമൊക്കെ ചെയ്യണ്ടെ? . . . തങ്ങളുടെ മാതൃസംഘടനയുടെ തലപ്പത്തിരിക്കുന്നവരെല്ലാം പോഷക സംഘടനകളിലെ വിഖ്യാതമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരായിരുന്നു.  ഭാവിയിലെങ്കിലും നേതാവാകണമെങ്കില്‍ ഏതെങ്കിലും സമരം നയിക്കണ്ടെ? . . . ഇതൊന്നുമില്ലങ്കിലും വിഷയം പരിസ്ഥിതിയാകുമ്പോള്‍ നാലാള്‍ ശ്രദ്ധിക്കും, മന്ത്രിസഭയില്‍ വല്ല ഒഴിവും വന്നാല്‍ ആ വിടവില്‍ കയറിപ്പറ്റാന്‍ തലമൂത്ത നേതാക്കന്‍മാര്‍ അനുവദിച്ചാലോ? . . . എന്തൊക്കെയായാലും ഇവയൊന്നും നോക്കിയിട്ടല്ല നല്ല ഉദ്ദേശ്യത്തോടുകൂടി പ്രകൃതിസംരക്ഷണമായിരുന്നു കുട്ടിനേതാക്കളുടെ ലക്ഷ്യമെങ്കില്‍ അവര്‍ക്കും കേരളപരിസ്ഥിതിക്കും കൊള്ളാം.
    ഭരണവും നിയമ നിര്‍മാണവും മാത്രമല്ല സാമൂഹികപ്രതിബദ്ധതയും നിറഞ്ഞതാണ ് രാഷ്ട്രീയം എന്നതിന്റെ അനന്തരഫലമാണ് ഹരിത രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങള്‍. നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല അവ നടപ്പിലാക്കാനും, അതിന് കഴിഞ്ഞില്ലങ്കില്‍ നിയമധ്വംസനത്തിനെതിരായി ശക്തമായ ശബ്ദമുയര്‍ത്താനും, ജനപിന്തുണ നേടാനുമാവുക എന്നത് ചെറിയകാര്യമല്ല. 1964 മുതലുള്ള ഭൂപരിഷ്‌കരണ നിയമവും, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും, കാര്‍ഷിക ബില്ലുകളുമെല്ലാം കേരളത്തിലുള്ളപ്പോഴും ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല എന്നതാണ് ഹരിത രാഷ്ട്രീയത്തിന്റെ ആപ്തവാക്യം. ഭാരതത്തിലെവിടെയും സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നുണ്ട്. കേരളത്തില്‍നിന്നും കുടിയാന്‍ വ്യവസ്ഥയും കുടിയിറക്കലും തുടച്ച് മാറ്റിയതുമാണ്. കുമളിക്കടുത്തുള്ള അമരാവതിയില്‍ സംഭവിച്ചതും, മറ്റ് അതിദാരുണമായ കുടിയിറക്കലുകളും മലയാളി മറക്കാറായിട്ടുമില്ല. അങ്ങനെയുള്ളപ്പോഴാണ് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച്‌കൊണ്ട് കുടിയിറക്കലുകള്‍ ആഘോഷമായി നടക്കുന്നത്. അവിടെ നിലനില്‍പ്പിനായ് പോരടിക്കുന്നവര്‍, ജീവരക്ഷക്കായും മൗലീക അവകാശ സംരക്ഷണത്തിനുമായി അവസാന ശ്വാസം വരെ പ്രതിഷേധത്തിന്റെ പ്രതിരോധം തീര്‍ക്കുന്നവര്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കാനൊരുങ്ങി നില്‍ക്കുന്നത്.
    പാട്ട വ്യവസഥ ലംഘിച്ച തോട്ടങ്ങളും, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടക്കുമ്പോള്‍ ഒരു വിഭാഗത്തിനു സന്തോഷമാകും. ഉടമസ്ഥനില്ലാത്ത ഭൂമിക്ക് സ്വയം ഉടമസ്ഥാവകാശം സൃഷ്ടിച്ച ഭൂസ്വാമിമാര്‍ക്ക് തക്കതായ പ്രതിഫലം കിട്ടിയല്ലോ എന്നോര്‍ത്ത് പ്രകൃതി സ്‌നേഹികളാണ് അവിടെ സന്തോഷിക്കുന്നത്. എന്നാല്‍ 2011 ലെ കണക്കനുസരിച്ച് 15 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്നത്. തോട്ടമായ തോട്ടമെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പിന്നെ ഈ തൊഴിലാളികള്‍ എന്തു ചെയ്യും? ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താതെ തോട്ടം ഏറ്റെടുക്കലും ഒഴിപ്പിക്കലും നടന്നാല്‍ വീണ്ടും പട്ടിണി  മരണങ്ങള്‍ക്കും, സമരങ്ങള്‍ക്കും, തോട്ടം തൊഴിലാളികളുടെ രോദനങ്ങള്‍ക്കും നമ്മള്‍തന്നെ സാക്ഷിയാകേണ്ടി വരും. സര്‍ക്കാര്‍ തോട്ടങ്ങള്‍ മിച്ചഭൂമിയായി കണ്ട് തോട്ടങ്ങള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കിയാല്‍ ലക്ഷക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികള്‍ എന്ത് ചെയ്യും?. അവരെങ്ങോട്ട് പോകും?
    സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വനഭൂമിയല്ലാത്ത തോട്ടങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലോ, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതെങ്കിലും വ്യക്തിയോ, സഥാപനമോ, അതുമല്ലങ്കില്‍ തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് രൂപം കൊടുക്കുന്ന സഹകരണ സംഘങ്ങളോ, വീണ്ടും തോട്ടമായിത്തന്നെ സംരക്ഷിക്കട്ടെ. പ്രകൃതിയും രക്ഷപെടും, തോട്ടം തൊഴിലാളികള്‍ക്ക് അന്നവും കിട്ടും.
    കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന തോട്ടങ്ങളും കേരളത്തിലുണ്ട്. ഇത് പാട്ടക്കരാറിന് വിരുദ്ധമാണന്ന് മാത്രമല്ല  പ്രകൃതിക്കും, ഒരു നേരത്തെ ആഹാരത്തിനും ഒരു കൂരക്കും കൊതിക്കുന്ന സാധാരണക്കാരന് ദോഷവുമാണ്. അവരോടുള്ള ക്രൂരതയുടെ മുഖമാണ് തരിശ് നിലങ്ങള്‍. ചില തോട്ടങ്ങളില്‍ ഭൂമിയുയെ വിസ്തീര്‍ണ്ണവും തൊഴിലാളികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തില്‍ വൈരുധ്യമേറെയാണ്. അതിനര്‍ത്ഥം ധാരാളം ഭൂമി തരിശായി കിടക്കുന്നു എന്നാണ്. ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കട്ടെ. (വാസയോഗ്യമാണങ്കില്‍) ആ തരിശ് ഭൂമികളല്ലെ യഥാര്‍ത്ഥത്തില്‍ മിച്ചഭൂമി. ഇവിടെ മറ്റൊരു പ്രശ്‌നം ഉദിക്കുന്നത് വനഭൂമി കൈയ്യേറി തോട്ടമുണ്ടാക്കിയ കേരളത്തിലെ മാന്യരായ ഭൂപ്രഭൂക്കന്‍മാരാണ്. തിന്ന് തിന്ന് ഭൂമിയെ അപ്പാടെ വിഴുങ്ങാന്‍ യാതൊരു മടിയുമില്ലാത്തവര്‍. ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങള്‍ ചെയ്തത് പോലെ അവിടെയുള്ള ഗ്രാമീണര്‍ ആ വനഭൂമി കൈയ്യേറി അവിടെ നഷ്ടപ്പെട്ട വനസൗന്ദര്യം പുനസൃഷ്ടിക്കാന്‍ ഒരുങ്ങിയാല്‍ അതിനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഒത്താശയോടെ ഭൂപ്രഭൂക്കന്‍മാര്‍ ശ്രമിക്കും. പിന്നെയുള്ള ഏക പോംവഴി അധികാര ധന മോഹമില്ലാത്ത കേരളത്തിലെ പണച്ചാക്കുകളുടെ മുന്നില്‍ പതറാത്ത സംസ്‌കാര സമ്പന്നരായ അധികാരി വര്‍ഗ്ഗം രുപം കൊള്ളുകയും നഷ്ടപ്പെട്ട വന മേഖലയില്‍ വനവല്‍ക്കരണം നടത്താനുള്ള ആര്‍ജ്ജവം കാണിക്കുകയും ചെയ്യുക എന്നതാണ്.
