സമരങ്ങള്‍ ഒരിക്കലും നമുക്കന്യമല്ല. വിമോചന സമരത്തിനും പുന്നപ്ര വയലാറിനുമപ്പുറം മറ്റൊരു സമരമുണ്ടായിരുന്നെങ്കില്‍ അത് സ്വാതന്ത്ര്യസമരമാണ്. ദേശീയ ബോധത്തിലുറച്ച് നിന്ന വലിയൊരു സമൂഹം സ്വാതന്ത്ര്യലബ്ധിക്കായി തങ്ങളാലാവുംവിധം സമരം ചെയ്ത ചരിത്രമാണ് ഭാരതത്തിലുള്ളത്. അധികാര ധാര്‍ഷ്ഠ്യത്തിന്റെ കുതിരക്കുളമ്പുകള്‍ക്കും ഭരണമേധാവിത്വത്തിന്റെ വിഗ്രഹശിലകള്‍ക്കുമെതിരായി തീക്കല്ലിന്‍മേല്‍ ഇടിമിന്നല്‍ വീഴ്ത്തിയ സമര ചരിത്രം. വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഒട്ടൊന്നുമല്ല ആ സമരത്തിന് പിന്തുണയേകിയത്. ബ്രീട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് സ്വന്തം സ്വത്വത്തെ സ്വതന്ത്ര്യമാക്കാന്‍ ഉരുക്ക് പേശികളും ഇരുമ്പ് ഞരമ്പുകളും ദൃഢചിത്തതയുമുള്ള ഇന്ത്യന്‍ യുവത്വം കാണിച്ച ആര്‍ജ്ജവം വിസ്മരിക്കാനാവാത്തതാണ്. ഹിമാലയവും കാശ്മീരും മുതല്‍ കന്യാകുമാരി വരേയും ആ സമരത്തീയുടെ ജ്വാലകള്‍ ആളിപ്പടര്‍ന്നിരുന്നു. കേരളത്തിന്റെ മണ്ണില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയര്‍ ഒട്ടനവധിയാണ്. ക്യാംപസുകളിലെ യുവതയുടെ സമരപോരാട്ടങ്ങള്‍ എടുത്ത് പറയേണ്ടവ തന്നെയാണ്. ഇന്ത്യയിലെ തന്നെ ആദ്യ ക്യാംപസുകളിലൊന്നായ സി.എം.എസിന്റെ ചരിത്ര ഏടുകളിലൂടെ നടന്നാലും സ്വാതന്ത്ര്യ സമരത്തിന്റെ കാഴ്ചകള്‍ ഏറെയുണ്ട്.
'ബെയ്‌ലിയുടെ ഉരുളയാണ് നമ്മുടെ (മലയാളം) പ്രസ്സുകള്‍ക്ക് ഇന്നും ആഹാരം' എന്നൊക്കെ തന്നെയാണ് ഇന്നും കരുതി പോരുന്നത്. ലോകത്തൊട്ടാകെ സാംസ്‌കാരിക നവോത്ഥാനത്തിന് നിമിത്തമായിത്തീര്‍ന്ന അച്ചടി കേരളത്തിന്റെയും നവോത്ഥാനത്തിന് വഴി തെളിച്ചു, അച്ചടിയുടെ ബഹുമുഖ വ്യാപാരങ്ങളായ ഗദ്യഭാഷയുടെ വികാസം, ഭാഷയുടെ മാനകീകരണം, പുസ്തക പ്രസാധനം, ആനുകാലിക പ്രസിദ്ധീകരണം, പൊതു വിദ്യാഭ്യാസത്തിനാവശ്യമായ പാഠ്യവസ്തുക്കളുടെ പ്രസിദ്ധീകരണം എന്നിവയാണ് അതിന് സഹായകമായത്. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ അച്ചടിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ മലയാളം അച്ചടിയുടെ പ്രതിഷ്ഠാകായനായ ബെഞ്ചമിന്‍ ബെയ്‌ലിയേയും, ഭാഷാ ചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിച്ച സി.എം.എസ് കോളേജിനേയും വിസ്മരിക്കാനാവില്ല.
