Monday, 16 November 2015

എരിഞ്ഞടങഅങാത്ത കനല്

പെയ്ഡ് ന്യൂസ് ഈസ് പെയ്ഡ് മര്‍ഡര്‍. മാധ്യമപഠന ക്ലാസുകളില്‍ കേട്ടു പഠിച്ച, ചൊല്ലി പഠിപ്പിച്ച ആദ്യപാഠങ്ങളിലൊന്നുമില്ലാത്ത ഒരു പാഠം. കനല്‍ പറഞ്ഞു വയ്ക്കുന്നത് ഇതാണ്. വരും തലമുറ മാധ്യമപ്രവര്‍ത്തനത്തിന്റെ ആദ്യ പാഠം ഇതായിക്കുമോ എന്തോ. എന്തായാലും കനലൊരു മുഴുനീള എന്റര്‍ടൈനറൊന്നുമല്ല. വ്യത്യസ്തമായ പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ചിത്രം. പ്രേക്ഷകനെ ബോറടിപ്പിക്കാതെ എന്നാല്‍ സ്ലോ മൂഡിലൊഴുകുന്ന കനല്‍ പ്രേക്ഷകന്റെ മനസില്‍ കനല്‍ കോരിയിടാനൊന്നും ശ്രമിക്കുന്നുമില്ല എന്നത് വാസ്തവം.



പ്രതികാരത്തിന്റെ കഥ മലയാളത്തില്‍ ആദ്യമൊന്നുമല്ല. അങ്ങനെയാകുമ്പോള്‍ മറ്റു വപ്രതികാര ചിത്രങ്ങളില്‍ നിന്നും കനലെങ്ങനെ വ്യത്യസ്തമാകുന്നു എന്നു ചോദിച്ചാല്‍ അത്ര ത്രില്ലടിപ്പിക്കാത്ത എന്നാല്‍ അപ്രതീക്ഷിതമായ സസ്‌പെന്‍സും ഇത്തിരി ലാഗും ഒക്കെയായി തീയ്യേറ്ററിലെത്തിയ ഒരു പത്മകുമാര്‍ ചിത്രം. ആദ്യ പകുതിയില്‍ പ്രേക്ഷകന് മുന്‍പിലേക്ക് നിരവധി സംശയങ്ങള്‍ കനലെറിഞ്ഞു കൊടുക്കുന്നുണ്ടെങ്കില്‍ രണ്ടാം പകുതി ആ സംശയങ്ങള്‍ക്കൊക്കെയുള്ള ഉത്തരമാണ്. പ്രവാസി ജീവിതത്തില്‍ നിന്നും കഥ പറഞ്ഞു തുടങ്ങുമ്പോള്‍ ചിത്രമെങ്ങോട്ട് പോകുന്നു എന്ന് തോന്നിപ്പോകും. പക്ഷെ ഇതിവരുടെ കൂടി കഥയാണ് എന്ന പശ്ചാത്തല വിവരണം അവരെ പ്രേക്ഷക മനസുകളില്‍ നിലനിര്‍ത്തുന്നു. ഒരു ഗംഭീര എക്‌സ്പീരിയന്‍സ് പകര്‍ന്ന് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്നത് സത്യം.  പ്രവചിക്കാനാവാത്ത കഥയൊന്നുമല്ല കനലിന്റേത്. പ്രതികാര സിനിമകളിലെല്ലാം പ്രതികാരത്തിന് കാരണം ഫ്‌ലാഷ് ബാക്കില്‍ കാണിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ പ്രതികാരത്തെ അവസാനം വരെ നിഗൂഢമായി സൂക്ഷിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാത്രമാണ് പ്രതികാരത്തിന്റെ കഥ പ്രേക്ഷകന്‍ അറിയുന്നത്. സസ്‌പെന്‍സ് ക്ലൈമാക്‌സ് വരെ സൂക്ഷിച്ചത് ഗുണമായോ എന്ന് കണ്ടു തന്നെയറിയണം. പത്മകുമാറിന്റെ പ്രതിഭ ഒരിക്കല്‍ കൂടി കനലില്‍ പരീക്ഷിക്കപ്പെട്ടു. കനലില്‍ ഊതിക്കാച്ചാന്‍ ശ്രമിച്ചത് പോലെ. പരീക്ഷണങ്ങളെ പത്മകുമാര്‍ ഏറെക്കുറെ അതിജീവിച്ചു. ചിത്രത്തിന്‍രെ മേക്കിംഗിനും കഥ പറഞ്ഞ രീതിയ്ക്കും സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ചിത്രം ഇഴഞ്ഞതിന് ഉത്തരവാദി സംവിധായകന്‍ മാത്രമല്ലേ. ചിത്രത്തിലെ പല രംഗങ്ങളുടേയും ദൈര്‍ഘ്യം അല്പം കുറച്ച് ടൈറ്റാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്രയധികം ലാഗ് അനുഭവപ്പെടില്ലായിരുന്നു. അക്കാര്യത്തില്‍ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചത് എന്നറിയാത്തതിനാല്‍ ഒന്നും പറയാനില്ല. തിരക്കഥയും മികച്ചു തന്നെ നിന്നു. ശിക്കാറിലേത് പോലെ പ്രതികാര കഥയാണ് പറഞ്ഞത്. ആധുനികവും, ആനുകാലീകവുമായി പ്രമേയത്തെ പ്രഷുബ്ധമായി പ്രേക്ഷകരിലെത്തിക്കാനായിരുന്നു തിരക്കഥാകാരന്റെ ശ്രമം. ആദ്യം പ്രതികാരത്തിനെത്തുന്നു, പ്രതികാരത്തിനിടെയില്‍ കാരണം പ്രേക്ഷകനിലേക്കെത്തുന്നു. പതിവ് ആവര്‍ത്തിച്ചു. പക്ഷെ തിരക്കഥയില്‍ പിഴവുകളെന്ന് പറയാന്‍ ഒന്നുമില്ല. തിരക്കഥ കനലില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ചുരുക്കം. പ്രവാസിയുടെ ജീവിതത്തെ സാമ്പത്തിക മാന്ദ്യം എങ്ങനെ ബാധിച്ചുവെന്നും വിവിധ മേഖലകളില്‍ അത് എങ്ങനെ പ്രതിഫലിച്ചെന്നും പ്രതികാര കഥയ്ക്കിടെ പറഞ്ഞു വയ്ക്കാന്‍ തിരക്കഥാകാരന്‍ ശ്രമിച്ചു. ഐശ്വര്യത്തിന് വേണ്ടി നാഗമാണിക്യത്തിനും, വെള്ളിമൂങ്ങയ്ക്കുമൊക്കെ പിന്നാലെ പോകുന്ന  മലയാളിയുടെ വികല ചിന്താഗതിയെ കാര്യമായി വിമര്‍ശിക്കാനും ചിത്രം മറക്കുന്നില്ല. അത്തരം ആളുകളെ കാത്തിരിക്കുന്നത് നഷ്ടങ്ങള്‍ മാത്രമാകുമെന്നും കനല്‍ പറഞ്ഞു വയ്ക്കുന്നു.

കാട്ടിലെ നിയമമാണ് ശരി. വിശക്കുമ്പോള്‍ നായാടി കൊല്ലുന്നത് പാപമല്ല. അത് കാട്ടിലെ നിയമമല്ലെ, നാട്ടിലും അങ്ങനെ തുടങ്ങിയാലോ. ഗതികേട് മറികടക്കാന്‍ മുന്നില്‍ കാണുന്നവനെ കൊല്ലുന്നതാണോ ന്യായം. അതോ തന്റെ പ്രിയ്യപ്പെട്ടവരെ കൊന്നവനെ തേടിപ്പിടിച്ച് പ്രതികാരമായി കൊന്നു കൂട്ടുന്നതാണോ ന്യായം. തിന്നാന്‍ വേണ്ടിയല്ലാതെ കൊല്ലുന്ന മനുഷ്യന്റെ മനോഗതി. ഇവിടെ ന്യായാന്യായങ്ങള്‍ക്ക് സ്ഥാനമില്ല. കാരണം മനുഷ്യന്‍ ചിന്തിക്കുന്നത് അവന്റെ ചുറ്റുപാടില്‍ നിന്നു മാത്രമാണ്. എല്ലാ അവസാനങ്ങള്‍ക്കും ഒരു പഴയ തുക്കമുണ്ടാകുമെന്ന ടാഗ് ലൈന്‍. ചിത്രം രാണുമ്പോള്‍ ആ വരികള്‍ എപ്പോഴെങ്കിലും മനസിലെത്തിയാല്‍ അത് മാത്രം മതി പ്രേക്ഷക മനസുകളില്‍ കനലെരിയാന്‍.

ജീവിതം കൈവിടുമെന്ന തോന്നിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ജീവിതവും കുടുംബവും മുറുകെപ്പിടിക്കുവാന്‍ വേണ്ടി ചെയ്യുന്ന പാതകങ്ങള്‍ സ്വയം ന്യായീകരിക്കാനും ശ്രമിക്കുന്ന കഥാപാത്രങ്ങള്‍. നാല് പിഞ്ചു കുഞ്ഞുങ്ങളേയും അമ്മയേയും, വൃദ്ധ മാതാപിതാക്കളേയും കാറിനുള്ളിലിട്ട് ക്രൂരമായി കൊല്ലുന്നതിനേയും ന്യായീകരിക്കാന്‍, കുറ്റബോധം ഇല്ലാതെ നേരിടാന്‍ കഴിയുന്ന മനുഷ്യ മനസിന്റെ അവസ്ഥ. ശാന്തമായി ഒഴുകുന്ന ചിത്രത്തെ ഒരിക്കല്‍ പോലും വഴിതിരിച്ചു വിടുന്നതായി അനുഭവപ്പെട്ടില്ല. ഇടയ്ക്കിടെ നായകന്റെ ചില ശബ്ദമുയര്‍ത്തലുകളും വെടിയൊച്ചകളും മാത്രം. ബാക്കിയൊക്കെ ശാന്തം. മരുഭൂമിയിലെ പണത്തിന്റെ പച്ചപ്പില്‍ സ്വന്തം നാടും, ചുറ്റുപാടും പടുത്തുയര്‍ത്തിയ മലയാളികളടങ്ങുന്ന പ്രവാസിക്ക് ഒരു സുപ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ മാന്ദ്യം കാരണം നഷ്ടമാകുന്നത് അന്നു വരെ സ്വന്തമായിരുന്നത് മുഴുവനുമാണ്. അവിടെ പ്രവാസിയുടെ നിസഹായാവസ്ഥ വെളിവാകുന്നു. മുഴുവന്‍ സമയ പ്രവാസി ചാനല്‍ എന്ന സ്വപ്നം സാക്ഷാതാക്കരിക്കാന്‍ ശ്രമിക്കുന്ന യുവാവിനെ പ്രതികാര കഥയിലേക്ക് അവതരിപ്പിക്കുമ്പോള്‍ ഇതിനിവിടെന്ത് കാര്യമെന്ന് തോന്നുമെങ്കിലും കഥയുടെ അവസാനം വരുന്ന മാധ്യമ സന്ദേശം ആ സംശയത്തിനും ഉത്തരമാകുന്നു. മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തിലെ അരക്ഷിതാവസ്ഥ, പ്രത്യേകിച്ച് ഇന്നത്തെ കാലത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ ജീവിതം ചിത്രം ഭംഗീയായി അവതരിപ്പിക്കുന്നു. കുടുംബത്തിലെ ദമ്പതികള്‍ മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ പറയുകയും വേണ്ട. ജീവിതം അതി രൂക്ഷമായി അരക്ഷിതമായിരിക്കും. ഗ്ലാമറസ് പ്രൊഫഷനുകളിലൊന്നായി കണക്കാക്കപ്പെടുന്ന ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഇതത്ര സുഖമുള്ള പണിയല്ല എന്ന് വരും തലമുറയ്ക്കുള്ള താക്കീത് കൂടിയാവുകയാണത്. കുറ്റം ചെയ്യുന്നതാണോ, അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോണോ ന്യായം. രണ്ടും ന്യായമല്ല. പ്രത്യേകിച്ച് കാണുന്നത് ഒരു മാധ്യമപ്രവര്‍ത്തകനാണെങ്കില്‍. അവന്‍ കാണുന്ന അനീതി കണ്ടില്ലെന്ന് നടിച്ചാല്‍ അത് അധാര്‍മ്മികത. ഇനി കണ്ട കാര്യം ജനങ്ങള്‍ക്ക് മുന്‍പിലെത്തിച്ചാല്‍ കുറ്റം ചെയ്തവര്‍ മാധ്യമപ്രവര്‍ത്തകനോട് ചെയ്യുന്നതോ, അന്യായം, അധാര്‍മ്മികത.