     ഹരിത രാഷ്ട്രീയക്കാരും മറ്റനവധി സമുന്നത നേതാക്കളും ശക്തമായി എതിര്‍ക്കുന്ന ഒന്നായിരുന്നു ഭൂപരിഷ്‌കരണ നിയമത്തില്‍ 2002 ല്‍ കൊണ്ടുവന്ന ഭേദഗതി. 1964 ല്‍ നിയമത്തില്ലിലാതിരുന്ന കശുമാവും, വാനിലയും ഔഷധസസ്യങ്ങളും തോട്ടങ്ങളുടെ പരിധിയില്‍ എത്തിച്ചതാണ് 2002 ലെ പ്രധാന ഭേദഗതി. കേരളത്തിന് കയറ്റുമതിയിനത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന കശുമാവും, വാനിലയും തോട്ടത്തിന്റെ പരിധിയില്‍ വരുന്നത് അത്ര വലിയ അപരാധമാണോ? കടല്‍ കടന്നെത്തിയ വിദേശി അകൃഷ്ടനായ കശുവണ്ടി കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ഇടം നേടിയ കാര്‍ഷിക വിളയാണ്. ചെറുകിട കര്‍ഷകന്‍ 5 ഏക്കറില്‍ കശുമാവ് കൃഷി ചെയ്താല്‍ അത് തോട്ടമാകില്ലെ? 76,000 ല്‍ അധികം ഏക്കര്‍ (രേഖകളില്‍)ഭൂമി കൈവശമുള്ള കേരളത്തിലെ ഏറ്റവും വലിയ ഭൂഉടമയായ ഹാരിസണ്‍ മാത്രമല്ലല്ലോ തോട്ടക്കാരന്‍. ഔഷധസസ്യങ്ങളെ തോട്ടങ്ങളുടെ പരിധിയില്‍പ്പെടുത്തിയത് നന്നായി എന്നാണ് നമ്മ്ുടെ പരിസ്ഥിതി വിളിച്ച് പറയുന്നത്. കാരണം വംശനാശം സംഭവിക്കുന്നതും എന്നാല്‍ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഗുണം ചെയ്യുന്നതുമായ  ഔഷധസസ്യങ്ങല്‍ അങ്ങനെയെങ്കിലും സംരക്ഷിക്കപ്പെടട്ടെ. അതിന്റെ മറവിലുള്ള ചൂഷണം തടയാന്‍ ശ്രമിക്കുന്നതായിരിക്കും വിമര്‍ശനങ്ങളെക്കാള്‍ നല്ലത്. അത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും. കുടിയിറക്കലുകള്‍ കേരളത്തിന് പുതിയ അനുഭവമല്ല. ഇനി ഏതെങ്കിലും ആവശ്യത്തിനായി (ആവശ്യത്തിന് മാത്രം) കുടയിറക്കേണ്ടി വന്നാല്‍ അത് പുനരധിവാസത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയതിന് ശേഷമാകണം. അതും പരിസ്ഥിതി സംരക്ഷണമാണ്. അതിനായുള്ള ശബ്ദമുയര്‍ത്തലും ഹരിത രാഷ്ട്രീയമാണ്.
    ശ്രദ്ധേയമായ മറ്റൊരു നിലപാടാണ് നദീതടങ്ങളിലേക്ക് ഇറങ്ങി വരുന്ന ഹരിത രാഷ്ട്രീയം. ചാലക്കുടിപുഴയും, ആതിരപ്പള്ളി പദ്ധതിയും പറയുന്നതും ഇതു തന്നെയാണ്. അവസാന ശ്വാസത്തിനായി കേഴുന്ന ജലസ്രോതസ്സുകള്‍ക്ക് വേണ്ടിയുള്ള ശബ്ദം കേവലം ഒരു സുഗതകുമാരിയിലൊതുങ്ങിപ്പോവരുത്. ഖദറിനുള്ളിലെ ' പച്ച 'മനുഷ്യന്‍ മറ്റൊരു സുഗതകുമാരിയാകട്ടെ. പ്രകൃതിയുടെ ജീവനാഡികളാണ് ജലസ്രോതസ്സുകള്‍. അതിനെ സംരക്ഷിക്കാതെ എന്ത് ഹരിതരാഷ്ട്രീയം?എന്ത് പരിസ്ഥിതി വാദം. നദീസംയോജനത്തിന് സുപ്രീം കോടതി വിധി നിലവിലുണ്ട്. എന്നാല്‍ കേരളത്തിലെ പമ്പയും അച്ചന്‍കോവിലും സംയോജിപ്പിച്ച് തമിഴ്‌നാടിന് ജലസേചനം ഒരുക്കിയാല്‍ വേമ്പനാട്ടുകായല്‍മറ്റൊരു ദുരന്തത്തിന് പാത്രമാകും. കേരളത്തിന്റെ നല്ലൊരു ഭാഗം മരുഭൂമിക്ക് തുല്യമാകും. തോട്ടം ഏറ്റെടുക്കാനും, തൊഴിലാളികളെയും, ആദിവാസികളെയും, ദളിതനെയും കുടിയിറക്കാനും വെമ്പല്‍ കൊള്ളുന്ന ഹരിതരാഷ്ട്രീയക്കാരാ ഇങ്ങോട്ടു നോക്ക്! ഈ നദികള്‍ മരണ ശയ്യയിലാണ്. ജീവാവുഷധം സംരക്ഷണം മാത്രമാണ്. അധികാരത്തിന്റെയും  ഭരണവര്‍ഗ്ഗത്തിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും കറപിടിച്ച് കറുത്ത് പോയ നിന്റെ പുറം കുപ്പായം ഊരിയെറിഞ്ഞ് മരിക്കാന്‍ കിടക്കുന്ന നിന്റെ ജീവന്റെ ആധാരമായ, നിന്റെ നിലനില്‍പ്പിന്റെ, കാലിനടിയിലെ അവസാന തരിമണ്ണായ ഈ ജലസ്രോതസ്സുകള്‍ക്ക്
വേണ്ടി നിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഉയരട്ടെ, കിരാതമായ ചിന്തകളാലും പൈശാചികമായ പ്രവര്‍ത്തികളാലും മനുഷ്യത്യരഹിതമായ നടപടികളാലും നെറികെട്ട് പോയ നിന്റെ പ്രവൃത്തികളും ഉപേക്ഷിച്ച താഴേക്കിറങ്ങി വാ. അതാണ് ഹരിതരാഷ്ട്രീയം. അലക്കി തേച്ച ഖദറിനുള്ളില്‍ ഇരുന്ന് അലങ്കാരിക ഭാഷാപ്രയോഗവും നാവിലേറ്റി തോട്ടങ്ങളും വനവും സന്ദര്‍ശിക്കാനല്ല നിന്നെ ഈ ജനം തെരഞ്ഞെടുത്തത്. അധികാര മോഹത്തിന്റെ കല്‍ക്കെട്ടില്‍ അള്ളിപിടിക്കാതെ നിന്നിലെ മനുഷ്യനെ പുറത്ത് കൊണ്ടുവന്ന് നിന്റെ പ്രകൃതിക്ക് വേണ്ടി, ഇനിയും മരിക്കാത്ത അല്പപ്രാണമായ ഈ നാടിന് വേണ്ടി പ്രവൃത്തിക്കാന്‍ തയ്യാറാകുക.
    ജലം,ഭൂമി, തൊഴില്‍ ഇവ മൂന്നും അടിസഥാന ഘടകങ്ങളാണല്ലോ.നിലനില്‍പ്പിനായുള്ള ഭൂമിയും സാമൂഹ്യതക്കായുള്ള തൊഴിലും ലഭിക്കുമ്പോള്‍ ഒരാള്‍ അടിസഥാന പക്ഷമുള്ള മനുഷ്യനാകുന്നു. ഇവക്കായുളള പോരാട്ടങ്ങളെല്ലാം ഹരിതരാഷ്ട്രീയമാകുന്നു. കേരളത്തിന്റെ ഭൂരിഭാഗം വരുന്ന അടിസഥാനവര്‍ഗ്ഗത്തിന്റെ  നിലനില്‍പ്പിനും ഉന്നമനത്തിനുമായുള്ള പോരാട്ടങ്ങള്‍ ഹരിതരാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുമ്പോള്‍ കാല ദേശാന്തരങ്ങളുടെ അതിര്‍വരമ്പുകളെ ഭേദിക്കുന്ന വിപ്ലവമായോ രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തനമായോ ഹരിതരാഷ്ട്രീയത്തെ കണക്കാക്കാം. യുവ മനസ്സുകളില്‍ വിതറുന്ന മാറ്റത്തിന്റെ തീപ്പൊരികള്‍ ആളികത്തുക തന്നെ ചെയ്യും, തലവുറകളിലൂടെ.
    'കുറച്ചാളുകള്‍ ഒരു ദിവസം പത്ത് നേരം
    ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാളുകള്‍
    പത്ത് ദിവസം കൂടുമ്പോള്‍ ഒരു നേരമെങ്കിലും
    വയര്‍ നിറക്കാനാഗ്രഹിക്കുന്നു '
        ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുവാന്‍ ഹരിതരാഷ്ട്രീയത്തിനോ മറ്റേതങ്കിലും രാഷ്രീയത്തിനോ കഴിയുമെങ്കില്‍ അതാണെന്റെ രാഷ്ട്രീയം.
   