1791 നവംബറില്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയറില്‍ ജനിച്ച ബെഞ്ചമിന്‍ ബെയ്‌ലി 21-ാം വയസ്സില്‍ ചര്‍ച്ച് മിഷനറി സൊസൈറ്റിയില്‍ അംഗമാവുകയും 1861 - ല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെത്തുകയും ചെയ്തു. നിരവധി പ്രതിസന്ധികളെ നേരിട്ട ബെയ്‌ലിക്ക് തുണയായി ഭാര്യ എലിസബത്ത് എല്ലയുമുണ്ടായിരുന്നു. 1817 - ല്‍ ഇപ്പോഴത്തെ പഴയ സെമിനാരി കോംപൗണ്ടില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ഇത് ചരിത്ര രേഖകളാണ്. എന്നാല്‍ 1813 ല്‍ ബെയ്‌ലി കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും 1815 ല്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു എന്നൊരു മറുവാദവുമുണ്ട്. എന്തായാലും അവിടെയാണ് മലയാളത്തിന്റേയും ഇന്ത്യയിലെയും ആദ്യ കോളേജിന്റെ തുടക്കം.
സി.എം.എസ്
പ്രാരംഭ വര്‍ഷത്തിന്റെ കാര്യത്തില്‍ സംശയമുണ്ടൈങ്കിലും1815 ല്‍ തന്നെ കേരളത്തില്‍ ആംഗലേയ വിദ്യാഭ്യാസം ആരംഭിച്ചു എന്ന് കരുതപ്പെടുന്നു. ആദ്യ കാലത്തെ കോളേജായ സി.എം.എസ് കോളേജ് 1840 വരെ ഇപ്പോഴത്തെ പഴയസെമിനാരി സ്ഥിതി ചെയ്യുന്നിടത്തായിരുന്നു. പഴയസെമിനാരിയുടെ രേഖകളിലും 1815 ല്‍ ആരംഭം എന്നാണ് കാണുന്നത്. ആദ്യ കാലത്ത് കോളേജിന്റെ നടത്തിപ്പ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാനായിരുന്ന മാര്‍ ദിവന്നാസിയോസിനായിരുന്നു (പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ്) എന്ന് എഴുതപ്പെടാത്ത തെളിവുകള്‍ പറയുന്നു. അതിന് ശേഷം ഭരണസാരഥ്യം ഏറ്റെടുത്ത ബെയ്‌ലി കേരളത്തില്‍ വിദ്യാഭ്യാസത്തിന് പുതിയമുഖം നല്‍കുകയായിരുന്നു. 1840 ല്‍ കോളേജ് ഇന്നു സ്ഥിതിചെയ്യുന്ന അണ്ണാന്‍കുന്ന് എന്ന സ്ഥലത്തേക്ക് പറിച്ച് നടപ്പെട്ടു. ആദ്യകാലത്ത് പണികഴിപ്പിച്ച പുരാതന കെട്ടിടം ഇന്നും പഴയ സെമിനാരിയില്‍ ഉപയോഗിക്കുന്നുമുണ്ട്.
