Thursday, 8 May 2014

അക്ബര്‍ അലി മുതല്‍ അക്ബര്‍ അലി വരെ; മോസയിലെ കുതിരമീനുകള്‍.


    ആഷിക് അബു ചിത്രം ചിത്രം ഗ്യാങ്‌സ്റ്ററിലെ അക്ബര്‍ അലിയെ അജിത് പിള്ളയുടെ മോസയിലെ കുതിരമീനുകളിലെ അക്ബര്‍ അലിയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നറിയാം. എന്നാല്‍ രണ്ട് അക്ബര്‍ അലിയും മലയാളിയുടെ തലയ്‌ക്കേറ്റ അടികളായിരുന്നു. ഛായാഗ്രഹണം ഒഴിച്ച് നിര്‍ത്തിയാല്‍ കുതിര മീനുകള്‍ക്ക് പുതിയതായി ഒന്നും സംഭാവന ചെയ്യാനായില്ല. മലയാള സിനിമയില്‍ വ്യത്യസ്തമായ കഥ പറഞ്ഞ ആമേന്റെ ഛായാഗാഹകനായിരുന്ന അഭിനന്ദ് രാമാനുജമാണ് ചിത്രത്തിനായും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമിലും ഒരു രാമാനുജം ടച്ച് കാണാനുണ്ടായിരുന്നു. അണ്ടര്‍വാട്ടര്‍ റിംഗ് ക്യാമറ ഉപയോഗിച്ചിരിക്കുന്നതിന്റെ ഭംഗി കടലിനടിയിലെ രംഗങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കി. ചിത്രം തീര്‍ച്ചയായും അറിയപ്പെടുന്നത് ഛായാഗ്രാഹകന്റെ പേരില്‍ തന്നെയായിരിക്കും. തിരക്കഥ എവിടെയൊക്കെയോ പാളിയെന്ന് തോന്നിയെങ്കിലും സംവിധായകന്‍ അതൊക്കെ പരിഹരിച്ചെന്ന് ചിലപ്പോള്‍ തോന്നും. പക്ഷെ ആകെയൊരു അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നു എന്നത് സത്യം.
കോട്ടയംകാരന്‍ അച്ചായനായി എത്തുന്ന അലക്‌സ് ജോസഫ് (ആസിഫ് അലി) വേറെ ഏതൊക്കെയോ സിനിമയിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചെന്ന് തോന്നുന്നു. കയ്യിലിരുപ്പ് കൊണ്ട് ജയിലിലകപ്പെടുന്ന അലക്‌സിനെ ചുറ്റിപ്പറ്റി പുരോഗമിക്കുന്ന കഥ ചിലപ്പോഴൊക്കെ തട്ടിതടഞ്ഞെങ്കിലും വീണില്ല. പലതവണ ജയില്‍ ചാടാനൊരുങ്ങുന്ന അലക്‌സ് മനപൂര്‍വം  തെരഞ്ഞെടുക്കുന്ന വഴികള്‍ മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നുള്ളതായിരുന്നു. മറ്റൊരു വഴിയും ഇല്ലാത്തതിനാലും, ജയില്‍ ചാട്ടത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കിയതിനാലും, കുറ്റവാളികള്‍ക്ക് പ്രചോദനമാകുമെന്ന്കരുതിയുമായിരിക്കും സംവിധായകന്‍ ഇങ്ങനെയൊരു അടവ് പരീക്ഷിച്ചത്. പക്ഷെ അതങ്ങോട്ട് ഏറ്റില്ല. അവസാനം കൊലയറ വഴി പുറത്ത് ചാടുന്ന അലക്‌സിനടുത്തേക്ക് ജയില്‍ ചാടിയെത്തുന്ന പുതിയ കഥാപാത്രം കഥയില്‍ ട്വിസ്റ്റുണ്ടാക്കുന്നു. അത് വരെ സ്‌ക്രീനില്‍ ഇല്ലാതിരുന്ന പുതിയ മുഖം. അധികമൊന്നും സംസാരിക്കാത്ത അയാളുടെ പേര് മനസിലാക്കാനും കഥയില്‍ ദുരൂഹത വിതറാനുമായിരിക്കും ഒരു കത്ത് സംവിധായകന്‍ കൊണ്ടു വരുന്നത്. ദുരൂഹത എന്ന് ഇടക്കിടെ പറയേണ്ടി വരുമെന്ന് മാത്രം.