ഫെഫ്ക


മലയാള ചലച്ചിത്ര മേഖലയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തു വരുന്നു. മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കല്പിച്ച പ്രദര്‍ശന വിലക്കാണ് ചലച്ചിത്ര മേഖലയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങളെ പുറത്തു കൊണ്ടുവന്നത്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ബില്‍ഡിംഗ് ഉദ്ഘാടനത്തില്‍ നിന്നും ഫെഫ്ക വിട്ടുനിന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നാണ് ചലച്ചിത്രമേഖലയിലെ അടക്കം പറച്ചില്‍. എന്നാല്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക് നിലവിലുണ്ട്. ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഫെഫ്കയ്ക്ക് പിന്തുണയുമായി രംഗത്തു വന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡിന് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയ്യറ്റര്‍ ഉടമകള്‍ വിലക്കേര്‍പ്പെടുത്തിയതിനെയും ഇന്നസെന്റ് ശക്തമായി വിമര്‍ശിച്ചു. ലിബര്‍ട്ടി ബഷീറിനെ പിന്തുണക്കുന്ന സമ്പന്നരായ തീയ്യറ്റര്‍ ഉടമകള്‍ വിട്ടു നിന്നാലും സാധാരണക്കാരുടെ തീയ്യറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും, ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യറ്ററുകള്‍ക്ക് സംരംക്ഷണം നല്‍കുമെന്നും ചലച്ചിത്ര ഭാരവാഹികള്‍ പറയുന്നു. ഫെഫ്കയിലും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലും ഉണ്ണികൃഷ്ണനെ എതിര്‍ക്കുന്നവും അനുകൂലിക്കുന്നവരും എന്ന് രണ്ട് പക്ഷമുണ്ടായിക്കഴിഞ്ഞു. മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തലിന് തുടക്കം കുറിച്ച ഉണ്ണികൃഷ്ണനും അതിന്റെ സുഖം അറിയട്ടെ എന്നാണ് സംവിധായകന്‍ വിനയന്‍ ഇന്ന് പ്രതികരിച്ചത്. ഓള്‍ ഇന്‍ഡ്യ ഫിലിം എംപ്ലോയീസ് അസോസിയെഷന്‍ ജറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്റെ താന്‍പോരിമ ആരോപിച്ച് ഒരു വിഭാഗവും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി ലിബര്‍ട്ടി ബഷീറിനെ കുറ്റം ചുമത്തി മറ്റൊരു വിഭാഗവും സമര പ്രഖ്യാപനം നടത്തുമ്പോള്‍ കഷ്ടത്തിലാകുന്നത് സിനിമ കൊണ്ട് ഉപജീവനം നടത്തുന്നവരാണ്.

Wednesday, 26 March 2014

സുകുമാരി



നടി സുകുമാരി വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തിന്റെ ഭിന്നമുഖങ്ങള്‍ പ്രതിഫലിപ്പിച്ച നടി അഭിനയ സിദ്ധിയുടെ സൗകുമാര്യം തന്നെയായിരുന്നു.

നായിക, ഉപനായിക, അമ്മ, ചേച്ചി, മുത്തശ്ശി ഇങ്ങനെ ഒരു നടിയുടെ ആയുസില്‍ എടുത്തണിയാവുന്ന വേഷങ്ങളെല്ലാം വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ് സുകുമാരി മടങ്ങിയത്. നാട്യങ്ങളില്ലാത്ത സ്‌നേഹ നിധിയായ അമ്മയായിരുന്നു മലയാള സിനിമയ്ക്ക് സുകുമാരി. ആറു പതിറ്റാണ്ടു കാലത്തെ അഭിനയ സപര്യയില്‍ 2500 ലധികം ചിത്രങ്ങള്‍ എന്ന ലോക റെക്കോര്‍ഡോടെയാണ് സുകുമാരി കടന്നു പോയത്. പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ അഭിനയ രംഗത്തെത്തിയ സുകുമാരിയുടെ ആദ്യ മലയാള ചിത്രം തസ്‌കര വീരനായിരുന്നു. സുകുമാരിയുടെ ജോഡിയായി ഏറ്റവുമധികം ചിത്രങ്ങളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. എസ്. പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറിശി എന്നിവരും സുകുപമാരിയുടെ നായകന്‍മാരായി. ഏറെ ചിത്രങ്ങളില്‍ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സുകുമാരിയമ്മ ചില ചിത്രങ്ങളില്‍ പ്രേക്ഷകരുടെ കണ്ണു നനയിക്കുകയും ചെയ്തു. ഡിക്കമ്മായിയും, പൊങ്ങച്ചക്കാരിയായ അമ്മായിയമ്മയും, പത്രാസ് കാണിക്കുന്ന സൊസൈറ്റി ലേഡിയും, വാത്സല്യനിധിയായ അമ്മയും, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മയും അങ്ങനെ എത്രയെത്ര വേഷങ്ങള്‍.
19ാം വയസിലാണ് സംവിധായകന്‍ ഭീം സിംഗിനെ വിവാഹം ചെയ്ത സുകുമാരി അറു പതിറ്റാണ്ടിലേറെ ചലച്ചിത്ര രംഗത്ത് നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ അകപ്പെടാതെ മലയാള സിനിമയ്ക്ക് നിറഞ്ഞ അച്ചടക്കത്തിന്റെ പ്രതീകം കൂടിയായിരുന്നു. അവസാന കാലത്തഭിനയിച്ച് ദേശീയ പുരസ്‌കാരം നേടിയ ഗ്രാമം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ അന്ത്യം തന്നെയായി സുകുമാരി ചേച്ചിയുടേത്. ഈശ്വര പ്രാര്‍ത്ഥനയും പൂജകളും മുടക്കാത്ത സുകുമാരിയമ്മയെ മടക്കി വിളിക്കാന്‍ ഈശ്വരന്‍ കാരണമാക്കിയതും പൂജാമുറിയിലെ വിളക്ക് തന്നെയായിരുന്നു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സ്വഭാവ സവിശേഷത അഗ്നി ശുദ്ധി വരുത്തി കടന്നു പോകാനായിരിക്കും ഈശ്വര സന്നിധിയിലെ അഞ്ചു തിരിയിട്ട വിളക്കിലെ അഗ്‌നി സുകുമാരിയുടെ ശരീരത്തെ പുണര്‍ന്നത്.
പദ്മ ശ്രീയടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സുകുമാരി പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. മാര്‍ച് 26 എന്ന ദിവസം മലയാള സിനിമ എന്നും ഒര്‍മ്മിക്കുന്നത് സുകുമാരിയമ്മയുടെ വേര്‍പാടിന്റെ പേരിലായിരിക്കും.