ജോണ്‍ ഡേവിഡ് എന്ന ക്രിയേറ്റീവ് ഡയറക്ടറായെത്തിയ മോഹന്‍ലാല്‍ പതിവ് പോലെ തന്നെ പ്രേക്ഷകനെ കൈയ്യിലെടുത്തു. പക്ഷെ ട്രെയിനിലെ രംഗങ്ങള്‍ മോഹന്‍ലാലില്‍ നിന്നും മുന്‍പും പ്രേക്ഷകന്‍ ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. പ്രതികാര ദാഹവുമായി നടക്കുന്ന നെഗറ്റീവ് ടച്ചുള്ള നായകനെ മോഹന്‍ലാല്‍ ഗംഭീരമാക്കി. ചിത്രത്തിലുടനീളം മോഹന്‍ലാലിനൊപ്പം അഭിനയിച്ച് തകര്‍ത്ത അന്തരാമന്‍ എന്ന മാധ്യമപ്രവര്‍ത്തകനായെത്തുന്ന അനൂപ് മേനോന്‍ മടുപ്പിച്ചില്ല. ഇരുവരും തമ്മിലുള്ള കോംപിനേഷന്‍ സീനുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹന്‍ലാലിന്‍രെ നായികയായെത്തുന്ന ഹണി റോസും മോശമാക്കിയില്ല. ചെയ്യാനുള്ളത് ഭംഗിയാക്കി. ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും നെഗറ്റീവ് ടച്ചുള്ള വരായിരുന്നു. മികച്ചു നിന്ത് അതുല്‍ കുല്‍ക്കര്‍ണി തന്നെ. എല്ലാം നഷ്ടപ്പെട്ട പ്രവാസിയേയും കാട്ടിലെ നിയമത്തിലൂടെ നിഷ്‌ക്കരുണം ആളുകളെ കൊല്ലുന്ന അതിനെ ന്യായീകരിക്കുന്ന കുരുവിളയേയും കുല്‍ക്കര്‍ണി പ്രേക്ഷകന്‍ മുന്‍പില്‍ എത്തിച്ചു. പ്രതാപ് പോത്തന്‍, ദേവി അജിത്ത് തുടങ്ങി എല്ലാ നെഗറ്റീവ് കഥാപാത്രങ്ങളും ചേര്‍ന്ന് പക്ഷെ പ്രേക്ഷകന് ഒരു നെഗറ്റീവും സമ്മാനിച്ചില്ല എന്നു പറയാം. വിനോദ് ഇല്ലംപള്ളിയുടെ ക്യാമറയും ഔസേപ്പച്ചന്റെ സംഗീതവും മികവു പുലര്‍ത്തി. മിഡില്‍ ഈസ്റ്റിന്റെ മനോഹര കാഴ്ചകളും, നാടിന്റെ ദൃസ്യങ്ങളും, തീവണ്ടിയുടെ ആകാശ കാഴ്ചയും, തീവണ്ടിക്കുള്ളിലെ രംഗങ്ങളുമെല്ലാം ഇല്ലംപള്ളിയിലെ ഛായാഗ്രാഹകനില്‍ സുരക്ഷിതമായിരുന്നു. ഏത് കരം പ്രേക്ഷകര്‍ക്ക് എന്ന തരംതിരിവിന് കനല്‍ നിന്നു തരില്ല. കാരണം തീയ്യേറ്ററിലെത്തുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് അത് ഏതെന്ന് പ്രേക്ഷകന് തീരുമാനിക്കാം, അവര്‍ക്ക് വേണ്ടി കൂടിയുള്ള ചിത്രമാണിത്.

പെയ്ഡ് ന്യൂസ് ഈസ് പെയ്ഡ് മര്‍ഡര്‍, മെമ്മറീസ് ഓഫ് എ ബ്രോക്കണ്‍ ജേണലിസ്റ്റ്. പ്രതികാര കഥയില്‍ ഈ വാക്കുകല്‍ക്ക് എന്ത് കാര്യമെന്നല്ലേ. ഇതാണ് ചിത്രത്തിന്റെ അവസാന വാക്ക്. മാധ്യമപ്രവര്‍ത്തകന്റെ തകര്‍ന്ന ജീവിതത്തിന്റെ ബാക്കി പത്രം. അതെന്താണെന്നറിയണമെങ്കില്‍ സിനിമ കണ്ടു തന്നെ നോക്കണം. ഒരു മുഴുനീള എന്റര്‍ടൈനറൊന്നുമല്ലാത്ത കനല്‍ പ്രേക്ഷകന്റെ ഉള്ളില്‍ അത്ര കനലെരിച്ചില്ലെങ്കിലും മടുപ്പിക്കില്ല.


യാത്രാനുഭവം ലോര്ഡ് ലിവിങ്സ്റ്റണ്



വനത്തിനുള്ളില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്ന, മനോഹരമായ ട്രക്കിംഗ് നടത്താനിഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനും കണ്ടിരിക്കാവുന്ന മനോഹരമായ കാഴ്ചാ വിരുന്നാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി. നിലവാരമുള്ള സിനിമകളുടെ പ്രതിനിധി. കാഴ്ചകളൊരുക്കുന്നെങ്കില്‍ ഇങ്ങനെ വേണം. കാരണം സിനിമ ദൃശ്യ മാധ്യമമാണല്ലോ. വനനശീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവും നല്‍കിയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രേക്ഷകരെ മടക്കി അയക്കുന്നത്.

കാടും, നാടും, എന്തിന് പരസ്പം വില്പന ചരക്കാക്കുന്ന നെറികെട്ട മനുഷ്യന്റെ ചെയ്തികള്‍ക്കെതിരെയുള്ള ശബ്ദമാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. തീയ്യേറ്ററിലിരുന്നാല്‍ ശാന്തമായി ഒഴുകുന്ന അരുവിയുടെ ഒച്ച കേള്‍ക്കാം, കാചിന്റെ സ്വച്ഛത ആസ്വദിക്കാം, ചെവിയോര്‍ത്താല്‍ കാടിന്റെ ശബ്ദം കേള്‍ക്കാം, ഇലകളുടെ മര്‍മ്മരം കേള്‍ക്കാം, പേടിപ്പിക്കുമെന്ന് തോന്നുന്ന എന്നാല്‍ കാടിന്റെ വന്യത അടുത്തു നിന്നാസ്വദിക്കാം. ഒരു സിനിമ ഇതില്‍ കൂടുതലായി എന്താണ് പ്രദാനം ചെയ്യേണ്ടത്. നാടും നഗരവും തീര്‍ന്നപ്പോള്‍ കാടിനുള്ളിലേക്ക് കയറി അതും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള ത്വരയും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കൂട്ടരുടെ പരിശ്രമവുമാണ് ചിത്രത്തിന്റെ ആകെയൊരു വണ്‍ലൈന്‍. സംവിധായകന്‍ ഇതിനെ സമീപിച്ചിരിക്കുന്ന രീതിയാണ് എടുത്തു പറയേണ്ടത്. തികച്ചും വ്യത്യസ്തമായി എന്നാല്‍ പ്രേക്ഷകനോട് അടുത്തു നിന്നു കൊണ്ട്. തിരക്കഥയിലുടനീളം തിരക്കഥാകാരന്‍ കൂടിയായ സംവിധായകന്‍ പ്രകൃതിയിലേക്കിറങ്ങിചെല്ലാന്‍ ശ്രദ്ധിച്ചിരുന്നു. ശ്വാസമചക്കി പിടിച്ച് കാണേണ്ട ഒന്നല്ല ഈ ചിത്രം. മറിച്ച് റിലാക്‌സ്ഡ് ആയി തീയ്യേറ്ററില്‍ ഇരുന്ന് ആസ്വദിച്ച് കാണാനാകുന്ന ഒന്ന്. സാധാരണക്കാര്‍ കടന്നു ചെല്ലാത്ത കാട്, അവിടെ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍, നൃത്തം ചെയ്യുന്ന, പീലികള്‍ പൊഴിക്കുന്ന ആണ്‍ മയിലുകള്‍,  രാത്രിയെ പകലാക്കുന്ന മിന്നാമിന്നിക്കൂട്ടങ്ങള്‍, കാടിന് മുഴുവന്‍ കുട പിടിക്കുന്ന കൂറ്റന്‍ മരത്തലപ്പുകള്‍, ആരോരുമറിയെ കാടിനുള്ളില്‍ കിടക്കുന്ന ഏഴായിരം കണ്ടി ഗ്രാമം, അവിടുത്തെ പ്രാചീന മനുഷ്യര്‍, അവരുടെ വ്യത്യസ്തമായ ആചാരങ്ങള്‍, ജാതി വ്യത്യാസങ്ങള്‍ , നിഷ്‌കളങ്കത. അങ്ങനെ ശ്രദ്ധിച്ചിരുന്നാല്‍ കാണാനാകുന്നത് വ്യത്യസ്തമായ വിസ്മയങ്ങളാണ്. ശത്രുക്കള്‍ക്ക് കീഴടങ്ങാതിരിക്കാനായി 500 വര്‍ഷം മുന്‍പ് കാട് കയറിയ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു ഗ്രാമത്തിലെ ജനത. അവര്‍ ശരിക്കും പ്രേക്ഷകര്‍ക്ക് അപരിചിതരാണ്. അവര്‍ക്ക് ഏഴായിരം കണ്ടി സമ്മാനിച്ച ജീവിതം വളരെ വിലപ്പെട്ടതായിരുന്നു. കാലമെത്ര മാറിയിട്ടും രൂപത്തിലോ ഭാവത്തിലോ ആചാരങ്ങളിലോ യാതൊരു മാറ്റവും ഇല്ലാത്ത ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍. ശത്രുക്കള്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയാനോഅവര്‍ ശത്രുക്കളാണെന്ന് തിരിച്ചറിയാനോ അവര്‍ തങ്ങളുടെ ആവാസ വ്യവസ്ഥ കവരുമെന്നോ അറിയാതെ ജീവിക്കുന്ന അവര്‍ക്ക് പകഗ്‌ഷെ നിലനില്പിന് വേണ്ടി പോരാടേണ്ടി വരുന്നു. അതിന് കൂട്ടു നില്‍ക്കുന്നതാകട്ടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഒരു കൂട്ടായ്മയും. ഒരു കഥയ്ക്കപ്പുറം പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങലെയാമ് സംവിധായകന്‍ വരച്ചു കാട്ടിയത്. ഇത്രയങികം വൈവിധ്യങ്ങലെ കാണാക്കാഴ്ച്ചകളെ നിലവാരത്തോടെ അവതരിപ്പിക്കണമെഹ്കില്‍ഡ സംവിധായകന്‍ നടത്തിയ റിസേര്‍ച്ച് കുറച്ചൊന്നുമല്ലെന്ന് വ്യക്തം. മുന്‍ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന്‍ സംവിധായകനില്‍ അര്‍പ്പിച്ച വിശ്വാസം സംവിധായകന്‍ കാത്തു സംരക്ഷിച്ചു. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാന മികവ് കാണാനാകാതെ പോകുന്നത് ന്യായമല്ല. അത്രയ്ക്കും മനോഹരമായാണ്, സൂഷ്മതയോടെയാണ് ചിത്രത്തിനായി ഓരോ വസ്തുക്കളും ഒരുക്കിയിരിക്കുന്നത്. കാടിനുള്ളില്‍ മരത്തിന് മുകളില്‍ സൃഷ്ടിച്ച ഒരു ഗ്രാമം. മൂന്ന തട്ടുകളായി ജീവിക്കുന്ന പ്രാകൃത മനുഷ്യര്‍. ഇതിനായി പണിയെടുത്തവര്‍ ഈ ചിത്രത്തിനായി കാഴ്ച വച്ച അര്‍പ്പണം, പ്രതിഭ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ.

അപരിചിതരായ കുറച്ച് ആളുകള്‍ ഒരുമിച്ച് കൂടുന്നു, അവരൊന്നിച്ച് ഒരേ ലക്ഷ്യത്തിനായി യാത്ര ചെയ്യുന്നു. ജീവിത യാത്ര, അല്ലെങ്കില്‍ യഥാര്‍ത്ഥ യാത്ര. ഇത് അനില്‍ രാധാകൃഷ്ണ മേനോന്റെ മൂന്ന് ചിത്രങ്ങളുടേയും പൊതു സ്വഭാവമായിരുന്നു. അവിടെയൊരു കാഴ്ചാ വിരുന്നും സമൂഹത്തിനായി ഒരു മുന്നറിയിപ്പുമുണ്ടെങ്കില്‍ ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടിയായി. ഗംഭീര വിഷ്വല്‍ ട്രീറ്റ്‌മെന്റ് കൂടിയാണ് ഈ അനില്‍ രാധാകൃഷ്ണ മേനോന്‍ ചിത്രം.

കുഞ്ചാക്കോ ബോബന്റെ വളരെ വ്യത്യസ്തമായ വേഷം, ഒരു പക്ഷെ കരിയറിലെ  നാഴികക്കല്ലായേക്കാവുന്ന ഒരു കഥാപാത്രം. ഒരു കൂട്ടം അപരിചിതരെ ഒന്നിച്ച് കൂട്ടി ഒരു ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ട ഒരു പ്രകൃതി സ്‌നേഹി. പ്രകൃതിയുടെ ശബ്ദങ്ങളും ചലനങ്ങളും ഒപ്പിയെടുത്ത് പ്രകൃതിയോട് സംവദിക്കുന്ന ഫിലിപ്പോസ് ജോണ്‍ വര്‍ക്കി. മലയാളത്തിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴഉവന്‍ ചോക്ലേറ്റ് ഹീറോ ആയിരുന്ന ചാക്കോച്ചന്‍ വളരെ പക്വതയോടെ ഫിലിപ്പോസ് ജോണ്‍ വര്‍ക്കിയെ പകര്‍ന്നാടിയ പ്പോള്‍ ഇത്തരം വേഷങ്ങള്‍ തനിക്ക് നന്നായിണങ്ങുമെന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിക്കുകയായിരുന്നു. സംവിധായകന്റെ മൂന്ന് ചിത്രങ്ങളിലും ആവര്‍ത്തിച്ച ചെമ്പന്‍ വിനോദ്, കാഷ്ഠങ്ങളില്‍ ഗവേഷണം നടത്തുന്ന പ്രൊഫ. നീലകണ്ഠനെ വളരെ ഭംഗിയായി അവതരിപ്പിച്ചു. സ്വാഭാവികമായ അഭിനയത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകന്റെ ആസ്വാദന തലത്തില്‍ഡ കയറിക്കൂടിയ ചെമ്പന്‍ ഇവിടെയും പതിവ് തെറ്റിച്ചില്ല. നെടുമുടി വേണുവാണ് മൂന്ന് ചിത്രങ്ങളിലും ആവര്‍ത്തിച്ച മറ്റൊരു കഥാപാത്രം. റിട്ടയര്‍ഡ് ഐപിഎസ് ഓഫീസറായ സികെഎകെ മേനോനായി നെടുമുടി വേണുവും കസറി. മുന്‍ചിത്രങ്ങളിലെ യാത്രയുടെ പൊതു സ്വഭാവം പ്രേക്ഷകന് വേഗം മനസിലാക്കാന്‍ വേണുച്ചേട്ടന്റെ കഥാപാത്രത്തിനായി. രണ്ട് ചിത്രങ്ങളില്‍ ആവര്‍ത്തിച്ച ഗണ്‍ടെസ്റ്ററുടെ റോളിലെത്തിയ റീനുമാത്യൂസ്, തെരുവ് മജീഷ്യനെ അവതരിപ്പിച്ച സണ്ണി വെയ്ന്‍, അഡ്വഞ്ചറിസ്റ്റങായ സാമിനെ സ്‌ക്രീനിലാക്കിയ ഭഗത് മാനുവല്‍, കെമിസ്റ്റായ അനന്തകൃഷ്ണ അയ്യരായെത്തിയ ജേക്കബ് ഗ്രിഗറി, തുടങ്ങി എല്ലാവരും തങ്ങളഉടെ വേഷം മനോഹരമാക്കി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന സുധീര്‍ കരമന ഇത്തവണയും ഞെട്ടിച്ചു. കോസ്റ്റ്യൂംസില്‍ മാത്രമല്ല പ്രകടനത്തിലും സുധീര്‍ കരമന പ്രേക്ഷകര്‍ക്ക് തന്നിലെ പ്രതിഭയുടെ മറ്റൊരു മുഖം കാട്ടി തന്നു. ജയേഷ് നാരായണന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. കാടിന്റെ കാഴ്ചകളെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ച ജയേഷിന്റെ മിടുക്കാണ് ഇത് കാഴ്ചയുടെ സിനിമയാക്കി മാറ്റിയത്. ചിത്രത്തിനൊപ്പം നീങ്ങുന്ന സംഗീതമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ചിത്രത്തിന്‍രെ യാത്രയ്ക്കനുസരിച്ചുള്ള പാട്ടുകള്‍ ഒരുക്കിയത് റെക്‌സ് വിജയനാണ്. അഭിനന്ദനമര്‍ഹിക്കുന്ന പാട്ടുകള്‍ തന്നെ.