കേരളത്തില്‍ നിന്നും ലക്ഷ ദ്വീപിലേക്ക് കഥ മാറുന്നതോടെ അവ്യക്തതകളും കൂടെ കൂടുന്നു. ദ്വീപിലേക്കുള്ള കപ്പലില്‍ കറിപ്പറ്റാനായി തിരക്കഥാകൃത്ത് കണ്ടെത്തിയ വഴി അത്ര ദഹിച്ചില്ല. അക്ബര്‍ അലി അതാണ് അയാളുടെ പേര്. ഏതോ അദൃശ്യമായ ലക്ഷ്യവുമായാണ് അക്ബര്‍ അലി(സണ്ണി വെയ്ന്‍) ജയില്‍ ചാടിയത്. ചാടിയ ജയിലില്‍ തിരികെയെത്താന്‍ ഒരുങ്ങുന്ന അലക്‌സും കൂടെ കൂടുന്നതോടെ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ തുഴ നഷ്ടപ്പെട്ട് നടുക്കടലിലാവുകയാണ്. ജനനി അയ്യര്‍ അവതരിപ്പിക്കുന്ന പോസ്റ്റല്‍ അസിസ്റ്റന്റിന്റെ കഥാപാത്രം സിനിമയ്ക്ക് തീരെ യോജിക്കുന്നതായിരുന്നില്ല. ചിത്രത്തിന്റെ അവിടവിടെ എന്തോ മുഴച്ച് നില്‍ക്കുന്ന പോലെ. എന്നാല്‍ സ്വാതി റെഡ്ഢിയിലേക്കെത്തുന്നതോടെ ചിത്രം മാറുന്നു. ടിപ്പിക്കല്‍  മുസ്ലീം പെണ്‍കുട്ടിയായെത്തുന്ന സ്വാതി ഇസ എന്ന തന്റെ കഥാപാത്രത്തെ കൈയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കത്തിലെവിടെയോ പരാമര്‍ശിച്ച ഇസയേയും ആബിദിനേയും പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള ഇസയും അരയനായ അക്ബറും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ മനസില്‍ ഇത്തിരി പോലും പ്രണയം ജനിപ്പില്ല. പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് വല്ലാതെ ആകര്‍ഷിച്ചു. ഹൃദ്യമായ സംഗീതം, ശക്തമായ ആവിഷ്‌കാരം, ആരേയും ആകര്‍ഷിക്കുന്ന ഫ്രെയിമുകള്‍. തലച്ചോറില്‍ ഒരു ചെറിയ പ്രകാശം മിന്നി മാഞ്ഞു.
അക്ബര്‍ അലിയുടെ ലക്ഷ്യം സാധിച്ച് ഇരുവരും മടങ്ങുന്നിടത്ത് ശുഭാവസാനമാകുമെന്നാണ് കരുതിയത്. പക്ഷെ പതിവ് ട്വിസ്റ്റ് ഇവിടെയും കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രണയ സാഫല്ല്യം, കരച്ചില്‍, സന്തോഷം അങ്ങനെ അങ്ങനെ . . . . എന്തൊക്കെയായാലും മോസയിലെ കുതിരമാനുകളും അതിന് അണിയറക്കാര്‍ നല്‍കിയ അര്‍ത്ഥവും എനിക്ക് മസ്സിലായില്ല. പരസ്പരം പോരടിക്കുന്ന മീനുകള്‍, തിരമാലകള്‍, . . ..  വി ടി പറഞ്ഞത് പിന്നെയും ഇവിടെ ചേരുന്നുണ്ടെന്ന് തോന്നുന്നു. തിരമാലകള്‍ ഒരോ തവണയും കരയിലെ മണല്‍തരികളെ തട്ടിത്തെറിപ്പിക്കുന്നു. വീണ്ടും തിരമാല ചിരിച്ചുകൊണ്ട് തിരിച്ച് വരും. . . . .

No comments:

Post a Comment