Wednesday, 12 March 2014

300 RISE OF AN EMPIRE

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2006 ല്‍ പുറത്തിറങ്ങിയ 300 ല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ മുഖം തിരിച്ച് നിന്ന പലതും ഈ രണ്ടാം ഭാഗം വിശദമാക്കുന്നുണ്ട്. ചിത്രത്തിലെ പേര്‍ഷ്യന്‍ രാജാവായ സെര്‍സെക്‌സിന്റെ ജീവിതവും ആര്‍ട്ടിമീസിയ എന്ന ഗ്രീക്ക് വിരുദ്ധയുടെ ഫ്‌ലാഷ്ബാക്കും ചിത്രം പ്രേക്ഷകനു മുന്നില്‍ തുറക്കുന്നുണ്ട്. 300 the battle of artimesia എന്നായിരുന്നു ആദ്യം ചിത്രത്തിന് നിശ്ചയിച്ചിരുന്ന പേര്. കാരണം ഗ്രീക്കുകാരിയായി ജനിച്ചെങ്കിലും ഗ്രീസിലെ അധികാര വര്‍ഗത്തിന്റെ പീഡനങ്ങള്‍ കാരണം അനാഥമാക്കപ്പെട്ട അള്‍ട്ടിമീസിയയുടെ കഥ തന്നെയാണ് ചിത്രം പറയുന്നത്. ഗ്രീക്ക് ഭടന്മാരുടെ പീഡനത്തിനിരയായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട് ഒടുവില്‍ പേര്‍ഷ്യന്‍ രാജാവിന്റെ അരുമയായി തീരുകയും, ഗ്രീക്ക് വിരോധം കാരണം യുദ്ധവെറി പൂണ്ട അള്‍ട്ടിമീസിയയുടെ യുദ്ധത്തിന്റെ തന്നെ കഥയാണ് 300 rise of an empire. അക്ഷരാര്‍ധത്തില്‍ ഒരു അള്‍ട്ടിമീസിയ ചിത്രം.
ഏഥന്‍സും സ്പാര്‍ട്ടയും ഒക്കെ ചേര്‍ന്നുള്ള ഐക്യ ഗ്രീസ് സ്വപ്നം കാണുന്ന തെമിസ്റ്റോക്ലസിന്റെ ശൗര്യവും ആവേശവും വിജയിക്കാനായുള്ള ദാഹവുമാണ് ചിത്രത്തിന്റെ തലത്തെ അല്‍പം വേറിട്ടതാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെര്‍സെക്‌സിന്റെ പതിനായിരക്കണക്കിനു വരുന്ന പേര്‍ഷ്യന്‍ പടയോട് പൊരുതേണ്ടി വന്ന സ്പാര്‍ട്ടയിലെ കേവലം 300 യോദ്ധാക്കളുടെയും അവരെ നയിച്ച കിംഗ് ലിയോനിഡസിന്റെയും ആവേശം കണക്കിലെടുത്താല്‍ ചിത്രം ഒന്നാംഭാഗത്തിന്റെ നിഴല്‍ മാത്രമാണ്.
ലുക്കിലും അവതരണത്തിലും ആകര്‍ഷണീയത തോന്നിക്കുമെങ്കിലും സെര്‍സെക്‌സ് എന്ന പ്രതിനായക കഥാപാത്രത്തിന് വ്യക്തമായ പ്രാധാന്യം അവകാശപ്പെടാനില്ല. ഇടക്കിടെ വന്നു പോകുന്ന ഒരതിഥി താരത്തിന്റെ വേഷം മാത്രമാണ് ചിത്രത്തില്‍ ഈ പേര്‍ഷ്യന്‍ രാജാവിനുള്ളത്.
അള്‍ട്ടിമീസിയയുടെ ശക്തമായ പേര്‍ഷ്യന്‍ പടയും തെമിസ്റ്റോക്ലസിന്റെ അത്ര ദുര്‍ബലമല്ലാത്ത ഗ്രീക്ക് പടയും തമ്മിലുള്ള യുദ്ധം മാത്രമാണ് പ്രേക്ഷകന് കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. സെര്‍ജി ഐസന്‍സ്റ്റീന്‍ അടക്കമുള്ളവര്‍ കപ്പല്‍ യുദ്ധങ്ങളും സമുദ്രവും അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ അതൊക്കെ നന്നായി ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ കുട്ടികള്‍ സ്വപ്നം കാണുന്ന തലത്തിലേക്ക് ചിത്രത്തിലെ യുദ്ധവും യുദ്ധ തന്ത്രങ്ങളും തരംതാണു പോയോ എന്ന സംശയവും അവശേഷിപ്പിക്കുന്നു. യുദ്ധവും വീര്യവും ആവേശവും അല്‍പ നേരത്തേക്കെങ്കിലും കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ത്രീഡി ഇഫ്ക്ട് അത്ര ഗംഭീരമായ പ്രതീതിയൊന്നും സൃഷ്ടിക്കുന്നില്ല. ലോഹനിര്‍മിത ആയുധങ്ങള്‍ തീര്‍ക്കുന്ന ശബ്ദ കോലാഹലങ്ങള്‍ മാത്രം ഒന്നാം ഭാഗത്തെ സ്പാര്‍ട്ട രാജാവിന്റെ പത്‌നി ഐക്യ ഗ്രീസിനെ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും അവസാന നിമിഷം അരിസ്റ്റോക്ലസിനൊപ്പം പേര്‍ഷ്യന്‍ പടക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ചിത്രം പെട്ടെന്ന് അവസാനിക്കുകയാണ്. സെര്‍സെക്‌സ് എന്ന പേര്‍ഷ്യന്‍ ഗോഡ്കിംങ് അവശേഷിച്ച് ചിത്രം അവസാനിക്കുമ്പോള്‍ 300 ന്റെ അടുത്ത ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കണമെന്ന മുന്നറിയിപ്പായി അതിനെ കാണാം. യോദ്ധാക്കളും യുദ്ധങ്ങളും നിരവധി സിനിമകളില്‍ പ്രമേയമായിട്ടുണ്ട്. അത് പ്രേക്ഷകന് രക്തം തിളക്കാനും കാരണമായിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ മാത്രമല്ല, ആനുകാലികമായും ഗ്രീസും പേര്‍ഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ രാഷ്ട്രീയ- സാമൂഹിക വശങ്ങളാണ് ഈ നോമൂറെ ചിത്രം പറയുന്നത്. ഗ്രീസിനെ തോല്‍പ്പിക്കാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ല എന്ന പേര്‍ഷ്യന്‍ രാജാവിന്റെ അന്ത്യ വചനങ്ങളും അത് ആയുധമാക്കി സ്വയം ദൈവമാകുന്ന സെര്‍സെക്‌സ് എന്ന പേര്‍ഷ്യന്‍ ഭരണാധികാരിയും ഇന്നത്തെ ഗ്രീക്ക് - പേര്‍ഷ്യ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്.
ഹോളിവുഡിന് സുപരിചിതയായ ഇവാ ഗ്രീന്‍ അള്‍ട്ടിമീസിയ എന്ന  മുഴു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തെമിസ്‌റ്റോക്ലസായി സുള്ളിവര്‍ സ്‌റ്റേപിള്‍ട്ടണും സെര്‍സെക്‌സായി റോഡ്രിഗോ സാന്‍ട്രോയും സ്പാര്‍ട്ട രാഞ്ജിയായി ലെന ഹീഡിയുമാണ് വേഷമിടുന്നത്. സാക് സ്‌നൈഡറുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ത്രീഡി ചിത്രം ബോക്‌സോഫീസില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. എന്തായാലും ചലച്ചിത്രം ലോകം കാത്തിരിക്കുകയാണ്. മറ്റൊരു പരമ്പരാഗത ഗ്രീക്ക്- പേര്‍ഷ്യന്‍ യുദ്ധത്തിനായി.

Thursday, 22 August 2013

ഒരുവട്ടം കൂടിയാ. . .


        തിരുവനന്തപുരം എന്നാല്‍ എനിക്ക് ചലച്ചിത്രമേളയാണ്.രണ്ട് തവണയോ അതില്‍ പങ്കെടുത്തുള്ളൂ എങ്കില്‍ കൂടി എന്റെ ജീവിതത്തില്‍ ചലച്ചിത്രമേള ഉണ്ടാക്കിയ പുളകം ചില്ലറയൊന്നുമല്ല. ആഘോഷങ്ങള്‍ക്കും, ആരവങ്ങള്‍ക്കും നിശബ്ദതകള്‍ക്കും ഒരു പോലെ പ്രാധാന്യം പറയാവുന്ന ഒന്നാണ് ചലച്ചിത്രമേള എന്നതില്‍ രണ്ട് പക്ഷമല്ലല്ലോ അല്ലെ.
        മദ്യം മണക്കുന്ന തിയേറ്ററുകള്‍, അങ്ങനെ പറയുന്നതില്‍ ആര്‍ക്കെങ്കിലും അമര്‍ഷമുണ്ടെങ്കില്‍ ക്ഷമിക്കണം കേട്ടോ. എന്തോ എനിക്കങ്ങനെ തോന്നി. എവിടെത്തിരിഞ്ഞാലും മദ്യത്തിന്റേയും പുകയുടെയും ഗന്ധം. അതില്ലാതെ എന്തോന്ന് മേള എന്തോന്ന് ഉത്സവം? സ്ഥിരം ബുദ്ധിജീവികളുടെ ആവാസകേന്ദ്രമായ കൈരളി തീയേറ്ററില്‍ മാധ്യമപ്പടയും എത്തിയാല്‍ സംഗതി കൊഴുക്കും. എനിക്കിപ്പൊഴും സംശയം. ഈ ബുദ്ധിജീവി സങ്കല്പങ്ങള്‍ മലയാളി മറക്കാറായില്ലേ? എന്തായാലും കൊള്ളാം. പിന്നെ സമരങ്ങളും സംഘര്‍ഷങ്ങളും ആദ്യം നേരിയൊരു ഭയം തോന്നി. പിന്നെയാ മനസിലായത് ഇതൊക്കെ മേളയ്ക്ക് കൊഴുപ്പു കൂട്ടുന്ന ഘടകങ്ങളാണെന്ന്. പരിചിത മുഖങ്ങള്‍ ഒത്തിരി കാണാനാവും. വെള്ളിത്തിരയിലേതും അല്ലാത്തതും. പക്ഷെ എല്ലാവരും അവിടെ ഒരുപോലെയാണ്. വലിപ്പച്ചെറുപ്പമില്ല. കൈരളിയുടെ പടവുകളില്‍ നത്ത് കുത്തിയിരിക്കും പോലെയുള്ള ഇരിപ്പുണ്ടല്ലോ. അതിന്റെ സുഖം ഒന്ന് വേറെ തന്നയാ. തിരക്കുകള്‍ക്കിടയില്‍ ആരെങ്കിലും കമ്പനിക്കുണ്ടെങ്കില്‍ അവരോട് സൊറ പറഞ്ഞും ഇല്ലെങ്കില്‍ മേളയുടെ ഷെഡ്യൂളില്‍ എല്ലാ സിനിമക്കും മേലെയുള്ള ഒരു ഏകാന്ത കുത്തിയിരുപ്പ്.
        നഗരത്തിലെ ഒട്ടുമിക്ക ബാറുകളും ഹോട്ടലുകളും കയറിയിറങ്ങിയുള്ള നടപ്പ്, ഇടക്കെപ്പോഴോ സ്വയം ബുദ്ധിജീവി സങ്കല്പം, ബന്ധങ്ങള്‍, പരിചയങ്ങള്‍, സിനിമകള്‍, വിലയിരുത്തലുകള്‍, ഇടനാഴികള്‍, പടിക്കെട്ടുകള്‍, ഗന്ധങ്ങള്‍..... ഇല്ല മറക്കാനാവില്ല.
        മേളക്കെത്തുന്നവരേക്കാള്‍ മേള ആഘോഷാമാക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്. പ്രാദേശിക എഡിഷനുകള്‍ക്ക് പ്രത്യേകം സ്ഥലവും, പ്രത്യേക സമയം മാറ്റിവെച്ച് ചാനലുകളും മത്സരിക്കുമ്പോള്‍ ചലച്ചിത്രമേള മാധ്യമ മേളയാകുന്നതില്‍ അത്ഭുതമില്ല. പിന്നെ ചലച്ചിത്രവും ഒരു മാധ്യമമാണല്ലോ. നിരന്നു നില്ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടാല്‍ ഇവരെന്താ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണോയെന്ന് തോന്നും. പിന്നെയൊരു കാര്യം, ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് നേരെ ആരെങ്കിലും വാക്കോ കൈയ്യോ ഉയര്‍ത്തിയാല്‍ പിന്നെ റേറ്റിംഗുമില്ല. വാര്‍ത്തയുമില്ല, റിപ്പോര്‍ട്ടുമില്ല. എല്ലാവരും ഒന്നാണ്. ആ വികാരം ഞാന്‍ മാനിക്കുന്നു. സഹപ്രവര്‍ത്തകന്‍ എന്ന വികാരം.
        ബുദ്ധിജീവിയിലേക്ക് മടങ്ങാം. അറപ്പും പേടിയുമൊന്നുമല്ല അവരെ കാണുമ്പോള്‍, പിന്നെയെന്താ. ഒരു തരം നിര്‍വികാരം. അല്ലെതെന്ത് തോന്നാല്‍. അവരെയൊക്കെ കണ്ടാല്‍ ചലച്ചിത്രലോകം മുഴുവന്‍ അവരുടെ തലമുടിയിലും താടിയിലുമാണെന്ന് തോന്നും. കണ്ടാല്‍ തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.
        ഡിസംബറിലെ ചൂടില്‍ നിന്നും രക്ഷനേടാന്‍ ടിക്കറ്റില്ലാത്ത ചലച്ചിത്രമേളയിലെ സിനിമ നല്ലൊരുപാധിയാണ്. 'ചേട്ടാ നമുക്ക് ബാറില്‍ പോകാം'
            'നീ വരുന്നോ സിനിമാ കാണാന്‍. അകത്തായാല്‍ സിനിമയും കാണാം. കള്ളും കുടിക്കാം. എസിയുമുണ്ട്. എന്റെ കൈയ്യില്‍ സാധനോം ഉണ്ട്'. തിയേറ്ററിന് മുന്‍പിലെ ഒരു സംഭാഷണം മാത്രം.
        എന്തൊക്കെയായാലും എനിക്ക് ഒരു ബുദ്ധിജീവിയാകാന്‍ കഴിയുന്നില്ല. എന്നാലും തിരുവനന്തപുരവും ചലച്ചിത്രമേളയും എനിക്കൊരു വികാരം തന്നെയാണ്. പദ്മനാഭന്റെ നാട്ടിലെ മറ്റൊരു വിസ്മയം. എന്തോ ഒരു ആകര്‍ഷണീയത അവിടെ ഉണ്ടെന്ന് തോന്നുന്നു. വീണ്ടും വീണ്ടും എന്നെ അവിടേക്ക് ആകര്‍ഷിക്കും പോലെ. ഇനിയും പോകണം, പടിക്കെട്ടില്‍ ഇരിക്കണം, കനകക്കുന്നില്‍ കാറ്റ്‌കൊണ്ടിരുന്ന് സിനിമ കാണണം, മേളയുടെ ഷെഡ്യൂള്‍ ഇരിപ്പിടമാക്കണം, ചങ്ങാത്തം കൂടണം, എല്ലാവരേയും കാണണം, എല്ലാ കാണണം.
        'ഒരു വട്ടം കൂടിയാ ചലച്ചിത്രമേളയുടെ
        തിരുമുറ്റത്തെത്തുവാന്‍
        തിരുമുറ്റത്തൊരു കോണില്‍
        കല്പടവില്‍ നത്തിനെപ്പോല്‍