രണ്ട് നൂറ്റാണ്ടിനടുത്ത് പ്രായമുള്ള സി.എം.എസ് കോളേജ് ഇന്നും ശൈശവദശയിലാണെന്ന് കോളേജിലെ മലയാളം വിഭാഗം തലവനായ ബാബു ചെറിയാന്‍ പറയുന്നു. 1815 ല്‍ ആരംഭിച്ചതെന്ന് കരുതപ്പെടുന്ന സി.എം.എസ് കോളേജിന് ശേഷം കല്‍ക്കട്ടയില്‍ ആരംഭിച്ച ഹിന്ദു കോളേജ് പിന്നീട് പ്രസിഡന്‍സി കോളേജായും യൂണിവേഴ്‌സിറ്റിയായും പരിണമിച്ചു. എന്നാല്‍ ഈ കോളേജ് ഇന്നും ശൈശവദശ പിന്നിട്ടിട്ടില്ല. കോളേജിന്റെ വികാരം പരിചയസമ്പന്നനായ അധ്യാപകന്റെ വാക്കുകളില്‍ വ്യക്തം. ആദ്യ കാലത്ത് രൂപം കൊണ്ട കോളേജുകളൊക്കെ പില്‍ക്കാലത്ത് യൂണിവേഴ്‌സിറ്റികളായും ഉന്നത അക്കാദമിക് കേന്ദ്രങ്ങളായും മാറിയപ്പോഴും സി.എം.എസ് കോളേജ് ഇന്നും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഒരു സാധാരണ കോളേജ് മാത്രം. 1824 ല്‍ കോളേജ് സന്ദര്‍ശിച്ച വെല്ലിഷ് സായ്പ് കോളേജിനെ യൂണിവേഴ്‌സിറ്റി എന്ന് വിശേഷിപ്പിച്ചത് മാത്രമാണ് ഇത്തിരിയെങ്കിലും ആശ്വാസത്തിന് വക നല്കുന്നത്. നിരവധി ഗവേഷണ വിഭാഗങ്ങളുള്‍പ്പെടെയുള്ള കോഴ്‌സുകളുള്ള സി.എം.എസ് കോളേജ് പിന്നിട്ട വഴികള്‍ ഏറെയും ചരിത്രമാണ്.
ബെയ്‌ലിക്ക് പിന്നാലെ കോളേജിന്റെ ഭരണാധികാരിയായി എത്തിയ ജോസഫ്‌ഫെന്‍ നിരവധി സ്‌ഫോടനാത്മകമായ വ്യതിയാനങ്ങളാണ് കോളേജില്‍ വരുത്തിയത്. എടുത്ത് പറയേണ്ട ഒന്നാണ് പ്രിന്‍സിപ്പല്‍സ് ബംഗ്ലാവ്. കോളേജ് പ്രിന്‍സിപ്പലിന് താമസിക്കാനായി ഫെന്‍ ഒരു ബംഗ്ലാവ് പണികഴിപ്പിച്ചു. അത്ഭുതമെന്ന് പറയട്ടെ പില്‍ക്കാലത്ത് അണ്ണാന്‍കുന്നിലേക്ക് പുനഃസ്ഥാപിക്കപ്പെട്ട കോളേജിന്റെ ക്യാംപസിനുള്ളിലാണ് ആ ബംഗ്ലാവിന് സ്ഥാനം ലഭിച്ചത്. അങ്ങനെ കേരളത്തില്‍ ഇദംപ്രഥമമായി ഒരു കോളേജിനുള്ളില്‍ താമസിക്കുന്ന പ്രിന്‍സിപ്പല്‍ എന്ന ഖ്യാതി സി.എം.എസിനു മാത്രം സ്വന്തം. മൂന്ന് തവണ അറ്റകുറ്റപ്പണി നടത്തിയ പ്രസ്തുത ബംഗ്ലാവിലാണ് ഇന്നും കാലാകാലങ്ങളായി വരുന്ന കോളേജ് തലവന്മാര്‍ താമസിക്കുന്നത്. പുരാതന ബ്രിട്ടീഷ് ശൈലിയിലുള്ള ബംഗ്ലാവ് ഇന്നും തലയെടുപ്പോടെ ക്യാംപസിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആ ബംഗ്ലാവില്‍ വസിക്കുന്നത് ഇപ്പോഴത്തെ പ്രിന്‍സിപ്പലായ ആണ്. ഭാഗ്യവാന്‍. ഏകദേശം ബംഗ്ലാവിനൊപ്പം തന്നെ പഴക്കമുള്ള ഒരു ചാപ്പലും ക്യാംപസിനുള്ളിലുണ്ട്. സ്വാഭാവിക പ്രകൃതി ഭംഗി നിലനില്‍ക്കുന്ന സി.എം.എസിന്റെ പശ്ചാത്തലം മലയാളത്തിലെ നിരവധി ചലച്ചിത്രങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കേരളത്തിലെ ആളുകള്‍ക്ക് കലാലയ വിദ്യാഭ്യാസത്തിന്റെ ഗുഹാതുരത്വം പകര്‍ന്ന് നല്കിയ ക്ലാസ്‌മേറ്റ്‌സ് അതില്‍ പ്രധാനമാണ്. ഹരിതഭംഗി നിറഞ്ഞ ക്യാംപസ് ശരിക്കും ഒരനുഭവം തന്നെയാണ്.
