Saturday, 3 May 2014

ത്രീ അയേണ്‍.


പ്രമുഖ ദക്ഷിണ കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡൂക്കിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ത്രീ അയേണ്‍. ചിത്രത്തിന്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് സംഭാഷണങ്ങള്‍ ഇല്ലാത്തതാണ്  ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രമാണ് നായിക കഥാപാത്രമായ സുന്‍ഹ വായ തുറക്കുന്നത്. എന്നിരുന്നാലും ചിത്രപത്തിന്റെ ആശയമെന്നാണെന്നും, സംവിധായകന്‍ എന്താണ് പറയാനുദ്ദേശിക്കുന്നതെന്നും ചിത്രത്തില്‍ നിന്നും കാഴ്ചക്കാരന് അനായാസം വായിച്ചെടുക്കാനാകും. സെക്‌സും ക്രൈമും തന്റെ ചിത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളായി കരുതുന്ന ഡൂക്കിന്റെ മറ്റു ചിത്രങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാണ് ത്രീ അയേണ്‍.
തെരുവുകള്‍ തോറും സഞ്ചരിച്ച് വീടുകളുടെ വാതിലുകളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്ന തേ സൂക്ക് എന്ന യുവാവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം. രാവിലെ വാതിലുകളില്‍ സ്ഥാപിക്കുന്ന അടയാളങ്ങള്‍ വൈകിട്ടും മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ അതൊരു ഒഴിഞ്ഞ വീടാണെന്ന് മനസിലാക്കുന്ന തേ സൂക്ക് വീട് തുറന്ന് അവിടെ തങ്ങുന്നു. സ്വന്തം വീട് പോലെ കരുതിയാണ് തേ സൂക്കിന്റെ പെരുമാറ്റങ്ങള്‍. ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നു, വസ്ത്രങ്ങള്‍ അലക്കുന്നു, വീട് വൃത്തിയാക്കുന്നു, കേടായ വസ്തുക്കള്‍ നന്നാക്കുന്നു. ഉറക്കം വരുമ്പോള്‍ ഉറങ്ങുന്നു. വീട്ടുകാര്‍ മടങ്ങി വരുമ്പോള്‍ അടുത്ത വാസസ്ഥലം തേടി പോകുന്നു. യാദൃച്ഛികമായി ഒരു വീട്ടില്‍ വച്ച് സുന്‍ഹ്വാ എന്ന വിവാഹിതയായ യുവതിയെ കാണാനിടയാകുന്ന തേ സൂക്ക് മെല്ലെ അവളുമായി പ്രണയത്തിലാകുന്നു. യുവതിയെ അകാരണമായി പീഠിപ്പിക്കുന്ന ഭര്‍ത്താവിനെ ഗോള്‍ഫ് പന്തുപയോഗിച്ച് അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന തേ സൂക്ക് യുവതിയേയും കൂടെ കൊണ്ട് പോകുന്നു. തുടര്‍ന്നുള്ള യാത്ര ഇരുവരുമൊന്നിച്ചാണ്. ബൈക്കില്‍ നാട് ചുറ്റുന്ന  ഇരുവരും ചേര്‍ന്ന് തേ സൂക്കിന്റെ പഴയ പണി തുടരുന്നു. സംഭാഷണമില്ലാത്ത രംഗങ്ങളിലും പ്രണയം മെല്ലെ മെല്ലെ വളരുന്നത് കാഴ്ചക്കാരന് ബോധ്യം വരുന്നുണ്ട്.
ഗോള്‍ഫ് പന്തില്‍ കേബിള്‍ കൊണ്ട് ബന്ധിച്ച് മരത്തില്‍ കെട്ടിയിട്ട് തേ സൂക്ക് ഗോള്‍ഫ് പരിശീലനം നടത്തുന്നത് സിനിമയില്‍ ഇടക്കിടെ കടന്നു വരുന്നുണ്ട്. തൊടുക്കുന്ന ഒരോ പന്തും ലക്ഷ്യത്തിലെത്തുന്നു എന്ന ഭാവം അയാളുടെ മുഖത്ത് മിന്നിമറയുന്നുമുണ്ട്.
ഒരു ബോക്‌സറുടെ വീട്ടില്‍ പ്രണയാര്‍ദ്രരായി കെട്ടിപ്പിടിച്ചുറങ്ങുന്ന ഇരുവരം പിടിക്കപ്പെടുന്നു. ബോക്‌സറുടെ ഇടിയില്‍ തളര്‍ന്നു പോകുന്ന തേ സൂക്ക് തന്റെ ദേഷ്യം തീര്‍ക്കാനെന്നോണം അടിക്കുന്ന ഗോള്‍ഫ് പന്ത് കേബിള്‍ പൊട്ടിച്ച് ഒരു കാറില്‍ പതിക്കുകയും, കാറിന്റെ ചില്ല് തകര്‍ന്ന് ഉള്ളിലിരിക്കുന്ന സ്ത്രീക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്യുന്നു.
വീണ്ടും യാത്ര തുടരുന്ന ഇരുവരും ചില ഗുരുതരമായ കുഴപ്പങ്ങളില്‍ പെട്ട് ജയിലാവുകുന്നു. പ്രതീക്ഷിച്ചതെന്തോ സംഭവിച്ച പ്രതീതിയാണ് അപ്പോഴുണ്ടാകുന്നത്. വിരഹത്തനിന്റെ നേരിയ വേദന പ്രേക്ഷകനും സമ്മാനിക്കുന്ന രംഗങ്ങള്‍ക്കൊടുവുല്‍ തേ സൂക്ക് സുന്‍ഹ്വയുടെ വീട്ടിലെത്തി അവര്‍ക്ക് മാത്രം കാണാവുന്ന അദൃശ്യ സാനിധ്യമായി ജീവിക്കുകയും ടെയ്യുന്നു.
പ്രണയം, വിരഹം, വേദന, ഇത്തിരി സന്തോഷം, നിര്‍വികാരത തുടങ്ങി നിരവധി അനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. നിശബ്ദതയുടെ സംഭാഷണങ്ങള്‍ ചിത്രത്തിലുടനീളം മുഴങ്ങുന്നുണ്ട്. പ്രണയത്തിന് ശബ്ദത്തിന്റെ ആവശ്യം വേണ്ട എന്ന് കിം കി ഡൂക്ക് തെളിയിക്കുകയാണ് ത്രീ അയേണിലൂടെ. ഡൂക്കിനോട് പ്രേക്ഷകര്‍ക്കുള്ള വിശ്വാസ്യത നഷ്ട്ടപ്പെട്ടില്ല എന്ന്  ചുരുക്കം. . . . . .

No comments:

Post a Comment