        കുത്തിയിരിക്കാന്‍ മോഹം'

ദൈവകണത്തിലേക്കുള്ള വഴികള്‍. . .

ശാസ്ത്രലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞന്മാരിലൊരാളാണല്ലൊ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. വേഗകണക്കില്‍ പ്രകാശത്തൈ വെല്ലാന്‍ മറ്റൊരു എതിരാളി ഇല്ലന്ന്‍ അദേഹം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലണ്ട്  അതിര്‍ത്തിയില്‍ 27 കി. മി ചുറ്റളവില്‍ സ്ഥിതി ചെയ്യു സേ (cern)ലബോറ'റിയിലെ പരീക്ഷണത്തില്‍ പ്രകാശത്തെക്കാളും വേഗത്തില്‍ സഞ്ചരിക്കാന്‍ സൂക്ഷ്മ കണങ്ങളായ ന്യൂട്രിനോകള്‍ക്കാവുമെുള്ളതിന്റെ തെളിവുകള്‍ ലഭിച്ചെ വാര്‍ത്ത ശാസ്ത്ര ലോകത്തിന് ഞെ'ലൂണ്ടാക്കി. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെയും ശാസ്ത്രലോകത്തെ മറ്റ് അടിസ്ഥാന തത്വങ്ങളെയും മാറ്റി എഴുതേണ്ടി വരുമെ ആശങ്കയിലാണ് ശാസ്ത്രകാരന്‍മാര്‍. ഇലക്‌ട്രോന്‍ന്യൂട്രിനോ,(electron nutrino) മ്യൂവോ ന്യൂട്രിനോ,(muon nutrino)റ്റ്യോ ന്യൂട്രിനോ,(tueo nutrino) എിങ്ങനെ മൂ് തരത്തിലുള്ള സൂഷ്മ കണങ്ങളെയാണ് ഹാഡ്രോ കൊളൈഡര്‍ എ വമ്പന്‍ യന്ത്രത്തിന്റ സഹായത്തോടെ കണ്ടെക്കിയിരിക്കുത്. 
ഓപ്പെറ (opera) എക്‌സ്പിരിമെന്റ് എ് നാമകരണം ചെയ്ത ഈ പരീക്ഷണം ശാസ്ത്ര ലോകത്തിന് പ്രതീക്ഷകളുടെ  തിരിനാളം കൂടിയാണ്. എന്നിരുന്നാലും ലും സേണിലെ(cern) പരീക്ഷണത്തില്‍((((() ദൈവകണം എ്ന്ന് വിളിക്കുന്ന  ഹിഗ്‌സ് ബോസോണും കണ്ടെത്തിയെ വാര്‍ത്ത പുറത്ത് വന്നു. ദൈവകണമല്ല ജീവകണമാണന്നും  ശാസ്ത്ര ശാസ്‌ത്രേതിര ലോകം വാദമുഖങ്ങള്‍ ഉയര്‍ത്തുന്നു ണ്ട്. ജീവന്‍റെ  ഉല്പത്തിക്ക് കാരണമായ കണമാണിതെന്നും  ഇങ്ങനെയൊന്ന് ഇനി കണ്ടത്താനുണ്ടെന്നും 1962 ല്‍ പീറ്റര്‍ ഹിഗ്‌സ് എ  ശാസ്ത്രജ്ഞന്‍ പ്രഖ്യാപിച്ചിരുന്നു . ഇങ്ങനെയൊരു കണത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയ മറ്റൊരാളാണ് സത്യേന്ദ്ര നാഥാ  ബോസ്. അങ്ങനെ ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് ദൈവകണം അഥവാ ജീവകണത്തിന് (മറ്റെന്തങ്കിലുമുണ്ടങ്കില്‍ അങ്ങനെ) 'ഹിഗ്‌സ് ബോസോണ്‍' എന്ന്‍  വിളിച്ചു. ലോകത്തിന് മുമ്പില്‍ ഹിഗ്‌സ് ബോസോണ്‍  തലയുയര്‍ത്തുമ്പോള്‍ ഭാരതത്തിനും അഭിമാനിക്കാം. കാരണം സത്വേന്ദ്രനാഥ ബോസ് ഭാരതത്തിന്‍റെ  സ്വന്തമായിരുന്നു . ടാക്കിയോണ്‍(({(takion) എന്ന  സൂക്ഷമകണവും പ്രകാശവേഗത്തേക്കാള്‍  വേഗത്തില്‍ സഞ്ചരിക്കുമെ് കണ്ടത്തിയ എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശനും, E C G സുദര്‍ശനനും ഭാരതത്തിനും കേരളത്തിനും അഭിമാനിക്കാവു വക നല്‍കുന്നുണ്ട്. ഹിഗ്‌സ് ബോസോണിന്‍റെ  കാര്യത്തിലും ആപേക്ഷിക സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന  കാര്യത്തിലും പഠനങ്ങള്‍ നടത്തി വെളിപ്പെടുത്തലുകള്‍ ലോകത്തിന് നല്കിയ സുദര്‍ശനന്‍ മലയാളിയാണ്. 