സി.എം.എസും സ്വാതന്ത്ര്യസമരവും
വൈദേശികാധിപത്യം ദുഃസ്സഹമായപ്പോള്‍ പ്രതിഷേധത്തിന്റെ അലകള്‍ ഭാരതമൊട്ടാകെ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. കാലഘട്ടത്തിന്റെ ആവശ്യകതയെന്നോണം ഗാന്ധിജിയുടെയും മറ്റ് ദേശീയ നേതാക്കളുടെയും ആഹ്വാനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഭാരതത്തിലെ യുവജനത സ്വാതന്ത്ര്യത്തിന്റെ തീജ്വാലകള്‍ ആളിപ്പടര്‍ത്തുവാന്‍ സന്നദ്ധരായി. സമരത്തിന്റെ തീജ്വാലകള്‍ സ്വയം ശീര്‍ഷകത്തിലൂന്നിക്കൊണ്ട് ഗാഢമായിത്തീരുകയും, ദേശീയതയുടെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിക്കുന്ന യുവതുര്‍ക്കികള്‍ സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും ചെയ്തു. സ്വാഭാവികമായും കോളേജുകളിലെ യൗവ്വനം സമരത്തിന് പിന്തുണയേകി. കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമോ കൊടികളുടെ നിറമോ നേതൃപാടവമോ ആവശ്യമില്ലായിരുന്നു. യുക്തിസഹമായ ചിന്തകളും തീരുമാനങ്ങളുമായി സമരം നടത്താന്‍ പോന്ന കരുത്തുറ്റതും വിവേകമുള്ളതുമായ ഒരു വിദ്യാര്‍ത്ഥി സമൂഹം മാത്രം മതിയായിരുന്നു. തങ്ങള്‍ക്ക് കഴിയും പോലെ നന്നായി, കുറേക്കൂടി നന്നായി, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ കെല്‍പ്പുള്ള പ്രബുദ്ധരുടെ സമൂഹം ദേശീയതലത്തില്‍ ചൂടുപിടിച്ച സമരവീര്യം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ മലബാറിന്റെയത്ര ശക്തമായിരുന്നില്ല തിരുവിതാംകൂറിന്റെ സമരകീഷ്ണത. കാരണം മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭരണത്തില്‍ കീഴിലായിരുന്നു. സ്വാതന്ത്ര്യദാഹം തെക്കന്‍, മധ്യതിരുവിതാംകൂറിനേക്കാള്‍ ആവശ്യവുമായിരുന്നു. ബ്രീട്ടീഷ് ഭരണം കൂടുതല്‍ ദുഃസ്സഹമാക്കിയതും മലബാറിന്റെ സാമൂഹിക പശ്ചാത്തലത്തെ ആയിരുന്നു. തിരുവിതാംകൂര്‍ അന്നും നാട്ടുരാജ്യമായിരുന്നു എന്നത് സമര തീഷ്ണത കുറയാന്‍ കാരണമായി. ബ്രീട്ടീഷുകാരുമായി സാമന്തം പുലര്‍ത്തിയെങ്കിലും പറയത്തക്ക അസ്വാതന്ത്ര്യം തിരുവിതാംകൂറിനില്ലായിരുന്നു. 'സ്വാതന്ത്ര്യം ലഭിച്ചതോടെ അത് വരെ കിട്ടിയിരുന്ന ധാന്യങ്ങളുടെ ലഭ്യത കുറഞ്ഞു. അതാണ് സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പുമുള്ള വ്യത്യാസം എന്ന് എന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്'. കോളേജിലെ റിട്ട. അധ്യാപികയായ സൂസന്‍ വര്‍ഗ്ഗീസ് പറയുന്നു. ഇതായിരുന്നു സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള തിരുവിതാംകൂറിന്റെ കാഴ്ചപ്പാട്. എന്നിരുന്നാലും സി.എം.