നടി സുകുമാരി വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തിന്റെ ഭിന്നമുഖങ്ങള്‍ പ്രതിഫലിപ്പിച്ച നടി അഭിനയ സിദ്ധിയുടെ സൗകുമാര്യം തന്നെയായിരുന്നു.
നായിക, ഉപനായിക, അമ്മ, ചേച്ചി, മുത്തശ്ശി ഇങ്ങനെ ഒരു നടിയുടെ ആയുസില്‍ എടുത്തണിയാവുന്ന വേഷങ്ങളെല്ലാം വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ് സുകുമാരി മടങ്ങിയത്. നാട്യങ്ങളില്ലാത്ത സ്‌നേഹ നിധിയായ അമ്മയായിരുന്നു മലയാള സിനിമയ്ക്ക് സുകുമാരി. ആറു പതിറ്റാണ്ടു കാലത്തെ അഭിനയ സപര്യയില്‍ 2500 ലധികം ചിത്രങ്ങള്‍ എന്ന ലോക റെക്കോര്‍ഡോടെയാണ് സുകുമാരി കടന്നു പോയത്. പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ അഭിനയ രംഗത്തെത്തിയ സുകുമാരിയുടെ ആദ്യ മലയാള ചിത്രം തസ്‌കര വീരനായിരുന്നു. സുകുമാരിയുടെ ജോഡിയായി ഏറ്റവുമധികം ചിത്രങ്ങളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. എസ്. പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറിശി എന്നിവരും സുകുപമാരിയുടെ നായകന്‍മാരായി. ഏറെ ചിത്രങ്ങളില്‍ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സുകുമാരിയമ്മ ചില ചിത്രങ്ങളില്‍ പ്രേക്ഷകരുടെ കണ്ണു നനയിക്കുകയും ചെയ്തു. ഡിക്കമ്മായിയും, പൊങ്ങച്ചക്കാരിയായ അമ്മായിയമ്മയും, പത്രാസ് കാണിക്കുന്ന സൊസൈറ്റി ലേഡിയും, വാത്സല്യനിധിയായ അമ്മയും, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മയും അങ്ങനെ എത്രയെത്ര വേഷങ്ങള്‍.
19ാം വയസിലാണ് സംവിധായകന്‍ ഭീം സിംഗിനെ വിവാഹം ചെയ്ത സുകുമാരി അറു പതിറ്റാണ്ടിലേറെ ചലച്ചിത്ര രംഗത്ത് നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ അകപ്പെടാതെ മലയാള സിനിമയ്ക്ക് നിറഞ്ഞ അച്ചടക്കത്തിന്റെ പ്രതീകം കൂടിയായിരുന്നു. അവസാന കാലത്തഭിനയിച്ച് ദേശീയ പുരസ്‌കാരം നേടിയ ഗ്രാമം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ അന്ത്യം തന്നെയായി സുകുമാരി ചേച്ചിയുടേത്. ഈശ്വര പ്രാര്‍ത്ഥനയും പൂജകളും മുടക്കാത്ത സുകുമാരിയമ്മയെ മടക്കി വിളിക്കാന്‍ ഈശ്വരന്‍ കാരണമാക്കിയതും പൂജാമുറിയിലെ വിളക്ക് തന്നെയായിരുന്നു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സ്വഭാവ സവിശേഷത അഗ്നി ശുദ്ധി വരുത്തി കടന്നു പോകാനായിരിക്കും ഈശ്വര സന്നിധിയിലെ അഞ്ചു തിരിയിട്ട വിളക്കിലെ അഗ്‌നി സുകുമാരിയുടെ ശരീരത്തെ പുണര്‍ന്നത്.
പദ്മ ശ്രീയടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സുകുമാരി പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. മാര്‍ച് 26 എന്ന ദിവസം മലയാള സിനിമ എന്നും ഒര്‍മ്മിക്കുന്നത് സുകുമാരിയമ്മയുടെ വേര്‍പാടിന്റെ പേരിലായിരിക്കും.
No comments:
Post a Comment