                            ആകെ 61 അടിസ്ഥാന കണങ്ങളാണ് ഊര്‍ജ്ജത്തിന്‍റെ അടിസ്ഥാനത്തില്‍ പദാര്‍ത്ഥങ്ങള്‍ക്കുള്ളത്. മൂന്ന്‍  തരം കളര്‍ ചാര്‍ജുകളുള്ള ആറിനം ക്വാര്‍ക്കുകളും അവയുടെ പ്രതികണങ്ങളും (36) ഇലക്‌ട്രോ ഉള്‍പ്പടെ ആറിനം ലൈവ്‌റ്റോണുകളും അവയുടെ പ്രതികണങ്ങളും പദാര്‍ത്ഥ കണങ്ങളായി. 48 എണ്ണം ഫെര്‍മിയോണുകളാണ്. 12 ഫീല്‍ഡ്  കണങ്ങളും ഒരു ഹിഗ്‌സ് കണവും ബോസോണുകളാണ്. ഫീല്‍ഡ്  കണങ്ങളായി വിവിധ കളര്‍ ചാര്‍ജുകളുള്ള 8 ഗ്ലൂവോണുകളും ഒരു 'W'ബോസോണും അതിന്‍റെ പ്രതികണവും (2) ഒരു സൈഡ് ബോസോണും (1) ഒരു ഹിഗ്‌സ് ബോസോണും ചേര്‍ന്നാണ് 61 അടിസ്ഥാന കണങ്ങളായി മാറുത്. ഹിഗ്‌സ് ബോസോണിന്‍റെ സാന്നിധ്യം അറിയാനാണ് ശാസ്ത്രലോകം സേണില്‍ പരീക്ഷണങ്ങള നടത്തിയത്. 
ഹൈഡ്രജന്‍ (Hydrogen)ആറ്റത്തിന്‍റെ  അണുകേന്ദ്രകണമാണ് പ്രോറ്റോണ്‍ (proton) വൈദ്യുത കാന്തിക സിസ്റ്റം (electro magnetic system) ഉപയോഗിച്ച് ഈ കണങ്ങളെ ഉയര്‍ന്ന മര്‍ദത്തില്‍ ഹാഡ്രോ കൊളൈഡറില്‍ കൂട്ടിയിടിപ്പിക്കുന്നു. ചെറു കണങ്ങളായി വിഘടിക്കുന്ന കണങ്ങളില്‍ ബോസോണിന്‍റെ  അസ്ഥിത്വം കണ്ടത്താനാണിത്. ഫാഭിയോളജിയാനോട്ടി എന്ന  ഗവേഷക നേതൃത്വം നല്‍കിയ അറ്റ്‌ലസ് സംഘവും ചേര്‍ന്നാണ് ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.  അറ്റ്‌ലസ് സി എം എസ് എ രണ്ട് വിഭാഗങ്ങളായാണ് സേണില്‍ പരീക്ഷണം നടത്തിയത്. 
450 കോടി ഡോളറിലധികം ചിലവഴിച്ച് നടത്തിയ സേണില്‍ പരീക്ഷണത്തില്‍ പ്രകാശ വേഗത്തെ വെല്ലുന്ന  സൂക്ഷ്മ കണങ്ങളുണ്ടന്നും ദൈവകണം അഥവാ ജീവകണമായ ഹിഗ്‌സ് ബോസോണിന്‍റെ  സാന്നി ധ്യം സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചുവെും  ശാസ്ത്രകാരന്‍മാര്‍ ലോകത്തോട് പറയുന്നു . അതിചാലകങ്ങള്‍ (super conductors) കണ്ടത്തിയ ഫിലിപ്പ്, ഫീല്‍ഡ് തിയറിയുടെ കര്‍ത്താവായ സ്റ്റീവന്‍ വീന്‍ബര്‍ഗ് എന്നിവരുടെ കണ്ടത്തലുകളുടെ ചുവട്പിടിച്ചാണ്  സേണിലെ പരീക്ഷണം മുന്നോട്ടു പോയത് ഇലക്‌ട്രോ പോസിട്രോണ്‍ കൊളൈഡറിലൂടെ ഇലക്‌ട്രോവീക്ക്  തിയറിയിലെ (Electro Weak Theory = Electromagnetic Theory +Electro 'W' 'Z'  കണങ്ങളെ കണ്ടത്തിയത് സേണിലെ പരീക്ഷണത്തിന് കൂടുതല്‍ സഹായകമായി. എന്തായാലും വരും ദിവസങ്ങളിലുള്ള പരീക്ഷണങ്ങളില്‍ കൂടി സേണില്‍ ലഭിച്ച തെളിവുകളില്‍ നിന്ന് ഹിഗ്‌സ് ബോസോണിന്‍റെ  സാനിധ്യം സംശയഭേദമന്യേ കണ്ടത്തുമെന്നും അത് ശാസ്ത്രലോകത്തിന് വഴിത്തിരിവാകുമെും ലോകം പ്രതീക്ഷിക്കുന്നു.


Friday, 26 July 2013

പോരാട്ട വഴിയില്‍ സി എം എസ്

സമരങ്ങള്‍ ഒരിക്കലും നമുക്കന്യമല്ല.  വിമോചന സമരത്തിനും പുന്നപ്ര വയലാറിനുമപ്പുറം മറ്റൊരു സമരമുണ്ടായിരുന്നെങ്കില്‍ അത് സ്വാതന്ത്ര്യസമരമാണ്.  ദേശീയ ബോധത്തിലുറച്ച് നിന്ന വലിയൊരു സമൂഹം സ്വാതന്ത്ര്യലബ്ധിക്കായി തങ്ങളാലാവുംവിധം സമരം ചെയ്ത ചരിത്രമാണ് ഭാരതത്തിലുള്ളത്.  അധികാര ധാര്‍ഷ്ഠ്യത്തിന്റെ കുതിരക്കുളമ്പുകള്‍ക്കും ഭരണമേധാവിത്വത്തിന്റെ  വിഗ്രഹശിലകള്‍ക്കുമെതിരായി തീക്കല്ലിന്‍മേല്‍ ഇടിമിന്നല്‍ വീഴ്ത്തിയ സമര ചരിത്രം.  വിദ്യാര്‍ത്ഥികളും യുവജനങ്ങളും  ഒട്ടൊന്നുമല്ല ആ സമരത്തിന് പിന്തുണയേകിയത്. ബ്രീട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് സ്വന്തം സ്വത്വത്തെ സ്വതന്ത്ര്യമാക്കാന്‍ ഉരുക്ക് പേശികളും ഇരുമ്പ് ഞരമ്പുകളും ദൃഢചിത്തതയുമുള്ള ഇന്ത്യന്‍ യുവത്വം കാണിച്ച ആര്‍ജ്ജവം വിസ്മരിക്കാനാവാത്തതാണ്. ഹിമാലയവും കാശ്മീരും മുതല്‍ കന്യാകുമാരി വരേയും ആ സമരത്തീയുടെ ജ്വാലകള്‍ ആളിപ്പടര്‍ന്നിരുന്നു.  കേരളത്തിന്റെ മണ്ണില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയര്‍  ഒട്ടനവധിയാണ്. ക്യാംപസുകളിലെ യുവതയുടെ സമരപോരാട്ടങ്ങള്‍ എടുത്ത് പറയേണ്ടവ തന്നെയാണ്.  ഇന്ത്യയിലെ തന്നെ ആദ്യ ക്യാംപസുകളിലൊന്നായ സി.എം.എസിന്റെ ചരിത്ര ഏടുകളിലൂടെ നടന്നാലും സ്വാതന്ത്ര്യ സമരത്തിന്റെ കാഴ്ചകള്‍ ഏറെയുണ്ട്. 

'ബെയ്‌ലിയുടെ ഉരുളയാണ് നമ്മുടെ (മലയാളം) പ്രസ്സുകള്‍ക്ക് ഇന്നും ആഹാരം' എന്നൊക്കെ തന്നെയാണ് ഇന്നും കരുതി പോരുന്നത്.  ലോകത്തൊട്ടാകെ സാംസ്‌കാരിക നവോത്ഥാനത്തിന് നിമിത്തമായിത്തീര്‍ന്ന അച്ചടി കേരളത്തിന്റെയും നവോത്ഥാനത്തിന് വഴി  തെളിച്ചു,  അച്ചടിയുടെ ബഹുമുഖ വ്യാപാരങ്ങളായ ഗദ്യഭാഷയുടെ വികാസം, ഭാഷയുടെ മാനകീകരണം, പുസ്തക പ്രസാധനം, ആനുകാലിക പ്രസിദ്ധീകരണം, പൊതു വിദ്യാഭ്യാസത്തിനാവശ്യമായ പാഠ്യവസ്തുക്കളുടെ പ്രസിദ്ധീകരണം എന്നിവയാണ് അതിന് സഹായകമായത്.  കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ അച്ചടിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ മലയാളം അച്ചടിയുടെ പ്രതിഷ്ഠാകായനായ ബെഞ്ചമിന്‍ ബെയ്‌ലിയേയും, ഭാഷാ ചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിച്ച സി.എം.എസ് കോളേജിനേയും വിസ്മരിക്കാനാവില്ല.