നിരവധി പ്രതിഭകളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായ ഒരു കാഴ്ചാ ചിത്രമാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ, കുടുകുടെ ചിരിപ്പിക്കുന്ന തമാശകളോ ഇല്ലാത്ത, എന്നാല്‍ കുറഞ്ഞ ചെലവില്‍ ഒരുക്കിയ ഒരു ലോക നിലവാരത്തിലുള്ള ചിത്രമാണ് ഇത്. ബോറടിപ്പിക്കാത്ത ഈ സിനിമ ശരിക്കും പ്രേക്ഷകനെ ആസ്വാദ്യകരമായ ഒരു യാത്രചെയ്യിച്ച് മടക്കിയെത്തിക്കും. കാണുന്നെങ്കില്‍ തീയ്യേറ്ററില്‍ പോയി തന്നെ ഇത് കാണണം, തീര്‍ച്ചയായും ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും.

ചിരിപ്പിച്ച് അമറും അക്ബറും അന്തോണിയും

ചിരിക്കാനിഷ്ടമാണെങ്കില്‍, മനസു തുറന്നു ചിരിക്കാനിഷ്ടമാണെങ്കില്‍ മറ്റൊന്നുമാലോചിക്കാതെ തീയ്യേറ്ററില്‍ പോയി കണ്ടിരിക്കാവുന്ന സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. മുഴുനീള കോമഡി എന്റര്‍ടൈനറില്‍ സമൂഹത്തിനായി ഒരു സന്ദേശവും ചിത്രം കാത്തു വയ്ക്കുന്നുണ്ട്. ഒരു കരുതല്‍ സന്ദേശം. കൊച്ചിയിലെ കഥയാണെങ്കിലും കേരളത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും വളരെ എളുപ്പം മനസിലാക്കാവുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളൊന്നുമില്ലാത്ത, ഒരു ചെറിയ വലിയ ചിത്രം. അതാണ് അമര്‍ അക്ബര്‍ അന്തോണി.



മിമിക്രി, സ്റ്റേജ് ഷോ, പാരഡി ഇതൊന്നുമല്ല സിനിമ എന്ന് നാദിര്‍ഷ കന്നി സംവിധാന സംരഭത്തിലൂടെ തെളിയിച്ചിരിക്കുന്നു. പ്രേക്ഷകരെ വെറുപ്പിക്കാതെ എന്നാല്‍ രസകരമായി തന്നെ സിനിമ പറഞ്ഞവസാനിപ്പിക്കാന്‍ നാദിര്‍ഷയ്ക്ക് സാധിച്ചു. കേള്‍ക്കാന്‍ മാത്രമല്ല കാണാനുമുള്ള നിരവധി നര്‍മ സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ചിരി തന്നെ ചിരി. ഇടയ്ക്ക് ഇടിച്ചു കയറി വന്ന ഒരു സാമൂഹിക പ്രതിബന്ധതയും ആയപ്പോള്‍ പൂര്‍ണ്ണമായി. പക്ഷെ ആ ഇടിച്ചു കയറ്റം പ്രേക്ഷകരെ തെല്ലിട ചിന്തിപ്പിച്ചു, നിശബ്ദരാക്കി. ചിത്രത്തിന്‍രെ ഗതിവിഗതികള്‍ കൃത്യമായി മനസിലാകുമ്പോഴും അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന് പ്രേക്ഷഖന്‍ ചിന്തിച്ചു പോയെങ്കില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചു. യുവ ഇരട്ട തിരക്കഥാകൃത്തുക്കള്‍ ഒരു പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ തന്നെയാമ് ലക്ഷ്യമിട്ടത്. ആദിയോടന്തം അത് നിഴലിക്കുന്നുമുണ്ടായിരുന്നു. കോമഡി ട്രാക്കില്‍ നിന്നും മാറി സഞ്ചരിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ശ്രമിച്ചിരുന്നില്ല എന്ന് വ്യക്തം. പിന്നെ കോമഡു മാത്രമായാല്‍ അത് സിനിമയായി പ്രേക്ഷകന് മുന്‍പിലെത്തിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവും സിനിമ അവസാനിപ്പിക്കാനുള്ള ഉത്തമ മാര്‍ഗ്ഗവുമായി ട്രാക്കൊന്നു മാറ്റിപ്പിടിക്കാന്‍ തിരക്കഥാകാരന്‍മാരും സംവിധായകനും നിര്‍ബന്ധിതരാകുനന്നു. സൗഹൃദ കഥകളെ പ്രത്യേകിച്ച് പ്രായ ഭേദമെന്യേ, സമപ്രായക്കാരായ ചങ്ങാതിമാരുടെ സമകാലീന നര്‍മം നിറഞ്ഞ ചങ്ങാത്തങ്ങളെ മലയാളി പ്രേക്ഷകര്‍ ഏതെങ്കിലും തരത്തില്‍ സ്വീകരിക്കുന്നത് പതിവായിരിക്കുകയാണ്. പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചേട്ടായീസ്, വിക്രമാദിത്യന്‍ തുടങ്ങി ട്രെന്‍ഡ് അങ്ങനെ മാറി വരികയായിരുന്നു. ഇവിടെയും മറിച്ചൊന്നും സംഭവിച്ചില്ല. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഫ്രീക്കന്‍മാരുടേയും, ക്വട്ടേഷന്‍കാരുടേയുമല്ല  മിഡില്‍ ക്ലാസിന്റെ കഥയെന്ന ജാമ്യത്തോടെ കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകന്‍ തെല്ലൊന്നു മുന്നോട്ടാഞ്ഞിരുന്നു. മൂവര്‍ സംഘത്തിന്റെ ചങ്ങാത്തത്തിലേക്ക് ഓരോ പ്രേക്ഷകനും കയറി. അവരിലൊരാളായി. ചിത്രത്തില്‍ നിരവധി മുഖങ്ങള്‍ ആ ചങ്ങാതിമാരിലേക്ക് വന്നു പോകുന്നുണ്ടെങ്കിലും പക്ഷെ പ്രേക്ഷകന്‍ അവരുടം നടുവിലിരുന്നു പോയി. അവരുടെ തമാശയ്ക്ക് പ്രേക്ഷകന്റെ മനസില്‍ വരുന്ന കൗണ്ടറുകള്‍ കൃത്യമായി ചിത്രത്തില്‍ എത്തുന്നുമുണ്ട്. ആ തമാശകള്‍ക്ക് തലയറഞ്ഞു ചിരിക്കാനുമാകുന്നുണ്ട്. രണ്ടാം പകുതിയോടെ ചിത്രത്തിന്റെ തുടക്കില്‍ പറഞ്ഞു വച്ച ഗൗരവമേറിയ സാമൂഹിക പ്രശ്‌നം ഇടക്കിടെ തലപൊക്കുന്നതോടെ പ്രേക്ഷകനും അതിനൊപ്പം പോകുന്നു. പതിവ് രീതിയില്‍ പറഞ്ഞവസാനിപ്പിക്കാതെ ഒരു ട്വിസ്റ്റു കൂടി ഉള്‍പ്പെടുത്തി ഞെട്ടിക്കാനും തിരക്കഥാകാരന്‍മാര്‍ക്ക് കഴിഞ്ഞത് അവരുടെ വിജയം. നാദിര്‍ഷ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാരഡി പാട്ടുകള്‍ കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച നാദിര്‍ഷ ഇത്തവണയും മോശമാക്കിയില്ല. മൂന്ന് ഗാനങ്ങള്‍, രണ്ട് അടിച്ചു പൊളി ഗാനങ്ങള്‍, അത് എല്ലാത്തരം പ്രേക്ഷകനേയും, പ്രത്യേകിച്ച് യുവാക്കളെ നന്നായി രസിപ്പിച്ചു. പക്ഷെ മൂന്നാമത്തെ ഗാനത്തിലാണ് നാദിര്‍ഷയിലെ കലാകാരന്റെ കഴിവ് പ്രേക്ഷകന്‍ കണ്ടത്. അതുവരെ മറ്റൊരു മൂഡിലായിരുന്ന പ്രേക്ഷകന്റെ മനസിനെ പെട്ടെന്ന് മാറ്റിമറിയ്ക്കാന്‍ ആ കുഞ്ഞു ശബ്ദത്തില്‍ കേട്ട ഗാനത്തിനായി.

ചേരുവകളൊക്കെ കൃത്യമായാല്‍ രുചിക്ക് കുറവൊന്നും വരില്ലല്ലോ. ചേരുവകളെല്ലാം കൃത്യമായാലും ചൂട് അല്പം കൂടിയാലോ നന്നായി കുറഞ്ഞാലോ അതും പ്രശ്‌നമാണ്. കഴിക്കുന്നതിന്റെ ആസ്വാദനം നഷ്ടമാകും. പക്ഷെ ഇവിടെ ഇരട്ട തിരക്കഥാകാരന്‍മാരും നാദിര്‍ഷ എന്ന പരിചയ സമ്പന്നനായ എന്നാല്‍ നവാഗതനായ സംവിധായകനും ടീമും ചേര്‍ന്നൊരുക്കിയത് ആസ്വാദ്യകരമായ വിരുന്ന് തന്നെയായിരുന്നു. ചെറിയ നൊമ്പരം വിതറിയ ചിരി വിരുന്ന്.

