Friday, 9 May 2014

ലോ പോയന്റ്.


ഫ്രൈഡേയ്ക്ക് ശേഷം ലിജിന്‍ ജോസൊരുക്കുന്ന ചിത്രം, കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രം, പ്രേക്ഷകര്‍ക്കിടയില്‍ അംഗീകാരം നേടിയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ലോ പോയിന്റ് എത്തിയത്. ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ തീരും വരെ ട്വിസ്റ്റ്. ട്വിസ്‌റ്റോട് ട്വിസ്റ്റ്. ഒരോ ഡയലോഗിലും, സീനിലും, എന്തിന് കഥാപാത്രം ഒന്ന് തിരിഞ്ഞാല്‍ പോലും ട്വിസ്റ്റ്. സത്യ എന്ന വക്കീലിന്റെ (കുഞ്ചാക്കോ ബോബന്‍) സ്വഭാവം അവതരിപ്പിക്കാന്‍ സംവിധായകന്‍ തനത് മലയാള ചിത്രങ്ങളുടെ പാത തന്നെ പിന്തുടര്‍ന്നു. കഥയുമായി വല്ല്യ ബന്ധമൊന്നുമില്ലാത്ത ഒരു കേസിന്റെ വാദപ്രതിവാദങ്ങളും, നായകന്റെ എന്‍ട്രിയും. ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമങ്ങളെ ചിത്രം തുടങ്ങിയപ്പോഴെ അവതരിപ്പിച്ചതിനാല്‍ ഇതായിരിക്കും കഥാ തന്തുവെന്ന് ആദ്യമെ തോന്നും. അതു തന്നെയാണ് കഥാതന്തു. പണക്കാരനായ കാമുകന്‍ പ്രണയെ നിഷേധിക്കുന്നതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നു. എവിടെയോ ഒരു സംശയം തോന്നാം. സ്വാഭാവികം. കേസ് ഒത്തു തീര്‍പ്പാക്കാന്‍ മധ്യസ്ഥനായെത്തുന്നത് കഥാനായകന്‍ അഡ്വ. സത്യ. കഥ എങ്ങോട്ടൊക്കെ പോകാം എന്നൊരൂഹം തോന്നിയാലും തെറ്റ് പറയാനാകില്ല. പക്ഷെ അതെല്ലാം തെറ്റിച്ചു കൊമ്ടാണ് സംവിധായകന്‍ കഥ പറഞ്ഞത്. കാമുകന്റെ വീട്ടുകാര്‍ ഓഫര്‍ ചെയ്യുന്ന ഒരു കോടി നഷ്ട പരിഹാരം സ്വീകരിക്കാന്‍ തയ്യാറാകാത്ത മായയും (നമിത പ്രമോദ്) അച്ഛനും (ജോയ് മാത്യു) കഥയുടെ ഗതി മാറ്റി. വെറും പ്രണയഭംഗമല്ല ആത്മഹത്യയ്ക്ക് കാറണമെന്ന് ഇവിടെ നിസംശയം മനസ്സിലാക്കാം. എന്തോ നിഗൂഡതയാണോ, വെറും സംശയമാണോ, അതോ ഇനി വേറെ വല്ലതുമാണോ എന്തോ. സത്യയും, ഒത്തുതീര്‍പ്പിന് വഴങ്ങാത്ത മായയും ഒന്നിച്ച് യാത്ര പുറപ്പെടുമ്പോള്‍ ഒന്നുറപ്പാണ് ഇത് ഒത്തുതീര്‍പ്പിലേക്കുള്‌ല പാലമാണ്. യാത്ര അവസാനിച്ചാല്‍ കേസ് ഒത്തുതീര്‍പ്പായത് തന്നെ. എന്താലും നഗരത്തില്‍ നിന്നും കേരളത്തിന്റെ പച്ചപ്പുകളുലേക്ക് പറിച്ച് നടുന്ന ചിത്രം ഇഴച്ചിലില്ലാതെ വേഗം മുന്നോട്ടു പോകുന്നു. കെ പി എസ് സി ലളിതയും, പി ബാലചന്ദ്രനും എത്തുന്നതോടെ കഥ വീണ്ടും വഴിമാറി സഞ്ചരിക്കാനൊരുങ്ങുന്നു. എന്നാല്‍ സംവിധായകന്‍ കടിഞ്ഞാണ്‍ കൈവിടാത്തതിനാല്‍ ചിത്രം വഴിതെറ്റിപോകുന്നില്ല. നഗരത്തിലല്ലാത്ത വിഷ്വലുകള്‍ എത്തുന്നതോടെ കാഴ്ചക്കാരും ഉഷാറാകും. ദൃശ്യഭംഗി സെലക്ട് ചെയ്യുന്നതില്‍ ലിജിന് പിഴച്ചിട്ടില്ല. മലയോരങ്ങളും. വിളവെടുപ്പിന് ശേഷം നിറയെ ഫലങ്ങളുമായി മടങ്ങുന്ന ട്രാക്ടറും, കര്‍ഷകരും, ഗ്രാമാന്തരീക്ഷത്തിലുള്ള വീടുകളും, വളര്‍ത്തു മൃഗങ്ങളും, പക്ഷികളും അങ്ങനെ ആകെയൗരു നിറകാഴ്ച തന്നെ. യാദൃശ്ചികമായോ, മനപ്പൂര്‍വ്വമോ ഇരുവരും സഞ്ചരിക്കുന്ന വാഹനം ബ്രേക്ക് ഡൗണാകുന്നത് മലയാള സിനിമയില്‍ പുതുമയല്ലല്ലോ. ഇരുവരും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ പ്രേക്ഷകന്‍ രസിക്കുന്നുമുണ്ട്. കഥയവിടെ തീര്‍ന്നെന്ന് കരുതെണ്ട. ഇനിയാണ് കഥ തുടങ്ങുന്നത്. മടക്കയാത്രയില്‍ സെന്റിമെന്റലാകുന്ന നായകന്‍ നായികയെ വീഴ്ത്തിയെന്ന് എല്ലാവരും കരുതി. കേസ് ഒത്തു തീര്‍പ്പായി. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വില്ലനെപ്പോലെ ചാടിയെത്തി. നായകന്‍ പറഞ്ഞതൊക്കെ കള്ളം, പിന്നെ നായിക പറഞ്ഞതൊക്കെ കള്ളം, കള്ളങ്ങല്‍ കൊണ്ടൊരു ട്വിസ്റ്റ് മഴ.
ചിത്രം അവസാനിച്ചപ്പോള്‍ അതും ഒരു ട്വിസ്റ്റാണെന്നാണ് കരുതിയത്. ചിത്രത്തില്‍ ഇടക്കിടെ എത്തുന്ന പഞ്ച് ഡയലോഗുകള്‍ പ്രേക്ഷകന് എവിടെയെങ്കിലും പ്രയോജനപ്പെടുംമെന്ന് തോന്നുന്നു. 2 മണിക്കൂര്‍ മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടൈനര്‍ അതാണ് ഒറ്റവാക്കില്‍ ഈ ലിജിന്‍ ജോസ് ചിത്രം.

No comments:

Post a Comment