എസിന്റെ അകത്തളങ്ങളിലും സ്വാതന്ത്ര്യസമരത്തിന്റെ തീജ്വാലകള്‍ കത്തുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും അക്കാലത്ത് കോളേജ് പിന്‍സിപ്പല്‍ ബ്രിട്ടീഷുകാരനായ ഫിലിപ്പ് ലീയായിരുന്നു. ലീക്കെതിരായി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തി. (കോളേജുഭരണത്തിനായുള്ള ചില പ്രാദേശികരുടെ സ്വാര്‍ത്ഥതാല്പര്യവും പ്രക്ഷോഭത്തിന് കാരണമായി അടക്കം പറയുന്നു.) കോളേജധികാരിയായ വിദേശിയുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ട് വിദ്യാര്‍ത്ഥിപ്രക്ഷോഭം അരങ്ങുതകര്‍ത്തു. എല്ലാ മേഖലയിലും സ്വാതന്ത്ര്യം വേണമല്ലോ. കോളേജും വിദേശിയില്‍ നിന്ന് സ്വതന്ത്രമാകട്ടെ. ഉദ്ദേശ്യം എന്തായാലും പൊറുതിമുട്ടിയ ലീ ഭാരതസ്വാതന്ത്ര്യസമരനായകന്‍ മഹാത്മാഗാന്ധിക്ക് ഒരു കത്തയച്ചു. ജീവിതസാഹചര്യം നിഷേധിക്കുന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിനെതിരായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. കത്ത് എത്തേണ്ടിടത്ത് എത്തി. മഹാത്മജി സ്വന്തം കൈപ്പടയില്‍ ഒരു കത്ത് ലീക്ക് തിരിച്ചുമയച്ചു.
രണ്ട് വര്‍ഷം മുന്‍പ് ഫിലിപ്പ് ലീയുടെ മകന്‍ ജോണ്‍ ലീ പിതാവിന്റെ സ്മരണാര്‍ത്ഥം കോളേജില്‍ ആരംഭിക്കുന്ന ലക്ചറിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഗാന്ധിജി അയച്ച കത്തും കൊണ്ടുവന്നിരുന്നു. നിയന്ത്രണാധീതമായ പ്രക്ഷോഭത്തെ തുടര്‍ന്ന് സി.എം.എസ് കോളേജിന്റെ ഭരണസാരഥ്യത്തില്‍ നിന്ന് യൂറോപ്യന്‍ ആധിപത്യം അവസാനിപ്പിച്ച് ലീക്ക് ജന്മനാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പില്‍ക്കാലത്ത് പിതാവിന്റെ പഴയ ഫയലുകള്‍ പരിശോധിച്ച ജോണ്‍ ലീ ഗാന്ധിജി അയച്ച കത്തും മറ്റു രേഖകളും കണ്ടെത്തുകയായിരുന്നു. 2010 ല്‍ കോളേജിലെത്തിയ ജോണ്‍ ലീ പ്രസ്തുതക കത്ത് കോളേജിന് കൈമാറി. പെഷവാറില്‍ നിന്നും 1938 ഒക്‌ടോബര്‍ 16ന് അയച്ച കത്ത് ഇന്നും കോളേജില്‍ സൂക്ഷിക്കുന്നു. കത്തയച്ചതിന് ഒന്‍പത് വര്‍ഷങ്ങളക്കിപ്പുറം വിദേശി ഇന്ത്യ വിട്ടു പോകുകയും ഇന്ത്യക്ക് സ്വദേശിഭരണം കൈവരുകയും ചെയ്തു. എല്ലാറ്റിനും മൂകസാക്ഷിയായ സി.എം.എസ് കോളേജ് ഇന്നും ചരിത്രത്തിന്റെ ചുമട് പേറുന്നുമുണ്ട്
കോളേജിനെ ധീരമായി നയിച്ച ലീയുടെ സ്മരണക്കെന്നോണം കോളേജിന്റെ ആദ്യ വനിത ഹോസ്റ്റലിന് ഇന്നും ലീ ഹോസ്റ്റലെന്നാണ് പേര്. കോളേജിന് അല്പം പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിന്റെ ഭൂരിഭാഗവും ലീയുടെ കാലത്ത് തന്നെ നിര്‍മ്മിച്ചതാണ്. ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന സി.എം.എസിന്റെ പുതിയ വനിതാ ഹോസ്റ്റലിന് ബെയ്‌ലിയുടെ ഭാര്യ എലിസബത്ത് എല്ലയുടെ പേരാണ് എല്ല ഹോസ്റ്റല്‍.