നിരവധി ഇന്ത്യന്‍ സിനിമകള്‍ക്ക് ബീജോപാവം നടത്തിയ 87 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയുടെ പേര് കോപ്പി ചെയ്‌തെങ്കിലും ആ ചിത്രത്തോട് ഇതിന് യാതൊരു സാദ്യശ്യവപമില്ലായിരുന്നു. ലോകത്ത് നടക്കുന്ന ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ ഒന്നുമറിയാതെ അവരവരുടെ ലോകത്ത് മാത്രം ജീവിക്കുന്ന മൂന്ന് ചങ്ങാതിമാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര പ്രസാദ് എന്നല്ലേ എന്നു ചോദിക്കുന്നത്ര നിഷ്‌കളങ്കരായ മൂന്ന് ചങ്ങാതിമാര്‍. കൊച്ചിയിലെ കായലിന്‍രെ കാറ്റേറ്റ്, ആ തെരുവില്‍ അടിപിടി കൂടി, കളി പറഞ്ഞ്, കുട്ടിക്കാലം മുതലേ ഒന്നിച്ച് ജീവിച്ച മൂന്ന് ഉറ്റ ചങ്ങാതിമാര്‍. പട്ടായയില്‍ പോയി കുറച്ചു ദിവസം സുഖിക്കണമെന്ന ആഗ്രഹം ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്ന അമര്‍, അക്ബര്‍, അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്. ക്ലാസ്‌മേറ്റ്‌സിന് ശേഷം മൂവരുമൊന്നിച്ചൊരുക്കിയ ഒരു ഹിറ്റ്. ഒരാള്‍ ഷോപ്പിംഗ് മാളിലെ ടോയ്കാര്‍ ഡ്രൈവര്‍, മറ്റൊരാള്‍ പിസ ഡെലിവറി ബോയ്, ഇനിയൊരാളാകട്ടെ ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററും. ലുക്കിലും പ്രകടനത്തിലും ഒരു പടി മുന്നിട്ടു നിന്നത് പൃഥ്വിരാജാണെന്ന് വേണമെങ്കില്‍ പറയാം. പഥ്വിയുടെ എന്‍ട്രി അത്രയ്ക്കും ഗംഭീരമായിരുന്നു. കഥയ്‌ക്കോ, സിനിമയ്‌ക്കോ ആവശ്യമില്ലാതിരുന്നിട്ട് കൂടി ആ വരവ് തീയ്യേറ്ററിലെ നിശ്ചലമാക്കുകയോ ആരവത്തിലാഴ്ത്തുകയോ ചെയ്‌തെന്നത് സത്യം. ലുക്ക് തന്നെ. ചിത്രത്തിലുടനീളം പൃഥ്വിക്ക് ആ മേല്‍ക്കൈ തുടരാനുമായി. താരപരിവേഷങ്ങള്‍ എത്തിനോക്കാത്ത സാധാരണ നര്‍മ്മം കൊണ്ടും അസാധാരണമായ പ്രകടനം കൊണ്ടും പൃഥ്വിരാജ് വിസ്മയിപ്പിച്ചു. യുവ നടന്‍മാരില്‍ ഇത്തരം ഭാവപ്പകര്‍ച്ചകള്‍ തനിക്ക് മാത്രമിണങ്ങുന്നതാണെന്ന് അല്ലെങ്കില്‍ തനിക്കിത് നന്നായി വഴങ്ങുമെന്ന് പൃഥ്വിരാജ് ഒരിക്കല്‍ കൂടി തെളിയിച്ചു. തീയ്യേറ്ററില്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്‍രെ മാനറിസങ്ങള്‍ പകര്‍ത്തിക്കൊണ്ട് എത്തുന്ന പൃഥ്വിരാജിനെ പ്രേക്ഷകന്‍ വരവേറ്റത് നിറഞ്ഞ കൈയ്യടികളോടെയായിരുന്നു. അനുജനൊപ്പം നിന്നില്ലെങ്കിലും പ്രകടനത്തില്‍ ഇന്ദ്രജിത്തും മോശമാക്കിയില്ല. ഇത്തരം ഹാസ്യ വേഷങ്ങല്‍ മുന്‍പും വിജയിപ്പിച്ചിട്ടുള്ള ഇന്ദ്രജിത് ചിത്രത്തിലെ അന്തോണിയെ മനോഹരമാക്കി. കോമഡിയില്‍ നിന്നും സിനിമയിലെത്തിയ ജയസൂര്യയാണ് കൂട്ടത്തില്‍ ഇത്തിരി മികച്ചു നിന്നതെന്ന് തോന്നുന്നു. തമാശകളെ സ്വാഭാവികമായി അവതരിപ്പിച്ച ജയസൂര്യ തനിക്ക് ലഭിച്ച വികലാംഗനെ ഗംഭീരമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചു. അതെ അക്ബര്‍ ജയസൂര്യക്കുള്ള വേഷമായിരുന്നു. ജയസൂര്യയ്ക്ക് മാത്രം. ചെറിയ വേഷത്തില്‍ മാത്രമാണെങ്കിലും പ്രേക്ഷകര്‍ക്ക് കഥ പറഞ്ഞു കൊടുക്കാനെത്തിയ ആസിപ് അലി തനിക്ക് ചെയ്യാനുള്ളത് ചെയ്‌തേച്ചും പോയി. ശശി കലിംഗയെ ഇത്തിരി വ്യത്യസ്തമായി പ്രേക്ഷകന്‍ കണ്ടു. കൊള്ളാം, കാര്‍ന്നോര്‍ക്ക് ആടിത്തീര്‍ക്കാവുന്ന വേഷങ്ഹള്‍ നിരവധിയാണ്. അലപം സീരിയസ് കഥാപാത്രയെണ് അവതരിപ്പിച്ചതെങ്കിലും ജഡായു സാബുവായെത്തിയ ഷാജോണ്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ദുരന്തം റെജിയായെത്തിയ പാഷാണം ഷാജി ഇടയ്‌ക്കൊക്കെ വെറുപ്പിക്കുമെന്ന് തോന്നി. എടുത്തു പറയേണ്ടത് നെഗറ്റീവ് റോളിലെത്തിയ ഷെഫിക്കിനെയാണ്. ഒറ്റ ഡജയലോഗ് പോലുമില്ലാതെ ചില ക്ലോസപ്പ് ഷോട്ടുകളിലൂടെയും ഒരു സ്റ്റണ്ടിലൂടെയും മാത്രം ആരും വെറുക്കുന്ന ഒരു വില്ലനായി മാറാന്‍ ആ ചെറുപ്പക്കാരന് സാധിച്ചു. അടിപൊളി വില്ലന്‍. ഫെയ്‌സ്ബുക്ക് വല്ല്യമ്മയായെത്തിയ മോളി കണ്ണമാലി. കെപിഎസ്സി ലളിത, ബിന്ദു പണിക്കര്‍, അങ്ങനെ മേമ്പൊടി ചേര്‍ത്ത താരങ്ങളും മോശമാക്കിയില്ല. നമിക പ്രമോദിന് പിന്നെ പ്ര.ത്യേകിച്ച് സഒന്നും ചെയ്യാനില്ലായിരുന്നു. ഒരു പാട്ട്, രണ്ട് സിനിമാറ്റിക്ക് ഡാന്‍സ്, രണ്ട് രംഗങ്ങള്‍, കഴിഞ്ഞു. ശ്രിന്ദ പക്ഷെ ഈ ചിത്രത്തിലും ഞെട്ടിച്ചു. ഗംഭീര പ്രകടനം. പ്രേക്ഷകന്റെ നൊമ്പരമായി മാറുന്ന പാത്തുവും സൂപ്പര്‍. ധര്‍മ്മജന്‍, പിഷാരടി തുടങ്ങി എല്ലാരും കൊള്ളാം. കൊച്ചിയുടെ ടിപ്പിക്കല്‍ ദൃശ്യങഅങളില്‍ നിന്നും മാറി ചിന്തിച്ച സുജിത് വാസുദേവ് പശ്ചാത്തല സംഗീതത്തില്‍ മറ്റൊരു വിസ്മയമൊരുക്കിയ ബിജിപാല്‍ തുടങ്ങി നിരവധി പ്രതിഭകളുടെ കൂടിച്ചേരല്‍, അതില്‍ നിന്നുണ്ടായ ഒരു മികച്ച ചിത്രം.

കാമുകിയുടെ അച്ഛനം ഇംപ്രസ് ചെയ്യാന്‍ വേണ്ടി പാടുന്ന പാട്ടും, പെണ്‍കുട്ടികളെ വീഴ്ത്താന്‍ അവരുടെ കണ്ണില്‍ നോക്കി പാടേണ്ട രണ്ട് വരികളുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തീയ്യേറ്ററുകളിലെ ചലച്ചിത്ര വസന്തത്തില്‍ തളിരിട്ട പൂവായി മാറാന്‍ അമര്‍ അക്ക്ബര്‍ അന്തോണിക്ക് കതഴിഞ്ഞെന്നത് സത്യം. വലിയൊരു മെസേജ് നിറയെ ചിരിയില്‍ ചാലിച്ച് പറഞ്ഞ ഒരു മനോഹര ചിത്രം. ചിരിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും കാണാന്‍ പാകത്തിലുള്ള ഒന്നാണ് അമര്‍ അക്ബര്‍ അന്തോണി. കണ്ടിരിക്കാം. . . . . .

പാളിപ്പോയ രുദ്രമാദേവി



മികച്ച പ്ലോട്ട് പക്ഷെ അവതരണത്തിലും മേക്കിംഗിലും സാങ്കേതങ്ങളിലും വന്‍ പരാജയം നേരിട്ട ഒരു ചിത്രമാണ് രുദ്രമാദേവി. ഗ്രാഫിക്‌സ് കണ്ട് കണ്ണു തള്ളുന്ന പ്രേക്ഷകന്‍, സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഗ്രാഫിക്‌സുകള്‍, ഇനിയെന്ത് സംഭവിക്കാന്‍ പോകുന്നുവെന്ന് വ്യക്തമായി അറിയാവുന്ന പ്രേക്ഷകന്റെ തണുത്ത പ്രതികരണം, ദൃശ്യമാധ്യമങ്ങളും, സങ്കേതങ്ങളും സുപരിചിതമായ സമൂഹത്തിലേക്ക് തീര്‍ത്തും അപക്വമായ ഒരു കോപ്രായത്തെ കെട്ടിയിറക്കിയാല്‍ അതിനെ ചലച്ചിത്രമെന്ന പേരില്‍ അംഗീകരിക്കാന്‍ പ്രേക്ഷകന്‍ അത്ര മണ്ടനൊന്നുമല്ല. മൂന്ന് മണിക്കൂറോളം സമയം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന, എന്നാല്‍ പൊള്ളയായ ഒരു കൂട്ടാണ് രുദ്രമാദേവി.

ചിത്രത്തിന്റെ ഗ്രാഫിക്‌സാണ് ഏറ്റവുമധികം വെറുപ്പിക്കുന്നത്. സിംഹവും ആനയും തമ്മിലുള്ള യുദ്ധം കാണുമ്പോള്‍ ശരിക്കും സങ്കടം വരും. കാരണം സിനിമ എന്ന സങ്കേതം ഇത്ര വളര്‍ന്നിട്ടും ഈ ചിത്രത്തിന്റെ അണിയറക്കാര്‍ എന്തേ ഇങ്ങനെയൊരു കുട്ടിക്കളി കളിച്ചു. ഏത് തരം പ്രേക്ഷകനെയാണ് ഈ ചിത്രം തൃപ്തിപ്പെടുത്തുക. കുട്ടികള്‍ക്കുള്ളതാണെങ്കിലും അതിനൊരു നിലവാരം വേണ്ടെ ? ടിപ്പിക്കല്‍ അല്ലു അര്‍ജ്ജുന്‍ ഫാന്‍സിന് ഒരു പക്ഷെ അല്ലുവിന്റെ രംഗങ്ങളും സാഹസികമെന്ന് തോന്നിക്കുന്ന പ്രകടനങ്ങളും ഇഷ്ടപ്പെട്ടേക്കാം. അല്ലാതെയുള്ളവര്‍ക്കെല്ലാം ഇതൊരു സിനിമയായി അംഗീകരിക്കാനായില്ലെന്ന് വരും. സ്വാഭാവീകം. പതിമൂന്നാം നൂറ്റാണ്ടിലെ രാജാവിന്റയോ ചക്രവര്‍ത്തിയുടേയോ കഥ പറയുമ്പോള്‍, കൊട്ടാരവും, യുദ്ധവും, കുതിരയും, വാള്‍പ്പയറ്റുമൊക്കെ ഉണ്ടാവുമല്ലോ. രുദ്രമാദേവി ഇതിനൊന്നും ഒരു കുറവും വരുത്തിയില്ല. കൊട്ടാരങ്ങളൊക്കെ കൊള്ളാം, കണ്ടാല്‍ തന്നെ ഒരു പക്കാ സെറ്റിന്റെ ഫീലൊക്കെയുണ്ട്. പിന്നെ യുദ്ധം, അത് പറയാതിരിക്കുന്നതാ ഭേദം. കാരണം യുദ്ധമൊക്കെ പ്രേക്ഷകന്‍ വെള്ളിത്തിരയില്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ. സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുന്നതിനും മുന്‍പെ നാം കണ്ട യുദ്ധങ്ങള്‍ ഇതിലും എത്രയോ ഭേദം. ബാഹുബലിയോ അല്ലെങ്കില്‍ അതു പോലെയോ നിരവധി ചിത്രങ്ങള്‍ മികച്ച മാതൃകയായി മുന്നിലുണ്ടായിട്ടും എന്തേ ഇങ്ങനെ പ്രേക്ഷകനെ പറ്റിക്കാന്‍ ശ്രമിച്ചത്. ഇനി കുതിര. യോദ്ധാക്കളായ കഥാനായകന്‍മാര്‍ കുതിരപ്പുറത്ത് പാഞ്ഞു പോകുന്ന കാഴ്ച പ്രേക്ഷകന്റെ കണ്ണു നിറയ്ക്കും. അത്രയ്ക്കും ബോറായിട്ടാണ് ആ കുതിര സവാരികള്‍ ചിത്രീകരിച്ചിരിക്കുന്നത്. യോദ്ധാവ് മുന്നോട്ടും പിന്നോട്ടും ആയുന്നുണ്ട്, പക്ഷെ കുതിര അതിനനുസരിച്ചല്ല ഓടുന്നത്. അത് പ്രേക്ഷകന് ദഹിച്ചില്ലെന്നത് സത്യം. സാഹസികമെന്ന് തോന്നിക്കുന്ന പ്രകടനങ്ങളാണെങ്കിലോ തീരെ സാഹസികമെന്ന് തോന്നിയതുമില്ല. അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണവും കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. കാരണം സാങ്കേതിക വിദ്യകള്‍ ചെയ്യേണ്ടതൊക്കെ ചെയ്തിരുന്നു. ശരിക്കുംവ പരപീക്ഷിക്കപ്പെട്ടത് സംവിധായകനാണ്. പക്ഷെ ആ പരീക്ഷണത്തില്‍ സംവിധായകന്‍ പരാജയപ്പെട്ടു. അവതരണത്തില്‍ അമ്പേ പരാജയപ്പെട്ട സംവിധായകന് ഒരിടത്തും വിജയിക്കാനായില്ല. ഗുണശേഖറിലെ തിരക്കഥാകാരനും പരാജയമായി. രണ്ട് സംഭവങ്ങള്‍ കൂട്ടിയിണക്കേണ്ടിയിരുന്നിടത്തെല്ലാം തിരക്കഥ പരാജയപ്പെട്ടു. ഇഴ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ലിങ്ക് ചെയ്ത സംഭവങ്ങളൊന്നും വിശ്വാസ യോഗ്യമായിരുന്നില്ല. അവയെല്ലാം മുഴച്ചു തന്നെ നിന്നു.