1791 നവംബറില്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയറില്‍ ജനിച്ച ബെഞ്ചമിന്‍ ബെയ്‌ലി 21-ാം വയസ്സില്‍ ചര്‍ച്ച് മിഷനറി സൊസൈറ്റിയില്‍ അംഗമാവുകയും 1861 - ല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെത്തുകയും ചെയ്തു.  നിരവധി പ്രതിസന്ധികളെ നേരിട്ട ബെയ്‌ലിക്ക് തുണയായി ഭാര്യ എലിസബത്ത് എല്ലയുമുണ്ടായിരുന്നു. 1817 - ല്‍ ഇപ്പോഴത്തെ പഴയ സെമിനാരി കോംപൗണ്ടില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.  ഇത് ചരിത്ര രേഖകളാണ്.  എന്നാല്‍ 1813 ല്‍ ബെയ്‌ലി കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും 1815 ല്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു എന്നൊരു മറുവാദവുമുണ്ട്.  എന്തായാലും അവിടെയാണ് മലയാളത്തിന്റേയും ഇന്ത്യയിലെയും ആദ്യ കോളേജിന്റെ തുടക്കം.
സി.എം.എസ് 
പ്രാരംഭ വര്‍ഷത്തിന്റെ കാര്യത്തില്‍ സംശയമുണ്ടൈങ്കിലും1815 ല്‍ തന്നെ കേരളത്തില്‍ ആംഗലേയ വിദ്യാഭ്യാസം ആരംഭിച്ചു എന്ന് കരുതപ്പെടുന്നു.  ആദ്യ കാലത്തെ കോളേജായ സി.എം.എസ് കോളേജ്  1840 വരെ ഇപ്പോഴത്തെ പഴയസെമിനാരി സ്ഥിതി ചെയ്യുന്നിടത്തായിരുന്നു.  പഴയസെമിനാരിയുടെ രേഖകളിലും 1815 ല്‍ ആരംഭം എന്നാണ് കാണുന്നത്.  ആദ്യ കാലത്ത് കോളേജിന്റെ നടത്തിപ്പ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാനായിരുന്ന മാര്‍ ദിവന്നാസിയോസിനായിരുന്നു (പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ്)   എന്ന് എഴുതപ്പെടാത്ത തെളിവുകള്‍ പറയുന്നു. അതിന് ശേഷം ഭരണസാരഥ്യം ഏറ്റെടുത്ത ബെയ്‌ലി കേരളത്തില്‍ വിദ്യാഭ്യാസത്തിന് പുതിയമുഖം നല്‍കുകയായിരുന്നു. 1840 ല്‍ കോളേജ് ഇന്നു സ്ഥിതിചെയ്യുന്ന അണ്ണാന്‍കുന്ന് എന്ന സ്ഥലത്തേക്ക് പറിച്ച് നടപ്പെട്ടു.  ആദ്യകാലത്ത്  പണികഴിപ്പിച്ച പുരാതന കെട്ടിടം ഇന്നും പഴയ സെമിനാരിയില്‍ ഉപയോഗിക്കുന്നുമുണ്ട്.

രണ്ട് നൂറ്റാണ്ടിനടുത്ത് പ്രായമുള്ള സി.എം.എസ് കോളേജ് ഇന്നും ശൈശവദശയിലാണെന്ന് കോളേജിലെ മലയാളം വിഭാഗം തലവനായ  ബാബു ചെറിയാന്‍ പറയുന്നു.  1815 ല്‍ ആരംഭിച്ചതെന്ന്  കരുതപ്പെടുന്ന സി.എം.എസ് കോളേജിന് ശേഷം കല്‍ക്കട്ടയില്‍ ആരംഭിച്ച ഹിന്ദു കോളേജ് പിന്നീട് പ്രസിഡന്‍സി കോളേജായും യൂണിവേഴ്‌സിറ്റിയായും പരിണമിച്ചു.  എന്നാല്‍ ഈ കോളേജ് ഇന്നും ശൈശവദശ പിന്നിട്ടിട്ടില്ല.  കോളേജിന്റെ വികാരം പരിചയസമ്പന്നനായ അധ്യാപകന്റെ വാക്കുകളില്‍ വ്യക്തം.  ആദ്യ കാലത്ത് രൂപം കൊണ്ട കോളേജുകളൊക്കെ പില്‍ക്കാലത്ത് യൂണിവേഴ്‌സിറ്റികളായും ഉന്നത അക്കാദമിക് കേന്ദ്രങ്ങളായും മാറിയപ്പോഴും സി.എം.എസ് കോളേജ് ഇന്നും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഒരു സാധാരണ കോളേജ് മാത്രം.  1824 ല്‍ കോളേജ് സന്ദര്‍ശിച്ച വെല്ലിഷ് സായ്പ് കോളേജിനെ യൂണിവേഴ്‌സിറ്റി എന്ന് വിശേഷിപ്പിച്ചത് മാത്രമാണ് ഇത്തിരിയെങ്കിലും ആശ്വാസത്തിന് വക നല്കുന്നത്.  നിരവധി ഗവേഷണ വിഭാഗങ്ങളുള്‍പ്പെടെയുള്ള കോഴ്‌സുകളുള്ള സി.എം.എസ് കോളേജ് പിന്നിട്ട വഴികള്‍ ഏറെയും ചരിത്രമാണ്. 
ബെയ്‌ലിക്ക് പിന്നാലെ കോളേജിന്റെ ഭരണാധികാരിയായി എത്തിയ ജോസഫ്‌ഫെന്‍ നിരവധി സ്‌ഫോടനാത്മകമായ വ്യതിയാനങ്ങളാണ് കോളേജില്‍ വരുത്തിയത്.  എടുത്ത് പറയേണ്ട ഒന്നാണ് പ്രിന്‍സിപ്പല്‍സ് ബംഗ്ലാവ്.  കോളേജ് പ്രിന്‍സിപ്പലിന് താമസിക്കാനായി ഫെന്‍ ഒരു  ബംഗ്ലാവ് പണികഴിപ്പിച്ചു.  അത്ഭുതമെന്ന് പറയട്ടെ പില്‍ക്കാലത്ത് അണ്ണാന്‍കുന്നിലേക്ക് പുനഃസ്ഥാപിക്കപ്പെട്ട കോളേജിന്റെ ക്യാംപസിനുള്ളിലാണ് ആ ബംഗ്ലാവിന് സ്ഥാനം ലഭിച്ചത്.  അങ്ങനെ കേരളത്തില്‍ ഇദംപ്രഥമമായി ഒരു കോളേജിനുള്ളില്‍ താമസിക്കുന്ന പ്രിന്‍സിപ്പല്‍ എന്ന ഖ്യാതി സി.എം.എസിനു മാത്രം സ്വന്തം.  മൂന്ന് തവണ അറ്റകുറ്റപ്പണി നടത്തിയ പ്രസ്തുത ബംഗ്ലാവിലാണ് ഇന്നും കാലാകാലങ്ങളായി വരുന്ന കോളേജ് തലവന്മാര്‍ താമസിക്കുന്നത്.  പുരാതന ബ്രിട്ടീഷ് ശൈലിയിലുള്ള ബംഗ്ലാവ് ഇന്നും തലയെടുപ്പോടെ ക്യാംപസിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആ ബംഗ്ലാവില്‍ വസിക്കുന്നത് ഇപ്പോഴത്തെ പ്രിന്‍സിപ്പലായ    ആണ്. ഭാഗ്യവാന്‍.  ഏകദേശം ബംഗ്ലാവിനൊപ്പം തന്നെ പഴക്കമുള്ള ഒരു ചാപ്പലും ക്യാംപസിനുള്ളിലുണ്ട്.  സ്വാഭാവിക പ്രകൃതി ഭംഗി നിലനില്‍ക്കുന്ന സി.എം.എസിന്റെ  പശ്ചാത്തലം മലയാളത്തിലെ നിരവധി ചലച്ചിത്രങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കേരളത്തിലെ ആളുകള്‍ക്ക് കലാലയ വിദ്യാഭ്യാസത്തിന്റെ ഗുഹാതുരത്വം പകര്‍ന്ന് നല്കിയ ക്ലാസ്‌മേറ്റ്‌സ് അതില്‍ പ്രധാനമാണ്.  ഹരിതഭംഗി നിറഞ്ഞ ക്യാംപസ് ശരിക്കും ഒരനുഭവം തന്നെയാണ്. 
സി.എം.എസും സ്വാതന്ത്ര്യസമരവും