എന്നാല്‍ എടുത്ത് പറയേണ്ട ഒരു സംഗതിയാണ് കോളേജിന്റെ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം. കേരളത്തിലെ മറ്റ് കലാലയങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ പ്രബുദ്ധതയും, പ്രക്ഷുബ്ധതയും കൂടുതലായിരുന്ന ക്യാംപസിന് രാഷ്ട്രീയം ഇന്ന് അന്യമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടികളും ക്യാംപസിനുള്ളില്‍ പ്രനര്‍ത്തനം നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്ത്. സ്വാതന്ത്ര്യസമരത്തിന്റെയും വിദ്യാര്‍ത്ഥി സമരങ്ങളുടെയും, രാഷ്ട്രീയ വളര്‍ച്ചയുടെയും മാറ്റൊലികള്‍ മുഴങ്ങിക്കേട്ട കലാലയത്തില്‍ ഇന്ന് രാഷ്ട്രീയം വനവാസത്തിലാണ്. നല്ല രാഷ്ട്ര സേവകരെ വാര്‍ത്തെടുക്കുന്ന കലാലയരാഷ്ട്രീയത്തിന്റെ നിരോധനം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ബോധത്തെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കലാലയ ഇടനാഴികളെ പ്രോജ്വലിപ്പിക്കുന്ന മുദ്രാവാക്യങ്ങളില്ല, ഭരണത്തിന്റെ അകത്തളങ്ങളെ നടുക്കുന്ന സമരങ്ങളില്ല, അനീതി ക്കെതിരായി മുഴങ്ങുന്ന ശബ്ദങ്ങളില്ല....
എന്തിനേറെ, പ്രിന്‍സിപ്പലിന് വഴിനടക്കാനാവില്ലെന്ന പരാതിയെ തുടര്‍ന്ന് കോളേജിലേക്കുള്ള വഴിയിലെ കൊടിതോരണങ്ങളും, ഫ്‌ളക്‌സ് ബോര്‍ഡുകളും പോലും നീക്കം ചെയ്യാന്‍ കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറെയൊന്നും അവകാളപ്പെടാനില്ലെങ്കിലും വിദ്യാഭ്യാസത്തിന്റെയും മലയാളഭാഷയുടെയും പത്രപ്രവര്‍ത്തനത്തിന്റെയും സാഹിത്യത്തിന്റെയും, അച്ചടിയുടെയും ഈറ്റില്ലമായ സി.എം.എസ് കോളേജും, സി.എം.എസ് പ്രസ്സും ഇന്നും ചരിത്രത്തിന്റെ ചുമട് താങ്ങികളായി നിലകൊള്ളുന്നു. മലയാളി സമൂഹത്തെ ആംഗലേയ ഭാഷയുടെ ആദ്യാക്ഷരം പഠിപ്പിച്ച അക്ഷരനഗരിയുടെ തിലകക്കുറിയാണ് കേരളത്തിനും മുന്‍പെ രൂപംകൊണ്ട സി.എം.എസ്. കോളേജ്
No comments:
Post a Comment