ഒന്നു പറയാം, കണ്ടു ശീലിച്ച രീതിയല്ല രുദ്രമാദേവിയുടേത്. ഇത്തരം ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാവില്ല. കാരണം സിനിമയെന്ന പേരില്‍ വരുന്ന ഇത്തരം സംരംഭങ്ങള്‍ യഥാര്‍ത്ഥ ചലച്ചിത്രങ്ങളേയും ചലച്ചിത്രകാരന്‍മാരേയും നശിപ്പിക്കുന്നതാണ്. അല്ലെങ്കില്‍ ചരിത്രം പറയുമ്പോള്‍ ചരിത്രത്തോടില്ലെങ്കിലും സിനിമയോടെങ്കിലും നീതി പുലര്‍ത്തണ്ടെ. പ്രേക്ഷകനോട് തീരെ നീതി പുലര്‍ത്താത്ത രുദ്രമാദേവി ഈ വര്‍ഷത്തെ വെറുപ്പിക്കലുകളില്‍ ഒന്നായി മാത്രം അവശേഷിക്കുമെന്നുറപ്പ്.

ഭാരതത്തിലെ ഡെക്കാന്‍ പ്ലേറ്റൂവിലെ കാകതീയ സാമ്രാജ്യത്തെ മാതൃകയാക്കുന്ന മാര്‍ക്കോ പോളോയില്‍ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം പതിമൂന്നാം നൂറ്റാണ്ടിലെ നാട്ടി രാജാക്കന്‍മാരുടെ കുടിപ്പകയുടെ ചരിത്രം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാകതീയക്ക് ചുറ്റുമുള്ള നാട്ടുരാജ്യങ്ങളും അവരുടെ ശത്രുതയും പകയും എല്ലാം പ്രേക്ഷകനെ രസിപ്പിക്കുമെന്ന് അണിയറക്കാര്‍ വിശ്വസിച്ചെങ്കില്‍ തെറ്റി. കാകതീയ രാജ്യത്തെ രാജാവിന് ജനിക്കുന്ന പെണ്‍കുഞ്ഞിനെ, രുദ്രമാദേവിയെ ആണ്‍കുട്ടിയായി വളര്‍ത്തുന്നതും രാജ്യത്തിന്റെ യശ്ശസ് കാത്തുസൂക്ഷിക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. രാജപരമ്പര ആയതിനാലും മന്ത്രി മുഖ്യന്റെ  പ്രത്യേക ശിക്ഷണത്തില്‍ വളറുന്നതിനാലും ആ കുട്ടി വീരശൂരപരാക്രമിയാകുന്നു. ആണായി രാജ്യത്തെത്തുന്ന പെണ്‍കുട്ടി തന്റെ പ്രകടനം കൊണ്ട് രാജ്യത്തെ ഞെട്ടിക്കുന്നു. ഇനി പെണ്ണധികാരമില്ലാത്ത രാജ്യത്തെ ഭരണാധികാരിയിലേക്കുള്ള ആ ആണ്‍കുട്ടിയായ പെണ്‍കുട്ടിയുടെ യാത്രയാണ്. അതിനിടെയില്‍ കാണിച്ചു കൂട്ടുന്നതും ചെയ്യുന്നതും എല്ലാം അബദ്ധം, മണ്ടത്തരങ്ങള്‍. വില്ലനെന്ന് തോന്നിക്കുന്ന യോദ്ധാവ് അവസാനം നായകനാകുന്നു, ട്വിസ്റ്റിന് ശ്രമിക്കുന്ന ശ്രമങ്ങളെല്ലാം പാളുന്നു. പെണ്‍കുട്ടി എന്തായാലും പെണ്‍കുട്ടി തന്നെ. ലോകത്തോട് താനൊരു പെണ്ണാണെന്ന് വിളിച്ചു പറയേണ്ടി വരുന്നു. പെണ്ണധികാരത്തെ എതിര്‍ക്കുന്ന രാജ്യവും പ്രചകളും തങ്ങളുടെ വീരശൂര പരാക്രമിയായ രാജാവിനെ രാജ്യ ഭ്രഷ്ടയാക്കുന്നു. അപ്പോപ്പിന്നെ ശത്രുരാജ്യം വെറുതെയിരിക്കില്ലല്ലോ. യുദ്ധം യുദ്ധത്തോട് യുദ്ധം. ചിരിപ്പിക്കുന്ന യുദ്ധം. ഒരു രാഞ്ജി ഒറ്റയ്ക്ക് ആയിരങ്ങളെ കൊന്നു തള്ളുന്നു. ആനയും കുതിരയുമെല്ലാം ഗ്രാഫിക്‌സ്. പതിവ് ക്ലൈമാക്‌സ്. ശുഭപര്യവസാനം. വില്ലനും നായികയും ചങ്ങാതിമാരാകുന്നു. കുറച്ച് അതിമാനുഷിക പ്രകടനങ്ങല്‍ കണ്ട് പ്രപേക്ഷകന്റെ മടുപ്പ് തുടരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ചിത്രമെന്നും വേണമെങ്കില്‍ പറയാം. സ്ത്രീയായി പിറന്നതു കൊണ്ട് ആരേയും കുറച്ചു കാണരുതെന്നും ഭൂമിയില്‍ എല്ലാവര്‍ക്കും ഒരേ അവകാശമാണെന്നും സിനിമ വിളിച്ചു പറയുന്നു. ടൈറ്റില്‍ റോളിലെത്തിയത് അനുഷ്‌കയാണെങങ്കിലും തൃപ്തികരമായി ചെയ്യാന്‍ അനുഷ്‌കയ്ക്കായില്ല. ടൈറ്റില്‍ റോളുകാരി തന്നെയാണോ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നു സംശയിക്കുന്ന പ്രകടനം. അല്ലു അര്‍ജ്ജുന്റേത് സ്ഥിരം ഹീറോയിസം തന്നെ. വെറുപ്പിക്കല്‍സ്. റാണാ ദഗ്ഗുബതിയെ പ്രേക്ഷകന്‍ വെറുക്കില്ലെന്ന് ഉറപ്പ്. നിത്യ മേനോനും മോശമാക്കിയില്ല. പ്രകാശ് രാജിന്റെ  മന്ത്രി മുഖ്യന്‍ പതിവ് ആവര്‍ത്തിച്ചു. കൈയ്യടി നേടി മടങ്ങി. പ്രകടനം നടത്താന്‍ കാര്യമായി ഒന്നുമില്ലാത്തതിനാലും ചിത്രത്തിന്റെ സിംഹഭാഗവും ഗ്രാഫിക്‌സ് അപഹരിച്ചതിനാലും അഭിനേതാക്കളെ കുറ്റം പറയാനാകില്ല. ചിത്രത്തിന്റെ സംഗീതവും എടുത്തു പറയേണ്ടത് തന്നെ. ഇളയരാജയുടെ സംഗീതം മനോഹരമായിരുന്നെങ്കിലും ഗാനങ്ങള്‍ മൊഴി മാറിയപ്പോല്‍ പൂര്‍ണ്ണത നഷ്ടമായി.

ഒരു രാജ്യത്തിന്റെ പെണ്‍വിദ്വേഷം മാറി ഒരു സ്ത്രീയെ അധികാരത്തിലെത്തിക്കുമ്പോള്‍ ആ രാജ്യം രക്ഷപെടുന്നത് മറ്റൊരു രാജ്യം മാതൃകയാക്കുന്നതാമ് സംവിധായകന്‍ രുദ്രമാദേവിയിലൂടെ ഉദ്ദേശിച്ചത്. പക്ഷെ ചിത്രത്തില്‍ കണ്ടത് പോലെ മാതൃകയാക്കിയാല്‍ രണ്ട് രാജ്യങ്ങളും കുട്ടിച്ചോറാകും. ഇതൊക്കെ കണ്ടിരിക്കുന്ന പ്രേക്ഷകന്റെ അവസ്ഥയും മറിച്ചാകില്ല. മികച്ച് പ്ലോട്ടായിരുന്നിട്ടും, നിരവധി സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും വെറുതെ സമയം കളയാന്‍ പോലും കണ്ടിരിക്കാന്‍ കഴിയാത്ത തരത്തിലെത്തിയ രുദ്രമാദേവി പ്രേക്ഷകനുള്ള സംവിധായകന്റെ സമ്മാനമാണ്. സ്വീകരിക്കാം, അല്ലെങ്കില്‍ . . . . നിരാകരിക്കാം.

കണ്ണീരണിയിച്ച് തീരമണഞ്ഞ പത്തേമാരി


കണ്ടിറങ്ങുമ്പോള്‍ കണ്‍കോണുകളില്‍ ചെറിയ നനവ് പടര്‍ത്താന്‍ കഴിയുന്ന പത്തേമാരി, തികച്ചും റിയലസ്റ്റിക്കായി കഥ പറയുന്ന ഒരു ചിത്രമാണ്. പ്രവാസിലോകവും, നാട്ടില്‍ പ്രവാസിയുടെ അവസ്ഥയുമെല്ലാം മുന്‍പും കണ്ടിട്ടുണ്ടെങ്കിലും പ്രവാസിയും കുടുംബവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാണാക്കാഴ്ചകളാണ് സലീം അഹമ്മദ് എന്ന പ്രതിഭ കണ്ണീരില്‍ ചാലിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദിവസമെങ്കിലും പ്രവാസി ആയിട്ടുള്ളവര്‍ക്കോ, വീട്ടില്‍ ഒരു പ്രവാസി ഉള്ളവര്‍ക്കോ മാത്രമല്ല ഉപജീവനം തേടി കുടുംബം വിടുന്ന, അതിനി പ്രവാസ ലോകത്തേക്കല്ലെങ്കില്‍ കൂടി എല്ലാവരുടേയും കഥയാണ് പത്തേമാരി.

ആധുനിക കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പ്രവാസി മലയാളികളഉടെ കഥ കാര്യമായി ഒരു ചരിത്രത്തിലും പറഞ്ഞിട്ടില്ലെങ്കില്‍ ഇത് ചരിത്രമാണ്. ഓരോ മലയാളിയും സ്വന്തം മനസില്‍ കുറിച്ചിടേണ്ട കേരള ചരിത്രം. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വേണ്ടി, സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി ചേരയും നീരും കൊടുത്ത ഒരു തലമുറയുടെ ചരിത്രം. കേരളത്തോടൊപ്പം ഗള്‍ഫും ഇന്നത്തെ അവസ്ഥയിലേക്ക് വളരാന്‍ ആ പ്രവാസികളുടെ വിയര്‍പ്പും, കണ്ണീരും വേണ്ടി വന്നു. ഉയര്‍ന്ന കെട്ടിടത്തിന് മുകളില്‍ നിന്നും പിന്നില്‍ കാണുന്ന കൂറ്റന്‍ കെട്ടിടത്തെ നോക്കി വര്‍ത്തമാനകാലത്ത് നിന്നു കൊണ്ട് ചിത്രത്തിലെ നായകന്‍ പള്ളിക്കല്‍ നാരായണന്‍ പറയുന്ന വാചകം തന്നെ ഇതിനുദാഹരണം. ഗള്‍ഫില്‍ കാണുന്ന കെട്ടിടങ്ങളുടെയെല്ലാം നിര്‍മ്മാണത്തില്‍ വീണത് ഓരോ മലയാളിയുടേയും, പ്രവാസിയുടേയും വിയര്‍പ്പാണ്. ഇതൊരു പ്രവാസിയുടെ മാത്രം കഥയല്ല. അറുപതുകളില്‍ ഗതികേടിന്റെ ഉച്ചസ്ഥായില്‍ നിന്നു കൊണ്ട് നിലനില്പിനായി നാടു വിട്ടു പോയ ഒരു തലമുറയുടെ അവരുടെ കുടുംബങ്ങളുടെ ബന്ധുക്കളുടെ നാടിന്റെ നാട്ടുകാരുടെ കഥയാണ്. കാലത്തിനൊപ്പം നടന്ന്, ഖോര്‍ ഫക്കാനിലെ പാറയ്ക്ക് സമീപം പോലീസിന്റെ കണ്ണില്‍ പെടാതെ ഒളിച്ചിരുന്ന് ഒരു നാടിന്റേയും നിരവധി കുടുംബങ്ങളുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും പേറി കടല്‍ നീന്തി കടന്ന ഒരു കൂട്ടര്‍. അവിടെ നിന്നും ഷാര്‍ജ വഴി ദുബൈലേക്ക്. അവിടെയൊഴുക്കിയ വിയര്‍പ്പിന് പക്ഷെ കുടുംബത്തിലും നാട്ടിലും വിലയില്ലാതെയാകുന്ന അവസ്ഥകള്‍. ജീവിതത്തിന്റെ നല്ല പങ്കും, ജീവിതാവസാനവും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവാസിയാകേണ്ടി വന്നിട്ടും ആരും മനസിലാക്കാതെ പോയ ജീവിതങ്ങള്‍. ഇതിനുമപ്പുറത്തേക്കെങ്ങനെ ചരിത്രത്തെ ചേര്‍ത്ത് പിടിച്ച് ഒരു തലമുറയുടെ കഥ പറയും. പ്രവാസിയുടെ പ്രവാസ ജീവിതവും കുടുംബവും, സമൂഹവും ഇടകലരുമ്പോള്‍ ഇതൊരു ഒന്നാന്തരം കുടുംബ ചിത്രമാകുന്നു. വീട്ടിലോ, കുടുംബത്തോ, അയല്‍പക്കത്തോ, എന്തിന് നാട്ടിലെങ്കിലും ഒരു പ്രവാസിയുള്ള ആര്‍ക്കും ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഈ ചിത്രം കണ്ടു തീര്‍ക്കാനാകില്ല. ഇഷ്ടമില്ലാതിരുന്നിട്ടും അര്‍ദ്ധായുസോ അതിലധികമോ പ്രവാസ ലോകത്ത് ജീവിച്ച് താന്‍ കാരണം ജീവിതത്തില്‍ വിജയിച്ചവരുടെ, രക്ഷപ്പെട്ടവരുടെ  കണക്കെടുക്കുമ്പോള്‍ എന്നാല്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയിട്ടും ലോകത്തേറ്റവും സമ്പന്നന്‍ താനാണെന്ന് സ്വയം പറയുന്ന പ്രവാസി മലയാളിക്ക് സുപരിചിതമല്ല. കാരണം മലയാളി അറിയുന്ന ഗള്‍ഫ് ഇന്ന് അയല്‍ നാടു പോലെയാണ്. അവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ സുഖ സുഷുപ്തതയില്‍ ജീവിക്കുന്നു എന്ന ധാരണയാണ് ഓരോ മലയാളിക്കുമുള്ളത്. നാട്ടിലേക്കയക്കുന്ന പണത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന പള്ളിക്കല്‍ നാരായണന്റെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു. പതിനായിരം നാട്ടിലേക്കയക്കുമ്പോ അവിടെയുള്ളവരുടെ വിചാരം ഇരുപതിനായിരം കിട്ടിയിട്ട് പതിനായിരം ചെലവാക്കി ബാക്കി അയച്ചു എന്നാണ്. എന്നാല്‍ ഏഴായിരം ശമ്പളമുള്ളവന്‍ മൂവായിരം കൂടി കടമെടുത്താണ് പതിനായിരമാക്കി അയക്കുന്നതെന്നത് വാസ്തവം. ഇഴ ചേര്‍ക്കലും കൂട്ടിച്ചേര്‍ക്കലും പിഴയ്ക്കാതിരുന്നതാണ് ചിത്രത്തിന്റെ വിജയത്തിനാധാരം. സലീം അഹമ്മദിന്റെ തിരക്കഥയാണ് ചിത്രത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. കാടു കയറാതെ പച്ചയായ മനുഷ്യജീവിതത്തെ പ്രേക്ഷകന് മുന്‍പിലെത്തിക്കാന്‍ തിരക്കഥാകാരന് കഴിഞ്ഞു. പ്രവാസി ചങ്കില്‍ തൊട്ടു പറയുന്ന ചില ഡയലോഗുകള്‍ മാത്രം മതി ഈ സിനിമയുടെ ആത്മാവ് മനസിലാക്കാന്‍. അത് തിരക്കഥാകാരന്റെ മിടുക്ക്. വര്‍ത്തമാനകാലത്തും നിന്നും ഭൂതകാലത്തേക്കും, വീണ്ടും വര്‍ത്തമാന കാലത്തേക്കും മാറി മാറി സഞ്ചരിക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണ രീതിയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. നാല് വ്യത്യസസ്ത ഭാഗങ്ങളായി, കാലങ്ങളായി  തിരിച്ചു കഥ പറയുന്ന ചിത്രത്തിന് രണ്ട് പകുതികളില്ല, ഒരു മുഴുനീള സിനിമയാണെന്നതും യാഥാര്‍ത്ഥ്യം. കുടുംബ ജീവിതത്തിന്റെ നൈര്‍മ്മല്ല്യവും, നാട്ടിന്‍പുറത്തിന്റെ നന്‍മയും ചേര്‍ത്ത് ഗള്‍ഫ് നാടുകളിലേക്ക് വഴി വെട്ടിയ പൂര്‍വ്വികന്‍മാര്‍ക്ക്, ആ യാത്ര പൂര്‍ത്തിയാക്കാനാകാതെ പാതി വഴിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുള്ള സമര്‍പ്പണമായി പത്തേമാരിയെ കാണാം. ഒരേ കാലത്ത് ഒന്നിച്ച് പേര്‍ഷ്യയിലേക്ക് കുടിയേറിയിട്ടും ചിലര്‍ മാത്രം ജീവിതത്തില്‍ വിജയിക്കുന്നു, ചിലര്‍ പരാജയപ്പെടുന്നു. അക്കാലത്തെ ചില വിഭാഗങ്ങളുടെ അടയാളപ്പെടുത്തലുകള്‍ കൂടിയാണന് ഈ അവസ്ഥകള്‍ കാട്ടിത്തരുന്നത്.