വൈദേശികാധിപത്യം ദുഃസ്സഹമായപ്പോള്‍ പ്രതിഷേധത്തിന്റെ അലകള്‍ ഭാരതമൊട്ടാകെ ആഞ്ഞടിക്കുന്നുണ്ടായിരുന്നു.  കാലഘട്ടത്തിന്റെ ആവശ്യകതയെന്നോണം ഗാന്ധിജിയുടെയും മറ്റ് ദേശീയ നേതാക്കളുടെയും ആഹ്വാനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഭാരതത്തിലെ യുവജനത സ്വാതന്ത്ര്യത്തിന്റെ തീജ്വാലകള്‍ ആളിപ്പടര്‍ത്തുവാന്‍ സന്നദ്ധരായി.  സമരത്തിന്റെ തീജ്വാലകള്‍ സ്വയം ശീര്‍ഷകത്തിലൂന്നിക്കൊണ്ട് ഗാഢമായിത്തീരുകയും, ദേശീയതയുടെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിക്കുന്ന യുവതുര്‍ക്കികള്‍ സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും ചെയ്തു.  സ്വാഭാവികമായും കോളേജുകളിലെ യൗവ്വനം സമരത്തിന് പിന്തുണയേകി. കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമോ കൊടികളുടെ നിറമോ നേതൃപാടവമോ ആവശ്യമില്ലായിരുന്നു. യുക്തിസഹമായ ചിന്തകളും തീരുമാനങ്ങളുമായി സമരം നടത്താന്‍ പോന്ന കരുത്തുറ്റതും വിവേകമുള്ളതുമായ ഒരു വിദ്യാര്‍ത്ഥി സമൂഹം മാത്രം മതിയായിരുന്നു. തങ്ങള്‍ക്ക് കഴിയും പോലെ നന്നായി, കുറേക്കൂടി  നന്നായി, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ കെല്‍പ്പുള്ള പ്രബുദ്ധരുടെ സമൂഹം ദേശീയതലത്തില്‍ ചൂടുപിടിച്ച സമരവീര്യം ഏറ്റെടുക്കുകയായിരുന്നു.  എന്നാല്‍ കേരളത്തില്‍ മലബാറിന്റെയത്ര ശക്തമായിരുന്നില്ല തിരുവിതാംകൂറിന്റെ സമരകീഷ്ണത. കാരണം മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭരണത്തില്‍ കീഴിലായിരുന്നു.  സ്വാതന്ത്ര്യദാഹം തെക്കന്‍, മധ്യതിരുവിതാംകൂറിനേക്കാള്‍ ആവശ്യവുമായിരുന്നു.  ബ്രീട്ടീഷ് ഭരണം  കൂടുതല്‍ ദുഃസ്സഹമാക്കിയതും മലബാറിന്റെ സാമൂഹിക പശ്ചാത്തലത്തെ ആയിരുന്നു.  തിരുവിതാംകൂര്‍ അന്നും നാട്ടുരാജ്യമായിരുന്നു എന്നത് സമര തീഷ്ണത കുറയാന്‍ കാരണമായി.  ബ്രീട്ടീഷുകാരുമായി സാമന്തം പുലര്‍ത്തിയെങ്കിലും പറയത്തക്ക അസ്വാതന്ത്ര്യം തിരുവിതാംകൂറിനില്ലായിരുന്നു.  'സ്വാതന്ത്ര്യം ലഭിച്ചതോടെ  അത് വരെ കിട്ടിയിരുന്ന ധാന്യങ്ങളുടെ ലഭ്യത കുറഞ്ഞു. അതാണ് സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പുമുള്ള വ്യത്യാസം എന്ന് എന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്'.  കോളേജിലെ റിട്ട. അധ്യാപികയായ സൂസന്‍ വര്‍ഗ്ഗീസ് പറയുന്നു.  ഇതായിരുന്നു സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള തിരുവിതാംകൂറിന്റെ കാഴ്ചപ്പാട്. എന്നിരുന്നാലും സി.എം.എസിന്റെ അകത്തളങ്ങളിലും സ്വാതന്ത്ര്യസമരത്തിന്റെ തീജ്വാലകള്‍ കത്തുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും അക്കാലത്ത് കോളേജ് പിന്‍സിപ്പല്‍ ബ്രിട്ടീഷുകാരനായ ഫിലിപ്പ് ലീയായിരുന്നു.  ലീക്കെതിരായി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തി.  (കോളേജുഭരണത്തിനായുള്ള ചില പ്രാദേശികരുടെ സ്വാര്‍ത്ഥതാല്പര്യവും പ്രക്ഷോഭത്തിന്  കാരണമായി അടക്കം പറയുന്നു.)  കോളേജധികാരിയായ വിദേശിയുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ട് വിദ്യാര്‍ത്ഥിപ്രക്ഷോഭം അരങ്ങുതകര്‍ത്തു.  എല്ലാ മേഖലയിലും സ്വാതന്ത്ര്യം വേണമല്ലോ.  കോളേജും വിദേശിയില്‍ നിന്ന് സ്വതന്ത്രമാകട്ടെ.  ഉദ്ദേശ്യം എന്തായാലും പൊറുതിമുട്ടിയ ലീ ഭാരതസ്വാതന്ത്ര്യസമരനായകന്‍ മഹാത്മാഗാന്ധിക്ക് ഒരു കത്തയച്ചു.  ജീവിതസാഹചര്യം നിഷേധിക്കുന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിനെതിരായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.  കത്ത് എത്തേണ്ടിടത്ത് എത്തി.  മഹാത്മജി സ്വന്തം കൈപ്പടയില്‍ ഒരു കത്ത് ലീക്ക് തിരിച്ചുമയച്ചു.  

രണ്ട് വര്‍ഷം മുന്‍പ് ഫിലിപ്പ് ലീയുടെ മകന്‍ ജോണ്‍ ലീ പിതാവിന്റെ സ്മരണാര്‍ത്ഥം കോളേജില്‍ ആരംഭിക്കുന്ന ലക്ചറിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഗാന്ധിജി അയച്ച കത്തും കൊണ്ടുവന്നിരുന്നു.  നിയന്ത്രണാധീതമായ പ്രക്ഷോഭത്തെ തുടര്‍ന്ന് സി.എം.എസ് കോളേജിന്റെ ഭരണസാരഥ്യത്തില്‍ നിന്ന് യൂറോപ്യന്‍ ആധിപത്യം അവസാനിപ്പിച്ച് ലീക്ക് ജന്മനാട്ടിലേക്ക് മടങ്ങേണ്ടി വന്നു.  പില്‍ക്കാലത്ത് പിതാവിന്റെ പഴയ ഫയലുകള്‍ പരിശോധിച്ച ജോണ്‍ ലീ ഗാന്ധിജി അയച്ച  കത്തും മറ്റു രേഖകളും കണ്ടെത്തുകയായിരുന്നു.  2010 ല്‍ കോളേജിലെത്തിയ ജോണ്‍ ലീ പ്രസ്തുതക കത്ത് കോളേജിന് കൈമാറി.  പെഷവാറില്‍ നിന്നും 1938 ഒക്‌ടോബര്‍ 16ന് അയച്ച കത്ത് ഇന്നും കോളേജില്‍ സൂക്ഷിക്കുന്നു.  കത്തയച്ചതിന് ഒന്‍പത് വര്‍ഷങ്ങളക്കിപ്പുറം വിദേശി ഇന്ത്യ വിട്ടു പോകുകയും ഇന്ത്യക്ക് സ്വദേശിഭരണം കൈവരുകയും ചെയ്തു. എല്ലാറ്റിനും  മൂകസാക്ഷിയായ സി.എം.എസ് കോളേജ് ഇന്നും ചരിത്രത്തിന്റെ ചുമട് പേറുന്നുമുണ്ട്

കോളേജിനെ ധീരമായി നയിച്ച ലീയുടെ സ്മരണക്കെന്നോണം കോളേജിന്റെ ആദ്യ വനിത ഹോസ്റ്റലിന് ഇന്നും ലീ ഹോസ്റ്റലെന്നാണ് പേര്.  കോളേജിന് അല്പം പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിന്റെ ഭൂരിഭാഗവും ലീയുടെ കാലത്ത് തന്നെ നിര്‍മ്മിച്ചതാണ്.  ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന സി.എം.എസിന്റെ പുതിയ വനിതാ ഹോസ്റ്റലിന്  ബെയ്‌ലിയുടെ ഭാര്യ എലിസബത്ത് എല്ലയുടെ പേരാണ് എല്ല ഹോസ്റ്റല്‍.

എന്നാല്‍ എടുത്ത് പറയേണ്ട ഒരു സംഗതിയാണ് കോളേജിന്റെ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം.  കേരളത്തിലെ മറ്റ് കലാലയങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ പ്രബുദ്ധതയും, പ്രക്ഷുബ്ധതയും കൂടുതലായിരുന്ന ക്യാംപസിന് രാഷ്ട്രീയം ഇന്ന് അന്യമാണ്.  ഒരു രാഷ്ട്രീയ പാര്‍ട്ടികളും ക്യാംപസിനുള്ളില്‍ പ്രനര്‍ത്തനം നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്ത്.  സ്വാതന്ത്ര്യസമരത്തിന്റെയും വിദ്യാര്‍ത്ഥി സമരങ്ങളുടെയും, രാഷ്ട്രീയ വളര്‍ച്ചയുടെയും മാറ്റൊലികള്‍ മുഴങ്ങിക്കേട്ട കലാലയത്തില്‍ ഇന്ന് രാഷ്ട്രീയം വനവാസത്തിലാണ്. നല്ല രാഷ്ട്ര സേവകരെ വാര്‍ത്തെടുക്കുന്ന കലാലയരാഷ്ട്രീയത്തിന്റെ നിരോധനം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ബോധത്തെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്.  കലാലയ ഇടനാഴികളെ പ്രോജ്വലിപ്പിക്കുന്ന മുദ്രാവാക്യങ്ങളില്ല, ഭരണത്തിന്റെ അകത്തളങ്ങളെ നടുക്കുന്ന സമരങ്ങളില്ല, അനീതി ക്കെതിരായി മുഴങ്ങുന്ന ശബ്ദങ്ങളില്ല....

എന്തിനേറെ, പ്രിന്‍സിപ്പലിന് വഴിനടക്കാനാവില്ലെന്ന പരാതിയെ തുടര്‍ന്ന് കോളേജിലേക്കുള്ള വഴിയിലെ കൊടിതോരണങ്ങളും, ഫ്‌ളക്‌സ് ബോര്‍ഡുകളും പോലും നീക്കം ചെയ്യാന്‍ കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറെയൊന്നും അവകാളപ്പെടാനില്ലെങ്കിലും വിദ്യാഭ്യാസത്തിന്റെയും മലയാളഭാഷയുടെയും പത്രപ്രവര്‍ത്തനത്തിന്റെയും സാഹിത്യത്തിന്റെയും, അച്ചടിയുടെയും ഈറ്റില്ലമായ സി.എം.എസ് കോളേജും, സി.എം.എസ് പ്രസ്സും ഇന്നും ചരിത്രത്തിന്റെ ചുമട് താങ്ങികളായി നിലകൊള്ളുന്നു.  മലയാളി സമൂഹത്തെ ആംഗലേയ ഭാഷയുടെ ആദ്യാക്ഷരം പഠിപ്പിച്ച അക്ഷരനഗരിയുടെ തിലകക്കുറിയാണ് കേരളത്തിനും മുന്‍പെ രൂപംകൊണ്ട  സി.എം.എസ്. കോളേജ്