കേരള തീരത്തു നിന്നും ജീവിതം സ്വപ്നം കണ്ട് പത്തേമാരിയില്‍ കയറിയത് പതിനായിരങ്ങള്‍, ലക്ഷ്യത്തിലെത്തിയത് ആയിരം പോലുമില്ല. ഖോര്‍ ഫക്കാനിലെ കടലിടുക്കില്‍, പത്തേമാരികളില്‍ പൊലിഞ്ഞത് നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും. ലക്ഷ്യത്തിലെത്തിയവരാകട്ടെ വെറും വഴിവെട്ടുകാരായി അവശേഷിച്ചു. പിന്നാലെ വന്നവര്‍ കൊയ്തു കൂട്ടിയതാകട്ടെ അളന്നു തിട്ടപ്പെടുത്താനാകാത്തതും. സാധാരണ പ്രവാസി സ്വന്തം ജീവിതം ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ നിര്‍ബന്ധിതനുമാകുന്നു. ഇതത്രയും അതിശയോക്തിയില്ലാതെ, ഏച്ചുകെട്ടലുകളില്ലാതെ എഴുതിച്ചേര്‍ത്തപ്പോള്‍ അത് പത്തേമാരി എന്തു കൊണ്ട് മികച്ച ചിത്രമായി എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാകുന്നു.

സമീപകാലത്ത് മമ്മൂട്ടി എന്ന പ്രതിഭയില്‍ നിന്നും പ്രേക്ഷകന്‍ കണ്ട മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസി. മമ്മൂട്ടി വെള്ളിത്തിരയിലെഴഉതിയ മനോഹര കാവ്യമായിരുന്നു പത്തേമാരിയിലേത്. പല കാലങ്ങള്‍, പല ഭാവങ്ങള്‍, പല വേഷങ്ങള്‍. ഒരു പക്ഷെ മമ്മൂട്ടിക്ക് മാത്രം ചെയ്യാനാകുന്ന ഒരു കഥാപാത്രമെന്ന വിശേഷഥണത്തിന് അനുയോജ്യമായ വേഷം. അതി ഭാവുകത്വങ്ങളോ, അമിതാഭിനയമോ, അതി വൈകാരികതയോ അല്ല പ്രേക്ഷകന് ആവശ്യം മറിച്ച് യാഥാര്‍ത്ഥ്യങ്ങളെ കണ്‍മുന്നില്‍ കാണാനാണ് അവന് താല്പര്യം. അത് മമ്മൂട്ടി ഭംഗിയായി നിര്‍വ്വഹിച്ചു. ഒരു സാധാരണ പ്രവാസി മലയാളിയുടെ എല്ലാ ഭാവചലനങ്ങളും മമ്മൂട്ടി സ്‌ക്രീനില്‍ വരച്ചിട്ടു. എന്തിനേറെ ക്ലൈമാക്‌സില്‍ ചില യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചു പറയുമ്പോള്‍ പ്രേക്ഷകന് കണ്ണു നിറയുന്നത് തിരക്കഥയിലെ മികവ് കൊണ്ട് മാത്രമല്ല. അത് മമ്മൂട്ടി എന്ന നടന്റെ മികവാണ്. ആ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ പ്രേക്ഷകനെ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇത് ഒരു മമ്മൂട്ടി ചിത്രമെന്ന് പറയാനാകില്ലെങ്കിലും മമ്മൂട്ടിയെ മാറ്റിനിര്‍ത്തി കൊണ്ട് പത്തേമാരിയെ കാണാനാകില്ല. പള്ളിക്കല്‍ നാരായണനെ പ്രേക്ഷകന്‍ ഏറെക്കാലം മനസില്‍ സൂക്ഷിക്കുമെന്നുറപ്പ്. ലാഞ്ചിയില്‍ ആളുകളെ പേര്‍ഷ്യയിലേക്ക് കടത്തി വിടുന്ന ലാഞ്ചി വേലായുധനെ അവതരിപ്പിച്ച സിദ്ദിഖ് പതിവ് പോലെ വിസ്മയിപ്പിച്ചു. രണ്ട് കാലത്തെ ലാഞ്ചി വേലായുധനും പ്രേക്ഷകനെ പിടിച്ചിരുത്തി. പ്രവാസി ആയാലും അല്ലെങ്കിലും പാറയിലിടിച്ച് തകരുന്ന ജീവിതങ്ങളുടെ ബാക്കി പത്രം മിക്കവാറും ഭ്രാന്തായിരിക്കും. അതു പോലെ നിരവധി പേര്‍ക്ക് പേര്‍ഷ്യയിലേക്ക് വഴികാട്ടിയ നിരവധി കുടുംബങ്ങള്‍ക്ക് വഴി കാട്ടിയ, നാടിന്റെ പട്ടിണി മാറ്റിയ ഒരു ലാഞ്ചി കടലില്‍ തകരുമ്പോള്‍ അതിന്റെ അമരക്കാരന് ഭ്രാന്തു പിടിക്കുന്നത് സ്വാഭാവികം. സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഭ്രാന്ത് ഒരു മറയാകുമെങ്കില്‍ അത് സിദ്ദിഖിന്റെ ലാഞ്ചി വേലായുധന്‍ ഭംഗിയായി നിര്‍വ്വഹിച്ചു. വിദേശത്ത് മരിച്ച പ്രവാസിയുടെ ശവശരീരം എംബാം ചെയ്ത് കൊണ്ടു വരുമ്പോള്‍ ഗള്‍ഫില്‍ നിന്നു വരുന്ന പെട്ടി പൊട്ടിക്കുമ്പോള്‍ അളിയന്‍മാര്‍ അടുത്തുണ്ടാവണം എന്ന ഡയലോഗില്‍ പ്രേക്ഷകന്റെ ചിന്ത പല വഴിക്കും പായുന്നു. പേര്‍ഷ്യയില്‍ നിന്നും വരുന്ന പെട്ടിക്കുള്ളിലേക്ക് മാത്രം നോക്കുന്ന കുടുംബക്കാരുടെ ഹൃദയമില്ലാത്ത അവസ്ഥ ഇവിയെ വോലായുധന്റെ വാക്കുകള്‍ക്ക് പിന്നില്‍ ഒളിക്കുന്നുണ്ട്. പുതുമുഖ താരം ജ്യുവല്‍ മേരി വെറുപ്പിക്കുന്നില്ലെങ്കിലും അത്ര കാര്യമായി ഒന്നും ചെയ്യാനില്ല. ശ്രീനിവാസന്റെ മൊയ്തീന്‍ എന്ന ചങ്ങാതി കഥാപാത്രം ഒരിക്കള്‍ കൂടി ശ്രീനിവാസന്‍ എന്ന പ്രതിഭയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ജോയ് മാത്യു, സലീം കുമാര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്നവരെല്ലാം കാഴ്ചാ വിരുന്നിലെ സമൃദ്ധമായ വിഭവങ്ങളായി. മധു അമ്പാട്ടിന്റെ ക്യാമറ ചലനങ്ങള്‍ കാണാതിരിക്കാനാവില്ല. സിനിമയില്‍ നിന്നും കണ്ണെടുക്കനാവാത്ത തരത്തലുള്ള ദൃശ്യ സമ്പന്നത. വിഎഫ്എക്‌സും ഗ്രാഫിക്‌സും പൂര്‍ണ്ണമായും മടുപ്പിച്ചില്ല. എന്തോ എവിടെയേ ഒരു വകല്ലുകടി മണത്തെങ്കിലും പത്തേമാരിയില്‍ ആ സങ്കേതങ്ങള്‍ക്കും മികവ് പുലര്‍ത്താനായി. ഓസ്‌കാര്‍ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും മികവു കാട്ടി. ചിത്രങ്ങളെ സംയോജിപ്പിച്ച വിജയ് ശങ്കറും ചിത്രത്തിന്റെ നിലവാരത്തെ നിലനിര്‍ത്തുന്നതായി. മൂന്ന് പാട്ടുകള്‍, പക്ഷെ മൂന്നും ഒന്നിനൊന്നു മെച്ചം. ചില രംഗങ്ങള്‍ക്കൊപ്പം പാട്ടും വരുമ്പോള്‍ പ്രേക്ഷകനെ അത് കണ്ണീരണിയിക്കുന്നു. നാട്ടില്‍ നിന്നും പ്രവാസി മടങ്ങുമ്പോഴും, മൃതദേഹം വീട്ടിലേക്കെത്തിക്കുമ്പോഴും പ്രേക്ഷകന്‍ ഹരിഹരന്റെ ശബ്ദത്തില്‍ കേള്‍ക്കുന്ന പടിയിറങ്ങുന്നു എന്ന ഗാനം ചിത്രത്തെ മറ്റരൊു തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. മറ്റ് രണ്ട് ഗാനങ്ങളും മോശമെന്നല്ല. ഷഹബാസ് അമന്റെ ശബ്ദത്തിലെത്തിയ ടൈറ്റില്‍ സോംഗും മനോഹരമാക്കി. ഇതിനൊക്കെ കാരണക്കാരനായ ബിജിബാലാണ് വീണ്ടും ഞെട്ടിച്ചത്. അസാമാന്യമായ സംഗീതവും പശ്ചാത്തല സംഗീതവും കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ വിരുന്ന്.

ചെറുപ്പത്തില്‍ മദ്രസയില്‍ ആള്ളാടെ നിരവധി പേരുകള്‍ പഠിച്ചിട്ടുണ്ട്, അതിലൊന്നാണോ നിഞ്ഞളുടേതെന്ന നിഷ്‌കളങ്കമായ ചോദ്യം ഈ ചിത്രത്തിന്റെ നൈര്‍മ്മല്ല്യം വെളിപ്പെടുത്തുന്നു. സിനിമയെ സ്‌നേഹിക്കുന്ന ആര്‍ക്കും, രണ്ട് തുള്ളി കണ്ണുനീര്‍ പൊഴിക്കാനാഗ്രഹിക്കുന്നവര്‍ക്കാര്‍ക്കും ഈ ചിത്രം പോയി കാണാം, റിസ്‌ക്കില്ലാതെ. പ്രവാസിക്ക് അവന്റെ ജീവിതത്തിനുള്ള സമര്‍പ്പണവും അതാല്ലാത്തവന് പ്രവാസ ജീവിതത്തിന്റെ കയ്പും യാഥാര്‍ത്ഥ്യവും മനസിലാക്കാനുള്ള അവസരം കൂടിയാണ് പത്തേമാരി. ഒന്നു കണ്ടു നോക്കൂ.

പുലി


പഴയ കഥ പോലെ പുലി വരുന്നേ എന്ന നിലവിളി കേട്ട് എത്തിയവരെല്ലാം ഇളിഭ്യരായി. പുലി പോയിട്ട് ഒരു പൂച്ച പോലുമില്ല. ചെറുപ്പത്തില്‍ കണ്ട കാര്‍ട്ടൂണുകള്‍ ഇതിലും എത്രയോ ഭേദം. തനി വിജയ് പടം തന്നെ. വേതാളക്കോട്ട, സാങ്കല്പിക ഗ്രാമങ്ങള്‍, വേതാളങ്ങള്‍, അത്ഭുത ഗ്രാമത്തിലെ കുഞ്ഞു മനുഷ്യര്‍, സംസാരിക്കുന്ന മൃഗങ്ങള്‍, പിന്നെ ബാലമംഗളം പ്രചാരത്തിലിരുന്ന നാട്ടിലെന്ന പോലെ ശക്തി മരുന്നും. അങ്ങനെ അവിശ്വസനീയമായ ഒരു കഥ വിജയുടെ ഒറ്റയാല്‍ പ്രകടനത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചപ്പോള്‍ അതിന് പേര് പുലിയെന്നായി.

സ്വത്വം അരിയാതെ ദൂരെ ദേശത്ത് അകപ്പെട്ടു പോകുന്ന കഥാനായകന്‍, നായക ബാലനെ എടുത്തു വളര്‍ത്തുന്ന ഗ്രാമവാസികള്‍, ചെറുപ്പതിലെ ലഭിക്കുന്ന പ്രണയം, ഗ്രാമത്തിന് രക്ഷകനാകുന്ന നായകന്‍, സ്വന്തം ശക്തി തിരിച്ചറിയാനാകാതെ വളരുന്ന നായകന്‍, അയല്‍ഗ്രാമത്തില്‍ പോയി പഠിച്ച് മടങ്ങുന്ന നായിക, കട്ട പ്രണയം, ശത്രുക്കള്‍ തട്ടിക്കൊണ്ടു പോകുന്ന നായികയെ തേടി പോകുമ്പോള്‍ സ്വത്വം തിരിച്ചറിയുകയും നായികയെ കണ്ടത്തുകയും രാജാവാകുകയും ചെയ്യുന്ന നായകന്‍. കഥ പഴയത് തന്നെ. ഒരു വ്യത്യാസവും ഇല്ല. ഇത്തിരി അതിശയോക്തികളും, ഫാന്റസിയും ചേര്‍ത്ത് പുതിയ കുപ്പിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റില്ല. കുപ്പിയും പഴയത് തന്നെ. ശൈലിയും സ്ഥിരം വിജയ് സിനിമകളുടേത് തന്നെ. പിന്നെ ഇന്ത്യന്‍ ചരിത്ര കഥകള്‍ക്കെല്ലാം ഒരേ പ്ലോട്ടായതിനാല്‍ മറ്റു ചരിത്ര സിനിമകളുമായി തോന്നുന്ന സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമായിരിക്കും. ഇന്ത്യന്‍ ചരിത്ര കഥകള്‍ ഇന്നും തുടക്കത്തില്‍ തന്നെ നില്‍ക്കുകയാണല്ലോ. വിജയുടെ മുന്‍ പങ്ങളിലേത് പോലെ തന്നെയാണ് പുലിയിലും ഇന്‍ഡ്രോ. പിന്നെ പതിവ് പോലെ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടും ഡാന്‍സും. ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വശങ്ങള്‍ മികവ് പുലര്‍ത്തി. പ്രത്യേകിച്ച് വിഎഫ്എക്‌സ്. ഇടയ്‌ക്കൊക്കെ മുഴച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഗ്രാഫിക്‌സ് തന്ത്രങ്ങളാണ് ചിത്രത്തെ തനി വിജയ് പടത്തില്‍ നിന്നും അല്പമെങ്കിലും വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സംസാരിക്കുന്ന ആമയും, പുലിയുമായുള്ള മല്‍പ്പിടുത്തവും എല്ലാം പ്രേക്ഷകന്‍ തങ്ങളെ പുലി പറ്റിക്കുന്നു എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ കണ്ടിരുന്നു. പക്ഷെ വിജയുടെ കരിമ്പുലിയുമായുളള്ള മല്‍രപ്പിടുത്തം കമ്ടവര്‍ അന്തം വിട്ടു. ഇതെന്ത് മല്‍പ്പിടുത്തം. ഓ ഇങ്ങനെയും മല്‍പ്പിടുത്തം നടത്താമല്ലേ. ആദ്യ പകുതി രസം പിടിച്ചു വരുന്നു എന്നു തോന്നിക്കുമെങ്കിലും അതുണ്ടാകില്ല. സ്വാഭാവികം. നാടന്‍ കഥകളും, ചില തട്ടിപ്പുകളുമായി സിനിമയ്ക്ക് അടിസ്ഥാനമിടാന്‍ ആദ്യ പകുതി ശ്രമിച്ചു. കഥ പറയാന്‍ ഒരു ബേസ് വേണമല്ലോ. പക്ഷെ ഈ അടിസ്ഥാനം എത്രയോ മുന്‍പ് ഇന്ത്യന്‍ സിനിമയില്‍ ഇട്ടതാണ്. ഇപ്പോഴും ഈ അടിസ്ഥാനത്തില്‍ തന്നെ കഥ കെട്ടിപ്പെടുക്കാനാണ് ചിമ്പുദേവന്‍ ശ്രമിച്ചത്. സ്ഥിരം തമിഴ് ശൈലിയിലുള്ള സ്റ്റണ്ടുകളുമായതോടെ പടം പിടിവിട്ടു. വിദേശ കലാകാരന്‍മാര്‍ ചെയ്താലെന്താ അടി തമിഴ് അടി തന്നെ. ദേവീശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളില്‍ ചിലത് കടുത്ത വിജയ് ആരാധകര്‍ക്ക് ആവേശമായി. അവ്‌ലാതെ അത്ര മേന്‍മയൊന്നും ആ ഗാനങ്ങള്‍ക്ക് അവകാശപ്പെടാനില്ല. തീയ്യേറ്ററുകളില്‍ ആരവം തീര്‍ക്കാര്‍ ഗാനങ്ങള്‍ക്കായി എന്നത് സത്യം. പക്ഷെ ഗാനരംഗങ്ങളിലെ കൊറിയോഗ്രഫി നിരാശപ്പെടുത്തി. എന്താ ഇനിയും ഇതിനൊന്നും ഒരു മാറ്റം വരാത്തത്.

നൂറു കോടി മുടക്കി ഒരുക്കിയ ചിത്രം, ഒരു വര്‍ഷത്തോളം സമയമെടുത്ത ചിത്രീകരണം,

തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയദളപതിയുടെ സാനിധ്യം, രണ്ട് നായികമാര്‍, പാട്ടിന് പാട്ട്, ഡാന്‍സിന് ഡാന്‍സ്, ആക്ഷന് ആക്ഷന്‍ പ്രേക്ഷന് പ്രതീക്ഷിക്കാന്‍ ഇതിലും വലുതെന്ത് വേണം. എന്നാല്‍ പുലി വലിയൊരു സന്ദേശവും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ലിന്‍രെ ഓര്‍മ്മക്കായി ഒരു സന്ദേശം. പ്രതീക്ഷിക്കാം, സ്വന്തം റിസ്‌ക്കില്‍ മാത്രം. അതിന് ആരേയും, ഒന്നിനേയും കൂട്ടു പിടിക്കരുത്.



പ്രകടനത്തില്‍ പ്രേക്ഷകന്റെ കൈയ്യടി ആവോലം ലഭിച്ചത് ശ്രീദേവിയുടെ യവന റാണിയ്ക്കാണ്.

വേതാളക്കോട്ടയിലെ റാണി ശ്രദേവി എന്ന പക്വതയാര്‍ന്ന നടിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഇടയ്ക്ക് മീലിഫഷ്യന്റില്‍ ആഞ്ചലീന അവതരിപ്പിച്ച ദുര്‍മന്ത്രവാദിനിയുടെ ചില മാനറിസങ്ങള്‍ കടന്നു വന്നെന്നു മാത്രം. ചിത്രത്തിന്റെ അണിയറക്കാര്‍ ആരെങ്കിലും ആ ഹോളിവുഡ് ചിത്രം കണ്ടിട്ടുണ്ടാവുമല്ലോ. ശത്രുരാജ്യത്തെ ഇളയ ദളപതിയെ അവതരിപ്പിച്ച സുദീപും മോശമാക്കിയില്ല. മരുദ്ധീരന്‍ എന്ന കഥാപാത്ത്‌തേയും മരുദ്ധീരന്‍രെ അച്ഛനേയും അവതരിപ്പിച്ച വിജയ് തന്റെ ആരാധകരെ ആവേശം കൊള്ളിച്ചു. പക്ഷെ ഇപ്പോഴും വിജയുടെ ശൈലികള്‍ക്ക് മാത്രം മാറ്റമില്ല. പതിവ് തോള്‍ കുലുക്കിയുള്ള സംസാരവും, നൃത്തച്ചുവടുകള്‍ പോലെയുള്ള നടപ്പും എല്ലാം പഴയ പടി തന്നെ. ലുക്കിലും മാറ്റമൊന്നുമില്ല. ബാക്കി കഥാപാത്രങ്ങലെല്ലാം പരമ്പരാഗത ശൈലിയിലെത്തുമ്പോള്‍, മുന്‍ ചിത്രങ്ങളിലേത് പോലെ  ചെറിയ ഊശവിജയ് ാന്‍ താടിയുമൊക്കെയായി കട്ട ഫ്രീക്ക് തന്നെ. ശൈലികളൊക്കെ സ്ഥിരമാണെങ്കിലും പ്രേക്ഷകനെ കൈയ്യിലെടുക്കാന്‍ വിജയ്ക്ക് കഴിയുന്നുണ്ടെന്നത് സത്യം. മരുദ്ധീരനേക്കാള്‍ കൈയ്യടി അച്ഛന്‍ കഥാപാത്രത്തിന് ലഭിച്ചോ എന്നൊരു സംശയം. നായകന്റെ വികാരങ്ങള്‍ക്കും മാറ്റമില്ല. അച്ഛന്‍ മരിച്ചാലും, നായികയെ തട്ടിക്കൊമ്ടു പോയാലും, യുദ്ദത്തിന് പോയാലും, യുദ്ധം ജയിച്ചാലും, രാജാവായാലുമെല്ലാം ഒരേ വികാരം. പ്രേക്ഷകന് നിര്‍വികാരത സമ്മാനിക്കുന്ന വികാരം. ഒരു നായിക ശ്രുതി ഹാസന് വല്ല്യ റോളൊന്നുമില്ല. മേനി പ്രദര്‍ശനമാണ് പ്രധാന റോള്‍. വിരസമാകുന്ന രംഗങ്ങളിലൊക്കെയും ശ്രുതി ഹാസന്റെ പ്രദര്‍ശനം ചെറിയ ആശ്വാസമാകുന്നു. ഹന്‍സികയും മോശമാക്കിയില്ല. വേതാളക്കോട്ടയിലെ അരുമ രാജകുമാരിയെ ഹന്‍സിക തന്നാലാവും വിധം മനോഹരമാക്കി. വേഷഭൂഷാദികളിലും, മട്ടിലും രാജകുമാരിയാണെങ്കിലും ഹന്‍സിക ഹന്‍സിക തന്നെ. ചിത്രത്തിന്റെ അരങ്ങില്‍ മാത്രമല്ല അണിയറയിലും പ്രവര്‍ത്തിചത് മികച്ച ടീം തന്നെയായിരുന്നു.  കലാസംവിധാനം നിര്‍വ്വഹിച്ചത് ടി മുത്തുരാജായിരുന്നു. വല്ല്യ കുഴപ്പമില്ലാതെ തന്റെ ജോലി മുത്തുരാജ് അവസാനിപ്പിച്ചപ്പോള്‍ പക്ഷെ ഒരു പ്രതിഭയുടെ മികവൊന്നും പ്രകടമായില്ല എന്നു പറയാം. ആക്ഷന്‍ രംഗങ്ങളൊരുക്കിയത് തായ്‌ലന്‍ഡുകാരന്‍ യോങ് ലീ ആണ്. പക്ഷെ അടി തമിഴ് അടി തന്നെ. നടരാജന്‍ സുബ്രഹ്മണ്യന്‍ എന്ന ഛായാഗ്രാഹകന്റെ മികവ് പക്ഷെ എടുത്തു പറയേണ്ടതാണ്. ക്യാമറ ഒരിക്കലുംവ പ്രേക്ഷകന് വിരസത സമ്മാനിക്കുന്നില്ല എന്നത് തന്നെ കാര്യം.

പറ്റിക്കുമ്പോള്‍ മാന്യമായി പറ്റിച്ചു കൂടേയെന്ന പ്രേക്ഷകന്റെ ചോദ്യത്തില്‍ കഴമ്പുണ്ടോയെന്നറിയാന്‍ സിനിമ കണ്ടു തന്നെ നോക്കണം. സ്വന്തം റിസ്‌ക്കില്‍ കാണണമെന്ന് മാത്രം. കൊച്ചു ടീവിയും കാര്‍ട്ടൂണ്‍ ചാനലുകളും ഞങ്ങഠെ വീട്ടിലും ഉണ്ടെന്ന് പറയാന്‍ പറഞ്ഞു എന്ന ട്രോളേഴ്‌സിന്‍രെ ട്രോളിനെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ പുലി എന്ന പേര് കേള്‍ക്കുമ്പോള് ഉണ്ടാായിരുന്ന ഭയം ഇല്ലാതാക്കനാന്‍ ചിമ്പുദേവന് കഴിഞ്ഞു. നന്ദിയുണ്ട് സാറേ നന്ദി.

നിശബ്ദത ഭയപ്പെടുത്തിയ മായ


ഭയം എന്ന വികാരത്തെ മുന്‍പും നിരവധി സിനിമകള്‍ ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷെ മായ കണ്ടിറങ്ങുമ്പോല്‍ ഒരു സെമിത്തേരിയും, അവ്യക്തമായ കുറച്ചു രൂപങ്ങളും, ശബ്ദങ്ങളും, അതിലെല്ലാമുപരി കുറച്ച് സംശയങ്ങളും പ്രേക്ഷകന്‍ ഒപ്പം കൊണ്ടു പോകും. ശരിക്കും അവിടെയല്ലേ ഒരപ തിരക്കഥാകൃത്തിന്റേയും സംവിധായകന്‍രേയും വിജയം. മുന്‍പ് കണ്ട നിരവധി ചിത്രകങ്ങളുടെ പല ഭാഗങ്ങളും മായയിലും കണ്ടു. എങ്കിലും അശ്വിന്‍ ശരവണന്റെ മായ പ്രേക്ഷകന് ഇഷ്ടപ്പെടുന്നു. അതാണ് മായയുടെ മേക്കിംഗ് പ്രത്യേകത.

നിശബ്ദതത ഏതൊരു മനുഷ്യനും ഭയമാണ്. കൊല്ലുന്ന ഭയം. അതു കൊണ്ടു തന്നെ ഹൊറര്‍ സിനിമകളെല്ലാം നിശബ്ദതതയെ ഒരു കഥാപാത്രമായി ഒപ്പം കൂട്ടാറുണ്ട്. മായയും അത് വളരെ ഭംഗിയായി ഉപയോഗിച്ചു. പ്രേക്ഷകന്റെ നിശബ്ദതയെ പേടി നന്നീയി ചൂഷണം ചെയ്തു. നിശബ്ദതയില്‍ നിന്നും പ്രേക്ഷകന് നേകരെ ചാടി വരുന്ന ഒരു കൈ, തലയില്ലാത്ത ശരീരം, മുടിയഴിച്ചിട്ട സ്ത്രീ രൂപം, പൂച്ച, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അതും ഹൊറര്‍ സിനിമകളുടെ കൂടെപ്പിറപ്പാണ്. മായയും മാറി ചിന്തിക്കുന്നില്ല. നനിശബ്ദതയില്‍ നിന്നും പ്രേക്ഷകന് നേരെ എന്‌തെങ്കിലുമൊക്കെ അപ്രതീക്ഷിതമായി എറിഞ്ഞു കൊടുക്കാന്‍ മായ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ട്. സൗണ്ട് ട്രാക്കാണ് ഹൊററിന്റെ മറ്റൊരു പ്രത്യേകത. നിശബ്ദതയില്‍ നിന്നും ശൂന്യതയില്‍ നിന്നും ഉയരുന്ന ഭീകരമായ ശബ്ദങ്ങളും ഹൊറര്‍ ഭീതി ജനിപ്പിക്കുമല്ലോ. അപ്രതീക്ഷിതമായ ഉയരുന്ന ശബ്ദത്തില്‍ പ്രേക്ഷകനിലുണ്ടാകുന്ന ഞെട്ടലിനെ ചൂഷമം ചെയ്യനായി അത്തരം സൗണ്ട് ട്രാക്കുകളും മായയില്‍ ആവശ്യത്തിനുണ്ട്. പ്രേതമില്ലാത്ത പ്രേത ചിന്തകളും, ചുറ്റുപാടുകളും എല്ലാം പ്രേത സിനിമകളുടെ മുന്‍ഗാമികളായ കോണ്‍ജറിംഗ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യ പകുതിയില്‍ എന്താമ് സംഭവിക്കുന്നതെന്ന മനസിലാകാതെ അന്തം വിട്ടിപുന്ന പ്രേക്ഷക മനസുകളിലേക്ക് ആദ്യ രംഗം മുതല്‍ ഭയത്തിന്റെ നേരിയ തണുപ്പ് കയറ്റി വിടാനും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കാനും സംവിധായകന് കഴിഞ്ഞു. പതിവ് തമിഴ് ചിത്രങ്ങലില്‍ നിന്നും വ്യത്യസ്തമായി ഒരു രംഗത്തില്‍ പോലും കഥയോ കഥാപാത്രങ്ങളോ സംവിധായകന്റെ പിടി വിട്ടു പോകുന്നില്ല എന്നതും ശ്രദ്ധേയം. ചിലയിടത്തൊക്കെ തിരക്കഥ വഴി മാറുകയും സംവിധായകന് പ്രേക്ഷകന്റെ പള്‍സ് നഷ്ടമാവുകയും ചെയുന്നുണ്ട്. പക്ഷെ അത് കൈകാര്യെ ചെയ്യാനുള്ള മികവ് അശ്വിനുണ്ടായിരുന്നു. കൈയ്യടക്കത്തോടെ സിനിമയെ കൈകാര്യം ചെയ്ത സംവിധായകന്‍ തമിഴ് സിനിമ ലോകത്ത് നടത്തിയ ഒരു പുത്തന്‍ പരീക്ഷണമായി മായയെ കാണാം. ഒരിക്കല്‍ പോലും പ്രേതത്തിന്‍രെ മുഖം കാണിക്കുന്നില്ലെങ്കിലും പ്രേതം കാരമം പ്രേക്ഷകനെ ഞെട്ടിക്കാന്‍, പേടിപ്പിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. എത്തേണ്ടിടത്തേക്ക്, നായികയിലേക്ക് ചിത്രമെത്തിക്കുന്നതിലും ഏച്ചു കെട്ടലുകളോ, അതിശയോക്തികളോ ഇല്ല. തിരക്കഥാകാരന്‍ കൂടിയ അശ്വിന്‍ ശരവണന്‍ എന്ന നവാഗതനെ മനസു തുറന്ന് അഭിനന്ദിക്കേണ്ട നിരവധി സന്ദര്‍ഭങ്ങളാണ് ചിത്രത്തിലുള്ളത്. സമാന്തരമായ രണ്ട് കഥകളിലൂടെ സഞ്ചരിക്കുന്ന സിനിമ സത്യമേത് മിഥ്യയേത് എന്ന ചോദ്യങ്ങളുയര്‍ത്തുന്നത് സ്വാഭാവികം. പക്ഷെ പ്രേക്ഷകനെ സംശയത്തിന്റേയും ആരാംഷയുടേയും മുല്‍ മുനയില്‍ നിര്‍ത്താനും ചിത്രത്തിന് കഴിയുന്നുണ്ട്. നിലവിലുള്ള വിവാഹ, വിവാഹേതര ബന്ധങ്ങളേയും, കുടുംബ ജീവിത സങ്കല്പങ്ങളേയും, അന്ധവിശ്വാസങ്ങളേയും ചോദ്യം ചെയ്യാനും പ്രേക്ഷന്‍രെ യുക്തിയെ ചേദ്യം ചെയ്യാതെ ചിത്രം ശ്രമിക്കുന്നുണ്ട്. പ്രേക്ഷകനെ കാവ്ചക്കാരനാക്കാനല്ല സിനിമയ്‌ക്കൊപ്പം കൊണ്ടു പോകാനാണ് മായയില്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

സാധാരണ തമിഴ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി മായ പ്രേക്ഷകന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് മായയില്‍ ഉള്ളതിനേക്കാല്‍ ഇല്ലാത്ത ഘടകങ്ങള്‍ കൊണ്ടാണ്. ഹൊററാണ്, പേടിപ്പിക്കുന്നുണ്ട്, പക്ഷെ ചിത്രത്തില്‍ അനാവശ്യ ഗാനങ്ങളില്ല, തട്ടു പൊളിപ്പന്‍ നൃത്തങ്ങളില്ല, ക്ലീഷേ കോമഡികളില്ല, സ്ഥിരംവ വെറുപ്പിക്കലുകളില്ല.  മായ സിനിമ എന്ന നിലയില്‍ മികച്ച പരിശ്രമം തന്നെയാണ്. സംശയമില്ല.

മായാവനം എന്ന ഘോരവനമാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ആ വനത്തിനുള്ളിലെ ഭ്രാന്താശുപത്രിയും, അവിടെ ചെന്നവരാരും തിരികെ വരാത്തും, അതിന്റെ കാരണങ്ങളും, ആശുപത്രിയേയും അവിടുത്തെ ആളുകളേയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമാണ് മായയുടെ ആകെത്തുക. ഭ്രാന്താശുപത്രിയിലാകുന്ന മായാ മാത്യൂസിനെ ആശുപത്രിക്ക് മുന്‍പോ, ആശുപത്രിയിലോ, ശേഷമോ ആരും കണ്ടിട്ടില്ല. സിനിമയും പ്രേക്ഷകനും അതില്‍ ഒരു പോലെ തന്നെ. മായാവനത്തിലെ മരങ്ങള്‍ക്കും നിഴലുകള്‍ക്കും ചുമരുകള്‍ക്കും എന്തിന് വെളിച്ചത്തിന് പോലും ഒരു നിഗൂഢതയുടെ മുഖമാണ്. അവിടെയാമ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൈയ്യടി അര്‍ഹിക്കുന്നത്. ഓരോ ഷോട്ടിലും ഓരോ സീനിലും ഒളിപ്പിച്ച് വച്ചിരിക്കുന്ന ഭയവും നിഗൂഢതകളും സത്യന്‍ സൂര്യയുടെ ക്യാമറ കൃത്യമായി പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നു. കണ്ണിമയ്ക്കാന്‍ സമ്മതിക്കാതെ. വെറുപ്പിക്കാത്ത ഗ്രാഫിക്‌സും എഡിറ്റിംഗും മറ്റൊരു പ്രധാന ഘടകമാണ്. ടി #െസ് സുരേഷിന്റെ ചിത്ര സംയോജനം ഒരിടത്തും ഏച്ചു കെട്ടലോ, മുഴച്ചു നില്‍ക്കലോ ആകുന്നില്ല. റോണ്‍ എത്തന്‍ യൊഹാന്‍ എന്ന സംഗീത സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു. എല്ലാം ആവശ്യത്തിനും അത്യാവശ്യത്തിനും മാത്രം. എന്നാല്‍ മികച്ച രീതിയില്‍. സൗണ്ട് ഡിസൈനും സിനിമയെ പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. സിനിമയ്‌ക്കൊപ്പം സ്ചരിക്കുന്ന പ്രേക്ഷകനെ സിനിമയിലേക്കും കഥാപാത്രങ്ങള്‍ക്കൊപ്പവും കൂട്ടിക്കൊണ്ടു പോകാന്‍ ശബ്ദമിശ്രണത്തിന് കഴിയുന്നുണ്ട്. സിനിമയ്ക്കുള്ളില്‍ തിയ്യേറ്ററിനുള്ളിലിരിക്കുന്ന അപ്‌സരയ്‌ക്കൊപ്പം സിനിമയ്ക്കുള്ളിലേക്ക് കയറിപ്പോകാന്‍ ഓരോ പ്രേക്ഷകനും കഴിയുന്നുണ്ട്. അഭിനേതാക്കളാരും വെറുപ്പിച്ചില്ല. നയന്‍താര ഓരോ ചിത്രം കഴിയുന്തോറും അബിനയത്തില്‍ മികവ് പുലര്‍ത്തുന്നു എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മായ. ചിത്രത്തില്‍ ഓഢീഷനായി പോകുന്ന ഒരു രംഗം മാത്രം മതി നയന്‍താരയിലെ അബിനേതാവിനെ പ്രേക്ഷകന് തിരിച്ചറിയാന്‍. അമിതാഭീനയമോ, ഭാവപ്രകടനങ്ങളോ, വെറുപ്പിക്കലോ ഇല്ല. പ്രേക്ഷകന്‍ മായയിലെ അപ്‌സരയെ ഇഷ്ടപ്പെടാന് വേറെന്തു വേണം. ആരി, അംസദ് ഖാന്‍, ലക്ഷ്മി പ്രിയ്യ, റോബോ ശങ്കര്‍, തുടങ്ങി സുപരിചിതമല്ലാത്ത മുഖങ്ങളാമ് നയന്‍താരയ്‌ക്കൊപ്പെ അണിനിരന്നതെങ്കിലും ആരും മോശമാക്കിയില്ല.

അന്തം വിടല്‍, ഭയം, ഞെട്ടല്‍, അതിശയം, ഇനി എന്തെങ്കിലുമൊക്കെ വികാരങ്ങളുണ്ടാങ്കില്‍ അതും സമ്മാനിക്കുന്ന ഒരു ചിത്രമാണ് മായ. മികച്ച സിനിമാറ്റിക്ക് പരീക്ഷണം, പരിശ്രമം. അംഗീകരിക്കാതിരിക്കാന്‍ വഴിയില്ല. സിനിമയ്ക്കിടെ എപ്പോഴെങ്കിലും തീയ്യേറ്ററിന്‍രെ വശങ്ങലിലേക്കോ അടുത്ത സീറ്റിലേക്കോ നിങ്ങള്‍ മുഖം തിരിക്കുന്നെഹ്കില്‍ അത് സിനിമയുടേയും സംവിധായകന്റേയും വിജയം തന്നെയാണ്. സംവിധായകനും അമിയറക്കാര്‍ക്കും അബിനന്ദനങ്ങളോടെ പറയട്ടെ ഒരു പരീക്ഷണമെന്ന നിലയിലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമാണ് മായ.